
കുശുമ്പന്മാർ, കുലദ്രോഹികൾ. കുടുബത്ത് കയറ്റാൻ കൊള്ളാത്തവർ, കുസൃതി കുട്ടന്മാർ – എന്ന നാല് ഗണങ്ങളായി ‘ബന്ധു ശാസ്ത്രം’ ബന്ധുക്കളെ തരം തിരിക്കുന്നുണ്ട്. മിക്കവാറും ബന്ധുക്കൾ ആദ്യത്തെ മൂന്നു ഗണങ്ങളിൽ പെടുന്നവരായിരിക്കുമെങ്കിലും, ചില ഭാഗ്യം ചെയ്ത വീടുകളിൽ നാലാമത്തെ ഗണത്തിൽ പെടുന്ന ബന്ധുക്കളും ഉണ്ടാവാറുണ്ട്. ഇവരെ തിരിച്ചറിയാൻ ബന്ധു ശാസ്ത്രത്തിൽ പറയുന്ന ഗുണങ്ങൾ നാലാണ്.
ഒന്ന് – ഏതു പ്രായക്കാരോടും പ്രായ വൃത്യാസം കൂടാതെ പെരുമാറാനുള്ള കഴിവ്.
രണ്ട് – ചിരിയുടെ അലകളെ കൂടെ കൊണ്ട് വരാനുള്ള കഴിവ്.
മൂന്ന് – (പുതുക്കിയ എഡിഷനിൽ കൂട്ടിച്ചേർത്തേത്) ഏത് ചടങ്ങുകൾക്കിടയിലും നമുക്ക് ചെന്ന് ‘അങ്കിളേ കൂട്ടുകാര് ചോദിക്കുന്നു, കുപ്പി വല്ലതും ഉണ്ടാകുമോ” എന്നു ചോദിക്കാൻ മാത്രം സ്വാത്രന്ത്ര്യം തരുന്ന സ്വഭാവ മഹിമ.
നാല് – (ഞാൻ സ്വയം കൂട്ടിച്ചേർത്തത്) നമ്മുടെ വീട്ടുകാരോട് ‘കണ്ടു പഠിച്ചൂടെ’ എന്ന് ചോദിക്കാൻ തോന്നുന്നത്ര സരസരായ ബന്ധുക്കൾ.
അത്തരമൊരു ബന്ധു എനിക്കുമുണ്ട്. ഞങ്ങളുടെ ബിബോയ് അങ്കിൾ!
കാഞിങ്കൽ തറവാട്ടിലെ ആൻ്റോ – മേരി ദമ്പതികളുടെ ദ്വിതീയ പുത്രനാണ് ബിബോയ്. ആൻ്റോ അപ്പച്ചൻ തൻ്റെ സീമന്ത പുത്രന് ബഞ്ചമിൻ എന്ന പേരാണിട്ടത്. പക്ഷെ എത്ര ശ്രമിച്ചിട്ടും രണ്ടാമത്തെ കുട്ടിക്ക് ‘ബ’ യിൽ തുടങ്ങുന്ന ഒരു പേര് കണ്ടുപിടിക്കുവാൻ, മേരിയാൻ്റിയുടെ പ്രസവത്തിൻ്റെ അന്നേ ദിവസം വരെ ആവർക്കായില്ല. പ്രസവ വാർത്ത അറിയിക്കാൻ ലേബർ റൂമിന് പുറത്തേക്ക് തല നീട്ടിയ സിസ്റ്റർ മേരി, തൻ്റെ വിക്കുള്ള വായ കൊണ്ട് ആൻ്റോ അപ്പച്ചന്നെ ആ വാർത്ത അറിയിച്ചു.
“സുഖ പ്രസ്സവം. കുട്ടി ബ…ബ..ബ.. ബോയ് ആണ്.”
ആൻ്റോ അപ്പച്ചൻ്റെ മുഖം തെളിഞ്ഞു. തേടിയ വള്ളി കാലിൽ ചുറ്റിയ ആ നിമിഷം തന്നെ അപ്പച്ചൻ, കാലിൽ ചുറ്റിയ ആദ്യത്തെ രണ്ട് ‘ബ’ കളെ വെട്ടിക്കളയുകയും മൂന്നാമത്തെ ‘ബ’ യെ സ്വീകരിക്കുകയും, അങ്ങനെ കുട്ടിയ്ക്ക് ബിബോയ് എന്ന പേരിടുകയും ചെയ്തു.
