സാർത്തോവിൻ്റെ കുത്സിതചിന്തകൾ – 7

1983 ഡിസംബർ 7-നാണ് കേരളത്തിലെ ആദ്യ PSC ബറ്റാലിയൻ പോലീസ് റാങ്ക് ലിസ്‌റ്റിൻ്റെ ഭാഗമായി ഞാൻ തിരുവനന്തപുരം സ്പെഷ്യൽ ആംഡ് പോലീസിൽ ഒരു കോൺസ്റ്റബിളായി സർവീസിൽ പ്രവേശിക്കുന്നത്. 1985-ൽ ഹെഡ് കോൺസ്റബിളായി, 1990-ൽ SI ആയി, 2007 ൽ ഇൻസ്പെക്ടറായി, 2016 -ൽ DySP റാങ്കിൽ അസിസ്‌റ്റൻ്റ് കമാണ്ടൻ്റായി. 2017 മാർച്ചിൽ മലപ്പുറം ജില്ലയിലെ റാപ്പിഡ് റസ്പോണ്ട്സ് ആൻ്റ് റസ്‌ക്യൂ ഫോഴ്സിൽ (RRRF) നിന്നും വിരമിച്ചു. മുപ്പത്തിമൂന്നര കൊല്ലത്തെ സർവീസിൽ ഏകദേശം 25 കൊല്ലത്തോളം തിരുവനന്തപുരത്ത് തന്നെ SCRB, പോലീസ് കമ്പ്യൂട്ടർ സെൻ്റർ, സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് സെക്യൂരിറ്റി വിംഗ്, അഡ്‌മിനിസ്ട്രേഷൻ വിംഗ്, പോലീസ് ഹെഡ് ക്വാർട്ടേഴ്സ്, ഗവ. സെക്രട്ടേറിയറ്റ് തുടങ്ങിയ സ്പെഷ്യൽ യൂണിറ്റുകളിലായാണ് ഞാനെൻ്റെ സർവീസ് പൂർത്തിയാക്കിയത്. ഇതിനിടെ 1995 ൽ മുഖ്യമന്ത്രി ശ്രീ. ഇ.കെ. നായനാരുടെ കൈയിൽ നിന്നും മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ നേടി. തിരുവനന്തപുരത്ത് എൻ്റെ ബാച്ചിൽ ആദ്യം പോലീസ് മെഡൽ കിട്ടിയത് എനിക്കാണ്. ആദ്യം AC ആയതും ഞാനാണ്. എല്ലാ അർത്ഥത്തിലും മഹാഭാഗ്യവാനായ ഒരു പോലീസുകാരനായിരുന്നു ഞാൻ!

തലസ്ഥാനത്തെ പ്രശസ്‌തമായ രണ്ടിടങ്ങളിലെ പ്രമുഖരായ രണ്ടുപേർ അവരുടെ സ്ഥാപനങ്ങളുടെ സുരക്ഷാച്ചുമതല ഏല്പിക്കാനായി എൻ്റെ റിട്ടയർമെൻ്റിനായി ഏറെ നാളുകളായി കാത്തിരിക്കുന്നുണ്ടായിരുന്നുവെങ്കിലും വിശ്രമജീവിതം ബൈക്കിൽ പറന്ന് നടന്ന് ആനന്ദകരമാക്കാനായിരുന്നു ഞാൻ തീരുമാനിച്ചത്.

സ്‌കൂൾ കാലഘട്ടങ്ങളിൽ ഫുട്ബോൾ കളിയും ബാഡ്മിൻ്റൻ കളിയുമായിരുന്നു വിനോദോപാധികൾ! ഫുട്ബോൾ കളി സർവീസിൻ്റെ ആദ്യകാലങ്ങളിൽ തന്നെ അവസാനിപ്പിച്ചെങ്കിലും 2017 ന് ശേഷവും തുടർന്ന ബാഡ്മിൻ്റൺ കളി 2026 ആദ്യം വരെ ഞാൻ ഒപ്പം കൊണ്ടുനടന്നു.

