ഒന്നുമില്ലാതെ 

നഷ്ട്ടങ്ങളുടെ വേലിപ്പടർപ്പുകളിലിരുന്ന്
ലാഭങ്ങളുടെ മതിലുകൾ
ചൂണ്ടി കാട്ടി പറന്ന് പോയ
മഞ്ഞക്കിളിയും കാറ്റും
എങ്ങോ മറഞ്ഞു പോയി..

തോട്ടിൻ കരയിൽ
മുക്കുറ്റിപ്പൂവിൻ്റെ മൊട്ടുകളിറ്റിച്ച
തുള്ളിച്ചിരിയിൽ
തൊട്ട് കരയുകയും ചെയ്യുന്ന
നിഴൽപ്പൂവിന്നുള്ളം
ഒന്നിനോടും പ്രതിഷേധിക്കാനറിയാത്ത
കയ്യൊപ്പ് പോലെ
ഒരില പൊഴിയുന്നു

ഒരേ സഞ്ചാരപാതയിൽ ഒരു നിമിഷം
കടന്നലും ശലഭവും മുഖാമുഖം വന്ന്
വെട്ടിയൊഴിഞ്ഞ് പോയി..

ഇടയിൽ പെട്ട
പേരറിയാ നീറ്റലിന്
ഒന്നുമില്ലായ്മയിലും ജ്വലനം

മൗനം
വിയർപ്പുതുള്ളിയിലെ
ഉള്ളുപ്പാക്കുന്ന
ഉച്ചവെയിൽ

ഒരു നിഴൽ
മനസറിയാതെ പോയി
മരച്ചില്ലകൾക്ക് താഴെ വീണ് കിടക്കുന്ന
തുള്ളി വെളിച്ചങ്ങളെ
പെറുക്കിയെടുക്കുന്നു

ഒന്നുമറിയാത്ത ആർക്കോ
ഒന്നുമില്ലാതെ കൊടുക്കാൻ.. 

ചേർത്തല തൈക്കാട്ടുശേരി സ്വദേശി. വിവിധ ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു. സംഗീത സംവിധായകൻ കൂടെയാണ്.