ചിരിയൊഴിഞ്ഞൊരു മുഖത്തോടെ ബിബോയ് അങ്കിളിനെ ആരും കണ്ടിട്ടുണ്ടാകാൻ വഴിയില്ല. അതും, സ്വയം ചിരിക്കുക മാത്രമല്ല നിർബന്ധമായും ചുറ്റുമുള്ളവരെയും ചിരിപ്പിക്കുന്ന തരം ഉറക്കെയുള്ള ചിരി. പേരിൽ ബോയ് ഉണ്ടെങ്കിലും കാലം അതിൻ്റെ ചക്രം ഉരുട്ടുകയും ബിബോയ് അങ്കിൾ ഏകദേശം 65 വയസ്സിലേക്ക് കടക്കുകയും ചെയ്തിരുന്നു. ഉയരം കുറഞ്ഞ് മെലിഞ്ഞ ശരീരം. സ്ഥിരമായി രാത്രിയിൽ രണ്ടെണ്ണം വീശുന്ന സ്വഭാവമുള്ളത് കൊണ്ടാവാം സ്വതവെ തുടുത്ത കവിളുകൾ. സ്ഥായിയായ ചിരി ചുളിവുകൾ വരഞ്ഞ മുഖം. ഇടുക്കിയിൽ 100 ഏക്കറിന് മേലെ ഏലത്തോട്ടം വളർത്തിയെടുത്ത ബുദ്ധിയുള്ള തിളങ്ങുന്ന കണ്ണുകൾ. ഇതെല്ലാം ചേർന്നതാണ് ഞങ്ങളുടെ ബിബോയ് അങ്കിൾ.
അന്ന് അങ്കിളിന് ഒരു വിരുന്നുകാരനുണ്ടായിരുന്നു. കാണുമ്പോഴെ ഞങ്ങളൊക്കെ പേടിച്ചു വിറക്കുന്ന അദ്ദേഹത്തിൻ്റെ ജേഷ്ഠൻ – ബെഞ്ചമിൻ. നല്ല ഉയരമുള്ള ബലിഷ്ഠഗാത്രനായ ബെഞ്ചമിനങ്കിൾ, പൊക്കം കുറഞ്ഞ് കൃശഗാത്രനായ തൻ്റെ അനുജൻ്റെ നേരെ വിപരീത പ്രകൃതമായിരുന്നു. മിതഭാഷിയും ഒപ്പം ഗൗരവക്കാരനും. പക്ഷെ തൻ്റെ ഗൗരവമൊന്നും അനുജൻ്റെയടുത്ത് വിലപോകില്ല എന്ന് വർഷങ്ങളുടെ അനുഭവം കൊണ്ട് തിരിച്ചറിഞ്ഞ ബെഞ്ചമിനങ്കിൾ, അനുജൻ്റെ മുന്നിൽ ഗൗരവത്തിൻ്റെ കുപ്പായം ഊരിക്കളയുന്നത് ഒന്നു കാണേണ്ട കാഴ്ച തന്നെയാണ്.
പകൽ മുഴുവൻ എസ്റ്റേറ്റിൽ ചുറ്റിക്കറങ്ങി കൃഷിയൊക്കെ നോക്കിക്കണ്ട്, വൈകുന്നേരത്തോടെ സഹോദരന്മാർ രണ്ടു പേരും വീട്ടിൽ തിരിച്ചു വന്നു. ഒരു വലിയ എസ്റ്റേറ്റ് ബംഗ്ലാവിലാണ് ബിബോയ് അങ്കിളിൻ്റെ താമസം. ഏലത്തോട്ടത്തിന് നടുവിൽ രണ്ട് അൾസേഷൻ നായകൾ കാവൽ നിൽക്കുന്ന പഴയതെങ്കിലും പ്രൗഡമായ ഒരു രണ്ടു നില ബംഗ്ലാവ്. മക്കൾ രണ്ടു പേരും അമേരിക്കയിലായതിനാൽ വീട്ടിൽ അങ്കിളും ഭാര്യ റോസിയാൻ്റിയും പിന്നെ വർഷങ്ങളായി അവരുടെ കൂടെയുള്ള കുശിനിക്കാരി കാർത്ത്യായനിയമ്മയും മാത്രമാണ് താമസം. പഴക്കം കൊണ്ടും പരിസരം കൊണ്ടും പ്രേതങ്ങൾക്കും പിശാചുക്കൾക്കും എന്നു വേണമെങ്കിലും ഓടി വരാനുള്ള സകല സൗകര്യങ്ങളുമുണ്ടെങ്കിലും ബിബോയ് അങ്കിളിൻ്റെ ഉറക്കെയുള്ള ചിരിയുടെ ശല്യമോർത്താവാം അവർ ആ ബംഗ്ലാവിനെ ഒഴിവാക്കിയിട്ടത്.
