പ്രണയത്തെ പ്രണയിക്കുന്ന സുരേഷിന്റെ കവിതകൾ

എന്റെ മുന്നിൽ തുറന്നിരിക്കുന്നത് എൻ. ബി. സുരേഷിന്റെ ഛായാമുഖിയാണ്. 74 കവിതകളടങ്ങുന്ന സമാഹാരം.മനസ്സിലാകാത്ത ഭാഷയിൽ കവിതയെ വിശകലനം ചെയ്യാനുള്ള അറിവോ അനുശീലനമോ എനിക്കില്ല.ഭരതമുനി നിർവ്വചിച്ച സഹൃദയന്റെ പരിധിയിൽപെടുന്ന ആളുമല്ല. വായനാ അനുഭവം മറയില്ലാതെ എഴുതാനേ കഴിയൂ. ഹിഡുംബിയുടെയും ഭീമന്റെയും കീചകന്റെയും പ്രണയം വീണുടഞ്ഞ ഛായാമുഖിയിൽ സുരേഷ് കാണുന്നത് പ്രണയത്തിന്റെ ആത്മഭാവമാണ്.അഴുക്കില്ലാത്ത പ്രണയത്തെ എഴുത്ത് വിദ്യകൊണ്ട് അലക്കി വെളുപ്പിക്കാൻ പെടാപ്പാട് വരുന്നവരുടേയും,അലക്കിയലക്കി പ്രണയം പിഞ്ചി പോയവരുടെയും, പ്രണയത്തിന്റെ വഴി തെറ്റിപ്പോയവരുടെയും ഇടയിൽ സുരേഷ് വേറിട്ട് നില്ക്കുന്നു.

മിക്ക കവിതകളിലും ഞാൻ,നീ എന്ന ദ്വന്ദ്വത്തിന്റെ വിലയനം കാണാനാവും.’ഞാൻ’ കവിയാണ്.അപ്പോൾ ‘നീ’ആരാണ്? കാട് കയറാനും അർത്ഥം വച്ച് പുലമ്പാനും സ്കോപ്പുള്ള ആവർത്തനമായി ഞാനും നീയും ദ്വന്ദ്വം കവിതകളിൽ ഇടംപിടിച്ചിരിക്കുന്നു. ആരാണീ നീ എന്ന അപരൻ?സാഹിത്യത്തിലും ദർശനത്തിലും ’അപരൻ’എന്ന സങ്കല്പം വ്യത്യസ്ത രൂപങ്ങളിൽ നില നിൽക്കുന്നുണ്ട്.അപരനാണെന്റെ നരകമെന്ന് പ്രഖ്യാപിച്ച സാർത്രിനോട് സുരേഷിന്റെ ’നീ’യോജിച്ച് പോകുന്നില്ല. ഫ്രഞ്ച് തത്ത്വചിന്തകനായിരുന്ന എമ്മാനുവൽ ലെവിനാസിന്റെ l ‘അപരൻ’ (The Other) എന്ന വീക്ഷണവുമായി ഒത്തുപോകുന്നുണ്ടെന്നാണെന്റെ നിരീക്ഷണം. പാശ്ചാത്യ തത്വചിന്തയ്ക്ക് വിപരീതമായി ‘ഞാൻ’ എന്നതിനേക്കാൾ പ്രധാനപ്പെട്ടതാണ് ‘അപരൻ’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.അപരന്റെ മുഖത്തെ പറ്റിയും അദ്ദേഹം പറയുന്നുണ്ട്. ‘മുഖം’ കേവലം ശരീരത്തിന്റെ ഭാഗമല്ല, അത് അപരന്റെ അസ്തിത്വത്തിന്റെ വെളിപ്പെടുത്തലാണ്. സുരേഷിന്റെ കവിതകളിലെ നീ/അപരൻ പ്രണയമാണ്. അതയാളുടെ ആത്‌മഭാവമാണ്. രണ്ടിന്റെയും വിലയനത്തിലൂടെ ’രസം’എന്ന പരമാനന്ദമാണത് പകർന്ന് കിട്ടുന്നത്.

