ധ്രുവീകരണം

ചരിത്രത്തിന്റെ
നെടുംതൂണാണിത്.
അസ്ഥികൾ കൊണ്ടെഴുതിയ
നിശബ്ദ നിലവിളിയുടെ
വ്യത്യസ്ത ലിപികൾ.

ഉടലുകളാണതിൽ,
കെട്ടിവരിഞ്ഞിരിക്കുന്നു
നിറയെ.
ഒറ്റനോട്ടത്തിൽ കൊത്തിവെച്ച
അരൂപ ശിൽപങ്ങൾപോലെ
ഏതോ അടിമകാലത്തെ
ഓർമ്മിപ്പിക്കുന്ന
ബിനാലെ.

കണ്ണുകൾ കൊട്ടത്തളങ്ങളും
മുറിവുകൾ
രക്തമുണങ്ങിയ ഓടകളും.

മഞ്ഞപിത്തംപിടിച്ച ഓടകളിൽ
പഴുത്ത ചെണ്ടുമല്ലിയാണ്
വിരിഞ്ഞിരിക്കുന്നത്,
വ്രണക്കാടാൽ നിബിഡം.
ഓരോരോ പൂത്തണ്ടിൽ വീഴുന്നു
കനത്തകാറ്റിൻ കൂച്ചുവിലങ്ങ്.

ഒരേ സ്ക്കോച്ചുമായി
രണ്ടുതരം കാലങ്ങൾ
കടന്നുവന്നു.
രണ്ടുതരം രുചികൾ
കയ്പ്പും മധുരവുമായി
ചിയേർസിൽ ഇടഞ്ഞു.

വേച്ചുവേച്ചൊന്ന് വീണുരുണ്ട്
മുന്നോട്ട് നോക്കുന്നു.
മറ്റൊരുകാലം
ചരിത്രത്തിലേക്ക് പിൻനടത്തം
ഉണങ്ങിയ
മുറിപ്പാടിലേക്കത് ചാലിടുന്നു.
ഓടയിൽ അധികാരഭീകരത
കാലത്തെ കാത്തുനിന്നു
പുഴുവായ് നുരച്ച്
പഴുപ്പിച്ചു.

പണിതീരാതെ
കുറ്റിയറ്റുപോയ
ഒറ്റനില കെട്ടിടംപോലെ
മനുഷ്യകാലം/ ചരിത്രം
നിന്നയിടത്താണ്.
ഏതുകാലമെന്നോ
ഏതുചരിത്രമെന്നോ
തിരിച്ചറിയാൻ നിർവ്വാഹമില്ല.
പൊളിഞ്ഞ മേൽക്കൂര,
കുനിഞ്ഞ തല.
മെലിഞ്ഞ തൂൺ,
അസ്ഥിയായ കൈത്തുട.

ഇപ്പോൾ
ഒരുനാവ് മാത്രം
ഇടംവലം ഇഴയുന്നുണ്ട്
കാലം ചരിത്രംവരേയ്ക്കും
ചരിത്രം കാലത്തിലേക്കും.

അസ്ഥികൾ കൊണ്ടെഴുതിയ
നിശബ്ദ നിലവിളിയുടെ ലിപികൾ
ശുദ്ധസംഗീതത്തെ
കുറിച്ചുള്ളതാണെന്ന
തോന്നൽ മാത്രമാണിപ്പോൾ,
നമുക്കാണതൊട്ടും
മനസ്സിലാവാത്തത്.

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.