
മൂന്നുവർഷം മുമ്പ്
മുഖപുസ്തകത്തിനിട്ട
മുഖചിത്രത്തിനിന്നാരോ
വന്നിഷ്ടംചാർത്തി,
സ്തുതിയെഴുതി…
പിന്നെപ്പിന്നെ
മുമ്പിഷ്ട്ടം ചാർത്തിയവരും
അല്ലാത്തവരും വന്നുതൊട്ടു,
സ്തുതിക്കുറിപ്പിട്ടു..
സ്തുതിയെഴുതിയവർ
ആരൊക്കയെന്ന്
കൗതുകമോടെ ചെന്നുനോക്കി..
മൂന്നുവർഷങ്ങൾക്കിപ്പുറം
നഷ്ടങ്ങളുടെ
ചുമരെഴുത്തുപോൽ ചിലത്..
കളിയെഴുത്ത് മുഴുമിപ്പിക്കാതെ
അടർന്നുപോയവനും
ഉർദു കവിതകളുടെ
ആഴംകണ്ടവനും
ചൊരിഞ്ഞ ഹൃദയചോപ്പങ്ങിനെ
വിങ്ങിക്കിടക്കുന്നു…
മറ്റുചിലർ ദൂരേക്ക് പോയവർ,
പോയകാലത്തെ ഓർമിപ്പിച്ച്
പെരുവിരലുയർത്തിയും
ഹൃദയചോപ്പിട്ടും
വിങ്ങിനിൽപ്പുണ്ട്..
പിണങ്ങിപോയവന്റെ സ്നേഹമുദ്ര
ചങ്കിലൊരു കുമിളതീർത്തു..
ഒരൊറ്ററിങ്ങിൽ
വിളിച്ചുനോക്കാത്തതിൻ
പരിഭവം പങ്കിട്ട്
സ്നേഹത്തിൻ വീണ്ടെടുപ്പ്..
അകപുസ്തകത്തിലെ
ചരിത്രത്താളുപോൽ
മുഖപുസ്തക ചുമരുകൾ…
അകന്നുപോയവരെ പോലെ
മരിച്ചുപോയവരും
വാഴുന്നോരിടം…