പ്രണയത്തിന്റെ നാനാർത്ഥങ്ങളെ പോലെ വിരഹവും ഓർമയും ഒറ്റപ്പെടലുമൊക്കെ കവിതകളിൽ ഉടനീളം കാണാൻ കഴിയും. ബിംബങ്ങളുടെ സമർത്ഥമായ ചേരുവകളിലൂടെയും ശ്ലഥ ചിത്രങ്ങളുടെ മനോഹരമായ കൊളാഷിലൂടെയും ശബ്‌ദശക്തികളായ അഭിധ,ലക്ഷണ, വ്യഞ്ജന ത്രിത്വത്തെയും മറി കടന്ന് ഭാവനയുടെ സ്ഥലരാശിയിൽ സുരേഷ് സ്വന്തം ഛായാമുഖി വാർത്തെടുക്കുകയാണ്.അയാളതിൽ കാണുന്നത് പ്രണയത്തിന്റെ രൂപവും നിഴലുമാണ്. പ്രണയത്തെ പ്രണയിക്കുന്ന കവിയായ് സുരേഷ് മാറുന്നതപ്പോഴാണ്.

പ്രകൃതിയും പ്രണയവും തമ്മിലുള്ള ഇണ ബന്ധമാണ് കവിതകളിൽ കണ്ട മറ്റൊരു സവിശേഷത. പ്രകൃതിയുടെ ചിഹ്നങ്ങളും പ്രതിഭാസങ്ങളും പ്രണയമായ് മാറുന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്.രണ്ടായിട്ട് തോന്നുന്നതൊന്നും രണ്ടല്ലെന്നും, പ്രണയത്തിന്റെ പരകോടിയിൽ വേർപിരിക്കാനാവാത്ത വിധം ഒന്നാകുമെന്നുമുള്ള സന്ദേശം കവിതകളിലൂടെ അസന്ദിദ്ധമായ് വിളമ്പരം ചെയ്യപ്പെടുന്നു.

ഛായാമുഖിയാണ് ആഴവും പരപ്പും ഓളങ്ങളും കൊണ്ട് സമൃദ്ധമായ കവിത. കേവലമൊരു പ്രണയവർണ്ണനയ്ക്കപ്പുറം ശരീരത്തിന്റെ അതിരുകൾ ഭേദിച്ച് പ്രകൃതിബിംബങ്ങളിലൂടെ ആത്മാവിനെ തിരിച്ചറിയുന്ന ദാർശനിക യാത്രയാണീ കവിത. “മഴക്കാടിൻ ചെരിവിൽനിന്നോ ഭൂമിക്കടിയിൽ നിന്നോ ഉറവ പൊട്ടി നീ ഒഴുകിവന്നു” എന്ന വരികളിലൂടെ ജലത്തെ പ്രണയത്തിന്റെ നിഗൂഢമായ ഉറവിടമായും വന്യമായ പ്രവാഹമായും ചിത്രീകരിക്കപ്പെട്ടിരിക്കുന്നു.അനാദികാലങ്ങളായി മനുഷ്യമനസ്സ് കെട്ടിപ്പടുത്ത കുന്നുകളും പാറക്കെട്ടുകളുമാകുന്ന അഹങ്കാരത്തെ ഈ കുത്തൊഴുക്ക് ഇടിച്ച് തകർക്കുകയും,പുതിയ ചിന്തകളുടെ ചുഴികളും ആഴങ്ങളും സൃഷ്ടിക്കുകയും ചെയ്യുന്നു.സ്വന്തം വികാരങ്ങളോട് അഭിരമിക്കാനുള്ള സർഗ്ഗാത്മക സ്വാതന്ത്ര്യമാണ് കവിക്ക് ഏകാന്തത.കാലവും ഋതുക്കളും മാറിമറിഞ്ഞിട്ടും ഏതോ മരുഭൂമിയിൽ “കാറ്റിലും പൊടിയാത്ത മണൽശില്പമായി വെന്തു വെന്തുണങ്ങിയ ആധികളുമായി”കവിമനസ്സ് കാത്തിരിക്കുകയാണ്.

