
ചിതയിൽ കിടന്ന്
കത്തിക്കാളുന്ന ശരീരത്തിന്
ഒരുപാട് കഥകൾ
ഇനിയും പറയുവാനുണ്ടാകും.
ജീവിച്ച് പൊരുതി
തുടങ്ങിയപ്പോൾ മുതൽ
ഓരോ നിമിഷവും
നെരിപ്പോടായ് നീറിപ്പുകഞ്ഞതിന്റെ…
പൊലിഞ്ഞ് പോകുന്നതിന്
തൊട്ട് മുമ്പും
പ്രതീക്ഷയുടെ കനലുകൾ
ഇടനെഞ്ചിൽ കത്തിപ്പടർന്നതിന്റെ…
നട്ടുവളർത്തിയ
മോഹങ്ങളുടെ മുറിവുകളെക്കുറിച്ച്…
തൊട്ടുപകർത്തിയ
സ്നേഹങ്ങളുടെ പൊള്ളലുകളെക്കുറിച്ച്…
ജൽപനങ്ങൾക്കിടയിൽ
നാവ് വറ്റിവരണ്ട് കുഴഞ്ഞതിന്റെ
അടയാളങ്ങൾ
തൊണ്ടക്കുഴിയിൽ അപ്പോഴും കാണാം.
മരിച്ച് പോയതിന് ശേഷവും
സ്വയം വ്രണപ്പെടാതിരിക്കാനുള്ള,
ഒരു കുഞ്ഞോർമ പോലും
ഭൂമിയിൽ ശേഷിപ്പിക്കാതിരിക്കാനുള്ള
മുട്ടിപ്പായ പ്രാർഥനകൾ
ചെവിയോർത്താൽ കേൾക്കാം.
പള്ളിക്കാട്ടിൽ കിടന്ന്
മണ്ണടിയുന്ന ശരീരത്തിന്
മീസാൻകല്ലിനോടും
മൈലാഞ്ചിച്ചോപ്പിനോടും
ഒരുപാട് കഥകൾ
ഇനിയും പറയുവാനുണ്ടാകും,
ഇവിടെ ബാക്കിവെച്ച
സ്വപ്നങ്ങളുടെ തേങ്ങലുകളുടെയും.