റോസിയാൻ്റിയുടെ കടുപ്പത്തിലുള്ള ചായയും കുടിച്ച് സഹോദരങ്ങൾ രണ്ട് പേരും ഒന്നു കുളിച്ച് ഫ്രഷാകാൻ മുറികളിലേക്ക് പോയി. താളം തെറ്റിയ തൻ്റെ മൂന്നാമത്തെ പാട്ടിൻ്റെയവസാനത്തിൽ ഒരു ലുങ്കിയുടെ മാത്രം ബലത്തിൽ നാണം മറച്ച ബിബോയിയങ്കിളും ഇസ്തിരിയിട്ട് വടിവൊത്ത ബനിയനും ലുങ്കിയുമണിഞ്ഞ ബെഞ്ചമിനങ്കിളും താന്താങ്കളുടെ മുറികളിൽ നിന്നും പുറത്തേക്കിറങ്ങി.
ബിബോയിയങ്കിൾ തൻ്റെ മുറി തുറന്ന അതേ സമയം, ഒരിക്കൽ കൂടി രാത്രിയ്ക്ക് ഹസ്തദാനം നൽകിയാനയിച്ച് പകൽ തൻ്റെ മുറിയിൽ കയറി കതകടച്ചു. ഈനാംപേച്ചികളും മരപ്പട്ടികളും അവരവരുടെ വീടുവിട്ട് പുറത്തിറങ്ങി. ചീവീടുകൾ സൈറൺ മുഴക്കി സമയമറിയിച്ചു. പകലത്തെ ഉറക്കത്തിൽ തുടരുന്ന മക്കളെ കൊതുകമ്മമാർ ഉറക്കെ ചീത്ത പറഞ്ഞു കൊണ്ട് സ്കൂളുകളിലേക്ക് പറഞ്ഞു വിടാൻ ശ്രമിച്ചു. കൊതുകഛൻമാർ ഈ തിരക്കിക്കിടയിലും ചായ ചോദിച്ച് അവരെ വെറുപ്പിച്ചു. ബംഗ്ലാവിലെ ലൈറ്റുകൾ തെളിഞ്ഞു. രാത്രി ബംഗ്ലാവിനു ചുറ്റും ഉറക്കമുണർന്നു. അതേ സമയം ആ രാത്രിയുടെ കറുപ്പിനെ പകുത്ത് മാറ്റിക്കൊണ്ട് ഒരു കുറുകിയ ശരീരം എസ്റ്റേറ്റിലേക്ക് മെല്ലെ നടന്നു കയറി.
ഉറഞ്ഞ് കൂടിയ ഇരുട്ട് പോലെ അവിടേക്ക് വന്ന മനുഷ്യൻ വലിയൊരു തേക്ക് മരത്തിന് പിന്നിൽ മറഞ്ഞ് നിന്ന് അവിടമാകെ മെല്ലെ നിരീക്ഷിച്ചു. തഴക്കം ചെന്ന അവൻ്റെ കണ്ണുകൾ വേഗം തന്നെ ഇരുട്ടുമായി താദാത്മൃപ്പെട്ടു. രാത്രികളുടെ പരിചയമാർന്ന ശരീരം ഒരു ചെറിയ ശബ്ദം പോലും കേൾപ്പിക്കാതെ ഒട്ടും ധൃതിയില്ലാതെ ബംഗ്ലാവിനെ ലക്ഷ്യം വച്ച് പതുക്കെ നടന്നു. അയാളുടെ എളിയിൽ കുത്തിവച്ചിരുന്ന പേനാകത്തി നേരിയ നിലാവിൽ ഒരു മിന്നാമിനുങ്ങെന്ന വണ്ണം ഇടക്കിടെ തിളങ്ങി. എന്തോ അത്യാഹിതത്തിന് മുന്നോടിയാകാനെന്നവണ്ണം ബംഗ്ലാവിന് ചുറ്റും ഒരു കനത്ത നിശബ്ദത പരന്നു. വീടിനോടടുത്ത് ഒരു വലിയ വാഴയ്ക്ക് പിന്നിൽ ആ കള്ളൻ വീട്ടുകാർ ഉറങ്ങാനായി ക്ഷമയോടെ കാത്തിരുന്നു.
