
“അയ്യോ ചേച്ചീ…” സരളയുടെ ഒച്ച കേട്ടുകൊണ്ടാണ് സ്മിത അടുക്കളയിലേക്ക് ചെന്നത്. ചോരയൊലിക്കുന്ന വിരൽ പൊക്കിപ്പിടിച്ചു കൊണ്ടാണ് നിൽപ്പാണ് സരള.
“എന്തു പറ്റി സരളേ”
“ഉള്ളി അരിഞ്ഞതാ.. “
“നല്ല മുറിവാണല്ലോ. ഇത് ഡ്രസ്സ് ചെയ്യേണ്ടി വരും. വാ,നമുക്ക് താഴെയുള്ള ക്ലിനിക്ക് വരെ പോയി വരാം.” മുറിവ് തുണികൊണ്ട് കെട്ടിക്കൊണ്ട് സ്മിത പറഞ്ഞു.
“വേണ്ട ചേച്ചി.. സാരമില്ല, തന്നെ കരിഞ്ഞോളും. രാവിലെ കറികളൊന്നും വച്ചിട്ടുമില്ല”
“അതു കുഴപ്പമില്ല നീ വാ ..”
സ്മിത, സ്കൂട്ടറിൻ്റെ താക്കോലെടുത്ത് പുറത്തിറങ്ങി. നേരം വെളുത്തു വരുന്നതേ ഉണ്ടായിരുന്നുള്ളു. മലയിൽ നിന്നിറങ്ങി വന്ന കാറ്റിന് മഞ്ഞിൻ്റെ മണമുണ്ടായിരുന്നു.
“ഇത് മാംസം പൂളിപ്പോയല്ലോ .. ഏതോ മനോരാജ്യം കണ്ടോണ്ടാരുന്നോ ഉള്ളി അരിഞ്ഞത് ” നേഴ്സിൻ്റെ ചോദ്യത്തിനു മുന്നിൽ സരള നിശ്ശബ്ദയായി.
“അതെ ഈയിടെയായി നിനക്ക് അശ്രദ്ധ അല്പം കൂടുതലാണ്. എന്തെങ്കിലും പ്രശ്നമുണ്ടോ സരളേ?”
തിരിച്ചുപോരുമ്പോൾ സ്മിത ചോദിച്ചു.
“ഒന്നുമില്ല ചേച്ചി ” കാറും കോളും കൊണ്ട മനസ്സിൽ നിന്ന് ഞെരുങ്ങി വീണ വാക്കുകളിൽ നിന്ന് തെറിച്ച കണ്ണീർ സ്മിത കണ്ടില്ല.
അടുക്കളയിൽ പണി തുടരുന്നതിനിടയിലും സരളയുടെ മനസ്സ് വിങ്ങിക്കൊണ്ടിരുന്നു. പത്താമത്തെ വയസ്സിൽ അമ്മയുടെ കൂടെ തൊണ്ടു തല്ലാനിറങ്ങിയതാ..
“ജാന്വേ, പെങ്കൊച്ചിനെ സ്കൂളിൽ വിടാണ്ട് തൊണ്ട് തല്ലിക്കുവാന്നോ?” ജഗദമ്മ ടീച്ചർ തൊണ്ടു തല്ലുന്നിടത്തു നിന്ന് എത്ര തവണ പിടിച്ചു കൊണ്ടുപോയിട്ടുണ്ട്.
“അവൾ സ്കൂളീന്ന് വന്നിട്ട് നിന്നെ സഹായിക്കട്ടെ. അവൾ സ്കൂള് മൊടക്കല്ലേ ജാന്വേ… ഇനീ അവളെ പിടിച്ചോണ്ടു പോവ്വാൻ ഞാൻ വരില്ല.”ഒടുവിൽ അമ്മ വഴങ്ങി. തൊണ്ടിൻകറ പുരണ്ട പെറ്റിക്കോട്ട് മാത്രമായിരുന്നു, അന്ന് വേഷം. അഴുകിയ തൊണ്ടിൻ്റെ മണമല്ലാതെ ഒരു ഗന്ധവും തിരിച്ചറിഞ്ഞിരുന്നില്ല. ടീച്ചറിൻ്റെ കിണറ്റിലെ തണുത്ത വെള്ളം ദേഹത്ത് കീറിയ ചാലുകളിൽ ലൈഫ്ബോയ് സോപ്പ് പതഞ്ഞുപൊങ്ങി. ടീച്ചറിൻ്റെ മകൾ വീണയുടെ പഴയ പാവാടയും ബ്ലൗസും എനിക്ക് ഒട്ടും പാകമായിരുന്നില്ല. വീണ ഒമ്പതാം ക്ലാസ്സിലായിരുന്നു, ഞാൻ അഞ്ചിലും. ഒമ്പതാം ക്ലാസ്സിൻ്റെ ശരീരദൂരം തേടി ബ്ലൗസ് എൻ്റെ നെഞ്ചിൽ അസ്വസ്ഥമായി ഇളകിയാടി.
