വർണ്ണ കടലാസ്

“പണമാണ് സർവ്വതും” എന്ന് നാഴികയ്ക്ക് നാല്പത് വട്ടം പാടിനടക്കുന്ന ഒരു സമൂഹത്തിൽ ജീവിക്കുന്നതിനാലാകാം, സുദേവന്റെ മനസ്സിൽ പണത്തെക്കുറിച്ച് പല അനാവശ്യ ചോദ്യങ്ങളും ഉയർന്നു വന്നത്. യഥാർത്ഥത്തിൽ പണമാണോ എല്ലാറ്റിന്റെയും തുടക്കവും ഒടുക്കവും എന്ന ചിന്ത അവനെ അലട്ടി. ദൈനംദിന ചിലവുകൾക്കും ആർഭാടപൂർണമായി ജീവിക്കാനും വേണ്ട പണം എളുപ്പത്തിൽ സമ്പാദിക്കാൻ വേണ്ടി യുവാക്കൾ പല വഴികളും രീതികളും തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ, അതിന്റെയെല്ലാം ഒടുക്കം പലപ്പോഴും ഏടാകൂടം പോലെ കൂട്ടിച്ചേർക്കാൻ കഴിയാത്ത ഒന്നായി മാറുകയും ചെയ്യാറുണ്ട്.

സുദേവന് ചില ദിവസങ്ങളിൽ അതിരാവിലെ തന്നെ ബൈക്കുമായി വിജനമായ വഴികളിലൂടെ യാത്രചെയ്യുന്ന ഒരു “കിറുക്കുണ്ട്”. സാധാരണയായി ഏതെങ്കിലും സുഹൃത്ത് ഇരയാവുകയാണ് പതിവ്, ഉറക്കച്ചടവോടെ ബൈക്കിന്റെ പുറകിൽ അള്ളിപ്പിടിച്ചിരിക്കാൻ മാത്രം. അന്നേ ദിവസം ആരും കൂടെ വന്നില്ലെങ്കിലും എന്നത്തേയും പോലെ സുദേവൻ ബൈക്ക് കാലിനിടയിൽ തിരുകി വീട്ടിൽ നിന്നിറങ്ങി. ആ സമയത്ത്, അതിരാവിലെ തന്നെ ഉമ്മറത്ത് ചാരികസേരയിലിരുന്ന് ചുരുട്ട് വലിച്ചുകയറ്റിക്കൊണ്ട് ആത്മാവിന് ഊർജ്ജം കൊടുക്കുകയായിരുന്ന മുത്തച്ഛൻ അവനോട് ചോദിക്കുന്നുണ്ടായിരുന്നു.

“എങ്ങോട്ടാ മജിസ്‌ട്രേട്ട്, ഈ വെളുപ്പാൻ കാലത്ത് തന്നെ പോണതാണാവോ.?”

മറുപടിയെന്നോണം ഒരു ചെറുചിരിയും പാസാക്കി, മുത്തച്ഛന്റെ ചുളിവുകൾ വീണ കവിളിൽ ഒരു നുള്ളും കൊടുത്തുകൊണ്ട് സുദേവൻ വീട്ടിൽനിന്നിറങ്ങി.

ഏതാണ്ട് അഞ്ചു മണിയാകുന്നതേയുള്ളൂ. പുലർവേളകളിലെ ഇളംതെന്നലും ആസ്വദിച്ച് യാത്ര ചെയ്യുക എന്നത് അവന്റെ വീക്ക്‌നെസ്സാണ്.

യാത്രയ്ക്കിടയിൽ പ്രധാന റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു ഒറ്റനിലയുള്ള വലിയ പുരയിടത്തിന്റെ ഗേറ്റിന് മുൻപിൽ കുറച്ച് ആളുകൾ കൂട്ടമായി നിൽക്കുന്നത് സുദേവന്റെ ശ്രദ്ധയിൽപെട്ടു. ഏതൊരാളുടെ മനസ്സിലും ഉണ്ടാകുന്നതുപോലെ, അതെന്തെന്നറിയാനുള്ള ആകാംക്ഷ അവന്റെ മനസ്സിലും ഉയർന്നുവന്നതിനാലാകണം, ബൈക്ക് മെല്ലെ പാതയുടെ ഓരത്തുതന്നെ നിർത്തി, വീടിന് ചുറ്റും കൂടിയിരിക്കുന്ന ആളുകളുടെ അടുത്തേക്ക് നടന്ന് ഒരാളോട് കാര്യം തിരക്കി.

“മലേഷ്യ മജീദ്ക്ക മരണപ്പെട്ടു…!” “പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്, അവർ എത്തിയിട്ടില്ല.”

അപ്പോഴാണ് നിലത്ത് വീടിന്റെ പ്രധാന ചവിട്ടുപടിക്കൾക്ക് അരികിലായി ശുഭ്രവസ്ത്രധാരിയായ ഒരാൾ കമിഴ്ന്നു കിടക്കുന്നത് സുദേവൻ കാണുന്നത്. അയാളുടെ ഇടത് തോളിനരികിലായി അഞ്ഞൂറ് രൂപയുടെ ഒരു കെട്ട് പണവും കിടപ്പുണ്ട്. അവിടെ കൂടിയിട്ടുള്ളവരാരും തന്നെ മതിൽക്കെട്ടിനുള്ളിലേക്ക് കയറി നോക്കാനുള്ള ശ്രമമൊന്നും നടത്തിയിട്ടില്ല.

സുദേവന് പോലീസ് വരാനും മരണകാരണം അറിയാനൊന്നും കാത്തുനിൽക്കാനുള്ള താത്പര്യ മുണ്ടാകാത്തതിനാലാകണം, ബൈക്കിൽ കയറി യാത്ര തുടർന്നു.