സർവീസിൽ നിന്ന് വിരമിക്കുക എന്നത് ഭൂരിഭാഗം പേർക്കും ഭാഗിക മരണം തന്നെയാണ് എന്നാണ് എൻ്റെയൊരു വിലയിരുത്തൽ! വിരമിക്കുന്നവരിൽ ഏറിയ പങ്കും തങ്ങളുടെ വിശ്രമജീവിതം പ്രാരാബ്‌ധങ്ങളും രോഗങ്ങളുമൊക്കെയായി വീട്ടിൽ തന്നെ ചടഞ്ഞുകൂടുന്നു. മരുന്നിന് തന്നെ മാസം 13000 രൂപ വേണ്ടി വരുന്നു എന്ന് പറഞ്ഞ് സങ്കടപ്പെട്ട ഒരു ബാച്ച്മേറ്റിനേയും ഇടയ്ക്ക് കണ്ടിരുന്നു. മക്കളുടെ വിദ്യാഭ്യാസം, വിവാഹം ഒന്നും തന്നെ കഴിയാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഒരു ചെറിയ ശതമാനം ആരാധനാലങ്ങളുമായും മതനേതൃത്വക്കമ്മറ്റികളുമൊക്കെയായി സഹകരിച്ചൊരു ജീവിതത്തിലേക്ക് കടക്കുന്നു. ചിലരൊക്കെ ചെറുതായി ബിസിനസ് രംഗത്തേക്കോ കാർഷിക രംഗത്തേക്കോ ചുവട് വയ്ക്കും. വലിയ താമസമില്ലാതെ തന്നെ, ബിസിനസിലേക്ക് കടന്നവർ കൂടുതൽ നഷ്ടത്തിലേക്ക് കൂപ്പുകുത്തും മുമ്പേ പടം മടക്കും.

പോലീസിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന നാലു പേരുമായി ചേർന്ന് തമ്പാനൂരിൽ തരക്കേടില്ലാത്ത ഒരു ശ്രമം ഞാനും നടത്തി നോക്കി. സൈബിറ്റ് ഗ്ലോബൽ എന്നായിരുന്നു സ്ഥാപനത്തിൻ്റെ പേര്! ഇപ്പോൾ DGP വരെ ആയിക്കഴിഞ്ഞ ഒരു മാന്യദേഹം ഉദ്ഘാടനമൊക്കെ ചെയ്ത് തന്ന് സംഗതി കളറാക്കിയെങ്കിലും രണ്ട് വർഷം കൊണ്ട്, മുമ്പേ ഗമിച്ച ഗോവിന് പിന്നാലെ എന്ന വണ്ണം, ഞങ്ങളും ചരിത്രത്താളുകളിൽ ഇടംപിടിക്കാൻ പോലും കഴിയാതെ വിസ്‌മൃതിയിലായി. ആളൊന്നുക്ക് നഷ്‌ടം വെറും മൂന്നര ലക്ഷം രൂപ മാത്രം!

പക്ഷെ എന്നെ സംബന്ധിച്ചിടത്തോളം ആ പരാജയം ഒരു പുനർജന്മമായി മാറുകയാണുണ്ടായത്.

സർവീസിലിരിക്കെ എഴുത്തോ വായനയോ എന്തെങ്കിലും തരത്തിലുള്ള സംഘാടന മികവോ ഒന്നും ലവലേശം പോലും എന്നിലുണ്ടായിരുന്നില്ല. എങ്കിലും എൻ്റെയൊരു വനിതാ സുഹൃത്തിൻ്റെ പ്രേരണയാൽ സമൂഹമാധ്യമങ്ങളിൽ ഞാൻ എൻ്റെ അനുഭവങ്ങൾ പതിയെ പങ്കുവയ്ക്കാൻ തുടങ്ങി. എൻ്റെ വാർദ്ധക്യയാത്രയുടെ ഗതിതന്നെ മാറ്റിയത് അവർ തന്നെയാണ്. എൻ്റെ കുറിപ്പുകൾക്ക് അത്യാവശ്യം വായനക്കാരുമുണ്ടായി. ഒടുവിൽ 2021 ഡിസംബർ 16-ന് എൻ്റെ അറുപത്തിയൊന്നാം വയസ്സിൽ ആ ഓർമ്മക്കുറിപ്പുകൾ “സാർത്തോവിൻ്റെ സുവിശേഷം എന്ന പേരിൽ കറൻ്റ് ബുക്ക്സ് പുറത്തിറക്കി. അന്നത്തെ സ്പീക്കർ ശ്രീ. M.B രാജേഷിൽ നിന്നും പുസ്തകം സ്വീകരിച്ചത് മുൻ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സാറായിരുന്നു.