പത്താം ക്ലാസ്സിലെ പരീക്ഷ കഴിഞ്ഞ് നിൽക്കുന്ന കാലത്താണ് ചെല്ലപ്പൻ മൊതലാളിയുടെ റാട്ട്പുരയിൽ അമ്മയുടെ കൂടെ കയർ പിരിക്കാൻ പോയിത്തുടങ്ങിയത്. കയറിൻ്റെ പണി കഴിഞ്ഞാൽ ടീച്ചറിൻ്റെ വീട്ടിൽ എത്തും. അവിടുന്ന് അത്താഴം കഴിച്ചതിനു ശേഷമേ വീട്ടിലേക്ക് പോയിരുന്നുള്ളൂ. ആ വർഷമാണ് ടീച്ചർ റിട്ടയർ ചെയ്തത്. ജഗദമ്മ ടീച്ചറാണ് പുസ്തകങ്ങൾ വായിക്കാൻ തന്നത്. ടീച്ചറിൻ്റെ വീട്ടിലെ ചെടികൾ എന്നും പൂവിട്ടു നിന്നിരുന്നു. കയർപണി ഉണ്ടായിരുന്നെങ്കിലും ദിവസങ്ങൾക്ക് ഒട്ടും ഭാരമില്ലാതെ കടന്നുപോയി. സന്ധ്യയ്ക്ക് വിളക്ക് വച്ചതിനു ശേഷം ടീച്ചറിനു വേണ്ടി പുസ്തകങ്ങൾ വായിച്ചുകൊ ടുക്കുമായിരുന്നു. അങ്ങനെയാണ് പുസ്തകങ്ങളുമായി ചെങ്ങാത്തമുണ്ടായത്. സി. രാധാകൃഷ്ണൻ, മുകുന്ദൻ, മലയാറ്റൂർ, മാധവിക്കുട്ടി തുടങ്ങി എത്രയെത്ര എഴുത്തുകാ
രുടെ പുസ്തകങ്ങൾ.
പൂക്കൾക്ക് ഭംഗിയുണ്ടായിരുന്ന കാലം. ശലഭങ്ങളോട് കളി പറഞ്ഞിരുന്ന കാലം. കാറ്റിലും മഴയിലും സന്ധ്യകളിലും നിറഞ്ഞു നിന്ന കഥയും കവിതയും തെരഞ്ഞു പോയ മനസ്സ്, സ്വപ്നങ്ങൾ നെയ്യാൻ പഠിച്ചു. പുസ്തകങ്ങളിലെ കഥാപാത്രങ്ങളിൽ, സംഭാഷണങ്ങളിൽ മനസ്സുടക്കി നിന്നു. റാട്ടിൽ കയർ പിരിക്കുമ്പോഴും മനസ്സ് പാറി നടന്നു. പത്താം ക്ലാസ്സിലെ റിസൾട്ട് വന്നു. ജയിച്ചു. തുടർന്ന് പഠിക്കാൻ നിർവ്വാഹമില്ലായിരുന്നു. ടീച്ചറും നിർബന്ധിച്ചില്ല.
ചെല്ലപ്പൻമൊതലാളിയുടെ കൈക്കാരനായി റാട്ടുപുരയിൽ പുതുതായി വന്ന മലനാട്ടുകാരൻ വാസുവിനെക്കാൾ മെച്ചപ്പെട്ട ആൺതുണ തനിക്ക് ആഗ്രഹിക്കാനാവില്ലായിരുന്നു.ഒരു ദിവസം വൈകുന്നേരം കയർപിരി കഴിഞ്ഞ് പിരിയാൻ നേരത്ത് അമ്മയെ അടുത്തേക്ക് വിളിച്ച് ചെല്ലപ്പൻ മൊതലാളി പറഞ്ഞു.
“ജാന്വേ.. വാസു ഇത്തിരി കള്ളുകുടിക്കുവെങ്കിലും അദ്ധ്വാനിയാ .. നിൻ്റെ പെണ്ണിന് നാഴിയരിക്ക് മുട്ടൊണ്ടാവത്തില്ല. പിന്നെ നിൻ്റെ കെട്ടിയോൻ ചത്തിട്ട് കാലമൊത്തിരി ആയില്ലേ. നീ തന്നെ തൊഴഞ്ഞാൽ എവിടെത്താനാ?”
