
തലക്കനത്തിന്റെ വകഭേദങ്ങൾ!
ഏതൊരു സ്ഥാപനത്തിൻ്റെയും സുരക്ഷാ ഡ്യൂട്ടിയിലേർപ്പെട്ടിരിക്കുന്ന ജീവനക്കാരോട് അവിടെത്തുന്ന വ്യക്തികളുടെ പൊതുവായ ഒരു സമീപനം, ഒരു മുൻ പോലീസ് ഉദ്യോഗസ്ഥൻ എന്ന നിലയിലും അഞ്ച് വർഷം ഗവ. സെക്രട്ടറിയേറ്റിലെ സുരക്ഷാ ചുമതല വഹിച്ച ആളെന്ന നിലയിലും, എനിക്കത്ര സുഖകരമായി തോന്നിയിട്ടില്ല.
ചില ഉദാഹരണങ്ങളിലൂടെ ഞാനത് വ്യക്തമാക്കാൻ ശ്രമിക്കാം.
സംസ്ഥാന പോലീസ് മേധാവിയുടെയും ഇൻ്റലിജൻസിൻ്റെയും പ്രത്യേക നിർദ്ദേശപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ സുരക്ഷാക്രമീകരണങ്ങളിൽ പലപല മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന കാലം. സന്ദർശകർക്ക് തങ്ങളുടെ ബാഗുകൾ പോലും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊണ്ടുപോകാൻ കഴിയില്ല. അതെല്ലാം ഗ്രൗണ്ട് ഫ്ലോറിലെ പ്രത്യേക കൗണ്ടറിൽ ഏല്പിച്ചാൽ മാത്രമേ സന്ദർശനാനുമതി ലഭിക്കൂ!
ആ സമയം ഒരു മാധ്യമ സ്ഥാപനത്തിൻ്റെ ഉന്നതൻ സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിൻ്റെ പ്രവേശന കവാടത്തിലെത്തുന്നു. മാധ്യമപ്രവർത്തകർ തങ്ങൾക്കനുവദിച്ചിട്ടുള്ള അക്രെഡിറ്റേഷൻ കാർഡുകൾ സുരക്ഷാ വിഭാഗം ജീവനക്കാർ ആവശ്യപ്പെട്ടാൽ കാണിക്കണം എന്നതാണ് കീഴ് വഴക്കം. എന്നാൽ സുരക്ഷാ ജീവനക്കാരൻ പതിവ് പോലെ തിരച്ചറിയൽ കാർഡ് ചോദിച്ചത് ഇദ്ദേഹത്തിനത്ര രുചിച്ചില്ല. ഉന്നതൻ, താൻ ഇന്നയാളെന്ന് പറഞ്ഞെങ്കിലും സെക്യൂരിറ്റി ജീവനക്കാരൻ ID കാർഡ് കാണിക്കാൻ ആവശ്യപ്പെട്ടതിൽ പ്രകോപിതനായ അദ്ദേഹം ജീവനക്കാരനോട് തട്ടിക്കയറി അയാളുടെ വിലക്ക് വകവയ്ക്കാതെ മുഖ്യമന്ത്രിയുടെ മൂന്നാം നിലയിലെ ഓഫീസിലേക്ക് പടികൾ ചാടിക്കയറി പോയി. ആ വിവരം ഉടൻ തന്നെ സുരക്ഷാ ജീവനക്കാരൻ എന്നെ അറിയിച്ചു. അന്വേഷിച്ചതിൽ, എനിക്ക് തന്നെ പേരുകൊണ്ട് മാത്രം അറിയാവുന്ന മുതിർന്നൊരു മാധ്യമപ്രവർത്തകനാണ് അതെന്ന് വ്യക്തമായി.