അടുത്ത ദിവസം തലേനാളിലെ സംഭവത്തിന്റെ പൊരുൾ ഏതാണെന്ന് അറിയുന്നതിനായി മരണപ്പെട്ട മജീദിന്റെ വീടിന്റെ അടുത്തുള്ള മൊബൈൽ ഷോപ്പിൽ കയറി വിവരം തിരക്കി.

മജീദും ഭാര്യ മൈമൂനയും മാത്രമാണ് ആ വീട്ടിൽ ഇപ്പോൾ താമസം. മക്കൾ രണ്ടുപേരും കുടുംബസമേതം വിദേശത്താണ്. രണ്ട് തലമുറയ്ക്ക് സുഭിക്ഷമായി ജീവിക്കാനുള്ള മുതൽ മജീദ് തന്നെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. എന്നാലും, പണമുണ്ടാക്കാനുള്ള തത്രപ്പാടിൽ മക്കൾക്ക് മാതാപിതാക്കളുടെ കൂടെ താമസിക്കാനോ കുറച്ച് സമയം ചിലവഴിക്കാനോ കഴിയാത്തത്ര തിരക്കാണ്. ഇപ്പോൾ വർഷത്തിലൊരിക്കൽ പോലും ജന്മം നൽകിയവരെ ഒന്ന് കാണാനുള്ള സമയം അവർക്കില്ല.

“ഇന്നലെ മജീദിന്റെ ഭാര്യ മൈമൂന അവരുടെ തറവാട്ടിൽ എന്തോ ആവശ്യത്തിന് പോയതാണ്. അതിനാൽ വീട്ടിൽ മജീദ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. സുബഹിക്ക് നിസ്കരിക്കാൻ എണീറ്റതാണെന്ന് തോന്നുന്നു, നെഞ്ചുവേദന വന്നുകാണണം. ആശുപത്രിയിൽ പോകാൻ വേണ്ടി വീട്ടിൽ നിന്നും ഇറങ്ങിയതാകാനാണ് സാധ്യത. വീടിന്റെ മെയിൻ ഗേറ്റ് വരെപോലും എത്തിയില്ല, അതിനുള്ളിൽ തന്നെ എല്ലാം കഴിഞ്ഞു. റോഡിലേക്ക് ഒന്ന് എത്തിയിരുന്നെങ്കിൽ മതിയായിരുന്നു. സദാസമയവും വാഹനങ്ങൾ പോകുന്ന വഴിയാണ്, കൂടാതെ അടുത്ത വളവിൽ തന്നെ പള്ളിയുള്ളതിനാൽ സുബഹി നിസ്കരിക്കാൻ പോകുന്നവർ ആരെങ്കിലും കാണുമായിരുന്നു. ഇത് ഇപ്പോൾ മയ്യത്തിന്റെ അരികിലായി ഒരു കെട്ട് പണം കിടന്നിരുന്നു എന്നാണ് അറിഞ്ഞത്.”

“പണം എത്ര ഉണ്ടായിട്ടെന്താ കാര്യം, ഒരാളുടെ ആവശ്യം നിറവേറുമ്പോൾ മാത്രമേ അതിന് വിലയുള്ളൂ. അല്ലെങ്കിൽ അത് വെറും വർണ്ണക്കടലാസുകളാണ്, ടോയ്‌ലെറ്റിൽ ഉപയോഗിക്കുന്ന ടിഷ്യൂ പേപ്പറിന്റെ വിലപോലും ഇല്ലാത്ത സാധനം,” എന്നും പറഞ്ഞ് മൊബൈൽ കടക്കാരൻ അയാളുടെ ജോലിയിൽ വ്യാപൃതനായി.

പണത്തെക്കുറിച്ച് മൊബൈൽ ഫോൺ കടക്കാരൻ പറഞ്ഞ അഭിപ്രായത്തോട് വിയോജിപ്പായിരുന്നു സുദേവന്. അതിന് അയാൾക്ക്‌ വ്യക്തമായ കാരണവും ഉണ്ടായിരുന്നു. കോളേജിൽ പഠിച്ചിരുന്ന സമയത്ത് പോക്കറ്റ്മണിക്കു വേണ്ടി പണം ഉണ്ടാക്കാൻ പോയ അനുഭവം സുദേവനും അയാളുടെ സുഹൃത്തുക്കളായ നജീബിനും, ബാബുരാജിനും കൊള്ളിമീൻ പോലെ മനസ്സിൽ മിന്നിമറഞ്ഞു. ഭൂതകാലത്തിലെ ആ നശിച്ച ദിനങ്ങളെ പറ്റി അയാൾ ഒരിക്കൽപ്പോലും ഓർക്കാൻ ആഗ്രഹിച്ചിരുന്നില്ല. കാരണം, ആ സംഭവം അയാളുടെ മനസിനെ വല്ലാതെ അസ്വസ്ഥതയുളവാക്കിയിരുന്നു.

