
കടൽ നീല ദർപ്പണമായി വെയിലിൽ
നിൽക്കെ മൂക്കുത്തി പോൽ അടയാളപ്പാറ.
അത് ലക്ഷ്യമാക്കിയാണല്ലോ മുൻഗാമികൾ
മണലിൽ വന്നതും ഭാവി പടുത്തതും.
കടലിപ്പോഴുമുണ്ട് ക്രിയ ചെയ്യാത്ത
ഗതികെട്ട ആത്മാവിന്റെ വിലാപങ്ങൾ
കടലിലെ ഓരോ തരി ഉപ്പിലുമുണ്ട്
വീടിനായി നാട് കടന്ന ആത്മാംശങ്ങൾ
കാറ്റും കോളും തീത്തിരയുമറിഞ്ഞാലേ
കടൽ ക്ലേശ ദുരിതമെന്തെന്നറിയൂ.
തോണിയിലുണ്ട് ആണിപ്പഴുതിനൊപ്പത്തിൽ
ചേർന്നു പഴുതടക്കും മീനെണ്ണക്കൊഴുപ്പ്.
വെള്ള ഇറക്കം തിരിച്ചറിയുമ്പോഴേ
ആമ ജീവിതത്തിൻ ജാഗ്രത കൈവരൂ.
കടൽക്കൊറ്റിക്കറിയാം മീൻ പൊലപ്പുകൾ
കടൽകാക്ക കാണും മത്തി വരും വഴി.
ഞണ്ടിലുണ്ട് ധ്യാനപൂർണ്ണം സന്യാസി ഭാവം
കണവയിലുണ്ട് കറുത്ത മഷിക്കുപ്പി
മുള്ളനിലുണ്ട് നേർത്ത കറകറ ശബ്ദം
അയിലയിലുണ്ട് ചെള്ള് തീർത്ത വിഭ്രാന്തികൾ.
പ്രാവുകൾ കൂട്ടമായെത്തുന്ന പള്ളിയും
ബാങ്കുവിളിയും മാനവീയം കുറിക്കവെ
നിലാച്ചന്ദ്രനെ പോലെ പൊരിഞ്ഞ കുബ്ബൂസ്
വിശപ്പിലേക്കു അന്നം തിരിച്ചേ കുന്നു.
എന്നിലുണ്ടിപ്പോഴും ചരാചരദീപ്തിക്ക്
ആദരവ് നല്കും ആവാസ ലോഹ്യ പ്രിയം.
* ഖോർഫക്കാൻ കടലിലെ അടയാളപ്പാറ, ആദ്യകാല പ്രവാസികൾ ലോഞ്ചിൽ വന്നിറങ്ങിയ സ്ഥലം.