“നീ വന്ന് കാൽ നനച്ച നേരം
പ്രകാശത്തിൻ സുഷുമ്ന പോലെ
ഉടലിലൂടെ ഉച്ചിയിലേക്കാരാന്തൽ
പുണർന്നു”

പ്രണയത്തിന്റെ പ്രഥമ സ്പർശനം തരുന്ന ഭാവപ്പകർച്ചയെ യോഗാത്മകമായി ചിത്രീകരിച്ചിരിക്കുന്നതെത്ര മനോഹരമായിട്ടാണെന്ന് നോക്കൂ. ഭാരതീയ യോഗശാസ്ത്ര പ്രകാരം കുണ്ഡലിനി ശക്തി ഉണർന്ന് സുഷുമ്ന നാഡിയിലൂടെ ഉച്ചിയിലെത്തുമ്പോൾ ഉണ്ടാകുന്ന പരമാനന്ദമാണ് കവിക്ക് പ്രണയത്തിലൂടെയും ലഭിക്കുന്നത്.ആ നിർവൃതിയിൽ കണ്ണുകൾ തുറക്കുമ്പോൾ മുന്നിൽ നിൽക്കുന്നത് മജ്ജയിലും മാംസത്തിലും രതിരസം നിറച്ച കാമിനിയല്ല.പിന്നെയോ?

“മുൻപിൽ നീ നിൽക്കുന്നുലയാതെ നിർമ്മലവും സുതാര്യവുമായൊരു സ്ഫടിക ജലശില്പമായ് നിന്നിലേക്കായുന്നു ഞാൻ” എന്ന് കവി എഴുതുമ്പോൾ ‘ഞാൻ’, ‘നീ’ എന്നീ വേർതിരിവുകൾ പൂർണ്ണമായും ഇല്ലാതായിട്ട് കവിയുടെ ആത്മഭാവം അപരനിലൂടെ ഛായാമുഖിയിൽ തെളിയുകയാണ്. രൂപമില്ലാത്ത ആ ജലപ്രവാഹത്തിലേക്ക് കവി സ്വയം സമർപ്പിച്ച് ലയിച്ചുചേരുന്നതോടെ ‘ഞാൻ’ എന്ന അവകാശവാദം തന്നെ അപ്രസക്തമാവുന്നു.

പൂർണ്ണമായ ആത്മസമർപ്പണത്തിന്റെ (Total Surrender) പ്രഖ്യാപനമാണ് “ഞാൻ” എന്ന കവിത.”നീ” എന്ന ഘടകമില്ലെങ്കിൽ വെറും ശൂന്യതയോ ജീവനില്ലാത്ത ജഡമോ മാത്രമാണ് താനെന്ന് കവി തിരിച്ചറിയുന്നു.സ്വന്തം നിലനിൽപ്പിനെ സാധൂകരിക്കാൻ പ്രകൃതിയെ ഉപയോഗിക്കുന്നുവെന്ന സവിശേഷതയും ഈ കവിതയ്ക്കുണ്ട്.പ്രണയത്തിന്റെ മണ്ണിൽ മാത്രമേ താൻ മുളപൊട്ടുകയുള്ളൂ എന്നും, പ്രിയപ്പെട്ടവൾ ഉച്ചരിക്കുമ്പോൾ മാത്രമേ സ്വന്തം വാക്കിന് അർത്ഥമുണ്ടാകൂ എന്നും കവി പറയുന്നു.

മേഘവും മഴയും പോലാണ് കവിയും കാമിനിയും.അവൾ തൊടുമ്പോൾ ഉണരുന്ന ഉടലാണവന്റേത്.കവിതയുടെ ആദ്യപകുതി പ്രണയത്തിന്റെ മനോഹരമായ ഭാവങ്ങളെയാണ് ധ്വനിപ്പിക്കുന്നതെങ്കിൽ രണ്ടാം പകുതി വിരഹത്തിന്റെ നൊമ്പരത്തിലേക്ക് വഴിമാറുന്നു.