“എന്നാലും മൊതലാളീ… അവള് കൊച്ചല്ലേ … അവന് പത്തു മുപ്പത് വയസ്സായില്ലേ”
“ഒന്നും പെറ്റാ പിന്നെ പ്രായത്തിലൊന്നും ഒരു കാര്യോല്ല, ജാന്വേ… നീയങ്ങ് സമ്മതിക്ക് “
എന്നോട് ആരും സമ്മതം ചോദിച്ചില്ല. അതിൻ്റെ ആവശ്യം ഉള്ളതായി ആർക്കും തോന്നിയില്ല. എൻ്റെ യൗവ്വനം പല്ലനയാറ്റിൻ്റെ തീരത്തു നിന്ന് മലനാട്ടിലേക്ക് പറിച്ചു നട്ടു. ഓല ഒടിച്ചുകുത്തിയ ഒറ്റമുറിയിലെ തഴപ്പായയിലായിരുന്നു, ആദ്യരാത്രി. ഓർക്കുമ്പോൾ ഇപ്പോഴും മനംപുരട്ടുന്നു. മനസ്സിലെ പൂമ്പാറ്റകൾ ചിറകറ്റു വീണ രാത്രി . പിറ്റേന്ന് രാവിലെ തന്നെ വീട്ടുവേലയ്ക്കായി സരളച്ചേച്ചിയുടെ വീട്ടിൽ വാസു കൊണ്ടുവിട്ടതാണ്. ഒരിക്കൽപ്പോലും അയാളോട് , പ്രേമം തോന്നിയിട്ടില്ല. കള്ളു കുടിച്ചിട്ട് വന്ന് അയാൾ രാത്രികളിൽ എന്നെ ബലാൽസംഗം ചെയ്തു. തല്ലു കൊള്ളാത്ത ദിവസങ്ങളില്ലായിരുന്നു. എപ്പഴോ ഞാൻ ഗർഭിണിയായി. ഗർഭകാലത്ത് അയാൾ എന്നെ തല്ലിയിട്ടില്ല. അപ്പോൾ അയാൾക്ക് എന്നോട് അല്പം കാരുണ്യം തോന്നിയിരിക്കാം.
ആൺകുട്ടി ജനിക്കാത്തത് എൻ്റെ കുറ്റമായി കണ്ട് അയാൾ സ്ഥിരമായി എന്നെ തല്ലുകയും ശകാരിക്കുകയും ചെയ്തു. എങ്കിലും ലതിക ഉണ്ടായതിനു ശേഷം എനിക്ക് ജീവിതത്തിന് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. സ്മിതച്ചേച്ചിയുടെ ഭർത്താവ് പ്രകാശ് സാറിന് തിരുവനന്തപുരത്തിന് സ്ഥലം മാറ്റം കിട്ടിയപ്പോഴാണ് ഞങ്ങളും അവരുടെ കൂടെ തിരുവനന്തപുരത്തിനു വന്നത്. സമിതച്ചേച്ചിയും തിരുവനന്തപുരത്തിന് ട്രാൻസ്ഫർ വാങ്ങി. അവർ താമസിക്കുന്ന വീടിൻ്റെ പോർച്ചിനോട് ചേർന്നുള്ള പഴയ ഒരുരണ്ടുമുറി വീട്ടിലായിരുന്നു ഞങ്ങളുടെ താമസം. നഗരജീവിതം വാസുവിന് സഹിക്കാനായില്ല. കള്ളുകുടിച്ച് തോന്നിയതുപോലെ നടക്കാനും എന്നെ ചീത്ത വിളിക്കാനും തല്ലാനുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ട വാസു, കൂട്ടിലടച്ച കിളിയെപ്പോലെ പിടഞ്ഞു. തിരികെ നാട്ടിൽ പോകണമെന്നു പറഞ്ഞ് എന്നോട് എന്നും വഴക്കുണ്ടാക്കി. പ്രകാശ് സാറിൻ്റെ ശുപാർശപ്രകാരം മാരിഗോൾഡ്, എസ്.എഫ്.