മനസ്സിന്റെ മടക്കം ആ പഴയകാലത്തിലൂടെയാകുമ്പോൾ ഓർമകളുടെ വേലിയേറ്റം അയാളിൽ വലിയൊരു നഷ്ടബോധം കുഴിച്ചെടുക്കുന്നുണ്ടായിരുന്നു. ആ ഓർത്തെടുക്കൽ, അത് മറ്റൊരു കാലത്തിലേക്കുള്ള തിരിച്ചുപോക്കാണ്, ഇല്ലാതായിപ്പോയ ഒന്നിനെ കുറിച്ച് ഓർത്ത് കാലത്തിനോടും അവനവനോടും കലഹിക്കുന്ന ഒന്ന്. അതിനെ അയാൾ അകാരണമായി വല്ലാതെ വെറുത്തു. അവർ മൂന്നുപേരും സാമ്പത്തികമായി വളരെ താഴെതട്ടിലുള്ള കുടുംബത്തിൽ നിന്നുള്ളവരായിരുന്നു. എന്നിരുന്നാലും സുദേവൻ പഠിക്കാൻ മിടുക്കനായതുകൊണ്ട് ഗവൺമെന്റ് കോളേജിൽ തന്നെ അഡ്‌മിഷൻ തരപ്പെട്ടു. ഡിഗ്രി രണ്ടാംവർഷം പഠിക്കുന്ന സമയത്ത് സുഹൃത്തുക്കളായ മറ്റു രണ്ടുപേരും വേറെ ഇടങ്ങളിലാണ് പഠിച്ചിരുന്നത്. എല്ലാ ചെറുപ്പക്കാരെയും പോലെ അവർക്ക് വീട്ടിൽ നിന്ന് പോക്കറ്റ് മണി ലഭിച്ചിരുന്നില്ല, അത് അവർക്ക് ഒരു വലിയ ബാലികേറാമലയായി തുടങ്ങി.

ഒരു ദിവസം ഉച്ചസമയം ഇക്‌ണോമിക്‌സ് പ്രൊഫസർ ക്ലാസ്സിൽ സാമ്പത്തിക നയങ്ങളെ കുറിച്ച് വാചാലനായി കത്തികയറുന്നതിനിടയിൽ ക്ലാസ്സിനെ ഭംഗം വരുത്തിക്കൊണ്ട് പ്യൂൺ ചന്ദ്രേട്ടൻ വാതിക്കൽ നിന്നുകൊണ്ട് ഉറക്കെ വിളിച്ചു പറഞ്ഞു: “സാറെ, സുദേവനെ പ്രിൻസിപ്പാളിന്റെ റൂമിലേക്ക് വിളിക്കുന്നുണ്ട്, ആരോ രണ്ടുപേർ അന്വേഷിച്ച് വന്നിട്ടുണ്ട്.”

ആദ്യമായിട്ടാണ് അവനെ അന്വേഷിച്ച് ആരെങ്കിലും കോളേജിൽ വരുന്നത്. അതിനാൽതന്നെ കേട്ടപ്പോൾ ആദ്യം ആശ്ചര്യവും പിന്നീടത് ആകാംക്ഷയുമായി. പ്രിൻസിപ്പലിന്റെ ഓഫീസിൽ ചെന്ന് നോക്കിയപ്പോൾ കാണുന്നത് കസേരയിൽ രണ്ട് പേർ ഇരിക്കുന്നുണ്ട്: ഒന്ന് ആത്മസുഹൃത്ത് ബാബുരാജാണ്, കൂടെ ഇരിക്കുന്ന ചെറുപ്പക്കാരനെ ആദ്യമായാണ് കാണുന്നത്. സുദേവനെ കണ്ടപാടെ പ്രിൻസിപ്പൽ പറഞ്ഞു:

“പ്രധാനപ്പെട്ട എന്തോ കാര്യം നിങ്ങളെ ധരിപ്പിക്കാൻ വന്നതാണ് ഇവർ, അതാണ് വിളിപ്പിച്ചത്.”

സത്യത്തിൽ സുദേവന് അവരുടെ കോളേജിലേക്കുള്ള ആഗമനം അത്ര ബോധിച്ചില്ലെന്ന് മാത്രമല്ല, അവരോട് ഓഫീസിൽ നിന്നും പെട്ടന്ന് പുറത്തിറങ്ങാൻ പറഞ്ഞശേഷം ബാബുരാജിനെ മാത്രം മാറ്റി നിർത്തി സുദേവൻ ചോദിച്ചു:

“എന്ത് മല മറിക്കാനാടാ നീ എന്നെ അന്വേഷിച്ച് കോളേജിൽ വന്നത്?”

കൂട്ടുകാരന്റെ ചോദ്യത്തിന് പല്ലിളിച്ചുകൊണ്ട് ബാബുരാജ് മറുപടി പറഞ്ഞത്,

“നീ ആ നിൽക്കുന്ന ആളെ കണ്ടാ, അവനെ ‘വൈശ്രവണൻ’ എന്ന് വിശേഷിപ്പിക്കുന്നതാവും കൂടുതൽ അഭികാമ്യം.”

“നമ്മുടെ നാടൻ പ്രയോഗത്തിൽ പറഞ്ഞാൽ, ‘പൊന്മുട്ട ഇടുന്ന താറാവ്’ എന്നൊക്കെ പറയില്ലേ, പേര് രഘുനാഥ്. എന്റെ ഒരു പഴയ ചങ്ങാതിയാണ്, സ്കൂൾ മേറ്റ്. ടൗണിൽ നിന്ന് അപ്രതീക്ഷിതമായി കണ്ടതാണ്, കുറെ വർഷങ്ങൾക്ക് ശേഷമാണ് ഞങ്ങൾ കാണുന്നത്.”, “സ്കൂളിൽ പഠിക്കുന്ന സമയത്ത് അവനും കുടുംബവും കടുത്ത ദാരിദ്ര്യത്തിലായിരുന്നു, ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലുമായിരുന്നു. എന്നാൽ ഇപ്പോൾ നീ അവനെ നോക്കൂ, വെള്ള ഷർട്ടും മുണ്ടും ധരിച്ച് ബുള്ളറ്റിലാണ് ഇവന്റെ യാത്ര. അത് കാണുമ്പോൾ ഏതാണ്ട് പണിയെടുക്കാതെ ജീവിക്കുന്ന രാഷ്ട്രീയക്കാരെപ്പോലെ തോന്നും. പോരാത്തതിന്, നീ അവന്റെ കയ്യിൽ ശ്രദ്ധിച്ചുനോക്കൂ, റിലയൻസിന്റെ നീല ഡിസ്പ്ലേയുള്ള പുതിയ ഫോണും. എന്താണ് ജോലി എന്ന് ചോദിച്ചപ്പോൾ അവൻ വിട്ടങ്ങോട്ട് പറയുന്നുമില്ല. സൗഹൃദ സംഭാഷണത്തിനിടയിൽ നമ്മുടെ പ്രശ്നങ്ങൾ കേട്ടപ്പോൾ, അവൻ ഒരു കാര്യം പറഞ്ഞു: ‘ഒരു പതിനായിരം രൂപ കൊടുത്താൽ ഒരു മാസത്തിനുള്ളിൽ ഞാൻ അത് ഇരട്ടിയാക്കി തിരികെ നൽകാമെന്ന്’.”