ശുദ്ധരിൽ ശുദ്ധനായ മുഖ്യമന്ത്രിയുടെ സമക്ഷം എത്തിയ മാധ്യമമേധാവിയുടെ പരാതി അന്വേഷിക്കാനുള്ള ചീഫ് സെക്രട്ടറിയുടെ ഇണ്ടാസ് താമസിയാതെ തന്നെ എനിക്ക് ലഭിച്ചു. സുരക്ഷാജീനക്കാരൻ തൻ്റെ ചുമതല കൃത്യമായി നിർവ്വഹിക്കുകയാണുണ്ടായതെന്നതിനാൽ അയാൾക്കെതിരെ യാതൊരുവിധ അച്ചടക്ക നടപടികളും സ്വീകരിക്കരുതെന്നും, പകരം, അർഹമായ അംഗീകാരമാണ് അദ്ദേഹത്തിന് കൊടുക്കേണ്ടതെന്നും, മാധ്യമമേധാവി തൻ്റെ ID കാർഡ് സുരക്ഷാ ജീവനക്കാരനെ കാണിക്കാനുള്ള സാമാന്യമര്യാദ കാണിക്കാതിരുന്നത് മാത്രമാണ് പരാതിക്ക് ഹേതുവായതെന്നും റിപ്പോർട്ട് കൊടുത്തു.
പക്ഷെ, ആരെയും നോവിക്കാനോ പിണക്കാനോ ആഗ്രഹിക്കാത്ത മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി വഴി സുരക്ഷാ ജീവനക്കാരന് ഒരു താക്കീത് മെമ്മോ നൽകി പ്രശ്നം അവസാനിപ്പിക്കയാണ് ചെയ്തത്.
2. ഇതുപോലെ തന്നെ തിരുവനന്തപുരത്തെ പ്രശസ്തനായ ഒരു ബിൽഡർ, അന്തരിച്ച ബഹുമാന്യനായ ഒരു മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയെ കാണാൻ വന്ന് ഇതേ വിക്രിയകൾ കാണിച്ചതുമായി ബന്ധപ്പെട്ട എൻ്റെ ഒരു fb പോസ്റ്റിൻ്റെ ലിങ്കാണ് താഴെ കൊടുത്തിരിക്കുന്നത്. തസറാക്കിൽ വന്ന എൻ്റെ കുത്സിതത്തിൻ്റെ ആദ്യ എപ്പിസോഡും ഈ വിഷയം തന്നെയാണ് പറയാൻ ശ്രമിക്കുന്നത്.
3. സിനിമാ രംഗത്ത് നിന്നും രാഷ്ട്രീയ രംഗത്തെത്തി ഉയർന്ന് വളർന്ന ഒരു വ്യക്തി സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ നോർത്ത് ബ്ലോക്കിലെ സുരക്ഷാ ജീവനക്കാരൻ പണ്ട് മഹാരാജാവിനെ താണുവണങ്ങുംവിധം അദ്ദേഹത്തെ തൊഴുത് ആദരിച്ചത് അദ്ദേഹത്തിന് ഇഷ്ടമായില്ല. ഉഗ്രപ്രതാപിയായ ആ മാന്യദേഹം, താൻ സല്യൂട്ടിന് അർഹതയുള്ള ആളാണെന്നും അത് തനിക്ക് കിട്ടിയേ മതിയാവൂ എന്ന് ആക്രോശിച്ചു കൊണ്ട് സുരക്ഷാ ജീവനക്കാരനെ എയറിൽ നിറുത്തി. ഒടുവിൽ അയാളെ കൊണ്ട് പലവട്ടം സല്യൂട്ട് ചെയ്യിപ്പിച്ചിട്ടാണ് ആ “മനുഷ്യസ്നേഹി” അവിടെ നിന്നും മടങ്ങിയത്.