“അഴലാണ് ഞാൻ നീ
പിരിയുമ്പോൾ നീറുന്നത്…”

പ്രിയപ്പെട്ടവരുടെ സാന്നിധ്യമില്ലെങ്കിൽ താൻ ചീയുന്ന ജഡമാണെന്നും ശൂന്യതയാണെന്നുമുള്ള കവിയുടെ ആത്മബോധം വായനക്കാരിലും വൈകാരിക ആഘാതം സൃഷ്ടിക്കാൻ പോരുന്നതാണ്. പ്രണയത്തിന്റെ പരകോടിയോടൊപ്പം അതിന്റെ നിസ്സഹായാവസ്ഥയെയും വെളിപ്പെടുത്തുന്നതാണ് അവസാന വരികൾ.

“നീ ഓർത്തതില്ലെങ്കിലോ
എന്നേ മരിച്ചു കഴിഞ്ഞിരിക്കുന്നു ഞാൻ.”

ഓർമ്മിക്കപ്പെടുക എന്നത് പ്രണയത്തിന്റെ അകക്കാമ്പാണെന്നും പ്രണയിനിയുടെ ചിന്തകളിൽ നിന്ന് പുറത്തായാൽ ആത്മീയ മരണം സംഭവിക്കുമെന്നും ഈ വരികൾ അടിവരയിടുന്നു.

പ്രകൃതിയുടെ പശ്ചാത്തലത്തിൽ പ്രണയത്തിന്റെ തീവ്രതയും വിരഹവും പുനർജന്മവും ആവിഷ്കരിക്കുന്ന കവിതയാണ് ‘പ്രണയമഴയായി’.പ്രണയമഴ പെയ്യുമ്പോൾ പ്രകൃതിപോലും നിശ്ചലമാകുന്നു പ്രണയത്തിന്റെ ആഴം കൂട്ടാൻ പ്രകൃതിയിലെ ബിംബങ്ങളെ കവി സമർത്ഥമായി ഉപയോഗിച്ചിരിക്കുന്നു.

ജലച്ചായചിത്രമെന്ന കവിതയിൽ ആദ്യചുംബനത്തെ സമീകരിക്കുന്നത് ലാവണ്യത്തിന്റെ നിറസാന്നിദ്ധ്യമാർന്ന മൂന്ന് കല്പനകളിലൂടെയാണ്.അവിടെയും കവി ആശ്രയിക്കുന്നത് പ്രകൃതിയെ തന്നെയാണ്.

‘ഭൂഖണ്ഡങ്ങൾ താണ്ടി വന്ന
രണ്ട് ദേശാടനപക്ഷികൾ
കൊക്കുകൾ ചേർക്കും പോലെ’.

’സമാന്തരമായി നീളുന്ന
രണ്ട് വൈദ്യുതി കമ്പികൾ
കൂട്ടി തൊടും പോലെ’

’ആകാശത്തിൽ അലയുന്ന
രണ്ട് മേഘങ്ങൾ
കണ്ടു നിൽക്കെ
കലരും പോലെ…’.

ആദ്യ ചുംബനത്തിന്റെ ആ നിമിഷത്തിൽ പ്രകൃതിയിലുണ്ടാകുന്ന മാറ്റങ്ങൾ അതീവ ദൃശ്യഭംഗിയോടെയാണ് വിവരിച്ചിരിക്കുന്നത്.അതിരുകൾ മായുകയും, ഭൂമിയാകുന്ന തളികയിലേക്ക് മേഘങ്ങൾ പൊഴിഞ്ഞുവീഴുകയും, ആകാശം മിന്നൽക്കൊടിയിൽ തൂങ്ങി താഴേക്കിറങ്ങുന്നതായും, ഉരുകിയൊലിക്കുന്ന ഊർജ്ജധാരയിൽ സൂര്യൻ നൃത്തം ചെയ്യുന്നതായും കവി സങ്കൽപ്പിക്കുന്നു.അങ്ങനെ പ്രകൃതി പ്രണയത്തെ ആഘോഷമാക്കുമ്പോൾ നമ്മളും അതിന്റെ ഭാഗമാകുന്നു. പ്രണയത്തിൽ സംഭവിക്കുന്ന ഞാൻ-നീ വിലയനം ലോകത്തെ ‘ജലച്ചായ ചിത്രം’ പോലെ മനോഹരമാക്കി മാറ്റുന്നു.പ്രണയം,ഭൂമിയുടെ സർഗാത്മക സൗന്ദര്യമാണ് എന്നതിന്റെ സാക്ഷ്യം കൂടിയാണീ കവിത.

