രണ്ടു കവിതകൾ

1. തെളിഞ്ഞ പകൽവെളിച്ചത്തിൽ

ഇരുട്ടാവുമ്പോൾ
ഇരുട്ടു മാത്രം

അറുത്തിട്ട മാംസം
വേവിച്ച വിരലുകൾ കൊത്തിത്തിന്നുന്നത്
മരിച്ചുപോയതിൻ്റെ പേരിൽ
മലങ്കാറ്റ് നിർത്താതെ തേങ്ങുന്നത്
വെയിൽ വട്ടം ചുറ്റിപ്പോകുന്നത്
വിറയ്ക്കുന്ന വണ്ടിപ്പാളം
ചൂളം വിളിയേറ്റ് ചിതറിത്തെറിക്കുന്നത്
നിറഞ്ഞ ചോരച്ചാലിൽ
ഒരു വെളുത്ത മത്സ്യം നീന്തിത്തുടിക്കുന്നത്
കല്ലറകൾക്കുള്ളിൽ
പെട്ടികൾ തുറന്നടയുന്നത്

എല്ലാം കണ്ണിൽ വരുന്നു

ജീവനെ സ്നേഹം തലോടുന്നതായി
സ്വപ്നം കാണുന്ന
തെളിഞ്ഞ പകൽവെളിച്ചത്തിൽ.

2, സ്വപ്നം

കണ്ണുകളലിഞ്ഞ്
മേഘങ്ങളിൽപ്പരക്കുന്നു
നിലാവിലലിയുന്നു
നഗ്ന ശരീരം

വെയിൽ പറയുന്നു
മഞ്ഞുകാലം കഴിഞ്ഞു .

ഞാൻ ഇലത്തണലിലേക്ക് മാറി
നിന്നനിൽപ്പിനെ നോക്കി
അഗമ്യപർവ്വതം എന്നൊരു
നെടുവീർപ്പു പൊന്തി

ആകാശം കുറുമ്പിച്ചു:
ആരു തന്നൂ നിനക്ക്
മുകളിലുള്ളതെല്ലാം കാണുന്ന
പാതാള ദൃഷ്ടി?
ഞാൻ കണ്ണടച്ചു
ഉള്ളിലും നിന്നെക്കണ്ടു
മിണ്ടി
തൊട്ടു
ഉമ്മ വച്ചു

നിനക്ക് അനക്കം വച്ചു
വിഫല സ്വപ്നത്തോട്
മരിച്ചു പോകാൻ പറയൂ
എന്ന്
നീ മുരണ്ടതായിത്തോന്നി
വിശുദ്ധസങ്കല്പങ്ങളെല്ലാം
പരിചിതമല്ലാത്ത മുരൾച്ചകളിൽത്തട്ടി
ഉടഞ്ഞതായും തോന്നി

ചിതറിത്തെറിച്ച പലവർണ്ണച്ചീളുകൾ
വിളർത്തഹൃദയത്തിൽ  
തറഞ്ഞു മുറിഞ്ഞ്
ഞാൻ
ചോരച്ചു.
നിർദ്ദയനായ കടൽക്കാറ്റ്
കാതുകടന്ന് കരളിൽത്തട്ടുന്നു

നിൻ്റെ കവിളിൽ തിണർത്തുവോ
അവൻ്റെ വിരൽ സ്പർശം ?

കാറ്റുപോകുന്ന വഴിയിൽ നിന്നു പറിച്ചെടുത്ത
കണ്ണുകൾ വെട്ടി മിഴിച്ച്
ഞാൻ
മുകളിലേക്കു തന്നെ നോക്കുന്നു.

1965 ൽ പാലക്കാട് ജില്ലയിലെ വാടാനാം കുറുശ്ശിയിൽ ജനിച്ചു. മൂന്നുകവിതാസമാഹാരങ്ങൾ. നിശ്ചലം (കറന്റ് ബുക്സ് തൃശൂർ). അമര താരകം(DC ബുക്സ് കോട്ടയം) ആടുകളുടെ വാതിൽ (DC ബുക്ക്സ് കോട്ടയം) ഒരു നോവൽ : കിനാവനം (ബാലസാഹിത്യം,മനോരമ ബുക്സ് കോട്ടയം). ഇടശ്ശേരി അവാർഡും പൂർണ്ണ-ആർ രാമചന്ദ്രൻ കവിതാ പുരസ്ക്കാരവും നേടിയിട്ടുണ്ട്. തിരൂർ തുഞ്ചൻ സ്മാരകത്തിലെ മാനുസ്ക്രിപ്റ്റ് റിസോഴ്സ് സെന്ററിൽ(നാഷണൽ മാനുസ്ക്രിപ്റ്റ് മിഷൻ) സ്കോളറായി ജോലി നോക്കിയിട്ടുണ്ട് . ഇപ്പോൾ പട്ടാമ്പിക്കടുത്ത് തൃത്താലക്കൊപ്പത്ത് താമസം.