സത്യത്തിൽ എനിക്ക് അതിന്റെ പൂർണ്ണ യുക്തി അങ്ങോട്ട് പിടികിട്ടിയില്ല. അതെങ്ങനെ എന്ന് ചോദിക്കുമ്പോൾ മറുപടിയില്ല.

അതിന് മറുപടിയായി, ‘അപ്പം തിന്നാൽ പോരെ കുഴി എണ്ണണോ, ബാബുവേ?’ എന്ന ഒരുമാതിരി ആക്കിയ ഒരു മറുചോദ്യവും. അതാ പിടിച്ച പിടിയാൽ ഞാൻ അവനെ കൂടെ കൂട്ടിയത്. ഇപ്പോഴത്തെ നമ്മുടെ അവസ്ഥവെച്ച് പതിനായിരം പോയിട്ട് നൂറു രൂപ പോലും കണ്ട കാലം മറന്നു. എന്നും കോളേജിലെ കൂട്ടുകാരുടെ ഓസി ഫുഡ് അടിക്കുന്നത് മാത്രമുണ്ട്, അങ്ങോട്ട് ഇതുവരെ ഒന്നും ചെയ്യാനും കഴിയുന്നില്ല. കുറച്ചു ദിവസം മുൻപ് അതിലൊരുത്തൻ പറയുന്നുണ്ടായിരുന്നു നമ്മുടെ കൂട്ടത്തിലുള്ള ചിലർക്ക് ചില പ്രത്യേക സ്വഭാവങ്ങളുണ്ടെന്ന്. അവൻ എന്റെ നെഞ്ചത്തോട്ടാണ് വെടിപൊട്ടിച്ചതെന്ന് മനസ്സിലാകാതെ ഒന്നും അല്ല, വേറെ നിവൃത്തിയില്ലാത്തതുകൊണ്ട് നാണംകെട്ട് തലതാഴ്ത്തി കൂടെ നടക്കേണ്ട അവസ്ഥയാണ്.”.

അതുപറഞ്ഞ് മുഴുവിക്കുമ്പോൾ ബാബുരാജിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു. “നീ പറ, സുദേവ എന്താവേണ്ടതെന്ന്”. സുദേവന് ദേഷ്യം കൊണ്ട് പല്ലുകൾ ഇറുമ്മി. ബാബുരാജിനെ തല്ലിയില്ലെന്നേയുള്ളൂ, അവന്റെ നോട്ടത്തിൽ നിന്ന് തന്നെ ബാബുരാജിന് കാര്യത്തിന്റെ പൊരുൾ പിടികിട്ടി. അവരുടെ വീട്ടിലെ അവസ്ഥകൾ മൂന്നുപേർക്കും കൃത്യമായി അറിയാവുന്നതാണ്. എന്നിട്ടാണ് അവന്റെ ഒരു “വൈശ്രവണൻ”! നീ അവനെയും കൂട്ടി കോളേജിൽ നിന്നും വേഗം പോകാൻ നോക്ക്.

“നട്ടാൽ മുളയ്ക്കാത്ത നുണയുമായി ഓരോരുത്തന്മാർ ഇറങ്ങിക്കോളും. നിന്റെ കൂട്ടുകാരനോട് പറ ഇത്തരം പരിപാടിക്കൊന്നും നമ്മളില്ലെന്ന്.”

എന്നാൽ ടൗണിലേക്ക് തിരിച്ചുപോകുന്ന സമയത്തും രഘുനാഥ് വീണ്ടും വീണ്ടും ബാബുരാജിനെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചു. “നിങ്ങൾക്ക് ഞാൻ വാഗ്ദാനം ചെയ്യുന്നത് ഇരട്ടി പണമാണ്, അത് മറക്കണ്ട. നിങ്ങൾ ഒന്നുകൂടി ആലോചിച്ച് പറഞ്ഞാൽ മതി” എന്നും പറഞ്ഞ് രഘുനാഥ് അയാളുടെ ഫോൺ നമ്പറും അഞ്ഞൂറ് രൂപയും ബാബുരാജിന്റെ പോക്കറ്റിൽ വെച്ചുകൊടുത്തശേഷം അവിടെനിന്നും പോയി.

അടുത്തദിവസം സന്ധ്യാസമയത്ത് സുദേവനും സുഹൃത്തുക്കളും എന്നത്തേയും പോലെ വയലിനടുത്തുള്ള കലുങ്കിൽവെച്ച് കണ്ടുമുട്ടി. സൗഹൃദ വർത്തമാനത്തിനിടയിൽ രഘുനാഥ് പറഞ്ഞ കാര്യം വീണ്ടും ചർച്ചയിൽ വന്നു. അപ്പോഴാണ് നജീബ് ഈ സംഭവങ്ങളെല്ലാം അറിയുന്നത്. കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങൾ ബാബുരാജ് വള്ളിപുള്ളി വിടാതെ വിവരിച്ചു. മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ നജീബും ബാബുരാജിന്റെ അഭിപ്രായത്തോടൊപ്പം കൂടി. “സംഗതി പൊളി പരിപാടിയാണ്,” കൈ നനയാതെ മീൻ പിടിക്കാനുള്ള സാഹചര്യമാണ് കൺമുന്നിൽ രഘുനാഥിന്റെ രൂപത്തിൽ നമ്മളെ സ്വാഗതം ചെയ്തുകൊണ്ട് നിൽക്കുന്നത്.