4. മധ്യകേരളത്തിലുള്ള, മലയാള സിനിമയിൽ ക്യാരക്ടർ റോളുകളിൽ ഏറെ ശ്രദ്ധേയനായ എൻ്റെ സുഹൃത്ത് കൂടിയായ ഒരു നടൻ ഒരിക്കൽ ഒരു കൂടിക്കാഴ്ചയിൽ ഒരനുഭവ കഥ പറഞ്ഞു. അദ്ദേഹത്തിൻ്റെ സമകാലികനായി മലയാള സിനിമയിൽ ഉദിച്ചുയർന്ന ഇത്തിരി ആഢ്യത്വം നിറഞ്ഞൊരു നടൻ, തിരുവനന്തപുരത്ത് ഷൂട്ടിംഗിനായി പോകുംവഴി ഒരു ദിവസം തൻ്റെ വീട്ടിലൊന്ന് കയറി വീട്ടുകാരെയൊക്കെ പരിചയപ്പെട്ട് അവിടെ നിന്നും ഒരു നേരമെങ്കിലും ആഹാരം കഴിച്ചു പോകാനായി അഭ്യർത്ഥിച്ചു. അഭ്യർത്ഥന പലവട്ടമായപ്പോൾ ഒരു ദിവസം അദ്ദേഹം യാത്രയിൽ മാറ്റങ്ങൾ വരുത്തി സുഹൃത്തിൻ്റെ വീട്ടിലെത്തി. സ്ഥലത്തെ പ്രമാണിയായ തൻ്റെ അച്ഛനെ സുഹൃത്ത്, അതിഥിയായി എത്തിയ സുഹൃത്തിന് പരിചയപ്പെടുത്തി. അച്ഛൻ പ്രമാണി തന്നെ തൊഴുത് പരിചയപ്പെട്ട നടനോട് ഇരിക്കാൻ പറഞ്ഞത് പ്രകാരം അതിഥി അവിടെ കണ്ട ഒരു കസേരയിൽ ഇരിക്കാനാഞ്ഞതും പ്രമാണി ഒരലർച്ച!
“നീ ആ കസേരയിൽ ഇരിക്കരുത്. അത് പൃഥിരാജ് കപൂറിനേപ്പോലെ വലിയ മഹാന്മാർ ഇരുന്ന കസേരയാണ്. നീയതിൽ ഇരിക്കാറായിട്ടില്ല.” നടനാകെ ചമ്മി വിളറി. അപമാനിതനായ അദ്ദേഹം പിന്നീട് ആ വഴിക്ക് പോയിട്ടേയില്ല എന്നാണ് വേദനയോടെ എന്നോട് പറഞ്ഞത്.
5. ഇവിടെയാണ് ക്രിക്കറ്റിലെ ഇതിഹാസതാരം, ഭാരതരത്നം തന്നെയായ സച്ചിൻ തെണ്ടുൽക്കർ എന്ന വിസ്മയം, തൻ്റെ കുലീനമായ പെരുമാറ്റം കൊണ്ട് തികച്ചും വ്യത്യസ്തനാകുന്നത്. അദ്ദേഹം ഒരിക്കൽ മുഖ്യമന്ത്രിയേക്കാണാൻ സെക്രട്ടറിയേറ്റിൽ എത്തിയപ്പോൾ സ്വീകരിക്കാനും കാണാനുമായി കാത്തുനിന്നത് പതിനായിരങ്ങൾ! കരിമ്പൂച്ചകളുടെ അകമ്പടിയോടെ ക്യാമ്പസിൽ എത്തിയപ്പോൾ തടിച്ചു കൂടിയത് മൺതരി വീണാൽ താഴാത്തത്ര ആരാധകവൃന്ദം! ഈ തിരക്കിൽപ്പെട്ട് വിവശനായെങ്കിലും അതിൽ ലവലേശം അക്ഷമ പ്രകടിപ്പിക്കാതെ ശാന്തമായി പുഞ്ചിരിച്ച മുഖത്തോടെ ആരാധകരെ അഭിവാദ്യം ചെയ്തു കൊണ്ട് ഒരു ദൈവദൂതനേപ്പോലെ അദ്ദേഹം നടന്ന് നീങ്ങിയത് മുൻ സംഭവങ്ങളുമായി താരതമ്യം ചെയ്തു പോകുന്നു.
എത്ര വലിയവരിലേയും ചെറിയവരിലേയും വിനയവും എളിമയും, ഒപ്പം അഹങ്കാരവും ഏറെ ശ്രദ്ധിക്കപ്പെടും. അവ സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുക തന്നെ ചെയ്യും.




