
നഗരമദ്ധ്യത്തിലെ പേരു കേട്ട ആശുപത്രിയായിരുന്നു. അസുഖം ബാധിച്ച അമ്മാവന് ബൈസ്റ്റാൻ്ററായി പോയതായിരുന്നു അയാൾ. അമ്മാവൻ്റെ ഓപ്പറേഷൻ കഴിഞ്ഞ് സുഖമായിവരുന്നു. കാൻ്റീനിൽ നിന്ന് കൊണ്ടുവന്ന ചായയും ബിസ്കറ്റും കഴിച്ച് അമ്മാവൻ പറഞ്ഞു.
“പോയി എന്നുതന്നെ കരുതിയതാ ഞാൻ. നിങ്ങളെല്ലാരും കൂടി പെട്ടെന്നിവിടെ എത്തിച്ചതുകൊണ്ട് ബാക്കിയായീന്നു പറഞ്ഞാ മതിയല്ലോ. ഇനി പേടിക്കാനില്ല. നൂറു തികയ്ക്കും ഞാൻ.” അമ്മാവൻ ചിരിച്ചു.
കഴിഞ്ഞ മീനത്തിൽ എൺപത്തഞ്ചു പൂർത്തിയാക്കിയതാണ്. കാര്യമായ ഒരസുഖവും ഇതുവരെ വന്നിട്ടില്ല. ഇപ്പോ നടത്തവും അധ്വാനവുമൊക്കെ കുറഞ്ഞതു കൊണ്ട് കൊളസ്ട്രോൾ കൂടി. എത്ര പറഞ്ഞാലും ഗുളിക കഴിയ്ക്കില്ല. രണ്ട് ബ്ലോക്കായിരുന്നത്രേ.
മുറിക്കുപുറത്താരോ സംസാരിക്കുന്നതു ശ്രദ്ധിച്ചു. അപ്പുറത്തെ റൂമിലെ പേഷ്യൻ്റിൻ്റെ അമ്മയാണ്. അവർ ആരോടോ ഉച്ചത്തിൽ സംസാരിക്കുകയാണ്. ഫോണിലാണ്. ഇടയ്ക്കിടെ ഹലോ ഹലോ കേൾക്കാം. അവരുടെ മകൻ നേവിക്കാരനാണ് പേഷ്യൻ്റ് . കാലിൻ്റെ എല്ലുപൊട്ടിയതാണ്. കുറേ പൊട്ടലുകളുണ്ട്. അതൊക്കെ ശരിയാവാൻ ദിവസം പിടിക്കും.
അവർ പറയുകയാണ് , സ്വന്തം നാത്തൂനോടാവണം: അതേ ചേച്ചീ. ഞാൻ ഇവിടെ തന്നെയുണ്ട്. ഈ ഫ്രാക്ച്ചറും വച്ച് തിരോന്തരം വരെ യാത്ര ചെയ്യാൻ ബുദ്ധിമുട്ടല്ലേ. ഏഴിമലേന്ന് ഇതല്ലേ അടുത്ത് . അങ്ങനാ ഇവിടെ അഡ്‌മിറ്റായത്.
അവള് വന്നിരുന്നു. നിൽക്കാൻ തയ്യാറായിത്തന്നെയാ മൂപ്പത്തി വന്നത്. കുഞ്ഞുങ്ങളുടെ കാര്യമെന്തു ചെയ്യും എന്നു പറഞ്ഞ് ഞാനാ തിരിച്ചു വിട്ടത്. മൂപ്പത്തിക്കത് പിടിച്ചിട്ടില്ല. എന്നാലും അടുത്ത ട്രെയിനിന് തിരിച്ചു കേറി.
അല്ല പിന്നെ………
ഇടയ്ക്കിടെ നാത്തൂൻ്റെ പ്രോത്സാഹനം കിട്ടുന്നുണ്ടാവണം. അതവരുടെ കുണുങ്ങിച്ചിരി കേട്ടാലറിയാം. പേവാർഡിൻ്റെ ഇടനാഴികകളിൽ അവരുടെ പരദൂഷണം ദുർഗന്ധം പരത്തുന്നുണ്ടെന്നു തോന്നി.
കുറച്ചു കഴിഞ്ഞപ്പോൾ വാതിലിലാരോ മുട്ടി. ബൈസ്റ്റാൻ്റെരുടെ ഭക്ഷണത്തിൻ്റെ ഓർഡറെടുക്കാൻ വന്ന പെൺകുട്ടിയാണ്.
സാദാ ചോറുമതി ഞാൻ പറഞ്ഞു.
അപ്പുറത്തെ റൂമിൽ ഒരു പ്രായമുള്ള മുസ്ലിം വൃദ്ധനാണ്. പ്രായാധിക്യത്തിൻ്റെ വിവിധ അസുഖങ്ങളുണ്ട്. ഭാര്യ ബീപാത്തുമ്മയാണ് കൂടെ. നല്ലൊരുമ്മയാണ്. അവരാണ് പറഞ്ഞത്, മൂപ്പർ ഗൾഫിൽ കുറേ സൂപ്പർ മാർക്കറ്റുകളൊക്കെയുള്ള ആളാണ്. കടുത്ത ശ്വാസം മുട്ടുകാരണം നാട്ടിലേക്കു വന്നതാണ്. നാലു ആൺമക്കളും ഗൾഫിലാണ്. അവർക്ക് നാട്ടിലെത്താനാവാത്തതു കാരണം മക്കളുടെ മക്കളായ കുറേ ചെറുപ്പക്കാരാണ് ഉമ്മയുടെ സഹായികൾ. എപ്പോഴും ഫോണിൽ മുഴുകിയും ഗയിം കളിച്ചും ഉച്ചത്തിൽ വർത്തമാനം പറഞ്ഞും അവരവിടെയുണ്ടാവും
ഓർഡറെടുക്കുന്ന പെൺകുട്ടിയോട് ഉമ്മ പറയുന്നു. ഞമ്മക്ക് രണ്ട് ചപ്പാത്തിമതി. പിള്ളാരേ നിങ്ങക്കെന്താ ബേണ്ടീത്?
പല ശബ്ദത്തിൽ ഓർഡറുകൾ വന്നു,
ഒരു പിസ, രണ്ട് ബിരിയാണി. ഒരു മന്തി.
സൈഡ് ഡിഷസ് വേറെയും. പാവം ഉപ്പാപ്പ ശ്വാസം കിട്ടാതെ കിടക്കുമ്പോൾ, ഈ ന്യൂജനെന്താ ഇങ്ങനെയെന്നാലോചിച്ചുപോയി.
മരണത്തിൻ്റെ ഇരുൾ നിറഞ്ഞ ഈ ഇടനാഴികളെ ചൈതന്യവത്താക്കുന്നത് ഒരു പക്ഷേ ഇതൊക്കെയാവണം. ഞാൻ ചുമ്മാ ആലോചനകളിലേക്കു മടങ്ങി














