പ്രതീക്ഷയുടെ നാളം

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പുതിയ വിജ്ഞാന ശാഖ ആണ് ഭിന്നശേഷി പഠനങ്ങൾ. സംസ്കാര പഠനത്തിൻ്റെ ഭാഗമാണിത്. ഭിന്നശേഷിയുടെ സാമൂഹിക നിർണയത്തിൽ ശരീരം, മതം, ജാതി, ലിംഗ പദവി, വർണം തുടങ്ങിയ ഘടകങ്ങൾക്കെല്ലാം സ്വാധീനമുണ്ട്. ഒരു വാഹനാപകടത്തിൽ അരയ്ക്ക് കീഴെ ഉള്ള സ്വാധീനശക്തി നഷ്‌ടപ്പെട്ട ബിജു ഹോപ് എന്ന യുവാവ് തൻ്റെ ആത്മാംശം കലർത്തി എഴുതിയ വീണ്ടെടുപ്പ് എന്ന നോവൽ ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ടവർക്കെല്ലാം പ്രചോദനം നൽകുന്ന ഒരു കൃതിയാണ്

പല സമൂഹങ്ങളിലും വ്യക്തികൾ പാർശ്വവത്കരിക്കപ്പെടുന്നത് ശാരീരിക മൂലധനം ( Physical capital) ഇല്ലാത്തതിനാലാണ് “ശാരീരിക മൂലധനം” എന്ന സങ്കൽപം കൊണ്ട് വിവക്ഷിക്കുന്നത് ജാതി, മതം, ലിംഗ പദവി, വർണം, തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹിക വ്യവഹാരങ്ങളിലുള്ള സമൂഹത്തിൻ്റെ ഇടപെടൽ ശേഷിയെയാണ്. സാമൂഹിക ശാസ്ത്രജ്ഞനായ പിയറി ബോർദ്യുവിൻ്റെ സാമൂഹിക മൂലധനം, സാമ്പത്തിക മൂലധനം, സാംസ്കാരിക മൂലധനം എന്നീ പരികൽപനകളുടെ ഊന്നലുകളുമായി ബന്ധപ്പെടുത്തി ശരീര വ്യവഹാരങ്ങളുടെ സ്വഭാവത്തെ മനസ്സിലാക്കുവാനും വിശദീകരിക്കുവാനുമുള്ള ശ്രമം എന്ന നിലയിലാണ് ഭിന്നശേഷിയെ വിശകലനം ചെയ്യാൻ ശാരീരിക മൂലധനം എന്ന സങ്കൽപത്തെ ഉപയോഗിക്കുന്നത്. (സ്റ്റാൻലി ദാസ് : 2023 : ഡിസെബിലിറ്റി പ്രതിനിധാനം വ്യവഹാരം) ഇത്തരത്തിൽ നിർവചിക്കപ്പെട്ട ശാരീരിക മൂലധനം നഷ്‌ടമായ ബിജു ഹോപിൻ്റെ ആത്മകഥാംശം ഉള്ള നോവലാണ് വീണ്ടെടുപ്പ്.

വാഹനാപകടം സംഭവിച്ച് ശരീരം തളർന്ന സുനിൽ എന്ന യുവാവാണ് നോവലിലെ കേന്ദ്ര കഥാപാത്രം. ശരീരം തളർന്നപ്പോൾ തൊട്ട് ശബ്‌ദത്തിന് പ്രയാസം അനുഭവപ്പെട്ടതിനാൽ അയാൾക്ക് ഒരു ശസ്ത്രക്രിയക്ക് വിധേയൻ ആകേണ്ടി വന്നതും സഹോദരി സുനിലിനെ ശുശ്രൂഷിക്കുന്നതുമാണ് നോവലിൻ്റെ ആരംഭം. ശസ്ത്രക്രിയയ്‌ക്കായി മെഡിക്കൽ കോളേജിൽ അഡ്‌മിറ്റ് ചെയ്തപ്പോഴാണ് വീൽചെയറിൽ കഴിയുന്ന സുനിലിന് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടതെന്ന് നോവൽ വായിച്ചാൽ വ്യക്തമാവും. വീൽചെയർ ടോയ്ലറ്റിന് അകത്ത് കടക്കുകയില്ലായിരുന്നു. നമ്മുടെ പൊതു ഇടങ്ങളിലെ ശൗചാലയങ്ങൾ ഭിന്നശേഷി സൗഹൃദം ആകേണ്ടതിനെ കുറിച്ചാണ് ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നത്. വീൽചെയറിൽ കഴിയുന്നതല്ല, മറിച്ച് വീൽചെയറിൽ ഇരുന്നു കൊണ്ട് ജീവിക്കുന്നതിനുള്ള സാമൂഹ്യ ചുറ്റുപാടുകൾ ഒരുക്കി കിട്ടാത്തതാണ് സുനിലിനെ പോലുള്ളവരുടെ ജീവിത o കൂടുതൽ ദുസ്സഹമാക്കുന്നതെന്ന് നോവലിസ്റ്റ് തന്നെ നോവലിൽ പറയുന്നുണ്ട്.

