പുഴുവിൽ നിന്നും പൂമ്പാറ്റയിലേക്ക് – 11

ഒരു യുവാവ് ഒരു വൃദ്ധ സന്യാസിയോട് ചോദിച്ചു.
“ഗുരോ… ഞാൻ മാറാൻ ശ്രമിക്കുന്നു. എന്നാൽ എനിക്കെൻ്റെ പഴയ ശീലങ്ങൾ മാറ്റാനാകുന്നുമില്ല. എന്തു ചെയ്യും. ഞാനാകെ നിരാശനാണ്.”

സന്യാസി അവനെ ഒരു നദിക്കരയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വലിയൊരു പാറ കാണിച്ചുകൊണ്ട് ചോദിച്ചു.

“ഈ പാറയെ നോക്കൂ. ഇതിൽ കാണുന്ന ഈ ചാലുകൾ ആരാണ് ഉണ്ടാക്കിയത്?”
യുവാവ് പറഞ്ഞു, “ഇതു വെള്ളമൊഴുകിയ ചാലുകളാണ്.”
“ഒരു ദിവസം കൊണ്ടോ?” സന്യാസി ചോദിച്ചു
“അല്ല… അനേക വർഷങ്ങൾ കൊണ്ട്.” യുവാവ് പറഞ്ഞു.

സന്യാസി പുഞ്ചിരിച്ചു.
“വെള്ളം പാറയേക്കാൾ ശക്തമായതുകൊണ്ടല്ല ഈ മാറ്റം ഉണ്ടായത്. അതിന്റെ സ്ഥിരത കൊണ്ടാണ്. ഓരോ തുള്ളിയും ഒഴുകിയൊഴുകി… അങ്ങനെയാണീ ചാലുകൾ രൂപം കൊണ്ടത്. ആ പ്രവൃത്തി പക്ഷേ ഒരിക്കലും നിർത്തിയില്ല.”

ശാസ്ത്രചിന്ത എന്താവും?

ന്യൂറോപ്ലാസ്റ്റിസിറ്റിയെ ഈ കഥയുമായി തീർച്ചയായും ബന്ധിക്കാം. ഇവിടെ നമ്മെ പഠിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ്, തീവ്രതയെക്കാൾ സ്ഥിരതയ്ക്കാണ് (Consistency) കൂടുതൽ പ്രാധാന്യം.ഒരു ദിവസം മൂന്ന് മണിക്കൂർ പരിശീലിച്ച്, തളർന്ന്, ആ ലക്ഷ്യം ഉപേക്ഷിക്കുന്നതിനേക്കാൾ എത്രയോ മികച്ച തീരുമാനമാകും, ദിവസവും ഇരുപത് മിനിറ്റ് കൃത്യമായിപരിശീലിക്കുന്നത്. പല കഴിവുകളും വളർത്താൻ ഈ സമീപനമാകും കൂടുതൽ സഹായകമാകുക.

ആത്മീയ ചിന്ത

മനസ്സ് ഒരുദിവസം കൊണ്ട് ശാന്തമാകില്ല. അതൊരു സമുദ്രമാണ്. അലയാഴി എന്നല്ലേ നമ്മൾ സമുദ്രത്തെ വിശേഷിപ്പിക്കാറ്? അലയൊഴിഞ്ഞ് ആഴിയോ, അല്ലേ? അപ്പോൾ ഒരു പ്രത്യേക ലക്ഷ്യത്തിലേക്കു കുതിക്കാൻ, നിത്യവും സാധന വേണ്ടിവരും.

ഇന്നത്തെ പരിശീലനം

ഇന്ന് മുതൽ നമ്മുടെ ഏതെങ്കിലും ഒരു ലക്ഷ്യം നേടുന്നതിനു വേണ്ടി ഒരു ചെറിയ ശീലം മാത്രം തിരഞ്ഞെടുക്കാം. അതു പരിശീലിക്കാം, വെറും 5 മിനിറ്റ്. ഒന്നുണ്ട്, അതിനു ഞായറും തിങ്കളും മഴയും വെയിലും ബാധകമാക്കരുത്. ഒരു ദിവസവും ഒഴിവാക്കരുത്.

ഇന്നത്തെ വാക്യം

“പാറയിൽ ചാലു സൃഷ്ടിച്ചത് ശക്തി കൊണ്ടല്ല, കിനിഞ്ഞിറങ്ങിയ ഉറവയിൽ നിന്നും നിർത്താതെ ഒഴുകിയ വെള്ളമാണ്.”

ബാലസാഹിത്യം, യാത്രാവിവരണം, പ്രചോദനാത്മക പുസ്തകപരമ്പര ഉൾപ്പെടെ പത്തു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.