എസ് എന്നീ ഫ്ലാറ്റു സമുച്ചയങ്ങളിൽ ചില്ലറ ജോലി ചെയ്യാനുള്ള അവസരം അയാൾക്ക് കിട്ടി. വലിയ അദ്ധ്വാനമില്ലാതെ കാശു കിട്ടിത്തുടങ്ങിയപ്പോൾ നാട്ടിൽ പോകുന്ന കാര്യം അയാൾ മറന്നു. കിട്ടിയ കാശു കൊണ്ട് അയാൾ കള്ളു കുടിച്ച് ജീവിതം ആഘോഷിച്ചു. ആരോടും ഒന്നിനോടും സ്നേഹവും കൂറുമില്ലാത്ത മനുഷ്യരുണ്ടാകുമോ? അയാൾ അങ്ങിനെയായിരുന്നു. രണ്ടു വർഷത്തിനു മുൻപ് ഒരു റോഡപകടത്തിൽ വാസു കൊല്ലപ്പെട്ടു. മദ്യപിച്ച് ലക്കില്ലാതെ റോഡു മുറിച്ചുകടന്നപ്പോൾ ഏതോ വാഹനം ഇടിച്ചതാണ്. വാഹനം കണ്ടെത്താനായില്ല. അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. അന്ന് ലതികയുടെ പത്താം ക്ലാസ്സ് പരീക്ഷ തീരുന്ന ദിവസമായിരുന്നു. അവൾ കരഞ്ഞില്ല. ഓർത്തു കരയാൻ നല്ല ഓർമ്മകളൊന്നും അവൾക്ക് അച്ഛൻ നൽകിയിരുന്നില്ല എന്നതാണ് സത്യം. പ്ലസ്ടുവിന് ബയോളജി വേണമെന്നും നേഴ്സിംഗ് പഠിക്കണമെന്നും അവൾ പറഞ്ഞപ്പോൾ പ്രകാശ് സാറും സ്മിതച്ചേച്ചിയും സമ്മതം മൂളി. നേഴ്സിംഗ് നല്ല ജോലിയാണെന്ന് അവരും പറഞ്ഞു. എൻ്റെ മകൾക്ക് ഒരു ഭാവി ഉണ്ടാകുമല്ലോ എന്നോർത്തപ്പോൾ വലിയ ആശ്വാസവും സന്തോഷവും തോന്നി. നഗരത്തിലെ ഒരു സർക്കാർ സ്കൂളിൽ അവൾ പ്ലസ്സ്ടുവിന് ചേർന്നു.
ജീവിതം ശാന്തമായ ഒരു താളത്തിൽ ഒഴുകാൻ തുടങ്ങി. ചെടികളിൽ പൂക്കൾ വിടർന്നുനിൽക്കുന്നതും മഴ ചാഞ്ഞു പെയ്യുന്നതും കാണാൻ ഞാൻ സമയം കണ്ടെത്തി.
ഒരു ദിവസം രാവിലെ ഒമ്പത് മണിയായിട്ടും ലതിക എഴുന്നേറ്റില്ല. അവളെ വിളിച്ചപ്പോൾ സുഖമില്ലെന്നും വയറുവേദനയാണെന്നും പറഞ്ഞു. ആശുപത്രിയിൽ പോകാമെന്നു പറഞ്ഞപ്പോൾ വേണ്ടായെന്നും ഉറങ്ങിയാൽ മതിയെന്നും അവൾ പറഞ്ഞപ്പോൾ മറ്റൊന്നും ആലോചിക്കാതെ ഞാൻ തിരികെ സ്മിതച്ചേച്ചിയുടെ വീട്ടിലേക്ക് പോയി. ഉച്ചയ്ക്ക് നോക്കിയപ്പോഴും അവൾ ഉറക്കം തന്നെ. അവൾക്കുള്ള ആഹാരം വിളമ്പി വച്ചിട്ട് ഞാൻ തിരികെ വന്നു. രാത്രിയിൽ ആഹാരം കഴിക്കാൻ വിളിച്ചപ്പോൾ അവൾ മുറിയിൽ നിന്ന് ഇറങ്ങി വന്നു. മുഖം വിളർത്തും വീർത്തുമിരിക്കുന്നു. അവളുടെ നെറ്റിയിൽ ഞാൻ കൈവച്ചു നോക്കി. ചൂടില്ല. അവൾ എൻ്റെ കൈ പെട്ടെന്ന് എടുത്തു മാറ്റി.
“എനിക്ക് ഒന്നുമില്ല. വയറുവേദനയാരുന്നു.അത് മാറി. ” അത്രയും പറഞ്ഞ് അവൾ ചോറ് കഴിക്കാൻ തുടങ്ങി.
അവളിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്. ഈയിടെയായി ഒന്നും സംസാരിക്കുന്നില്ല. എന്തോ പ്രശ്നം അവളെ അലട്ടുന്നുണ്ട്. അവൾ വല്ല പ്രണയത്തിൽ പെട്ടോ? എന്താണ് അവളെ ഇത്രയും ബുദ്ധിമുട്ടിക്കുന്നത്? എനിക്ക് വിഷമമായി.
“മോളേ നെനക്ക് എന്തേലും പ്രശ്നമുണ്ടോ? എന്താ നീ ഇങ്ങനെ ക്ഷീണിച്ചിരിക്കുന്നത്? നിൻ്റെ മുഖത്ത് എന്തു പ്രസരിപ്പായിരുന്നു?” അവൾ മിണ്ടിയില്ല.