ഒരു വഴിയേ എഴുത്തുകൾ പുരോഗമിക്കുമ്പോൾ മറുവഴിയേ ബൈക്ക് യാത്രകളും എനിക്ക് പ്രിയപ്പെട്ടതായി. യാത്രകളുമായി ബന്ധപ്പെട്ട കുറിപ്പുകൾ ഏറെ എഴുതി. കഠിന ശാരീരികാദ്ധ്വാനം വേണ്ടി വരുന്ന അഗസ്ത്യാർകൂടം പർവ്വത നിറുകയിൽ മൂന്ന് വട്ടം കാല് കുത്താനും എനിക്ക് കഴിഞ്ഞു. ബൈക്കിൽ ഊട്ടി, മൈസൂർ, ബാംഗ്ലൂർ, ഗോവ, ഹെഗ്ഗനക്കൽ, കേരളത്തിലെ മൂന്നാർ, വാഗമൺ, വയനാട്, ഇല്ലിക്കൽകല്ല്, ഇലവീഴാ പൂഞ്ചിറ, ഫോർട്ട് കൊച്ചി തുടങ്ങി ഒട്ടനവധി വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാനും കഴിഞ്ഞു. ധനുഷ്കോടിയിലേക്കുള്ള ബൈക്ക് യാത്ര നടത്തിയത് ഇക്കഴിഞ്ഞ ആഗസ്റ്റിലായിരുന്നു. ഈ യാത്രകളുടെ ഭാഗങ്ങൾ “എൻ്റെ സഞ്ചാരം” എന്ന പേരിൽ എൻ്റെ പ്രിയ സുഹൃത്ത് ശ്രീ. രേഖ വെള്ളത്തൂവലിൻ്റെ ഇമ പബ്ലിക്കേഷൻസ് പുസ്തകമാക്കുകയും ചെയ്തിട്ടുണ്ട്.

കേരളത്തിലെ വിവധ സായുധ ബറ്റാലിയനുകളിൽ നിന്നും വിരമിച്ച മുന്നുറോളം പോലീസ് ഉദ്യോഗസ്ഥരെ കോർത്തിണക്കി “ഓർമ്മക്കൂട്ട്” എന്നൊരു കൂട്ടായ്മ ഉണ്ടാക്കി. വിരമിച്ചതിന് ശേഷം ഒരിക്കലും കാണാൻ കഴിയില്ല എന്നു കരുതിയിരുന്ന ഇക്കൂട്ടരെയെല്ലാം സംഘടിപ്പിച്ച് അഭിമാനകരമായി, ഓർമ്മയിൽ തങ്ങി നിൽക്കുന്ന രണ്ട് വാർഷിക സംഗമങ്ങൾ നടത്തി. ഗുരുക്കന്മാരെ ആദരിച്ചു.

സമൂഹവും സകല മാധ്യമങ്ങളും എന്നും പ്രതിസ്ഥാനത്ത് നിറുത്തുന്ന പോലീസ് സേനയിലെ വിരമിച്ചവരും സർവീസിലുള്ളവരുമായ, കലാ സാഹിത്യ സാംസ്‌കാരിക കായിക രംഗങ്ങളിൽ എന്തെങ്കിലും പ്രത്യേക കഴിവുകൾ പ്രകടിപ്പിക്കുന്ന PC മുതൽ DGP വരെയുള്ള സേനാംഗങ്ങളുടെ കൂട്ടായ്മയായ “പോലീസ് അക്ഷരദീപം” എന്നൊരു സംഘടനയുടെ രൂപീകരണത്തിനും കാരണക്കാരനായി. സാഹിത്യം സിനിമ, അഭിനയം, സംവിധാനം, സംഗീതം, മാജിക്ക്, മിമിക്രി, ഓട്ടൻതുള്ളൽ, കഥകളി, കഥാപ്രസംഗം, ആൽബം, ഷോർട്ട് ഫിലിം തുടങ്ങി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച സകലകലാവല്ലഭൻമാരായ 241 പേർ ഇന്ന് ഈ ഗ്രൂപ്പിൽ അംഗങ്ങളാണ്. അക്ഷരദീപത്തിലെ അനുഗ്രഹീത ഗായകരെ കോർത്തിണക്കി ഗാനമേളകൾ നടത്തി. കുട്ടികൾക്കും മുതിർന്നവർക്കുമുള്ള കഥാകവിതാ മത്സരങ്ങൾ നടത്തി. വൃദ്ധസദനങ്ങളിൽ സംഗീത വിരുന്നുകൾ നടത്തി.

