മുൻകൂട്ടി പ്രവചിക്കപ്പെട്ട മരണം: മറക്കാൻ പാടില്ലാത്ത മറ്റൊരു സെപ്റ്റംബർ 11

(ഓസ്കാർ ഗ്വാർഡിയോള-റിവേരയുടെ Story of a Death Foretold: The Coup Against Salvador Allende എന്ന പുസ്തകത്തിലൂടെ )

സെപ്റ്റംബർ 11 എന്ന് കേൾക്കുമ്പോൾ ഏവർക്കും ആദ്യം ഓർമ്മയിലെത്തുന്നത് 2001-ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണമായിരിക്കും. എന്നാൽ ലോകം എന്നും ഓർക്കേണ്ട മറ്റൊരു ചരിത്ര സംഭവം കൂടി ഈ ദിനത്തിലുണ്ട്. ഈ സംഭവത്തെ മികച്ച രീതിയിൽ അവതരിപ്പിക്കുന്ന പുസ്തകമാണ് പ്രശസ്ത കൊളംബിയൻ എഴുത്തുകാരനും പണ്ഡിതനുമായ ഓസ്കാർ ഗ്വാർഡിയോള – റിവേര (Oscar Guardiola-Rivera) രചിച്ച ‘Story of a Death Foretold: The Coup Against Salvador Allende’. ഗബ്രിയേൽ ഗാർസിയ മാർക്വേസിന്റെ പ്രശസ്തമായ Chronicle of a Death Foretold എന്ന നോവലിന്റെ ശീർഷകത്തെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് എഴുത്തുകാരൻ ചിലിയിലെ അട്ടിമറിയെ “മുൻകൂട്ടി പ്രവചിക്കപ്പെട്ട ഒരു മരണം” എന്ന് വിശേഷിപ്പിക്കുന്നത്.

ലാറ്റിൻ അമേരിക്കയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാർക്സിസ്റ്റ് ഭരണാധികാരിയായിരുന്നു സാൽവഡോർ അല്ൻഡെ. 1970 സെപ്റ്റംബർ 4-ന് ‘പോപ്പുലർ യൂണിറ്റി’ (Unidad Popular) എന്ന ഇടത് സഖ്യത്തിന്റെ നേതാവായാണ് അല്ലെൻഡെ അധികാരത്തിലെത്തുന്നത്. സമത്വത്തിലൂന്നിയ വികസനം ലക്ഷ്യമിട്ട്, പ്രധാന വ്യവസായങ്ങളെയും (പ്രത്യേകിച്ച് യു.എസ് കമ്പനികളുടെ കൈവശമായിരുന്ന ചെമ്പ് ഖനികളെയും) ദേശീയവൽക്കരിക്കാൻ അദ്ദേഹം തീരുമാനിച്ചു. ഇത് തൊഴില്ലായ്മയും പണപ്പെരുപ്പവും കുറയ്ക്കാനും സമ്പത്തിന്റെ പുനർവിതരണത്തിനും സഹായിച്ചു രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് ഏറെ സഹായിച്ചു.

എന്നാൽ ഈ ജനക്ഷേമ നയങ്ങൾ വലതുപക്ഷ ശക്തികൾക്കും അമേരിക്കയ്ക്കും സ്വീകാര്യമായിരുന്നില്ല. അല്ൻഡെ സർക്കാരിനെ തകർക്കാൻ യു.എസ്. പ്രസിഡന്റ് റിച്ചാർഡ് നിക്സണും ഹെൻറി കിസിംഗറും സി.ഐ.എ (CIA) തലവന് നിർദ്ദേശം നൽകി. ചിലിയുടെ സാമ്പത്തിക രംഗം തകർക്കുക എന്നതായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി, സർക്കാരിനെതിരായ സൈനിക നീക്കങ്ങളെ എതിർത്ത ഭരണഘടനാ വാദിയായ സൈനിക തലവൻ ജനറൽ റെനെ ഷ്നൈഡറെ 1970 ഒക്ടോബർ 22-ന് സി.ഐ.എ പിന്തുണയുള്ള സംഘം ആക്രമിച്ചു കൊലപ്പെടുത്തി. ഇത് അല്ൻഡെയുടെ ഭരണത്തിന് വലിയ തിരിച്ചടിയായി. അപ്പോഴും അമേരിക്കയുടെ നേതൃത്വത്തിൽ സർക്കാരിനെ അസ്ഥിരമാക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. 1972-ൽ വിദേശ സഹായത്തോടെ സ്വകാര്യ ട്രക്ക് ഉടമകൾ നടത്തിയ വൻ പണിമുടക്ക് രാജ്യത്ത് കടുത്ത അവശ്യസാധന ക്ഷാമം സൃഷ്ടിച്ചു.

