പിണങ്ങി പോയവൾക്ക്

എന്നേക്കുമായെന്ന്
പിണങ്ങിപ്പോയവൾക്ക്,

ഞാൻ കാണില്ലെന്ന് കരുതി
നീയടച്ചിട്ട വാതിലുകളൊക്കെ
ഇതാ എനിക്ക് മുന്നിൽ
മലർക്കെ തുറന്നു കിടക്കുന്നു.
ഇടമതിൽ വിടവുകളിൽ
പാറകൾ പൊടിഞ്ഞിരിക്കുന്നു.
എന്നിൽ നിന്നേ നിനക്ക്
പോകാൻ കഴിയൂ,
നിന്നിൽ നിന്ന് എനിക്ക്
തീരെ പോകേണ്ടെങ്കിലോ.

നീയറിഞ്ഞുവോ ,
ഞാൻ കാണാതെ ഒളിപ്പിച്ച
നിന്റെ മയിൽപീലിച്ചെപ്പുകൾ
ഏത് സൂര്യനാണ്
എനിക്ക് കാട്ടിത്തന്നതെന്ന് ,
ഏത് നിശകളിൽ നിന്നാണ്
നിന്റെ നിലാവിനെ ഞാൻ
അടർത്തിയെടുത്തതെന്ന് ,
ഏത് പേമാരികളിൽ നിന്നാണ്
നിന്റെ നീർത്തുള്ളികളെ
ഞാൻ വേർതിരിച്ചതെന്ന്,
ഏത് ചവർപ്പുകളിൽ നിന്നാണ്
നീയെന്ന മധുരം ഞാൻ
തൊട്ടെടുത്തതെന്ന്.

നിന്നെയോർക്കുമ്പോൾ
ആർദ്രമാകുന്ന ഹൃദയം
തുളുമ്പുന്ന മിഴികൾ
നാം വാക്കുകൾ കൊണ്ട്
മുറിപ്പെട്ടവർ
ഇന്നും തമ്മിൽ വഴി
മറന്ന യാത്രികർ……

മങ്ങാട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപികയാണ്. കൊല്ലം തില്ലേരി സ്വദേശി