തിരികെ

പൊട്ടി തുടങ്ങിയോരാ പടവുകള്‍
മെല്ലെ ചവിട്ടിയിന്നാ ഉമ്മറത്തിണ്ണയില്‍
ചായും നേരം
തത്തിക്കളിചോരാ തളിർമാവിൻ ചില്ലകൾ
തഞ്ചത്തിലാടും ശ്രുതി കാതോര്‍ക്കവേ,
ഉലയുന്ന മാനസം തന്നില്‍
ദൃഢമായി സ്ഫുരിക്കും
നല്ലോര്‍മ്മകള്‍ തൻ വസന്തം.

കാപ്പിക്കുരുവിന്‍ നിറം
പൊഴിയും ഇലകള്‍ നിറഞ്ഞോരാ വഴിയിലൂടെ
തുകല്‍ സഞ്ചിയേന്തി
കുതിച്ചു പാഞ്ഞ് ഇടും കുരുന്നു കൂട്ടം.

പുസ്തകത്താളിൽ അക്ഷരക്കൂട്ടങ്ങള്‍
തല്‍ക്ഷണം മഞ്ജരി പാടുന്ന നേരം,
ഉള്ളില്‍ കുതിര്‍ന്നോരാ മാതൃഭാഷതൻ
സ്നേഹം മറക്കില്ല മരണ കിടക്കയിലും .

മണ്ണിൽ കളിച്ചും, കുളത്തില്‍ കുളിച്ചും,
ത്രിക്കാക്കരയപ്പനെ ഭജിച്ചു ജപിച്ചും,
നാളുകള്‍ നീക്കി കഴിയവെ
ബാല്യകാലത്തിനോർമ്മകൾ…
മണ്ണ് മറയവേ…….

അമ്മതൻ വാത്സല്യ സൂചകമാം
ഉണ്ണിയപ്പപൊതി നീട്ടുന്ന നേരത്ത്,
കണ്‍കളില്‍ അശ്രുകൂടാരം
പൊട്ടിയൊലിക്കുന്നു ഉണ്ണിതൻ മാറില്‍
ഉമ്മറക്കോലാവിൻ പടികളിറങ്ങവേ,
പതറന്നു കാൽ ചുവടുകള്‍..
എങ്കിലും പോകാതെ വയ്യ
ജീവിതമാം നൗക തുഴയാൻ

മുപ്പതുസംവത്സരങ്ങളാഹോരാത്രം
ഓടിത്തളർന്നോരാ യന്ത്രം
ആരോരുമില്ലാതനാഥനായ് നില്‍പ്പു
“തിരികെ” മടങ്ങുവാനായ്.

തിരുവനന്തപുരം വർക്കല സ്വദേശി. LLB ബിരുദധാരി. ഏഴാം ക്ലാസ്സ് മുതൽ കവിതകളും കഥകളും എഴുതാറുണ്ട്