“സംഭവം കൊള്ളാം, പക്ഷേ പണമാണ് പ്രശ്നം…!” സുദേവൻ അവരോട് വീണ്ടും പല ആവർത്തി പറയുന്നുണ്ടായിരുന്നു, “നമുക്കിത് വേണ്ട” എന്ന്. അവരെ അതിൽനിന്നും പിന്തിരിപ്പിക്കാൻ അവൻ പരമാവധി ശ്രമം നടത്തുന്നുണ്ടായിരുന്നു. എന്നാൽ അതൊന്നും ചെവികൊള്ളാൻ കൂട്ടുകാർ രണ്ടുപേരും തയ്യാറായില്ല.

“ഒരുപക്ഷേ അവൻ പണം കൈക്കലാക്കി നമ്മളെ ചതിക്കാൻ വേണ്ടിയായിരിക്കുമോ?” അതിന് ബാബുരാജിന്റെ പക്ഷം മറ്റൊന്നായിരുന്നു. “രഘുവിന്റെ ഇപ്പോഴത്തെ നിലപാട് വെച്ച് അവൻ അങ്ങനെ ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതുന്നില്ല.” അതെ, നജീബ് ബാബുരാജിനെ പിന്തുണച്ച് പറഞ്ഞു, “പണം സംഘടിപ്പിക്കാൻ ഒരു വഴിയുണ്ട്. നമ്മുടെ ക്ലബ്ബിന്റെ ചിട്ടി ഫണ്ടിൽ നിന്നും തൽക്കാലം അഡ്ജസ്റ്റ് ചെയ്യാം. ഖജാൻജി നജീബിന്റെ അടുത്ത ബന്ധുവാണ്.” അതുകൊണ്ട് തന്നെ ആ വഴിയും അവർക്കുമുൻപിൽ വലിയ ശ്രമകരമല്ലാതെ തുറന്നു. “ഒരു മാസത്തെ കാര്യമല്ലേ ഉള്ളൂ. തൽക്കാലം ആവശ്യമുള്ള പണം അവന്റെ കയ്യിൽനിന്നും തിരിമറി നടത്താം.”

സുദേവന്റെ വീട്ടിലെ എന്തോ ആവശ്യത്തിനാണെന്ന് തെറ്റി ധരിപ്പിച്ചാണ് നജീബ് , രഘുവിന് നൽകാൻ വേണ്ട പണം ക്ലബിന്റെ ഖജാൻജിയുടെ കയ്യിൽനിന്നും വാങ്ങിച്ചത് . തൊട്ടടുത്ത ദിവസം തന്നെ അവർ മൂന്നുപേരും കൂടി പണം രഘുവിന് കൈമാറുകയും ചെയ്തു. പണം കൊടുത്തിട്ട് രണ്ടുമാസത്തിലധികം ആയി മുട്ടാപോക്ക്‌ ന്യായങ്ങൾ പറഞ്ഞുകൊണ്ട് രഘു ഒഴിഞ്ഞുമാറാൻ തുടങ്ങിയപ്പോൾ മൂന്നുപേർക്കും സംഗതി കൈവിട്ട് പോകും എന്ന് മനസ്സിലാക്കാൻ തുടങ്ങി. ഇതിനിടയിൽ നൽകിയ പണം തിരികെ ചോദിച്ചുകൊണ്ട് ക്ലബിന്റെ ഖജാൻജി പലതവണ സുദേവൻ്റെ വീട്ടിൽ വന്നു.

സംഗതികൾ കൂടുതൽ സങ്കീർണ്ണമാകാൻ തുടങ്ങി. ക്ലബ്ബിന്റെ ഖജാൻജി വീട്ടിൽ വരുന്ന കാര്യം സുദേവന്റെ അച്ഛൻ, എക്സ് മിലിട്ടറി കൂടിയായിരുന്ന ദിവാകരന്റെ ശ്രദ്ധയിൽപ്പെടാൻ അധികം ദിവസമൊന്നും വേണ്ടിവന്നില്ല. ഒരു ദിവസം അവർ പിടിക്കപ്പെട്ടു. ഗത്യന്തരമില്ലാതെ സുദേവന് കാര്യങ്ങൾ വിശദീകരിക്കേണ്ടി വന്നു. എന്നാലും ഒരു കാര്യം മറച്ചുവെക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു; രഘുവിന് പണം നൽകിയത് കടമായിട്ടാണെന്ന് അവർ ദിവാകരനെ വിശ്വസിപ്പിച്ചു. ദിവാകരൻ ഉടനെ ചെയ്തത്, “എന്നായാലും ഇതിനൊരു അവസാനം കണ്ടല്ലേ പറ്റൂ” എന്നും പറഞ്ഞുകൊണ്ട് അവരെ മൂന്നുപേരെയും ജീപ്പിൽ കയറ്റുകയാണ്. ആ സമയത്ത് അയാളുടെ വീട്ടിലുണ്ടായിരുന്ന ദിവാകരന്റെ മൂന്ന് സുഹൃത്തുക്കളും ജീപ്പിൽ ചാടിക്കയറി. ജീപ്പ് നേരെ രഘുനാഥിന്റെ വീടിനെ ലക്ഷ്യമാക്കി പാഞ്ഞു. സമയം ഉച്ചതിരിഞ്ഞ് ആറുമണി കഴിഞ്ഞുകാണും. സൂര്യൻ അറബിക്കടലിൽ പതിയെ മുത്തമിട്ടു വിടചൊല്ലി പോകാനായിരിക്കുന്നു. രഘുവിന്റെ വീടിന്റെ മുറ്റത്താണ് ജീപ്പ് ചെന്ന് നിർത്തിയത്. ജീപ്പിന്റെ ഹെഡ്‌ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ മുറ്റത്തു നിന്നിരുന്ന രഘുവിന്റെ അച്ഛൻ ജീപ്പിനടുത്തേക്ക് വന്നു ചോദിച്ചു:

“ആരാ? എന്താ വേണ്ടത്?”

