
അപരിചിതമാമൊരു വഴിയിലൂടെ
അലക്ഷ്യമായ്, ആലോചനകളേതുമില്ലാതെ
നടക്കയായിരുന്നു, ഉണരുംവരേ ..
സ്വപ്നമൊരു സൂചനയെന്ന്
മനസ്സുണർന്നിരുന്നു..
നടപ്പിലും ഇരിപ്പിലും
ജോലിക്കിടയിലും
ഏതോ കുന്നിലേക്കുള്ള
ആ വഴിയിൽ ഇടറിവീഴുന്നു…
ദിവസങ്ങളെത്ര കഴിഞ്ഞിട്ടും
മനസ്സിലാവഴി മായുന്നതേയില്ല…
അങ്ങിനെയാണീ യാത്ര തുടരുന്നത്..
ആരോടും പറയാതെ,
മുന്നൊരുക്കങ്ങളൊന്നുമില്ലാതെ..
കാടായിരുന്നു ലക്ഷ്യം.
നിരത്തും നാട്ടുവഴിയും പിന്നിട്ട്
കുന്നിലേക്കുള്ള വഴി;
അതേ വഴി!!
ഓരോ വളവുകളും,
ഓരോ മരങ്ങളും,
താഴേക്കുള്ള കാഴ്ചകളെല്ലാം
കൃത്യം..
ചെറു തടാകവും കടന്ന്
കുന്നിന്നുച്ചിയിലേക്കുള്ള
അവസാന കയറ്റം..
ദേ,
ഈ വളവുകൂടി കഴിഞ്ഞാണ്
ഇരുപുറത്തേയും കൊക്കകൾക്കു നടുവിലെ
നേർത്ത ആ വഴി!!









