കയം

ഒരു ചുഴിയിൽ ,
ആഴക്കയത്തിൽ ,
നീല നിറമുള്ള ഇടങ്ങളിൽ ,
കറുപ്പും വെളുപ്പും
പടരുന്ന
രാത്രിയും പകലും
ഇടകലർന്ന
നിഗൂഢ സ്ഥലിയിൽ ,
ബോധവും അബോധവും
ഒന്നാവുന്ന
മോഹവും പ്രണയവും
ഭ്രാന്താവേഗത്താൽ
ഭ്രമിപ്പിക്കുന്ന
സമയകാല ചക്രം നിശ്ചലമാകുന്ന
രണ്ടു കണ്ണുകളിലേക്ക്
ഞാൻ മുങ്ങി ത്താഴുന്നത്
ഇത്ര ലഹരിയാണെന്ന് ,
ഇത്രയാനന്ദമാണെന്ന്
ഞാനറിയുന്നു.

അത് വെറും കണ്ണുകളല്ല
കാഴ്ചകളുടെ
കാണാക്കാഴ്ചകളുടെയും
കയമാണ്.
തീവ്ര ജ്വരബാധയാൽ
പിടയുന്ന
ചെറു മീൻ
കൊതിച്ചത്
മത്സ്യകന്യകയുടെ സ്പർശം.
ഉന്മാദിയുടെ പുഞ്ചിരി
നിലാവിന്റെ ചുംബനം.

നദിയാണവൾ .
കടലാണ് ,
മഴയാണ് ,
പ്രളയമാണ്.
ഉറവകൾ പോലെ രണ്ടു കണ്ണുകൾ
പുറത്തേക്കൊഴുകിയ വഴികൾ
എത്ര ശാന്തം ,
ഉള്ളിലേക്കവ
കാന്തം കൊളുത്തും
പുറത്തേക്കില്ല ഒരിക്കലും പിന്നെ .

ജനിമൃതികൾ ,
സമയസഞ്ചാരം ,
സ്വപ്നങ്ങൾ ,
നിറങ്ങൾ ,
ആഴക്കണ്ണുകളിൽ
ഇനിയെന്റെ ആകാശം
ഇനിയെന്റെ സ്വർഗം
ഇനിയെന്റെ മോക്ഷവും
നീയെന്നുനീയെന്നു പാടുന്ന
രൂപമില്ലാത്ത
സ്വരം.
ഉറഞ്ഞു പോയ മൺഞരമ്പിലെ
ജീവരക്തം
നിന്റെ ശബ്ദതന്മാത്രകൾ.
നിന്റെ കഥകളിൽ ,

ഇനിയും പറഞ്ഞാലുമൊടുങ്ങാത്ത
അഗ്നിബാധിച്ച
ചുണ്ടുകളിൽ,
നക്ഷത്രവെട്ടം ചൂടിയ
ശ്വാസപാതയിൽ
മയങ്ങിയുറങ്ങാൻ
ഒരു നിശ്വാസമെങ്കിലുമേറ്റ്
കനലുമൂടിയ മുഖം തണുക്കാൻ
കൊതിയ്ക്കുന്ന ജലബിന്ദു ഞാൻ.