അത്രയ്‌ക്ക് സ്നേഹമായിരുന്നു

അവന്‍ മരിച്ചപ്പോഴാണ്
ആദ്യമായി അവന്‍റെ വീട്ടില്‍ പോയത്.
വീട്ടിലേക്കവന്‍ വിളിച്ചപ്പോഴൊന്നും
പോകാന്‍ കഴിഞ്ഞില്ല.
ഒരു ദിവസം നിന്നെയെന്തായാലും
ഞാനെന്‍റെ വീട്ടിലെത്തിക്കും
എന്നവന്‍ പറയുമായിരുന്നു.

എന്നെ വീട്ടിലെത്തിക്കാനാവുമോ
അവന്‍ മരിച്ചത്?
അത്രയ്‌ക്ക് സ്നേഹമായിരുന്നു.

ഞാന്‍ ചെല്ലുമ്പോഴേക്കും
അടക്കം കഴിഞ്ഞിരുന്നു.
ആളുകള്‍ പിരിഞ്ഞിരുന്നു.

അവന്‍റെ മുറിയില്‍ ഭാര്യ കിടപ്പുണ്ടായിരുന്നു.
നിങ്ങള്‍ വരുമെന്ന് പറഞ്ഞിരുന്നു
എന്നവളെന്നോട് പറഞ്ഞു.

ഞാന്‍ വരുമെന്ന്
അവന് തീര്‍ച്ചയായിരുന്നു.
അതിനാവുമോ അവന്‍ മരിച്ചത്?
അത്രയ്ക്ക് സ്നേഹമായിരുന്നു.

തിരിച്ചിറങ്ങുമ്പോള്‍ ഇരുട്ടിയിരുന്നു.
പുറത്ത് എന്നെക്കാത്ത് അവന്‍ നില്പുണ്ടായിരുന്നു.
കവല വരെ കൂടെവരാം
എന്നവനെന്നോട് പറഞ്ഞു.

എത്ര വിലക്കിയിട്ടും അവന്‍ കൂടെപ്പോന്നു.
നടക്കുമ്പോള്‍ പെട്ടെന്ന് കാറൊഴിഞ്ഞ്
നിലാവ് ഞങ്ങള്‍ക്കുമേല്‍ വീണു.
എന്‍റെ തോളില്‍ നിന്ന്
അവന്‍റെ കൈയൊഴിഞ്ഞു.

നീയെവിടെയാണെന്ന്
ഞാനവനോട് ചോദിച്ചു.
ഞാനെവിടെയാണെന്ന്
അവനെന്നോടും.
പരസ്പരം കാണാനാവാതെ
നിലാവില്‍ ഇരുട്ടിലെന്ന പോലെ ഞങ്ങള്‍.

ഇതിങ്ങനെയേയാവൂവെന്ന്
എനിക്കറിയാമായിരുന്നു.
അതിനാവുമോ ഞാന്‍ മരിച്ചത്?

അത്രയ്ക്ക് സ്നേഹമായിരുന്നു.

കണ്ണൂർ കൂത്തുപറമ്പ് സ്വദേശി. പത്ത് കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.