പാത്രി

പ്രിയപ്പെട്ടവനെ,നീ തിരിഞ്ഞു നോക്കാതെ പോവുക….
തിരിഞ്ഞു നോക്കുകിൽ
ജീവിതത്തിൻ്റെ പച്ചപ്പിൽ നീ നിന്നു പോവും
അതിനാൽ മാത്രം നീ തിരിഞ്ഞുനോക്കരുത്

നീയെനിക്ക് പ്രാണനെക്കാൾ പ്രിയനാണെന്നാകിലും
തിരിഞ്ഞു നോക്കാതെ പോവുക

അടുക്കളയിലെ കറിക്കത്തിയിൽ
എൻ്റെ വിരലൊന്നു മുറിഞ്ഞാൽ
വിവശനാവുന്ന നിന്നെയല്ല എനിയ്ക്കു വേണ്ടത്
ശത്രുപാളയങ്ങളിൽ അജയ്യനാവുന്ന നിന്നെയാണ്

നിന്നിലെ വിശ്വാസത്തിൽ
സുഖമായുറങ്ങുകയും ഉണരുകയും ചെയ്യുന്നവർക്കായി
തിരിഞ്ഞു നോക്കാതെ പോവുക ..

മഞ്ഞു പെയ്യുന്ന താഴ്വരകൾ
നിന്നെ മരവിപ്പിക്കുമ്പോഴും ,
ചുടുകാറ്റ് നിന്നെ പൊള്ളിപ്പിക്കുമ്പോഴും ,
വെടിയൊച്ചകളലോസരപെടുത്തുമ്പോഴും ,
കരളുറപ്പോടെ സ്വീകരിക്കുക.
പിറക്കാനിരിക്കുന്ന നമ്മുടെ കുഞ്ഞിനോടെനിക്കുപറയണം  
നിൻ്റെ വീരകഥകൾ

നിൻ്റെ കർമ്മഭൂമിയിൽ ചിറകറ്റു നീ വീണു പോയെന്നാൽ ,…
ആ മണ്ണിനെ ചുംബിക്കുക
ഒടുങ്ങാത്ത പ്രണയ ചുംബനമായി
ഞാനത് സ്വീകരിക്കാം
പെണ്ണിൻ്റെ മാനവും ഇന്ത്യതൻ അഭിമാനവും
സൈനികാ നീ മാത്രമാണ്.

കോഴിക്കോട് സ്വദേശിനി ആണ്. മലപ്പുറം, കൊണ്ടോട്ടി ഗവ: ജി യു പിഎസിൽ അധ്യാപിക.