ഹൃദയമരത്തിലെ ചങ്ങാതിയിലകൾ

ശിശിരവേഷമണിഞ്ഞ ജീവിതം
ഹൃദയമരത്തിന്നിളം കൊമ്പിലേ
ചങ്ങാതിയില കൊഴിച്ചിട്ടെങ്കിലും
വേരിലായിലഛായ പറ്റിയിരുന്നു.

സ്നേഹത്തിൻപായലുപറ്റിയ ഇലകൾ
ബാല്യത്തിൻ മൃദുമണിക്കുന്നിൽ
തെളിനീലക്കുടചൂടി നിലാവ് നനഞ്ഞു
പാതിയിരവും വെളിച്ചവും പങ്കുവെച്ചു.

നിറമറ്റ സായന്തന പൂപ്പാടത്തിലെ
വേരുദ്രവിച്ച കിഴവൻമരത്തിന്റെ
ഹൃദയക്കൊമ്പിലൊരിളം മിഴിനീർ
നനവാലൊട്ടിയിട്ടുണ്ടാ ചങ്ങാതിയില.
.
പിന്നിമുറിഞ്ഞു നീറുന്നുണ്ടെങ്കിലും
കാലദംശനമേറ്റു നരച്ചിട്ടുണ്ടെങ്കിലും
ശൂന്യമാം ഭൂതകാലക്കൊമ്പിലിന്നും
താങ്ങാനൊരു തോൾച്ചില്ലയുണ്ട്.