എന്തൊരത്ഭുതം !

തദേവൂസ് റോസ്‌വിച്ച് / വിവർത്തനം : ഗായത്രി എം

എന്തൊരത്ഭുതം
എനിക്കീ കാട്ടിൽ നിന്ന്
കനികൾ പറിച്ചെടുക്കാം !
കാടും കനിയുമൊന്നുമിവിടെ-
യെങ്ങുമില്ലെന്നാണ്
ഞാൻ കരുതിയിരുന്നത്.

എന്തൊരത്ഭുതം
ഈ മരത്തണലിലെനിക്ക്
നീണ്ടുനിവർന്നു കിടക്കാം !
മരങ്ങൾക്കൊന്നും ഇപ്പോൾ
തണലില്ലെന്നായിരുന്നു
എൻ്റെ ധാരണ.

നിനക്കൊപ്പമിരിക്കുമ്പോൾ
എൻ്റെ ഹൃദയമിടിപ്പ് കൂടുന്നതും
എന്തൊരത്ഭുതം –
ഞാൻ വിചാരിച്ചിരുന്നത്
ആളുകൾക്ക്
ഹൃദയമേയില്ലെന്നായിരുന്നു !

തദേവൂസ് റോസ്‌വിച്ച്
(Tadeusz Różewicz: 1921–2014) ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖ പോളിഷ് കവിയും നാടകകൃത്തും എഴുത്തുകാരനുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി അധിനിവേശത്തിനെതിരെ സായുധ പോരാട്ടം നടത്തിയ അദ്ദേഹം, യുദ്ധക്കെടുതികൾ സൃഷ്ടിച്ച ആഘാതത്തെയും മനുഷ്യ മനസ്സിന്റെ തകർച്ചയെയും ആധാരമാക്കി അലങ്കാരങ്ങളില്ലാത്ത ലളിതവും ശക്തവുമായ ഒരു ശൈലി കവിതയിൽ രൂപപ്പെടുത്തി. ആധുനിക അസംബന്ധ നാടകവേദിക്ക് (Theatre of the Absurd) നിർണായക സംഭാവനകൾ നൽകിയ അദ്ദേഹത്തിന്റെ ‘ദ കാർഡ് ഇൻഡക്സ്’ (The Card Index) എന്ന നാടകം ലോകശ്രദ്ധ നേടി. പോളിഷ് സാഹിത്യത്തിൽ വലിയ വിപ്ലവം സൃഷ്ടിച്ച റോസ്‌വിച്ച് പലതവണ സാഹിത്യത്തിനുള്ള നൊബേൽ സമ്മാന സാധ്യതാ പട്ടികയിലും ഇടംനേടിയിരുന്നു.

പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം സ്വദേശിനി. ഗവൺമെൻ്റ് വിക്ടോറിയ കോളേജ്, ഇഫ്ലു, ഹൈദരാബാദ് കേന്ദ്ര സർവ്വകലാശാല എന്നിവിടങ്ങളിൽ വിദ്യഭ്യാസം. ഇംഗ്ലീഷ് അധ്യാപികയായും ഫ്രീലാൻസ് പ്രൂഫ് റീഡറായും ജോലി ചെയ്തു വരുന്നു.