മൂന്ന് കവിതകൾ

ഇലകളിൽ നീ

    നീലജലാശയത്തിൽ വിരിഞ്ഞ
    ആമ്പൽ പോലെ
    ഇലകളിൽ നീ.
    പൂക്കളെ ഉമ്മവെച്ചു
    സസ്യലോക വാതിൽ തുറന്നിട്ടു
    കാറ്റിനെവാരിക്കൂട്ടി കടലിൽ എറിഞ്ഞു
    സ്നേഹോജ്ജ്വല ഗാനം
    പ്രേമോഷ്മള സ്വപ്നം.
    പിന്നെയും പിന്നെയും
    നിലാവിലേക്ക് കണ്ണയച്ചു
    മീനുകളുടെ സംഘനൃത്തം കണ്ട്
    കാതിലെഴുതിയ പാട്ടുകളുമായി
    നിറങ്ങളുടെ പുടവയഴിച്ചു
    ഇടവേള.
    രണ്ടിലകളായി കൈനീട്ടി
    അറിയാത്ത മധുരം
    നമ്മളെഴുതിയ കവിത.

    ഒച്ചക്കാലത്തിൽ

      അടുപ്പില്ലാത്ത വീട്
      മുറിക്കകത്ത്
      ബ്രാണ്ടി, ബ്രാ,
      ബിരിയാണി മണം.
      പോക്കറ്റ് മണി,
      കുശാലായ ശാപ്പാട്
      ഞാനോ
      അനുസരണയുള്ള അതിഥി.

      പെണ്ണാട്

        ആണാടിന്റെ മദനോത്സവത്തിൽ
        ആകെ ചുളുങ്ങിയ പെണ്ണാടിനോട്
        പ്ലാവിലകൾ ചോദിച്ചു:
        വല്ലാതായല്ലോ എന്തുപറ്റി!
        പറമ്പിലെ പച്ചപ്പുല്ലുകൾ
        ഇഷ്ടം പോലെ തിന്നോളൂ
        എന്നു പറഞ്ഞ്
        മണ്ണിനോട് പറ്റി മലർന്നു കിടന്ന്
        മുലകൾ നോക്കി രസിച്ചു.
        കലക്കി വെച്ച കാടി വെള്ളം
        വിശേഷങ്ങൾ കേട്ടിരുന്നു.
        അനുഭവിച്ച വേദന
        ആർക്കും മനസ്സിലായില്ല.

        വടകര ഓഞ്ചിയത്തെ മാടാക്കര സ്വദേശി. മണൽ, കപ്പലില്ലാത്ത തുറമുഖം, ഒരു മത്സ്യവും ജലാശയം നിർമ്മിക്കുന്നില്ല, മഴ പെയ്തില്ല മയിലും വന്നില്ല, മലബാർ സ്‌കെച്ചുകൾ, കുറിയേടത്തു താത്രിയും കുറുകുന്ന അകത്തെഴുത്തും തുടങ്ങിയവയാണ് കൃതികൾ. കൈരളി കല, അറേബ്യാ അക്ഷരശ്രീ, അബുദാബി മലയാളി സമാജം, അരങ്ങ് അബുദാബി തുടങ്ങിയ പുരസ്‌ക്കാരങ്ങൾ നേടി.