അത് കേട്ടതും ദിവാകരന്റെ ഉള്ളിലെ ദേഷ്യം ഇരട്ടിയായി. കാരണം സകല നിയന്ത്രണവും തെറ്റിയിട്ടാണ് അയാൾ ജീപ്പിൽ ഇരിക്കുന്നത് തന്നെ.

“നിങ്ങളുടെ മകനാണോ രഘുനാഥ്?”

“അതെ, എങ്കിൽ?”

“അവനെ ഒന്ന് വിളിക്ക്. ഒരു കാര്യം തിരക്കാനുണ്ട്.”

“എന്താ കാര്യം, ആദ്യം അത് പറ?”

“അവൻ പിള്ളേരുടെ കയ്യിൽ നിന്നും കുറച്ച് പണം കടമായി വാങ്ങിച്ചുകൊണ്ട് കുറച്ചു മാസങ്ങളായി മുങ്ങി നടക്കുന്നു. എപ്പോ ചോദിച്ചാലും എന്തെങ്കിലും മുട്ടൻ ന്യായങ്ങൾ പറഞ്ഞ് ഒഴിയും. ഇന്ന് എന്തായാലും അത് തിരിച്ചു വാങ്ങിയിട്ടേ ഞങ്ങൾ പോകുന്നുള്ളൂ.”

“ഓഹോ, പണത്തിന്റെ ഇടപാടാണല്ലേ?”

എങ്കിൽ അത് നിങ്ങൾ നേരിട്ട് തന്നെ ചോദിക്കുന്നതായിരിക്കും കൂടുതൽ അഭികാമ്യം. മകന്റെ സ്വഭാവ സവിശേഷതകളെക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയിട്ടുള്ള വ്യക്തി ആയതുകൊണ്ടാകണം രഘുവിന്റെ അച്ഛൻ പതിഞ്ഞ സ്വരത്തിൽ അങ്ങനെ പറഞ്ഞത്.

“ഈ നശിച്ചവനെക്കൊണ്ട് മനുഷ്യൻ പൊറുതിമുട്ടിയല്ലോ. സ്വന്തം വീട്ടിൽ പോലും ഇപ്പോൾ ഇരിക്കാൻ പറ്റാത്ത സ്ഥിതി വരെയായി.”

അപ്പോഴേക്കും രഘു വീട്ടിൽ നിന്നും ഇറങ്ങി വന്നു. വാഹനത്തിനടുത്തെത്തിയപ്പോഴേക്കും ജീപ്പിന്റെ അകത്തിരിക്കുന്ന സുദേവനെയും കൂട്ടുകാരെയും അവൻ കണ്ടു. “ആ, നിങ്ങളായിരുന്നോ?” എന്ന രഘുവിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത് സുദേവന്റെ അച്ഛൻ ദിവാകരനായിരുന്നു.

“കഥയൊക്കെ പിന്നെ ചോദിക്കാം. നീ ഇവരുടെ കയ്യിൽ നിന്നും പണം വല്ലതും കടം വാങ്ങിച്ചിട്ടുണ്ടോ?”

അതിന് രഘുവിന്റെ മറുപടി അക്ഷരാർത്ഥത്തിൽ ദിവാകരനെ ഞെട്ടിച്ചു. “ഞാൻ ഒരാളിൽനിന്നും ഒരു രൂപപോലും കടം വാങ്ങിച്ചിട്ടില്ല. പിന്നെ അവർ തന്ന ‘പണം’ അത് ഇരട്ടിപ്പിക്കാൻ വേണ്ടി തന്നതാണ്.”

അത് കേട്ട ദിവാകരൻ ആദ്യം ആശയക്കുഴപ്പത്തിലായി. കാരണം, ഇത്രയും നാൾ അയാളുടെ മകനും കൂട്ടുകാരും പറഞ്ഞിരുന്നത് അവൻ പണം ക്ലബ്ബ് നടത്തുന്ന ചെറിയൊരു ചിട്ടിയിൽ നിന്നും വട്ടിക്ക് കടം എടുത്തു എന്നാണ്.

“എന്ത്, പണം ഇരട്ടിപ്പിക്കാനോ?”

ദിവാകരൻ ആ വാക്ക് ആദ്യമായാണ് കേൾക്കുന്നത്. “എന്ന് വെച്ചാൽ?”

രഘുനാഥ് തുടർന്നു: “ഇവർ എനിക്ക് പതിനായിരം രൂപ തന്നിരുന്നു. പകരമായി ഇരുപതിനായിരം രൂപ ഞാൻ തിരിച്ചു നൽകും. ഇതിൽ ബാബുരാജ് എന്റെ സ്കൂൾ കാലഘട്ടം മുതലുള്ള സുഹൃത്താണ്. അവർക്ക് കുറച്ച് പണത്തിന്റെ ആവശ്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ ഒന്ന് സഹായിച്ചെന്ന് മാത്രം. അല്ലാതെ എന്റെ നെഞ്ചത്തോട്ട് കുതിരകയറാൻ ആരും വരേണ്ട.”

