
കവിതയിൽ കഥ കാഴ്ചയാക്കി,
നെല്ലിക്കമധുരം ചേർത്തെഴുതീ,
കവിതയെ നെഞ്ചിലേക്കാഴ്ത്തി നീ
രക്തകാന്തമാകും അനുവാചകരിൽ.
നിലാവ് പൂക്കാത്ത നിശാവാനിലെ,
കരിമേഘക്കനലിൽ കുറുക്കിയ,
കയ്പുള്ള നേരിന്റെ നീരു, വിപ്ലവ
കാവ്യത്തിൽ ചേർത്തു വിളമ്പി.
ഉള്ളുലുച്ചാകാശമായ അമ്മക്കിളി,
ഓർമ്മപ്പാളിയിലുരുണ്ടുമറഞ്ഞതും,
മനസ്സിന്നിടുക്കിൽ ഉന്മാദമഴ പെയ്യേ ,
കൂട്ടിനായെത്തീ ചങ്ങാതിക്കിളികൾ.
മാമരക്കൊമ്പിലൊരാകാശം വരച്ചു,
മിഴിമിന്നും നക്ഷത്രമായി അകലവേ,
ഒപ്പമിരിക്കുമാ അനിയത്തിപ്രാവിനെ
ഒറ്റയ്ക്കിരുത്തിയാ ശോകശാഖിയിൽ.
മഴയിരുട്ടിൽ മിഴിനീർച്ചില്ലിനപ്പുറത്ത്,
മേഘദീപമേന്തി നീ വന്നു നിൽക്കേ,
മിഴി വറ്റിച്ചു നിന്റെ കവിതക്കയങ്ങളിൽ
നിന്നെത്തേടിയിറങ്ങുന്നവരെ കണ്ടോ?
പോരാട്ടം സ്പന്ദിച്ച നിന്റെ വരികളിൽ,
നിന്നെ മാത്രം നീ തോൽപ്പിച്ചതെന്തേ?
അന്തിക്കാറ്റിനോട് മിണ്ടിയ ഇടങ്ങളിൽ,
മരണത്തെയെന്തിനു നീതീകരിച്ചു, കവേ ?