ശസ്ത്രക്രിയ കഴിഞ്ഞ് കിടന്നപ്പോഴാണ് മുൻപ് മെഡിക്കൽ കോളേജിൽ വന്നപ്പോൾ പരിചയപ്പെട്ട നിർമല എന്ന സ്ത്രീയേയും, അവരുടെ മകളായ അമൃതയെയും സുനിൽ ഓർത്തത്. ഓട്ടിസം ബാധിച്ചവൾ ആയിരുന്നു അമൃത എന്ന ചെറിയ പെൺകുട്ടി. ശസ്‌ത്രക്രിയ കഴിഞ്ഞ നിർമ്മല ഒന്നിനോടും പ്രതികരിക്കാതെ വന്നപ്പോൾ നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ടുള്ള അവരുടെ മകൾ അമൃതയെ കുറിച്ചോർത്ത് സുനിൽ വിഷണ്ണനാകുന്നുണ്ട്. നിർമ്മലയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ അവരുടെ വൃദ്ധമാതാപിതാക്കൾക്ക് അമൃതയെ സംരക്ഷിക്കാനാവുമോ എന്നാണ് അയാൾ ചിന്തിച്ചത്. ഭിന്നശേഷി കുട്ടികൾക്ക് ഗവൺമെൻ്റ് തലത്തിൽ സംരക്ഷണങ്ങൾ നൽകുന്ന സ്ഥാപനങ്ങൾ ഉണ്ടാകേണ്ടതിനെ കുറിച്ച് ഇത് നമ്മെ ഓർമ്മപ്പെടുത്തുന്നു. അച്‌ഛനമ്മമാർ ഇല്ലാതായാൽ ഭിന്ന ശേഷി കുട്ടികൾ അനുഭവിക്കേണ്ടി വരുന്ന അനാഥത്വം തീവ്രമായിരിക്കുമെന്നും അതിനാൽ ഇത്തരം കുട്ടികളെ സംരക്ഷിക്കേണ്ട സാമൂഹികമായ ഉത്തരവാദിത്തം ഗവൺമെൻ്റ് ഏറ്റെടുക്കേണ്ടതുണ്ടെന്നും വീണ്ടെടുപ്പ് എന്ന ഈ നോവൽ വായിച്ച കഴിഞ്ഞാൽ ബോധ്യമാകും.

ഭിന്നശേഷിക്കാരുടെ ജീവിതത്തിലെ ദുരിതങ്ങളും പാർശ്വവത്കരണവുമാണ് നമ്മുടെ സിനിമകളിൽ ഉൾപ്പെടെ ദൃശ്യവത്കരിക്കുന്നത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി അവരുടെ ദുരിതാനുഭവങ്ങൾ ആവിഷ്‌കരിക്കുമ്പോഴും ശുഭാത്മകമായ അന്ത്യമാണ് ഉള്ളതാണ് ഈ നോവലിൻ്റെ സവിശേഷത. “ആശുപത്രിവാസം സഹനവും വേദനയും മാത്രമല്ല, പ്രതീക്ഷയും സന്തോഷവും തിരിച്ചറിവുകളും കൂടിയാണ് ഇവിടെ”

