നിനവുദിക്കാതിരിക്കില്ല

എന്റെ ഹൃദയത്തിൽ നിന്ന്
നീ നിന്നെ ചീന്തിയെടുത്ത്
അകലേക്ക് പോയി

എന്റെ ഏകാന്ത
ആനന്ദമായിരുന്നു നീ
എന്റെ ഹൃദയാകാശദീപ്തി

നീ പറിഞ്ഞു പോയ
എന്റെ ഹൃദയത്തിന്റ
അരികിലാകെയും
പ്രണയ രക്തം
നീറിച്ചുവന്ന്
നീലിച്ച്കിടന്നു
മായാത്ത മുറിവിൻ
തീ കാച്ചിയ വേദനാഭംഗികൾ…

കാലമെത്ര ഔഷധം തേച്ചിട്ടും ഉള്ളിലോർമ്മ
ചോര ചോപ്പിക്കുന്ന
മുറിവ് പാർന്നൊ-
രാകാശമെന്റെ നീ..

മറവി കൊണ്ടെത്ര മഴക്കാലം
പേർത്തു
പെയ്താർത്തലച്ചെന്നിട്ടും
നിന്നെത്തന്ന,
നിന്നെ മാത്രം ധ്യാനിച്ചുറഞ്ഞുപോയ
സഹനസമുദ്ര
ജലശൃംഗമായി ഞാൻ.

നീല ഞരമ്പിൻ
തുടിപ്പിനാലെത്രയെൻ
ദീപ്ത താരുണ്യതാരക ചാരുത
ചേർത്തു നിന്നിൽ ഞാൻ
രക്ത രാഗം പകർത്തുവാൻ,
ദ്യുതികളിപ്പൊഴും
എഴുതുവാനായുന്നു നിന്നിൽ
എൻഹൃദയനേരിൻ
വിഷാദ ഹർഷങ്ങൾ.

ഇനിയുമിരമ്പുന്നുണ്ട്
പ്രാണനിൽ
പ്രണയ ദുഖത്തിനാനന്ദ
മൗന സമുദ്രത്തിര

നീയെരിഞ്ഞതാം
എന്റെ ആകാശത്തിന്
ഇങ്ങു പകരങ്ങൾ
ഇല്ലതാൽ പ്രിയനേ, പിളർന്നൊലിപ്പാണന്ന് തൊട്ടേ

അതിഗദ്ഗദ നദികൾ
അകം വറ്റി
അസ്ഥിയിൽ
നിരന്തര വ്യഥ
നീറി നീറി വാരുന്നതാം
തുള്ളി തുള്ളിയാം
ശൂന്യതയായി ഞാൻ

അപരങ്ങൾ ഇല്ലാത്ത
എന്റെയാകാശമേ,
ഏതു രാത്രിതൻ
സ്ഥിരമിരുൾ വശ്യത്തിൽ
നീ മറന്നൊളിച്ചു പാർക്കിലും
നിനവുദിക്കാതിരിക്കുമോ അവിടെയും,
എന്റെ ജീവന്റെ പകൽത്തരി
വെയിൽ നുള്ള് നാളം
അത്രമേൽ നിന്നിൽ
ചാഞ്ഞു വീണതിൻ
ചാരു ഭംഗികൾ
കൊണ്ടതല്ലയോ
ഉയിര് കൊണ്ടു നീ…

ഇല്ല
നിനവുദിക്കാതിരിക്കില്ല
നിന്നിലെൻകാട് പൂക്കാതിരിക്കില്ല
ചില്ലയിൽ മധുരിതം കിളി ചിലക്കാതിരിക്കില്ല
തിരിച്ചെനിക്കാകാശമായ്
നീരൂപമാകാതിരിക്കില്ല.

തൃശ്ശൂർ ജില്ല മുല്ലശ്ശേരി പെരുവല്ലൂർ സ്വദേശ൦. ഓൺലൈനിൽ എഴുതുന്നു. ഡ്രൈവർ ആയി ജോലി ചെയ്യുന്നു