തിരിച്ചറിയൽ

എത്ര പരിചിതരാണു നാമെങ്കിലും,
എത്രയോ അപരിചിതരാണ് പലപ്പൊഴും.
രക്തം വാർന്ന് നടുറോഡിൽ കിടക്കുമ്പോൾ,
കത്തിമുനയ്ക്കു കീഴടങ്ങാതെ
രക്ഷപ്പെടാനായ് ഭയന്നു നിൽക്കുമ്പോൾ,
പ്രേമപരീക്ഷയിൽ തോറ്റു വിയർക്കുമ്പോൾ,
അർത്ഥിതനായി പലകുറി എത്തുമ്പോൾ,
നിഷ്ക്കാസിതനായും, നിരാലംബനായും,
നിരത്തിൽ, കാര്യായങ്ങളുടെ
വാതിലിൽ എത്തിനോക്കുമ്പോൾ,
വിശ്വസ്തനാണെന്നറിയുവോരെങ്കിലും,
ഒട്ടും പരിചയമില്ലാതെ നിൽപ്പവർ.

ബസ് സ്റ്റോപ്പിൽ, ട്രെയിനിൽ,
സർക്കാർ ആശുപത്രിയിൽ,
ഒന്നു മുഖം തരാതെത്രപേർ
ചുറ്റിനും നിൽക്കുന്നു.
എത്രയാവർത്തി ഞാൻ നിങ്ങളുടെ
അടിമയെന്നോർമ്മിപ്പിച്ചു.
കണ്ണാടിക്കൂട്ടിൽ മുഖം നിവർത്താതെ,
ചെയ്യാത്ത ജോലിക്കു സ്വയം
കൂലിയെഴുതുന്നവർ,
വല്ലാതവശനായ് പുറത്തു
നിൽക്കുന്നവൻ,
കാഴ്ചകൾക്കപ്പുറം നീളൻ നിഴലുകൾ.
ഒറ്റത്തിരിച്ചറിയൽ കാർഡിനുള്ളിലും,
മൊത്തമവ്യക്തത ചിത്രവിലാസങ്ങൾ.
മരണവാതിൽക്കലും
കാവലാളുണ്ടെങ്കിൽ,
എങ്ങനെയെന്നെ ഞാൻ
സ്വയം പരിചയപ്പെടുത്തും.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.