ബംഗ്ലാവിനുള്ളിൽ റോസിയാൻ്റിയുടെ ആതിഥ്യ മര്യാദയും കാർത്ത്യായനി അമ്മയുടെ പാചക മികവും പല വിഭവങ്ങളായി രൂപാന്തരം പ്രാപിച്ച് കഴിഞ്ഞിരുന്നു. ആകാശത്തിലെ പറവകളും ഭൂമിയിലെ ജന്തുക്കളും നദിയിലെ മത്സ്യങ്ങളും ഇഹലോക വാസമവസാനിപ്പിച്ച് മോക്ഷ പ്രാപ്തിയ്ക്കായി തങ്ങളുടെ ഊഴവും പ്രതീക്ഷിച്ച് കാത്തിരുന്നു. സ്വർഗ്ഗത്തിലേക്കുയരുന്ന ധൂമകൂപങ്ങൾ പോലെ പലവിധ മസാലകളുടെ മണം അവരിൽ നിന്നുമുയർന്നു. ഒരു മാജിക്കിലെന്നവണ്ണം മദ്യ കുപ്പികൾ തങ്ങളുടെ ഗ്ലാസ്സ് സഹോദരന്മാരുമായി മേശയ്ക്ക് നടുവിൽ സ്വയം പ്രത്യക്ഷരായി. സോഡാക്കുപ്പി ഒരു ചെറു പുഞ്ചിരിയോടെ ഗ്ലാസ്സുകളിലേക്ക് തല താഴ്ത്തി. ബിബോയിയങ്കിളിൻ്റെ നാവിൽ കോഴിയിറച്ചിയുടെ എരിവ് പടരുന്നതിനൊപ്പം ഗ്ലാസ്സുകളിൽ നുരയും പതഞ്ഞുയർന്നു. കുപ്പിയിലെ മദ്യത്തിൻ്റെ അളവ് കുറയുന്ന അനുപാതത്തിൽ മുറിയിൽ പൊട്ടിച്ചിരിയുടെ അനുപാതം കൂടിക്കൊണ്ടേയിരുന്നു. രാത്രി കൂടുതൽ കറുത്തു. മുറിയിലെ ശബ്ദം മേൽക്കൂരയും ഭേദിച്ച് വെളിയിലേക്കുയർന്നു തുടങ്ങി. കള്ളൻ ക്ഷമയോടെ തൻ്റെ കാത്തിരുപ്പ് തുടർന്നു.
മേശപ്പുറത്തെ ജീവജാലങ്ങൾക്ക് മിക്കവർക്കും മോക്ഷ പ്രാപ്തി കൊടുത്ത് കഴിയുമ്പാഴേക്കും രാത്രി ഏകദേശം ഒരു മണി കഴിഞ്ഞിരുന്നു. കാർത്ത്യായനിയമ്മ ഉറക്കത്തിൻ്റെ രണ്ടാം ഘട്ടത്തിലേക്ക് കടന്നു. അടഞ്ഞ് പോകുന്ന കണ്ണുകൾ തുറന്ന് പിടിക്കാൻ റോസിയാൻ്റി വല്ലാതെ കഷ്ടപ്പെടുന്നുണ്ടായിരുന്നു. രണ്ടാമത്തെ കുപ്പിയുടെ അവസാനമാകുമ്പോഴേക്കും ബിബോയിയങ്കിൾ സന്തോഷത്തിൻ്റെ ഉച്ചസ്ഥായിയിലേക്കും ബോധത്തിൻ്റെ അവസാനത്തിലേക്കും പ്രവേശിച്ചു കഴിഞ്ഞിരുന്നു. ഏകദേശം പൂർണ്ണമായും ലഹരിയിലമർന്ന ഇളയ സഹോദരനെ ബെഞ്ചെമിനങ്കിൾ മെല്ലെ മേശയിൽ നിന്നടർത്തി മാറ്റി മുറിയിലേക്കയക്കാൻ ശ്രമിച്ചു.
