ബാലൻസ് ഷീറ്റ്

ചിലപ്പോഴൊക്കെ തോന്നാറുണ്ട്,
വീഴാൻമാത്രമായാണ്
ഇരുകാലികൾ പിറക്കുന്നതെന്ന്.
ഓടുമ്പോൾ
ഒരുകാലിന്റെ ചതിയിൽ
സ്വർണ്ണമെഡൽ നഷ്ടമായേക്കാവുന്ന
ഇടർച്ചയൊന്ന് മതി,
അനന്തകാലത്തേക്ക്
തോൽവിയുടെ നോവിൽ
അയവിറയ്ക്കുവാൻ.

പലപ്പോഴും
ഒരുവൻ വല്ലായ്മയിൽ
കോച്ചുമ്പോഴൊക്കെ
മറ്റവൻ താങ്ങിനിർത്താറില്ല.
പിടിവിടുവിച്ച് ബാലൻസ് തെറ്റിച്ച്
നക്ഷത്രമെണ്ണിക്കുന്ന
സൈക്കോ.

കാലുകൾ ചിലപ്പോഴൊക്കെ
ചില മനുഷ്യരെപ്പോലെയാണ്,
ഞാനില്ലാതെ
നിനക്കൊരുചുവട്
മുന്നോട്ട് വയ്ക്കാനാവില്ലെന്ന
മറ്റൊരു കാലിനോടുള്ള
വാതുവയ്പ്പ് പോലെ.

ഇരിക്കുമ്പോഴൊക്കെ
ഒരുകാൽ എപ്പോഴും
വിധേയപ്പെട്ടവനാണ്,
കുനിഞ്ഞു നിന്ന്
മറ്റൊരു കാലിനെ തോളിലേറ്റുന്ന
കോവർകഴുത.

ഒരുകാൽ ഇടറുമ്പോഴൊന്നും
കൂടെക്കാണില്ല, മറ്റൊരു കാലിനെ.
കുതികാൽവെട്ടുന്നവനെന്ന്
ആളുകൾ വിളിക്കും.

അപ്പോൾ
അപരിചിതനായ
വാക്കിങ് സ്റ്റിക്
ദൈവത്തെപ്പോലെയാണ്,
ഇടറിയ വഴിയിലൂടെയൊക്കെ
വീണ്ടും പിച്ചവെച്ച് നടത്തിക്കും.

പക്ഷെ,
ഉറക്കത്തിൽ പലപ്പോഴും
ബദ്ധവൈര്യം മറന്നപോലെ
തമ്മിൽ പിണഞ്ഞാണ് കിടപ്പ്.

ഒടുക്കം
ജീവനറ്റ് കിടക്കുമ്പോഴും
തീയായി പുകയുമ്പോഴും
സയാമീസ് ഇരട്ടകളെപ്പോലെയുള്ള
അവരുടെ രണ്ടുതലകൾ മാതിരി
തള്ളവിരലുകൾ തമ്മിൽ
കൂട്ടിക്കെട്ടുന്നു.
അപ്പോൾ മാത്രം വീഴുമ്പോൾ
ഒരാൾക്കുമാത്രമായി
വീഴാൻ കഴിയുന്നില്ല.

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.