എൻ ബി സുരേഷ്

ആത്മീയതയുടെയും ബുദ്ധദർശനത്തിന്റെയും അത്യുന്നത തലങ്ങളിലേക്ക് പ്രണയത്തെ ഉയർത്തുന്ന അപൂർവ്വ സുന്ദര രചനയാണ് ‘പ്രണയബുദ്ധൻ’. ലൗകികമായ വികാരങ്ങൾക്കപ്പുറം പ്രണയമെന്നത് വലിയൊരു തപസ്സും ആത്മസമർപ്പണവുമാണെന്ന് സ്ഥാപിക്കുന്ന കവിത.വിഷാദിയുടെ കണ്ണീർ മണ്ണിലോരോ തുള്ളി വീഴുമ്പോഴും ഇലകൾ മുളയ്ക്കുന്നതും തണൽ വിടരുന്നതും ബുദ്ധന്റെ ബോധിവൃക്ഷത്തെ ഓർമ്മിപ്പിക്കുന്നു.പ്രണയനഷ്ടങ്ങളിൽ തകർന്നുപോകാതെ,പ്രകൃതിയോടിണങ്ങി സമരസപ്പെടുന്ന പ്രണയബുദ്ധനും ബോധിവൃക്ഷവും ഒന്നായി മാറുന്ന നിഗൂഢ ലാവണ്യം കൂടി ഈ കവിതയുടെ സ്വത്വത്തിൽ അലിഞ്ഞ് ചേർന്നിരിക്കുന്നു.കിളികൾ പാറിവന്ന് കിനാവിന്റെ കൂടൊരുക്കുന്ന ശാന്തതയിൽ,നനഞ്ഞ മണ്ണിൽ വിരലുകൾ ചലിപ്പിച്ച് അദ്വൈത ഭാവത്തോടെ അകലേക്കൊഴുകുന്ന അരുവിയും അവിടെ അവശേഷിക്കുന്ന രണ്ട് കാലടികളും ബുദ്ധന്റെ നിർവ്വാണതുല്യമായ ശാന്തതയിലേക്കാണ് നമ്മെ നയിക്കുന്നത്.പ്രണയവും കാരുണ്യവും ഒന്നായി മാറുന്ന ബുദ്ധാവസ്ഥയെ ജലത്തിന്റെയും പ്രകൃതിയുടെയും ലളിതമായ ബിംബങ്ങളിലൂടെ നോക്കുമ്പോൾ പ്രണയത്തിന്റെ മറ്റൊരു മുഖം കൂടി ഛായാമുഖിയിൽ തെളിയുന്നു.

കാടിന്റെ വന്യതയെ പ്രണയത്തിന്റെ ആഴമേറിയ അടരുകളുമായി കോർത്തിണക്കുന്ന കവിതയാണ് കാടകം.കേവലം മരങ്ങളുടെ കൂട്ടമല്ല കാട്. അനന്തമായ ജീവസ്പന്ദനങ്ങളുടെയും പ്രണയത്തിന്റെയും ലോകമാണത്.പ്രകൃതിയിലെ ചെറുതും വലുതുമായ ശബ്ദങ്ങൾക്കും ചലനങ്ങൾക്കും നടുവിലാണ് കവി “നിശ്ശബ്ദതയുടെ മിടിപ്പ്” കേൾക്കുന്നത്. പ്രണയിനിയെ തിരയുന്ന മനസ്സിന്റെ വിലാപമാണതിന്റെ അന്തരധാര. ഭൂമിയിലെ വേരുകളിൽ തുടങ്ങി ആകാശത്തിന്റെ ചില്ലകളിലേക്ക് പടരുന്ന രണ്ട് ജീവനുകളുടെ പ്രണയരാഗമാണ് കാടിന്റെ സംഗീതമെന്ന് കവി തിരിച്ചറിയുന്നു.പ്രകൃതിയും പ്രണയവും ലയിച്ച് ചേരുമ്പോഴത്തെ നിശ്ശബ്ദ സംഗീതമാണ് കാട് മുഴുവൻ പ്രതിധ്വനിക്കുന്നത്. മനുഷ്യനും പ്രകൃതിയും തമ്മിലുള്ള അഭേദ്യമായ ബന്ധം വിളമ്പരം ചെയ്യുന്ന മറ്റൊരു കവിതയാണ് മരങ്ങളുടെ സ്വപ്നാടനം.