“എന്ന് പറഞ്ഞാൽ നീ എന്താ കള്ളനോട്ട് വിതരണക്കാരനാണോ? അല്ലാതെ പിന്നെ എങ്ങനെയാ നിനക്ക് അതിന് കഴിയുക?” എന്ന ദിവാകരന്റെ ചോദ്യത്തിന് രഘുനാഥ് പറഞ്ഞത്, “അത് നിങ്ങൾ അന്വേഷിക്കേണ്ട കാര്യമില്ല” എന്നാണ്.

“അവനോട് പണം തിരിച്ചു നൽകാൻ പറ ദിവാകരാ,” ജീപ്പിൽ ഉണ്ടായിരുന്ന അയാളുടെ സുഹൃത്തുക്കൾ വളരെ ദേഷ്യത്തിൽ ആക്രോശിക്കുന്നുണ്ടായിരുന്നു.

“നീ ഒരു കാര്യം ചെയ്യ് രഘു, പിള്ളേര് തന്ന പണം തിരിച്ചു കൊടുത്താൽ ഈ വിഷയം നമ്മൾക്ക് ഇവിടെ വെച്ച് രമ്യമായി അവസാനിപ്പിക്കാം” എന്ന് ദിവാകരൻ പറഞ്ഞെങ്കിലും രഘു വഴങ്ങിയില്ല.

“അതിന് നിങ്ങൾക്ക് തോന്നുമ്പോൾ തരാനും തിരിച്ചു മേടിക്കാനും ഒന്നും കഴിയില്ല. ആ പണം എന്റെ കയ്യിൽ ഇല്ല, അത് ഞാൻ അവർക്ക് കൊടുത്തു.”

“ആർക്ക്?”

“കടപ്പുറത്തുള്ള അബ്ദുൾ സത്താറിന്.”

“എന്നാൽ നീ ഞങ്ങളുടെ കൂടെ ജീപ്പിൽ കയറ്. നമുക്ക് ഒരുമിച്ച് പോയി ഇപ്പോൾത്തന്നെ അത് തിരികെ വാങ്ങിക്കാം.”

രഘുവിനെയും ജീപ്പിൽ കയറ്റി പണം തിരിച്ചുവാങ്ങിക്കാൻ ദിവാകരൻ കടപ്പുറത്തേക്ക് യാത്ര തുടങ്ങി. കുറെ ഇടവഴികൾ പിന്നിട്ട് വാഹനം ഒരു പഴയ ഓലപ്പുരയുടെ മുൻപിൽ എത്തി.

തുടർന്നുള്ള വഴി ദുർഘടമായിരുന്നു. രാത്രി എട്ടുമണിയോടെ അവർ ഒരു വീടിന് മുന്നിലെത്തി. കൂടെ വന്നവരെ പുറത്തു നിർത്തി രഘു വീടിനകത്തേക്ക് പോയി. അല്പസമയത്തിനു ശേഷം രഘു അബ്ദുൾ സത്താറിനെയും കൂട്ടി പുറത്തുവന്നു.

“ഇതാണ് സത്താർ ഇക്ക. പണം മൂപ്പർക്കാണ് കൊടുത്തിട്ടുള്ളത്. അത് തിരികെ വേണമെങ്കിൽ നിങ്ങൾ തന്നെ നേരിട്ട് ചോദിച്ചോ” എന്ന് രഘു പറഞ്ഞു.

നിമിഷങ്ങൾക്കകം തന്നെ തൊട്ടടുത്ത പുരകളിൽ നിന്നെല്ലാം ആളുകൾ പുറത്തിറങ്ങാൻ തുടങ്ങി. സത്താറിന്റെ വീട്ടിൽ കുറച്ചു അപരിചിതർ വന്നിട്ടുണ്ട് എന്നറിഞ്ഞിട്ടായിരിക്കണം ആളുകൾ ഓരോരുത്തരായി അയാളുടെ വീടിനുചുറ്റും കൂട്ടം കൂടാൻ തുടങ്ങി. കടപ്പുറം ആയതുകൊണ്ടുതന്നെ വന്നവർ പലരും “എന്താ സത്താർക്കാ വിഷയം, ഞങ്ങൾ ഇടപെടണോ?” എന്നും ചോദിച്ചുകൊണ്ട് പോകാതെ അവിടെ തന്നെ ചുറ്റിപ്പറ്റി നിന്നു.

മുറ്റത്ത് നിന്നിരുന്ന ദിവാകരനെയും കൂട്ടരെയും നോക്കി സത്താർ ചോദിച്ചു: “എന്താ തനിക്ക് പതിനായിരം രൂപ തിരികെ വേണോ?”

എക്സ് മിലിട്ടറിക്കാരനാണെങ്കിൽ കൂടി ചെന്ന് കയറിയിരിക്കുന്ന സ്ഥലവും സംഗതികളുടെ സ്ഥിതിയും ദിവാകരൻ കരുതിയതിനെക്കാളും അതിഭീകരമാണെന്ന് മനസ്സിലാക്കിയതിനാലാവണം കുറച്ചുനേരം അയാൾ മറുപടിയൊന്നും പറയാതെ നിന്നു. അയാൾ മനസ്സിൽ എന്തൊക്കെയോ രൂപരേഖ തയ്യാറാക്കുന്നുണ്ടെന്ന് തീർച്ച. കുട്ടികൾ എത്തിപ്പെട്ടിരിക്കുന്നത് വലിയ കള്ളപ്പണ സംഘത്തിന്റെ അടുത്താണ് എന്നതിൽ ഇനി സംശയമില്ല. ബാബുരാജിനെ മാത്രമായി മാറ്റിനിർത്തിക്കൊണ്ട് ദിവാകരൻ എന്തൊക്കെയോ ചോദിച്ചറിയുന്നുണ്ടായിരുന്നു. അതിനൊരു പ്രത്യേക കാരണവുമുണ്ടായിരുന്നു: കുട്ടികൾ മൂന്നുപേരിൽ ബാബുരാജിന് മാത്രമേ അന്ന് മൊബൈൽ ഫോൺ ഉണ്ടായിരുന്നത്.