പുറത്ത്, കള്ളൻ തൻ്റെ കൈയിൽ നിന്നും രക്തം കുത്തി പരീശീലിക്കാൻ വന്ന ഒരു ലാബ് ടെക്നീഷ്യൻ കുഞ്ഞു കൊതുകിനെ അരുമയോടെ നോക്കിയിട്ട് തൻ്റെ കാത്തിരുപ്പ് പിന്നെയും തുടർന്നു.
മുകളിലത്തെ നിലയിലെ വിരുന്നുകാർക്കുള്ള മുറിയിലേക്ക് നടക്കാൻ തുടങ്ങിയ ബെഞ്ചമിനങ്കിളിനെ അനുജൻ തടഞ്ഞു. ലഹരിയിലടഞ്ഞ തലച്ചോറിൻ്റെ, എവിടെയോ തുറന്ന സ്നേഹക്കുഴലുകൾ അനുജന് ചേട്ടനോടുള്ള സ്നേഹം ഇരട്ടിപ്പിച്ചു. സ്നേഹമധുരം വാരി വിതറിക്കൊണ്ട് അനുജൻ പറഞ്ഞു.
“ചേട്ടായി പൂസ്സാ! അതോണ്ട് സ്റ്റെയർകേസ് കയറണ്ട. താഴത്തെ മുറിയിൽ കിടന്നാൽ മതി.”
ഇനി പറഞ്ഞിട്ടു കാരൃമില്ലെന്നറിയാവുന്ന റോസിയാൻ്റി ബെഞ്ചമിനങ്കിളിനോട് താഴത്തെ മുറിയിൽ കിടന്നാൽ മതിയെന്ന് കണ്ണ് കൊണ്ട് ആംഗ്യം കാട്ടി. ഒരു ചെറുചിരിയോടെ അത് സമ്മതിച്ച് ഉറച്ച കാലുകളോടെ ചേട്ടൻ അനിയൻ്റെ മുറിയിലേക്കും, കുഴഞ്ഞ കാലുകളോടെ അനുജൻ ഒന്നാം നിലയിലേക്കും യഥാക്രമം നടന്നും ഇഴഞ്ഞും നീങ്ങി. ഒരു ദീർഘ നിശ്വാസത്തോടെ റോസിയാൻ്റി ഭർത്താവിനെ പിന്തുടർന്നു.
പുറത്ത് ഇരുട്ടത്ത് രക്തപരിശോധന നടത്തി കൊണ്ടിരുന്ന കൊതുക് കുഞ്ഞിനെ കള്ളൻ കൊന്നു. ബംഗ്ലാവിൻ്റെ ലൈറ്റുകൾ അണഞ്ഞു.
പതുങ്ങി, ബംഗ്ലാവിനെ ലക്ഷ്യമിട്ട് നടന്നു വരുന്ന കള്ളനെ ആദ്യം കണ്ടത് ബിബോയിയങ്കിളിൻ്റെ ആൾസേഷ്യൻ നായകളായിരുന്നു. പ്രായാധികത്താൽ, ഇപ്പോൾ, തങ്ങളുടെ ഗതകാല പ്രതാപത്തിൻ്റെ നിഴൽ മാത്രമായ നായകൾ കള്ളനെ കണ്ട് മുഖമുയർത്തി പരസ്പരം ഒന്നു നോക്കി മുരടനക്കി. തണുത്ത രാത്രിയിൽ തങ്ങളുടെ ഉറക്കം കെടുത്തിയ ആ മനുഷ്യനെ തികഞ്ഞ നിസംഗതയോടെ ഒന്നുകൂടി നോക്കിയിട്ട് അവർ വീണ്ടും ഭൂമിയിലേക്ക് തല താഴ്ത്തി കണ്ണുകളടച്ചു വിശ്രമിച്ചു. അല്പം സംശയത്തോടെ അവരെ ഒന്ന് നോക്കിയിട്ട് കള്ളൻ മെല്ലെ പൈപ്പ് വഴി പിടിച്ച് ഒന്നാം നിലയിലെ ടെറസ്സിലേക്കു ശബ്ദമുണ്ടാക്കാതെ കയറി. ശ്വാനന്മാർ ഒരിക്കൽ കൂടി തമ്മിൽ നോക്കി കുഴപ്പമൊന്നുമില്ല എന്ന് പരസ്പരം ആശ്വസിപ്പിച്ച് കണ്ണുകളടച്ചു.