ഞാൻ അവളുടെ അടുത്ത് ചെന്നിരുന്നു.
“അമ്മയോട് പറ എന്തു പ്രശ്നമായാലും അമ്മയോട് പറ”
“ഇതെന്തൊരു ശല്യമാ… എനിക്കൊരു പ്രശ്നോമില്ല. സ്വസ്ഥത തന്നാ മതി” അവളുടെ തോളിൽ നിന്ന് എൻ്റെ കൈ തട്ടിമാറ്റി അവൾ എഴുന്നേറ്റ് പോയി.
എൻ്റെ കണ്ണുകൾ നിറഞ്ഞു. അവളുടെ വിഷമം എന്നോട് പറയാതിരിക്കാൻ മാത്രം ഞാൻ അവൾക്ക് അന്യയായിപ്പോയോ എന്ന ചിന്ത എന്നെ അലട്ടി. മകൾ ഈയിടെയായി കൂടുതൽ സംസാരിക്കുന്നില്ല, സ്കൂളിൽ നിന്ന് വന്നാൽ മുറിയിൽ നിന്ന് പുറത്തിറങ്ങുന്നില്ല തുടങ്ങിയ സംഗതികൾ മനസ്സിൽ പടർന്നു കയറി. ആ രാത്രിയിൽ എനിക്കുറക്കം വന്നില്ല. വെറും മുപ്പത്തിയേഴു വയസ്സിൽ ഞാൻ ഏറെ വയസ്സിയായി. മക്കൾ മാനസികമായി അകലുമ്പോൾ മാതാപിതാക്കൾക്ക് പെട്ടെന്ന് വയസ്സാകുന്നു. ഉള്ളുരുക്കത്തിൻ്റെ ആഴങ്ങളിൽ ഞാൻ നിലയില്ലാത്തവളായി. പിറ്റേന്ന് എക്സ്ട്രാ ക്ലാസ്സ് രാവിലെ 7 മണിക്ക് തന്നെ മകൾ സ്കൂളിലേക്ക് പോയി.
സ്മിതച്ചേച്ചിയുടെ അടുക്കളയിൽജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഫോൺ ബെല്ലടിച്ചത്.ഉച്ചയ്ക്ക് 12.30 മണിയായിക്കാണും. വേഗം ഫോൺ എടുത്തു.
“ഹലേ “
“ലതികേടെ അമ്മ സരളയല്ലേ “
“അതെ “
“ഇത് പിങ്ക് പോലീസീന്നാ. നിങ്ങൾ വഞ്ചിയൂർസ്റ്റേഷൻ വരെയൊന്ന് വരണം “
“എന്താ സാറേ “
“നിങ്ങൾ വരൂ…. താമസിക്കരുത്.”
“വരാം, സാറേ … “
മകൾ എന്തെങ്കിലും പ്രശ്നമുണ്ടാക്കിയോ?ഉ ളളിലൂടെ ഒരു വെള്ളിടി കടന്നു പോയി.
പെട്ടെന്ന് അവളുടെ ക്ലാസ്സ് ടീച്ചറിനെ വിളിച്ചു. ലതിക മൂന്നു ദിവസമായി ക്ലാസ്സിൽ വരുന്നില്ലെന്നും കഴിഞ്ഞയാഴ്ചകളിലും ചില ദിവസങ്ങളിൽ ക്ലാസ്സിലെത്തിയിട്ടില്ലെന്നും ടീച്ചർ പറഞ്ഞു. ഉള്ളിലൂടെ ഒരു വെള്ളിടി കടന്നു പോയി.
“വിവരം ഞാൻ സരളയെ വിളിച്ചു പറയാൻ ഇരിക്കയായിരുന്നു. എന്താ അവൾക്കു സുഖമില്ലേ ” ടീച്ചറിൻ്റെ ചോദ്യം കാതിൽ തുളച്ചു കയറി.
“അവൾക്ക് നല്ല സുഖമില്ലായിരുന്നു. ഞാൻ സ്കൂളിലോട്ട് വരാം, ടീച്ചർ. വേറൊരു കാൾ വരുന്നു. ഞാൻ വിളിക്കാം ടീച്ചർ ” അവരുടെ സമ്മതം ചോദിക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു.
അവൾ സ്കൂളിൽ പോകാതെ പിന്നെവിടെ പോയി. അവൾ ഈയിടെയായി താമസിച്ചെഴുന്നേൽക്കുന്നത്, വിളറിയിരിക്കുന്നത്, നിശ്ശബ്ദയായത്, തന്നോട് അകൽച്ച കാണിക്കുന്നത്, മുറിയിൽ ഒറ്റയ്ക്കിരിക്കുന്നത് … എല്ലാമെല്ലാം മനസ്സിൽ തെളിഞ്ഞു വന്നു.