“നീ ഈ ഫോണിൽ നിന്നും രഘുവിനെ വിളിച്ചിരുന്നോ?”

“ആ… പണം ലഭിക്കാതായപ്പോൾ പലതവണ വിളിച്ചിരുന്നു” എന്ന് പറഞ്ഞു തീർന്നതും ദിവാകരന്റെ വലതുകൈ ബാബുരാജിന്റെ കവിളിൽ പതിച്ചതും ഒരുമിച്ചായിരുന്നു. പിന്നീട് ഒറ്റക്കാര്യം മാത്രമേ ദിവാകരൻ രഘുവിനോടും സത്താറിനോടും കൂടി പറഞ്ഞുള്ളൂ: “ഇനി ഇവർക്ക് ആ ‘പണം’ വേണ്ട, ഇത് ഇവിടെ വെച്ച് അവസാനിക്കണം.”

ഈയൊരു കാര്യം പറഞ്ഞുകൊണ്ട്, ഇനി ഒരിക്കലും നിങ്ങൾ ആരും എൻ്റെ കുട്ടികളെ കാണാനോ ബന്ധപ്പെടാനോ പാടില്ല എന്ന ഉറപ്പും വാങ്ങിച്ചാണ് അയാൾ അവിടം വിട്ടത്.

വീട്ടിൽ തിരിച്ചെത്തിയ ദിവാകരൻ കുട്ടികൾ മൂന്നുപേരെയും ചേർത്തുപിടിച്ച് പറഞ്ഞത്: “നിങ്ങൾക്ക് പണം ആവശ്യമായിരുന്നെങ്കിൽ വീട്ടിൽ ചോദിക്കണമായിരുന്നു. ചെകുത്താൻ ചിലസമയങ്ങളിൽ ‘പണത്തിന്റെ’ രൂപത്തിലും വരും, അതാണ് നിങ്ങൾ കുറച്ചു മണിക്കൂറുകൾക്ക് മുൻപ് അവിടെ കണ്ടത്.”

“പണം എല്ലാമല്ല; സ്നേഹം, സന്തോഷം, നല്ല ആരോഗ്യം, അർത്ഥവത്തായ ബന്ധങ്ങൾ എന്നിങ്ങനെ പണത്തിന് വാങ്ങാൻ കഴിയാത്ത പലതും ജീവിതത്തിലുണ്ട്. വാസ്തവത്തിൽ, ഒരു നിശ്ചിത ഘട്ടത്തിനുശേഷം അധിക ‘പണം’ വലിയ സന്തോഷത്തിലേക്കോ ജീവിത സംതൃപ്തിയിലേക്കോ പോലും നയിക്കണമെന്നില്ലെന്ന യാഥാർത്ഥ്യം നിങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്.”

ബാബുരാജിനെ നോക്കിക്കൊണ്ട് ദിവാകരൻ അവസാനമായി പറഞ്ഞത്: “നിന്റെ സ്നേഹിതൻ ആ രഘുവില്ലേ? അവൻ ഒരു പഠിച്ച കള്ളനാണ്.”

അയാൾ ബാബുരാജിനോട് ഒരു കാര്യം പ്രത്യേകം നിർദ്ദേശിച്ചു: “നാളെ രാവിലെ തന്നെ നീ ഈ ഫോണിന്റെ സിം കാർഡ് ക്യാൻസൽ ചെയ്യണം. കാരണം എനിക്കറിയാം ഇത് നിന്റെ പേരിലുള്ള സിം അല്ലെന്ന്. നിങ്ങൾ കുട്ടികൾ മനസ്സിലാക്കേണ്ട ഒരു കാര്യമുണ്ട്; ഇത്തരം കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തണം. ഭാവിയിൽ ഇത് നിങ്ങൾക്ക് ദോഷകരമായി ബാധിച്ചേക്കാം.”

അവർ വലിയ കള്ളപ്പണ ശൃംഖലയുടെ ഭാഗമായവരാണ്. അവരുടെ കൂട്ടത്തിലുള്ള ആരെങ്കിലും ഒരാളെ ഏതെങ്കിലും കേസിൽ പോലീസ് കസ്റ്റഡിയിൽ എടുത്താൽ തീരും കാര്യങ്ങൾ. അയാളുടെ കാൾ ലിസ്റ്റും തപ്പി പോലീസിന് നിങ്ങളിലേക്ക് എത്താൻ അധികം സമയം ഒന്നും വേണ്ടിവരില്ല പിന്നെ , സുദേവനും സുഹൃത്തുക്കളും അന്ന് മനസ്സിലാക്കിയ ഒന്നാണ്, പണത്തിന് അത്യാവശ്യമുണ്ടെന്ന് കരുതി നേടാൻ ശ്രമിക്കുന്ന, അർഹതയില്ലാത്ത, സ്വന്തം വിയർപ്പു പുരളാതെ നേടുന്ന പണം ഓരോരുത്തരുടെയും മനസ്സാക്ഷിയോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാണ് എന്ന പരമാർത്ഥം.

തൃശൂർ ജില്ലയിലെ പുന്നയൂർക്കുളം സ്വദേശി. ഇപ്പോൾ അബുദാബിയിൽ ജോലിചെയ്യുന്നു. പ്രസിദ്ധീകരിച്ച പുസ്തകം ''ഇലഞ്ഞിമരം പൂക്കുന്ന ഇടവപ്പാതി" (നോവൽ).