ഭാഷ, പ്രണയം,കാലം എന്നിവയെ അക്ഷരങ്ങളിലൂടെയും വായനയിലൂടെയും പുനർനിർവ്വചിക്കുന്ന കവിതയാണ് നിലത്തെഴുത്ത്.

“നിന്നെ വായിക്കുവാൻ നിത്യവും
ഓരോ ഭാഷ പഠിക്കുന്നുണ്ട് ഞാൻ.”

ഓരോ ദിവസവും പുതുതായി മാറുന്ന പ്രിയപ്പെട്ടവളെ വായിച്ചെടുക്കാൻ കവിയെ പുതിയ ഭാഷയും ലിപിയും വ്യാകരണവും പഠിപ്പിക്കുന്നതും പ്രകൃതി തന്നെയാണ്.കാലം കടന്നുപോകുമ്പോൾ പുതുമ നഷ്ടപ്പെടുകയും പ്രണയം ഓർമ്മകളുടെ ‘പുരാശേഖരമായി’ മാറുകയും ചെയ്യുമോ എന്ന ആശങ്കയും കവി പങ്കുവെയ്ക്കുന്നുണ്ട്.എപ്പോഴെങ്കിലും ഓർമ്മകൾ വീണ്ടും വായിക്കപ്പെടുമ്പോൾ യഥാർത്ഥ അർത്ഥം തിരിച്ചറിയാൻ കഴിയുമോ എന്ന ചോദ്യത്തോടെയാണ് കവിത അവസാനിക്കുന്നത്.

കവിതകളെല്ലാം വായിച്ചിട്ട് ഛായാമുഖിയിലേക്ക് ഞാനൊന്ന് ഒളിഞ്ഞ് നോക്കി. വീട്ടിലെ പെണ്ണിന്റെ പ്രണയം പോലും ഹരിനാമകീർത്തനമായി മാറിയ ഈ സന്ധ്യയിൽ വലിയ പ്രതീക്ഷയൊന്നും ഉണ്ടായിട്ടല്ലായിരുന്നു ഒളിഞ്ഞ് നോട്ടം.ഒരു ഓമന കൗതുകം മാത്രം.ഛായാമുഖിയിൽ ഞാൻ കണ്ടത് സുരേഷിൻ്റെ കവിതകളാളായിരുന്നു.അതിൽ നിന്നുറവ പൊട്ടിയൊഴുകുന്ന പ്രണയത്തിന്റെ പാലാഴിയായിരുന്നു. ഞാനും സുരേഷിനെ പോലെ പ്രണയത്തെ പ്രണയിക്കുകയാണോ? അപ്പോഴാണ് ഒളിഞ്ഞ് നോക്കുകയാണെന്ന സത്യം ഞാൻ തിരിച്ചറിഞ്ഞത്.സുരേഷിന് മാത്രമേ പ്രണയത്തെ പ്രണയിക്കാനാവൂ. എനിക്കത് കണ്ടു നിൽക്കാനേ കഴിയൂ.

ഛായാമുഖി ( കവിതാ സമാഹാരം )
എൻ ബി സുരേഷ്
പ്രസാധകർ : ലോഗോസ്

ശാസത്രസാഹിത്യകാരൻ, നാടകകൃത്ത്, പാഠപുസ്തക കമ്മിറ്റി മെമ്പർ, ദേശീയ - സംസ്ഥാന അധ്യാപക അവാർഡ് ജേതാവ്. എൻ്റെ പാഠപുസ്തകം, അമ്മൂമ്മത്താടി, ഒരു വിശ്വാസിയുടെ ശാസ്ത്ര സഞ്ചാരം, മുഖത്തെഴുത്തുകൾ തുടങ്ങി ഒട്ടേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്