ദൈവമേ, പോലീസ് വിളിച്ചത് എന്തിനാവാം? ഞാൻ നിന്ന നിൽപ്പിൽ വിയർത്തുപോയി .
ചേച്ചിയെ വിളിച്ചു പറയണോ? മോളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് കഴിഞ്ഞയാഴ്ചയും കൂടി ചേച്ചി പറഞ്ഞതേയുള്ളൂ.
“ചേച്ചീ … ഞാൻ മോൾടെ സ്കൂളി വരെ പോവ്വാ. അവിടെ വരെ ചെല്ലാൻ ടീച്ചർ വിളിച്ചു. പോയിട്ട് ഉടനെ വരാം”
“ശരി,പോയിട്ടു വാ “
ഫോൺ വയ്ക്കുമ്പോൾ മനസ്സ് ഉലഞ്ഞിരുന്നു.
“നിങ്ങൾക്ക് ഒരുത്തരവാദിത്തവുമില്ലേ … അമ്മയാന്നും പറഞ്ഞ് നടക്കുന്നു. ങ്ഹും.. മോള് മയക്കുമരുന്നടിച്ചും കണ്ട ആമ്പിള്ളാരുടെ കൂടെ കറങ്ങിയും അഴിഞ്ഞാടുന്നു. നിങ്ങളെന്തൊരു തളളയാ…നിങ്ങൾക്കാ തല്ലു തരേണ്ടത് ” വനിതാപോലീസുകാരിയിലെ അമ്മ ദേഷ്യം കൊണ്ടു. എൻ്റെ കണ്ണിലിരുട്ടു കയറി. ഞാൻ മകളുടെ മുഖത്തേക്ക് നോക്കി. അവൾക്ക് യാതൊരു കൂസലുമില്ല.
“മങ്ങാട്ടുപറമ്പ് പാലത്തിൻ്റെ താഴെ വൃക്ഷത്തിൻ്റെ മറവിൽ ഒരാണും പെണ്ണും നഗ്നരായി കിടക്കുന്നുവെന്ന് നാട്ടുകാരാ വിളിച്ചു പറഞ്ഞത്. ചെന്നു നോക്കിയപ്പോൾ മരുന്നടിച്ചു കിടക്കുവാ.” വനിതാപോലീസുകാരി തുടർന്നു.
“എടീ.. “എൻ്റെ സകല നിയന്ത്രണവും വിട്ടു. എൻ്റെ ദേഷ്യവും നിരാശയും മകളുടെ കവിളിൽ വീണു പൊള്ളി.
ഞാനലറിയോ…. അറിയില്ല. വനിതാപോലീസ് എന്നെ പിടിച്ചു മാറ്റി. അടിയേറ്റ കവിളിൽ കൈവച്ചു കൊണ്ട് മകൾ എൻ്റെ നേരെ നോക്കിയ നോട്ടം! ആ ഒറ്റ നോട്ടത്തിലൂടെ അവൾ എന്തൊക്കെയോ അറുത്തെറിയുകയായിരുന്നുവെന്ന കാര്യം ഞാൻ ഏറെ കഴിഞ്ഞാണ് മനസ്സിലാക്കിയത്.
“ഇവിടെ വച്ചു തല്ലണ്ട ” വീണ്ടും അടിക്കാൻ ഞാൻ കൈയോങ്ങിയപ്പോൾ വനിതാ പോലീസ് തടഞ്ഞു.
“അല്ല സാറേ… അവളുടെ നോട്ടം കണ്ടോ? ഞാൻ വീട്ടുവേലയ്ക്കു നിന്നാ അവളെ വളത്തുന്നേ… അച്ഛനില്ലാത്ത കുഞ്ഞാ… എനിക്കാകെയുള്ള സ്വത്താ, അവൾ …..”
ഞാൻ കരഞ്ഞുപോയി.
അവളുടെ അടുത്ത് നിൽക്കുന്ന യുവാവിനെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഇരുപത് വയസ്സ് ഉണ്ടാവും. അവൻ്റെ ചുവന്നു കുറുകിയ കണ്ണിൽ അസ്തമയ സൂര്യൻ എരിഞ്ഞു താഴുന്നു. സമസ്ത ലോകങ്ങളോടുമുള്ള ദേഷ്യവും പുച്ഛവും തിളച്ചുമറിയുന്നു. എണ്ണമയമില്ലാത്ത മുടി ധിക്കാരത്തിൻ്റെ പുതിയ മാനങ്ങൾ തേടി ആകാശത്തെ വെല്ലുവിളിക്കുന്നു. ഞാൻ അവൻ്റെ അടുത്തേക്ക് നീങ്ങി. അടുത്ത ക്ഷണത്തിൽ എൻ്റെ ഉള്ളകം തീ പിടിച്ചു. രക്തക്കുഴലുകൾ പൊട്ടി. അവൻ്റെ കഴുത്തിൽ എൻ്റെ കൈകൾ അമർന്നു. തൊണ്ടക്കുഴിയിൽ തള്ളവിരലുകൾ അവൻ്റെ ശ്വാസം തിരഞ്ഞ് ആഴത്തിൽ വിറകൊണ്ടു.