പരിചയസമ്പന്നനായ കള്ളൻ്റെ സ്പർശനത്തിൽ പുളകിതയായ വാതിൽ മന്ത്രശക്തിയാലെന്നവണ്ണം തുറന്നു. അനുകമ്പയോടെ വാതിലിനെ ഒന്നുകൂടി തഴുകിയാശ്വസിപ്പിച്ച് അയാൾ മെല്ലെ മുറിയിലേക്ക് കടന്നു.
പതിവിലും ഉച്ചത്തിലുള്ള ബിബോയിയങ്കിളിൻ്റെ കൂർക്കം വലി കൊണ്ട് ഉറക്കം കിട്ടാതെ കിടന്ന റോസിയാൻ്റിയാണ് അനുവാദമില്ലാതെ കടന്നുവന്ന അതിഥിയെ ആദ്യം കണ്ടത്. ഒരു വലിയ അലർച്ചയായി റോസിയാൻ്റിയുടെ ഞെട്ടൽ മുറിയിലെങ്ങും പ്രതിദ്ധ്വനിച്ചു. ഒട്ടും പ്രതീക്ഷിക്കാതെയുയർന്ന ശബ്ദത്തിൽ നടുങ്ങിപ്പോയ കള്ളൻ പുതുതായി തൂക്കിയ ഒരു ഫോട്ടോയെന്ന പോലെ ഭിത്തിയോട് ചേർന്ന് സ്തംഭിച്ചു നിന്നു. റോസിയാൻ്റിയുടെ അലർച്ചയെ അതിലും വലിയൊരു കൂർക്കം കൊണ്ട് നേരിട്ട് ബിബോയിയങ്കിൾ ഉറക്കം പിന്നെയും തുടർന്നു. അതിൻ്റെ മറുപടി പ്രതിഷേധവും ഭയവും ദേഷ്യവും കൂടിക്കലർന്ന ഒരു ഊക്കൻ ചവിട്ട് ഭർത്താവിന് കൊടുത്ത് കൊണ്ടാണ് റോസിയാൻ്റി രേഖപ്പെടുത്തിയത്. അതിശക്തമായ ആ ചവിട്ട് ബിബോയിയങ്കിളിനെ കട്ടിലിന് താഴേക്ക് തെറിപ്പിച്ചു കളഞ്ഞു. അരക്കെട്ടിൽ ചുറ്റിയിരുന്ന ലുങ്കിയുടെ അസ്വാതന്ത്ര്യം കുടഞ്ഞ് കളഞ്ഞ്, ആ വീഴ്ചയിൽ നിന്നും എഴുന്നേറ്റ് വന്നത് ചിരിയും സന്തോഷവുമുള്ള പ്ലാൻ്റർ ബിബോയ് അല്ലായിരുന്നു ! ബോധത്തിൻ്റെയും അബോധത്തിൻ്റെയും നൂലിഴ പാലത്തിന് നടുവിൽ നിൽക്കുന്ന ഒരു നഗനായ പ്രാകൃത മനുഷ്യനായിരുന്നു അത്! കലങ്ങിയ കണ്ണുകൾകൊണ്ട് തൻ്റെ ചുറ്റും ഒന്നു കണ്ണോടിച്ച ആ മനുഷ്യൻ ഒറ്റ ചാട്ടത്തിന് ഭിത്തിയിലെ തോക്കെടുത്തു തോളിൽ വച്ചു. പിന്നെ റോസിയാൻ്റിയെയും കള്ളനെയും രണ്ടാമതൊന്ന് നോക്കുക പോലും ചെയാതെ അയാൾ മുറി തുറന്ന് പുറത്തേക്ക് പാഞ്ഞു. താഴത്തേക്കുള്ള നടകൾ അവഗണിച്ച് നഗ്നനായ ആ പ്രാകൃതൻ താഴത്തെ നിലയിലേക്ക് തോക്കുമായി എടുത്ത് ചാടി. ഒരു പൂച്ചയുടെ ലാഘവത്തോടെ തറയിൽ വീണുരണ്ട് അയാൾ ബെഞ്ചമിനങ്കിൾ കിടന്നിരുന്ന മുറിയുടെ അടുത്തെത്തി, വാതിലിൽ തോക്കിൻ്റെ പാത്തി കൊണ്ട് പല പ്രാവശ്യം ഇടിച്ചു.
