വിരലടയാളങ്ങൾ

തനിച്ചലഞ്ഞ നഗരങ്ങളിൽ
പനിച്ചു കിടന്ന രാത്രികളിൽ
സമയഭേദങ്ങളില്ലാത്ത പണിയിടങ്ങളിൽ
ഓർമ്മകൾ തുരുമ്പിച്ച പേനത്തുമ്പുകളിൽ
പിണങ്ങിയകന്ന വൈകുന്നേരങ്ങളിൽ

എവിടെയും

നനഞ്ഞ വാറോലക്കെട്ടുകൾക്കിടയിൽ
ഇനിയും തിരഞ്ഞു സമയം കൊല്ലാതെ
പടർന്ന കണ്മഷിപ്പാടുകളിൽ നോക്കിയിരിക്കാതെ,
നെറ്റിയിലേക്ക് വീണ മുടിത്തുമ്പിൽ വിരലോടിക്കാതെ,
അടക്കിപ്പിടിച്ച ശ്വാസതമ്പുരുവിൽ മനനം ചെയ്യാതെ.
നെടുവീർപ്പിൻകാറ്റലയിളക്കാതെ,

കടന്നുപോകാൻ , ഇനിയുമെത്രകാലം.

ചേർത്തടച്ചിരിക്കുന്ന വാതിൽപിറകിൽ
കാത്തുനിന്നു കാൽവിരലുകളിൽ
കന്മദം കയ്ക്കുമ്പോൾ.

ഒറ്റവാചകത്തിലൊരുത്തരം,
അക്ഷരങ്ങൾ ആവനാഴിയിലെ അവസാനസ്ത്രം പോലെ
പിഴച്ചു പോകാതെ നോക്കണം.

വെറുപ്പായിരുന്നു ജടകെട്ടിയ
നിന്റെ പ്രണയച്ചരടിനോടെന്ന്.

ഉറക്കെപ്പറയണം പിന്നെ പൊട്ടിച്ചിരിക്കണം.

അകത്തു ചിതൽ തിന്ന പുസ്തകത്താളിനുള്ളിൽ
പെറാതെ നരച്ചു പോയ മയിൽ‌പീലി തുണ്ടിലൊന്നിൽ പോലും
നിന്റെ വിരലടയാളങ്ങളോ,
എന്നിൽ തിണർത്ത ചുവപ്പു പാടുകളോ കണ്ടില്ല.

കൊല്ലം ജില്ലയിലെ ചവറ സ്വദേശി. 30 വർഷത്തിലേറെയായി പ്രവാസജീവിതം നയിക്കുന്നു. ഇപ്പോൾ കുവൈറ്റിൽ ജോലി ചെയ്യുന്നു.