ബിജു ഹോപ്പ്

സുനിലിൻ്റെ ആശുപത്രിവാസക്കാലത്താണ് അയാളുടെ നഷ്‌ടപ്രണയത്തെ വീണ്ടെടുക്കുന്നത്. ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട, ഓട്ടിസം ബാധിതയായ അമൃതയെ, സുനിലും രേവതിയും കനിവ് ഫൗണ്ടേഷനിൽ ചെന്ന് കാണുന്നതാണ് നോവലിൻ്റെ അവസാനം. അമ്മ മരിച്ചു പോയ ആ കുട്ടിയെ വൃദ്ധരായ അപ്പൂപ്പനും അമ്മൂമ്മയ്ക്കും നോക്കാൻ ബുദ്ധിമുട്ടാണ് എന്നറിഞ്ഞ് കനിവ് ഫൗണ്ടേഷൻ കുട്ടിയെ ഏറ്റെടുക്കുകയായിരുന്നു.

‘കനിവി’ൽ അമൃതയെ കാണാൻ എത്തിയ സുനിലിന് അവിടെ അനാഥത്വത്തിൻ്റെ വീർപ്പുമുട്ടൽ അനുഭവപ്പെടുകയാണ്. സെറിബ്രൽ പൾസി ഉള്ള ആ കുട്ടിയ്ക്ക് ബുദ്ധിയ്ക്ക് പ്രശ്നങ്ങളില്ല. സംസാരിക്കാനും നടക്കാനും കുറച്ച് പ്രയാസം ഉണ്ടെന്നതൊഴിച്ചാൽ മറ്റ് പ്രശ്നങ്ങളുമില്ല എന്ന് സുനിൽ പറഞ്ഞപ്പോൾ നേഴ്‌സായ രേവതി, അമൃത യെ വീട്ടിൽ നിർത്തി പഠിപ്പിക്കാമെന്നും സ്പീച്ച് തെറാപ്പിയും ഫിസിയോതെറാപ്പിയും ചെയ്താൽ അവൾക്ക് നല്ല മാറ്റം വരും എന്ന് പറയുന്നിടത്ത് ശുഭാത്മകമായിട്ടാണ് നോവൽ അവസാനിക്കുന്നത്.

വീണ്ടെടുപ്പ് നോവലിൻ്റെ പകുതി ഭാഗത്തോളം ആശുപത്രി പശ്ചാത്തലമാണ്. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് കഥ തുടങ്ങുന്നത്. കഥാനായകനായ സുനിലിന് പല തിരിച്ചറിവുകളും ഉണ്ടാകുന്നത് ആശുപത്രിയിൽ വച്ചാണ്. മാത്രവുമല്ല, അയാളിൽ ഉറങ്ങി കിടന്ന മോഹങ്ങളും പ്രതീക്ഷകളുമെല്ലാം ഉയിർത്തെഴുന്നേൽക്കുന്നതും ആശുപത്രിയിൽ വച്ചാണ്. ആശുപത്രി എന്നത് കേവലം ദുരിതാനുഭവങ്ങളുടെ പശ്ചാത്തലം എന്നതിൽ നിന്ന് മാറി സാമൂഹ്യ വിദ്യാലയമായി മാറുന്നത് വീണ്ടെടുപ്പ് എന്ന ഈ നോവലിൽ കാണാം. നമ്മുടെ പൊതു ഇടങ്ങൾ കൂടുതൽ ഭിന്ന ശേഷി സൗഹൃദം പുലർത്തേണ്ടതാണ് എന്ന് ഈ നോവൽ ഓർമ്മപ്പെടുത്തുന്നു. സമൂഹത്തിൽ ഭിന്നശേഷി അവബോധം സൃഷ്‌ടിക്കുന്നതിന് വേണ്ടി ആ വിഭാഗത്തിൽ നിന്നു തന്നെ ഒരാൾ രചിച്ച നോവൽ എന്ന സാഹിത്യ ചരിത്രപരമായ പ്രാധാന്യം കൂടി വീണ്ടെടുപ്പ് എന്ന ഈ നോവലിനുണ്ട്.

മലയാളം അസിസ്റ്റൻ്റ് പ്രൊഫസർ ഗവ. ആർട്‌സ് & സയൻസ് കോളേജ്, പത്തിരിപ്പാല, പാലക്കാട് ജില്ല. സാഹിത്യനിരൂപണങ്ങൾ എഴുതുന്നു. കഥായനം, ആഖ്യാനവും രാഷ്ട്രീയവും എൻ എസ് മാധവൻ്റെ കഥകളിൽ എന്നീ പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.