പേടിച്ചരണ്ട റോസിയാൻ്റിയും അമ്പരന്നു പോയ കള്ളനും താഴെ നടക്കുന്ന കോലാഹലം മുകളിൽ നിന്നും നോക്കി തരിച്ചു നിന്നു. സിനിമയുടെ അവസാനം വന്ന് പ്രശ്നങ്ങൾ പരിഹരിക്കുന്ന കാമിയോ റോളിലെ അഭിനേതാവിൻ്റെ പ്രവേശനമെന്ന പോലെ-ബെഞ്ചമിനങ്കിൾ കതക് തുറന്നു പുറത്ത് വന്നു. നൂൽ ബന്ധമില്ലാതെ തോക്കും തോളിൽ വച്ച് തൻ്റെ മുന്നിൽ നിൽക്കുന്ന അനുജനെ നോക്കി ബെഞ്ചമിനങ്കിൾ ഗൗരവത്തിലൊന്ന് പുഞ്ചിരിച്ചു. പിന്നെ ഒട്ടും തിരക്ക് കൂട്ടാതെ തോക്ക് അയാളുടെ കൈയിൽ നിന്നും വാങ്ങി അകത്ത് വച്ചു. പൊട്ടിവരുന്ന ചിരി കടിച്ചമർത്തിക്കൊണ്ട് അങ്കിൾ അനുജനോട് മുകളിൽ പോയി കിടന്നുറങ്ങാൻ നിർദ്ദേശിച്ചു. എന്താണ് സംഭവിച്ചതെന്ന് അപ്പോഴും മനസ്സിലാകാത്ത ബിബോയിയങ്കിൾ പതുക്കെ തിരിഞ്ഞ് അനുസരണയോടെ സ്റ്റെയർകേസിലേക്ക് മെല്ലെ നടന്നു.
ഞെട്ടൽ വിട്ടുമാറാത്ത റോസിയാൻ്റിയും പരിഭ്രാന്തനായ കള്ളനും മുകളിലത്തെ നിലയിലേക്ക് പതുക്കെ നടന്നു വരുന്ന ദിഗംബരനായ ആ മനുഷ്യനെ നോക്കി നിശ്ചലം നിന്നു.
എങ്ങനെയോ സമനില വീണ്ടു കിട്ടിയ കള്ളൻ ഒറ്റക്കുതിക്ക് തിരികെ മുറിയിലേക്ക് ഓടി. അടുത്ത ചാട്ടത്തിന് മുറിയുടെ അങ്ങേയറ്റത്തെ കതക് കടന്ന അയാൾ ബിബോയിയങ്കിളിനെ അനുകരിച്ച് ഒന്നാം നിലയിൽ നിന്നും എടുത്ത് ചാടി പുറത്തേക്ക് ഓടി. ഇനിയുമെന്തെങ്കിലും ചെയ്തില്ലെങ്കിൽ നാണക്കേടാകുമെന്ന് തോന്നിയ അൾസേഷൻ നായകൾ ഒന്നിച്ച് കള്ളൻ്റെ മേലേക്ക് എടുത്ത് ചാടി. നിലത്ത് കിടന്ന ലുങ്കിയെടുത്ത് റോസിയാൻ്റി ബിബോയിയങ്കിളിൻ്റെ നഗ്നത മറച്ചപ്പോൾ, താഴെ കള്ളൻ്റെ ലുങ്കി ഒരു ആൾസേഷൻ്റെ വായിലും ഒരു ചന്തി മറ്റേയൾസഷേൻ്റെ വായിലും അമർന്നിരുന്നു. റോസിയാൻ്റിയുടെ മുഖത്തെ അമ്പരപ്പ് ഒരു വലിയ ചിരിയായി പരിണമിക്കുമ്പോഴേക്കും ബിബോയിയങ്കിൾ ശാന്തനായി വീണ്ടും ഉറക്കത്തിലേക്കു കടന്നു കഴിഞ്ഞിരുന്നു. എന്തോ ഓർത്തിട്ടെന്നവണ്ണം ആ മുഖത്തെ ചുളിവുകൾ ചിരിയിലേക്ക് തിരികെ വന്നു.
എസ്റ്റേറ്റിലെവിടെയോ ലാബ് ടെക്നീഷ്യനു പഠിക്കുന്ന ഒരു കുഞ്ഞു കൊതുക് സാറിനോട് സംശയം ചോദിച്ചു.
“സാറേ, നിലത്ത് വീണ് കിടക്കുന്ന രക്തം പരിശോധിക്കാൻ കൊള്ളാമോ”?