ഓസ്കാർ ഗ്വാർഡിയോള റിവേര

എന്നാൽ ഇത്തരം സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും 1973 മാർച്ച് 4-ലെ ഇടക്കാല പാർലിമെന്റ് തിരഞ്ഞെടുപ്പിൽ അല്ലെൻഡെയുടെ സഖ്യം 44% വോട്ട് നേടി ജനപിന്തുണ തെളിയിച്ചു. നിയമപരമായി അല്ലെൻഡെയെ പുറത്താക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയ പ്രതിപക്ഷം സൈനിക സഹായം തേടി. 1973 ജൂണിൽ നടന്ന ആദ്യ അട്ടിമറി ശ്രമം ജനറൽ കാർലോസ് പ്രാറ്റ്സ് പരാജയപ്പെടുത്തിയെങ്കിലും, പിന്നീട് ശക്തമായ രാഷ്ട്രീയ സമ്മർദ്ദത്താൽ അദ്ദേഹം രാജിവെച്ചു. പകരം അമേരിക്കൻ പിന്തുണയുള്ള ജനറൽ ഓഗസ്റ്റോ പിനോഷെ സൈനിക മേധാവിയായി.

1973 സെപ്റ്റംബർ 11-ന് ജനറൽ പിനോഷെയുടെ നേതൃത്വത്തിൽ ക്രൂരമായ സൈനിക അട്ടിമറി നടന്നു. സൈന്യം പ്രസിഡന്റിന്റെ കൊട്ടാരമായ ‘ലാ മൊണെഡ’ വളഞ്ഞു. വ്യോമസേന ബോംബാക്രമണം നടത്തി. കീഴടങ്ങാൻ വിസമ്മതിച്ച അല്ലെൻഡെ രാജ്യത്തോടായി അവസാന സന്ദേശം നൽകിയ ശേഷം ജീവനൊടുക്കി. പാബ്ലോ നെരൂദയടക്കം പതിനായിരക്കണക്കിന് രാഷ്ട്രീയ എതിരാളികളുടെ കൊലപാതകങ്ങൾക്കും പീഡനങ്ങൾക്കും വഴിവെച്ച, പിനോഷെയുടെ 17 വർഷം നീണ്ട ഏകാധിപത്യ ഭരണത്തിന് അത് തുടക്കമിട്ടു. ഈ ചരിത്ര സത്യത്തെ വായനക്കാരിലൂടെ തിരികെ എത്തിക്കുകയാണ് ഓസ്കാർ ഗ്വാർഡിയോള-റിവേര തന്റെ പുസ്തകത്തിലൂടെ ചെയ്യുന്നത്.

മലപ്പുറം ജില്ലയിൽ ആമയം എന്ന ഗ്രാമത്തിൽ ജനനം 1990 മുതൽ ആനുകാലികങ്ങളിൽ എഴുതുന്നു ഏറെ കാലം പ്രവാസി ആയിരുന്നു. ഇപ്പോൾ വെളിയങ്കോട് എം ടി എം കോളേജിൽ ലൈബ്രേറിയൻ.