“നിന്നെ ഞാൻ കൊല്ലുമെടാ കഴുവേറിമോനേ…. എൻ്റെ കുഞ്ഞിനെ നീ…”
എൻ്റെ അലർച്ചയിൽ പോലീസ് സ്റ്റേഷൻ നടുങ്ങിയത്രെ. മൂന്നു പോലീസുകാർ പിടിച്ചുമാറ്റിയിട്ടും, ജീവിതം പൊട്ടിച്ചിതറിയ ഒരമ്മയുടെ പ്രതികാരാഗ്നി ശമിപ്പിക്കാനായില്ല. ഒടുവിൽ നിലവിളിയിൽ കുതിർന്നു ഞാൻ കുഴഞ്ഞു വീണു. പോലീസുകാർ എന്നെ താങ്ങി കസേരയിൽ ഇരുത്തി.
ഏറെ നേരം കണ്ണിൽ നിന്ന് തീവെള്ളമൊഴുകി.
“വന്നതു വന്നു. ഇനിയും നോക്കിയാൽ മതി.” വനിതാ പോലീസ് എൻ്റെ തോളിൽ പിടിച്ചു. ഞാൻ ദീർഘമായി നിശ്വസിച്ചു.
“കേസാക്കല്ലേ,സാറേ.. എൻ്റെ മോളെ ഞാൻ നല്ലതുപോലെ നോക്കിക്കോളാം. എനിക്ക് വേറെ ആരും ഈ ലോകത്തിൽ ഇല്ല.” സ്റ്റേഷൻ എസ്. എച്ച്.ഒ യുടെ മുൻപിൽ ഞാൻ തൊഴുതു.
എസ്.എച്ച്.ഒ സഫദ് ആലോചനയിലായി. ഒരമ്മയുടെ കണ്ണുനീർ അയാളെ ഉലച്ചുകളഞ്ഞെന്നു തോന്നി.
“ജാമ്യം എഴുതി വെച്ച് വിട്ടേക്കൂ ജയദേവ്.. ” എ. എസ്.ഐ ജയദേവിനോട് എസ്.എച്ച്.ഒ വിളിച്ചു പറഞ്ഞു.
“ഇനിയും നിന്നെ എൻ്റെ കൈയിൽ കിട്ടിയാൽ പിന്നെ നീ ജയിലിന്ന് എറങ്ങില്ല. ഇപ്പം പൊക്കോ ” ചെറുപ്പക്കാരനു നേരെ കണ്ണുരുട്ടിക്കൊണ്ട് എസ്.എച്ച്.ഒ സഫദ് ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞു. എ.എസ് ഐ ജയദേവ് രജിസ്റ്ററിൽ എഴുതി അഫ്സൽ മുഹമ്മദ് വയസ്സ് 20 s/o പീർ മുഹമ്മദ് കണ്ടശ്ശാങ്കടവ് വീട്, വലിയതുറ എന്നയാളെ തിരുവനന്തപുരം കോർപ്പറേഷനിൽ TC No4/93, അന്നൂർ ലെയിൻ, പേരൂർക്കടയിൽ വാടകയ്ക്ക് താമസം വാസു മകൻ സരളയുടെ ആൾ ജാമ്യത്തിൽ….
“അയ്യോ, സാറേ… എൻ്റെയോ? എനിക്കിവനെ അറിയില്ല. എൻ്റെ മോളേ നശിപ്പിച്ചവനാ ഇവൻ …”
ഞാൻ ഒച്ചവച്ചു.
“അവൻ്റെ ബാപ്പയെ വിളിച്ചു പറഞ്ഞപ്പം അങ്ങേർക്ക് ഇങ്ങനൊരു മോനില്ലെന്നാ അയാളു പറഞ്ഞത്. ആർക്കും വേണ്ടാത്ത അലവലാതിയാ ഇവൻ .. പിന്നെ ജാമ്യച്ചീട്ടിൽ നിങ്ങളുടെ പേര് എഴുതിയത് ഒരു ഫോർമാലിറ്റിക്കാ… നിങ്ങക്ക് ഒരു കൊഴപ്പവുമൊണ്ടാവില്ല” എ.എസ്.ഐ പറഞ്ഞതു കേട്ട് ഞാൻ വെളിയിലിറങ്ങി.