മുൻ ഡി ജി പി. ഡോ. ബി.സന്ധ്യയുടെ കുറുങ്കവിതാ സമാഹാരം “സംയകം”, അംഗങ്ങളുടെ കവിതാ സമാഹാരമായ “കാവ്യാക്ഷരങ്ങൾ”, കഥാസമാഹാരമായ ” കഥാക്ഷരങ്ങൾ”, സർവീസ് അനുഭവങ്ങളായ “എബൗട്ട് ടേൺ” എന്നീ നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അക്ഷരദീപത്തിൻ്റെ നാലാം വാർഷികം 2026 ഒക്ടോബർ 31-ന് സർവ്വശ്രീ. എ. ഹേമചന്ദ്രൻ, എറണാകുളം റൂറൽ SP കെ. എസ്. സുദർശ്രനൻ, പ്രശസ്‌ത സാഹിത്യകാരന്മാരായ P.F മാത്യൂസ്, എം.വി. ബന്നി, റിട്ട. സൂപ്രണ്ട് ഓഫ് പോലീസ് കെ. എൻ. ബാൽ ഐ.പി. എസ് എന്നിവരുടെ സാന്നിധ്യത്തിൽ ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ നടത്തി. അഖില കേരള അഭിസ്ഥാനത്തിൽ നടത്തിയ കഥാമത്സരത്തിൽ വിജയികളായവരെ സമ്മാനങ്ങൾ നൽകി ആദരിച്ചു.

ഇത് വായിച്ച്, ഒരു പൊങ്ങൻ വന്നിരുന്ന് ആത്മപ്രശംസ നടത്തുന്നു എന്ന് പ്രിയ വായനക്കാർ ദയവായി തെറ്റിദ്ധരിക്കരുത്. ഇത് എൻ്റെ സാക്ഷ്യമാണ്. എല്ലാം കഴിഞ്ഞു എന്നിടത്ത് നിന്നുള്ള അറുപത്തിയാറിലേക്ക് എത്തിയ ഒരു വൃദ്ധൻ്റെ ഉയിർത്തെഴുന്നേല്പാണിത്. അതെ! ഇതെൻ്റെ രണ്ടാം ജന്മമാണ്. എത്രയോ നിസ്സാരനായ എനിക്ക് കഴിയുമെങ്കിൽ പിന്നെ ആർക്ക് കഴിയില്ല എന്നൊരു ചോദ്യം കൂടിയാണ് ഞാനിവിടെ ഉയർത്തുന്നത്. ഒരു ചെറിയ പ്രചോദനം, അല്ലെങ്കിൽ ചെറിയൊരു ഉത്തേജനം ഒരാൾക്കെങ്കിലും ഉണ്ടായാൽ ഞാൻ ധന്യനായി.

എറണാകുളം ജില്ലയിൽ കൂത്താട്ടുകുളം സ്വദേശിയെങ്കിലും ഇപ്പോൾ തിരുവനന്തപുരം പേരൂർക്കട വഴയിലയിൽ താമസിക്കുന്നു. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് റാപ്പിഡ് റസ്പോണ്ട്സ് ആന്റ് റസ്ക്യൂ ഫോഴ്സിൽ (RRRF) നിന്നും അസിസ്റ്റന്റ് കമാണ്ടന്റ് (ഡി വൈ എസ് പി) ആയി 2017 ൽ വിരമിച്ചു. 2011- 16 ൽ തിരുവനന്തപുരം ഗവ. സെക്രട്ടറിയേറ്റിന്റെ സെക്യൂരിറ്റി ഇൻസ്പെക്ടർ ആയിരുന്നു. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച സാർത്തോവിൻ്റെ സുവിശേഷം എന്നൊരു ഓർമ്മക്കുറിപ്പും എൻ്റെ സഞ്ചാരം എന്നൊരു യാത്രാവിവരണവും എഴുതിയിട്ടുണ്ട്. അഞ്ച് കഥാസമാഹാരങ്ങളിൽ കഥകളും ഉൾപ്പെട്ടിട്ടുണ്ട്.