
ഞാൻ ഒറ്റയായപ്പോഴാണു നീയെൻ
കനവുകളിലെ വിരുന്നുകാരനായത്
രാവുകളിൽ എൻ കൺതടവറകളിൽ
പ്രകാശമായ് നീ ഇരച്ചുവന്നു.
അപരിചിതനെപ്പോലെ നീ
ആദ്യം മൗനിയായ് നിന്നൂ
എന്തു പറഞ്ഞ് തുടങ്ങണമെന്നറിയാതെ
നിൻ മിഴികളാൽ എൻ മിഴികളെ
കൊരുത്തുകൊണ്ടിരുന്നു.
മാറിയും തിരിഞ്ഞും നീയെന്റെ
ശ്രദ്ധയിലേക്ക് നടന്നടുക്കാൻ ശ്രമിച്ചൂ
ഒരു നിമിഷമെൻ മനസ്സ് പാളിയ
ആ വിടവിൽ നീയെന്റെ ഒപ്പമായി.
സുഖം അല്ലേടാ എന്ന ചോദ്യത്തിൽ
നിന്റെ മൗനക്കിളികളുടെ
കൂട് തുറന്നു വിട്ടൂ
ചിറകടിച്ചുയർന്ന ആ
ശബ്ദക്കിളികളുടെ തേങ്ങൽ
എൻ കണ്മിഴികളിൽ
പുഴയായ് ഒഴുകി.
ഹ്യദയത്തിലെ വാടിക്കരിഞ്ഞ
റോസാമുകുളങ്ങൾ
ആ നനവിൽ വീണ്ടും തളിർക്കാൻ വെമ്പി.
ചിന്നിചിതറി പലവഴിക്കായ
മോഹങ്ങളുടെ ചില്ലകളിൽ
കിളിക്കൊഞ്ചലുകളുടെ മൂളിപ്പാട്ടുകൾ
കിന്നരവീണമീട്ടീ
ഗസൽതാളത്തിൽ മുറുകി ഹ്യദയതന്തികൾ.
അനുരാഗത്തിന്റെ ചിറകിലേറി
അന്നുവരെ പറയാതെ പോയ
ഒരു നൂറു പരിഭവങ്ങളുടെ
താക്കോൽപ്പഴുതിലൂടെ
കൈ ചേർത്ത് പിടിച്ച് നമ്മൾ നടന്നൂ.
നീയില്ലാതെ
എൻ കണ്ണുകൾക്ക്
ഇനിയൊരു തടവറകളിലും
കനവിൻ വാതിലുകൾ തുറക്കാനാകില്ല
എന്നും പറഞ്ഞ്
അന്ന് ചേർത്തടച്ച
ആ സ്വപ്നപ്പെട്ടി
ഇന്നും കാത്തിരിപ്പിലാണ്
വിരുന്നുകാരന്റെ വരവിനായ് ..!