അവർ കഴുത്ത് തടവിക്കൊണ്ട് എന്നെ രൂക്ഷമായി നോക്കുന്നുണ്ടായിരുന്നു.
ഞാൻ സ്റ്റേഷനിൽ നിന്നിറങ്ങി.
“വാടീ പോകാം.”
അവൾ എൻ്റെ മുൻപിൽ നടന്നു. ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കവെ അഫ്സൽ ബൈക്കിൽ അവിടെയെത്തി. മകൾ പെട്ടെന്ന് അവൻ്റെ ബൈക്കിൻ്റെ പിറകിൽ കയറി.
“എടീ… ഇറങ്ങെടീ..”
ഞാൻ അവളുടെ കയ്യിൽ കടന്നുപിടിച്ചു. അവൾ എന്നെ ശക്തിയോടെ തള്ളിമാറ്റി.
“നിങ്ങടെ കൂടെ ഇനി ഞാൻ ജീവിക്കില്ല.
ഞാൻ ഗർഭിണിയാ… അഫ്സലിൻ്റെ കൂടെ പോവ്വാ…. “
ഞാൻ തകർന്നു പോയി.
“മോളേ… ” ഞാൻ അവളുടെ കയ്യിൽ വീണ്ടും പിടിച്ചു. എൻ്റെ ശബ്ദം ദയനീയമായി. ഉള്ളിൽ ഒരു കടലിളകി. കണ്ണുകളിൽ വേലിയേറ്റങ്ങളുണ്ടായി.
അടുത്ത ക്ഷണത്തിൽ ശക്തമായ ഒരടി എൻ്റെ കവിളത്തു വീണു. കണ്ണുകളിൽ ഇരുട്ടു കയറി. തല കറങ്ങി.
“ഇതു നീ ഇവളെ അടിച്ചതിന്.. മേലിൽ ഞങ്ങടെ വഴിയിൽ വന്നേക്കരുത്. ഞങ്ങൾ മരുന്നടിക്കും. അതിന് നിനക്കെന്താ .. ഇനിയും ഇതിൻ്റെ പേരിൽ കേസ് കൊടുത്താൽ നിന്നെ റേപ്പ് ചെയ്തു കൊന്നുകളയും.അഫ്സലാ പറയുന്നേ…”
പല്ലടർന്ന് വായിൽ വീണു. തുപ്പി.ചോര.. തല കറങ്ങുന്നു. വീഴാതിരിക്കാൻ വഴിയരികിലെ വൈദ്യുതി തൂണിൽ പിടിച്ചു. ബൈക്ക് വിട്ടുപൊയ്ക്കഴിഞ്ഞിരുന്നു.
എൻ്റെ ദൈവമേ… എൻ്റെ ദേഹം മുഴുവൻ കീറി മുറിഞ്ഞിരിക്കുന്നു. മുറിവുകളിൽ നിന്ന് രക്തം ചാടുന്നു. ഞാൻ തീച്ചൂളയിൽ വീണു കഴിഞ്ഞു. ദേഹമാകെ പൊള്ളിക്കരിയുന്നു. എൻ്റെ ജീവിതം ഒറ്റയടിക്ക് തീർന്നുപോയി. എൻ്റെ ശ്വാസവും സ്വപ്നവും ഇല്ലാതെയായി. ശരീരം തളർന്നു. കാഴ്ചകൾ മങ്ങി. ഒറ്റനിമിഷംകൊണ്ട് ഞാൻ അനാഥയും ഈ ലോകത്തിന് അന്യയുമായി. മനസ്സിൽ കൊടുങ്കാറ്റും സുനാമിയും ആഞ്ഞടിക്കുന്നു. കാഴ്ചകൾ മാറുന്നു. എങ്ങും രക്തവർണ്ണം, തലയോട്ടികൾ.. പാദങ്ങൾ ലക്ഷ്യമില്ലാതെ നീങ്ങുകയാണ്.
“മാറ് …വേഗം ഓടിമാറ് … പ്ലാറ്റ്ഫോമിലേക്ക് കേറൂ… വേഗം.. “ആൾക്കാർ ബഹളം കൂട്ടുന്നു. പിടിച്ചു കയറ്റാൻ കൈകൾ നീളുന്നു. വളരെ അടുത്ത് എൻ്റെ അഭയസ്ഥാനം ഇരച്ചെത്തുന്നു. തൊഴുകൈയോടെ ഞാൻ.. എല്ലാ ബഹളങ്ങളും അവസാനിക്കുന്നു.














