നീലയെന്ന

നീല ഒരു തോന്നലാണ്!
വെറുമൊരു തോന്നൽ;
തലക്കു മുകളിൽ
ആകാശമുണ്ട് എന്നതുപോലെ..

ആകാശം വെറുമൊരു മറയാണ്,
അടുത്ത് ചെല്ലുംന്തോറും
അകന്നു പോകുന്നത്.
ഒരിക്കലും എത്തിപ്പിടിക്കാനാകാത്തത്.

മുകളിലേക്ക് കൈനീട്ടി അമ്മ പറയും:
മുത്തശ്ശി ദേ അവിടെയാണ് ട്ടോ.
രാത്രിയിൽ അവിടെ തിളങ്ങുന്നത്
മുത്തശ്ശിയുടെ കണ്ണുകളാണത്രേ!

അതിൽ പിന്നെയാണ്,
പകൽ നീലാകാശത്ത്
ചുരുണ്ടു വരുന്ന മേഘങ്ങളിൽ
കോന്തലയുടെ രൂപം തെളിഞ്ഞുവന്നത്..

പിന്നെ പിന്നെയാണ്
മുത്തശ്ശി എന്നതും
വെറുമൊരു തോന്നലായിരുന്നുവെന്ന്
തോന്നിത്തുടങ്ങിയത്..

പോകെ പോകെ ആകാശത്തു നിന്ന്
നീല ഉരുകിയൊലിച്ചിറങ്ങി..
ഞാനും വെറുമൊരു
തോന്നലായിരുന്നുവെന്നറിയും മുംമ്പേ
എല്ലാം ഉള്ളിലേക്കൊതുക്കി,
നീലക്കടൽ അനന്തമായ് പരന്ന്….

വയനാട് ജില്ലയിൽ വൈത്തിരി സ്വദേശി. മുംബൈയിൽ പത്രപ്രവർത്തകൻ ആണ്. ആനുകാലികങ്ങളിൽ കഥകളും കവിതകളും എഴുതിവരുന്നു.