
സമയത്തിന്റെയും കാലത്തിന്റെയും അതിർവരമ്പുകൾക്ക് മുകളിലൂടെയാണ് കവിയുടെ സഞ്ചാരം. ഓർമ്മകളും അനുഭവങ്ങളും ഇഴുകി ചേർന്ന് അതൊരൊറ്റ കവിതയായി പടർന്നു പന്തലിക്കുന്നു. ചിലപ്പോൾ തരളമാകുകയും മറ്റു ചിലപ്പോൾ തീ പിടിക്കുകയും ചെയ്യുന്നു .
“തീസമുദ്ര “ത്തിൽ പ്രിയ ഉണ്ണികൃഷ്ണന്റെ കവിതകളിലത്രയും വിശാലമായ ഒരു ആകാശം വിടർന്നു വരുന്നുണ്ട്. നഗരവും ഗ്രാമവും ഒരേ ആകാശത്തിന്റെ ചുവട്ടിലാണ്. മലയാളിയുടെ രാത്രി സങ്കൽപ്പങ്ങൾ പോലെ സ്വാഭാവികമായ ഒന്നാവുന്നു മെക്സിക്കൻ ഉച്ചനേരം. അതൊരെ ഭൂമിയുടെ മാറിലാണ്.
“നാട്ടിലേക്കിനിയൊരു യാത്രയുണ്ടാകില്ല
വാക്കും മൊഴികളും ചിതറിയ
മണ്ണിൽ നിനക്ക് ചാരെ ചിരിക്കാൻ
പുതിയൊരാകാശം
നമ്മുടെ ഭ്രാന്തു മാത്രം
നിലവിളിച്ചോടുന്ന
കുന്നിൻ മുകളിൽ
ചെമ്പകത്തിൻ ഭംഗിയത്രയും
തുടച്ചെടുത്തിരിക്കുന്നു കാലം “

ഇനിയൊരിക്കലും തിരിച്ചു പോകാനിടയില്ലാത്ത ഭൂമികയും ഓർമ്മകളിൽ ജ്വലിച്ചു നിൽക്കുന്ന കവിതയാണ് “പിൻവഴി “. “രണ്ടു നഗരങ്ങൾക്കിടയിലൂടെ “എന്ന കവിത ഒഴിവു ദിനത്തിലെ ഒരു യാത്ര ഒരു ക്യാൻവാസിലെന്ന പോലെ വരച്ചു ചേർക്കുന്നു. കവിതയുടെ സാധ്യതയുമതാണ്. നെടുനീളൻ ഖണ്ഡികകളൊന്നുമില്ലാതെ തന്നെ കൂടുതൽ വിശദശാംശങ്ങളോടെ തന്നെ ഒരു കവിക്ക് ഒരു ചിത്രം വരച്ചു ചേർക്കാം.
“വലിയ പാതയിൽ നിന്ന്
പൊട്ടിയൊലിക്കുന്ന
ചെറു വഴികൾ
തണൽ ബെഞ്ചുകൾ
വിശപ്പിൻമേൽ
മനുഷ്യർ ചിരിക്കുന്ന
വിയർപ്പിന്മേൽ മുട്ടുകുത്തുന്ന
സൗഹൃദത്താലുന്മിഷിതരാകുന്ന
ദുഃഖമുക്തമായ ചെറിയ വീടുകൾ “
നഗരം കവിതകളുടെയെല്ലാം ഉള്ളിൽ നിറഞ്ഞു കവിയുന്നു. ഊഷ്മളമായ സാന്നിധ്യമായും നരകസാന്നിധ്യവുമായും മാറി മറിഞ്ഞെങ്കിലും നഗരം നിലകൊള്ളുന്നു .
“നരകമീ നഗരം
മഹാവ്യാധികളുടെ പ്രളയഹേതു
വഴിനിറയെ തെണ്ടികൾ
കൂരയില്ലാ മേൽക്കൂരയ്ക്ക്
കീഴെ പുളയുന്നു “
“നാട്ടുകഥാപാത്രം “എന്ന കവിത ശ്രദ്ധേയമാണ് .
“ഞങ്ങ പോണ വഴീല്
മുള്ളുണ്ട് തംബ്രാ
നിങ്ങ നടക്കണ പൂവിലല്ലേ “എന്ന് പാടുന്ന പാട്ടിയമ്മ .അവരെ നഷ്ടപ്പെടുമ്പോൾ പ്രണയം നഷ്ടപ്പെട്ടൊരു പെൺകുട്ടിയെ പോലെ ഗ്രാമം കരഞ്ഞു കൊണ്ടിരുന്നു. നാട് അത്തരം മനുഷ്യരുടെ കൂടി ഓർമ്മയാണ് .
ഒരനാത്മീയ വസ്തുവായി AI യും chat GPT യും കടന്നു വരുന്നു . പ്രേമവും ഉടലും മറച്ചു വെക്കപ്പെടുന്നില്ല. അത് ചുവന്നു തുടുത്ത ആകാശമായി വിരിഞ്ഞു വരുന്നു കവിതകളിൽ.
ഓർമ്മകളും വിഭ്രമങ്ങളും അനുഭവങ്ങളും വരിവരിയായി നീങ്ങുന്ന കവിതകളാണ് പ്രിയയുടേത്. ഒരു പക്ഷത്തേക്ക് മാത്രം ചാഞ്ഞു നിൽക്കുന്ന ആവർത്തനവിരസമായ കവിതകളല്ല, മറിച്ചു കവിതയുടെ അനന്തമായ സാധ്യതകളെ തിരയുന്ന കവിതകളാണവ. ജീവിതം തേടി അലയുന്ന മനുഷ്യർക്ക് സ്വന്തം ഗ്രാമത്തെ പോലെ തന്നെ എത്തിപ്പെടുന്ന നഗരത്തെയും സ്നേഹിക്കാൻ സാധിക്കണം എന്നത് പോലെ എല്ലാ വശങ്ങളിലേക്കും ശ്രദ്ധയോടെയും വിശാലതയോടെയും മുൻവിധികളില്ലാതെയും കാഴ്ച തുറന്നു വെയ്ക്കുന്നു കവി.









