2 ഡി, റിവേർലി ഹൈറ്റ്സ്

എങ്ങോട്ടാണെന്നോ എന്തിനാണെന്നോ അറിയാതെ ആളുകൾ പരക്കം പായുന്ന ഒരു തെരുവിലായിരുന്നു അവൾ. പേരിന്റെ പുറം പൂച്ചിലൊഴുകി സ്വയം ഇല്ലാതായിപ്പോയ ഏതോ നദിയുടെ സിരകളും ശ്വാസവുമായിരുന്നു ആ ആൾക്കൂട്ടത്തിന്. ഉടുപ്പിന്റെയും എടുപ്പിന്റെയും മഷിനിറത്തിൽ മുഖം നഷ്ടപ്പെട്ട മനുഷ്യരൂപങ്ങൾ. ഇവർക്കിനി സ്വന്തം മുഖം തിരിച്ചു കിട്ടുമോ? ആ ചിന്ത അവളെ അസ്വസ്ഥയാക്കി. മണ്ണിൽ നിന്നും പറിച്ചെടുത്ത വേരുകളെ പ്ലാസ്റ്റിക് കൂടുകളിലും ചെടിച്ചട്ടികളിലും എത്ര ഭംഗിയായി അവർ ഒളിപ്പിക്കുന്നു. മണ്ണിലേക്ക് വീണ കാഴ്ചയെ നേരെയാക്കുന്നതിനിടയിലാണ് ഫുട്ട് പാത്തിലൂടെ എതിരെ വന്നയാൾ അവളെ മുട്ടിയത്. കണ്ണുകാണാതെങ്ങാനുമാണോ എന്നു ചിന്തിച്ച് തിരിഞ്ഞു നോക്കാതിരിക്കാൻ കഴിഞ്ഞില്ല.

“ങേ, ഈ മനുഷ്യനെ ഞാനറിയും. ഇതയാളുടെ യഥാർത്ഥ മുഖം തന്നെ. പക്ഷെ ഒന്നും ഓർത്തെടുക്കാനാവുന്നില്ലല്ലോ.”

അപ്പോഴതാ മുട്ടിയിട്ടു പോയയാൾ മടങ്ങി വരുന്നു.

“നീയല്ലേ എന്നെ കാറിടിപ്പിക്കാൻ നോക്കിയ…?” അയാളുടെ ചൂണ്ടുവിരൽ അവളുടെ നേർക്കാണ്.

ഈ ദിക്കിൽ ഇതിനുമുമ്പ് വന്നിട്ടുകൂടിയില്ല. ഇതുവരെ ആരേം കാറിടിപ്പിക്കാൻ നോക്കിയിട്ടുമില്ല. അയാൾക്ക് ആളു മാറിപ്പോയതാകാം.

അല്ല അയാൾ നേരെ മുന്നിൽ വന്നു നിൽക്കുകയാണ്. അന്വേഷിച്ചു നടന്ന ആരെയോ കണ്ടെത്തിയിട്ടെന്ന പോലെ, അവളുടെ കണ്ണിലേക്ക് അത്ഭുതത്തോടെ ഉറ്റു നോക്കുന്നുമുണ്ട്. ഉള്ളിലെ വികാരം മുഴുവൻ ചോർന്നൊലിച്ചിട്ടെന്ന പോലെ ആ കണ്ണുകൾ നിറഞ്ഞു ചുവക്കുന്നു. എങ്കിലും ഒക്കെ മറയ്ക്കാൻ പോന്നവണ്ണം എന്തു പ്രശാന്തതയാണാ മുഖത്ത്.

അവളയാളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

“നോക്കൂ നിങ്ങൾ ഉദ്ദേശിക്കുന്നയാൾ ഞാനല്ല. ഇവിടെ ഞാൻ ആദ്യമായി വരികയാണ്.”

“അല്ല, അത് നീയാണ്. നിന്റെ കണ്ണുകൾ, മുടി, ചുണ്ടുകൾ, നെറ്റി.. എല്ലാം എന്റെ ഓർമ്മയിലുണ്ട്. നിനക്കെന്നോട് ശരിക്കും പ്രണയമായിരുന്നില്ലേ? എന്നിട്ടുമെന്തേ നീയെന്നെ കാത്തു നിന്നില്ല?

മാനസിക വിഭ്രാന്തിയുള്ള ആളായിരിക്കുമോ? അവളൊന്നു ശങ്കിച്ചു. പക്ഷെ കാഴ്ചയിൽ ഒരു കുഴപ്പവുമില്ല. വിവരിക്കാനാവാത്ത ഒരു ചൈതന്യം ആ മുഖത്തുണ്ട്. ഒത്ത ഉയരം, പരന്ന നെറ്റിയിൽ ചരിച്ചു കോതിയൊതുക്കിയ അനുസരണയുള്ള മുടിയിഴകൾ, ഉയർന്ന നാസിക, തീക്ഷ്ണതയൊളിപ്പിച്ച കണ്ണുകൾ.  ഏറെ പരിചയമുള്ള ഒരാളെപ്പോലെ.

“വരൂ..നമുക്കെവിടെങ്കിലും ഇരുന്നു സംസാരിക്കാം” അങ്ങനെ പറയാനാണവൾക്കു തോന്നിയത്. ഇരുന്നു സംസാരിക്കുമ്പോൾ അയാൾക്ക് പറയാനുള്ളത് കേൾക്കാം. ഫ്ലാറ്റിലേക്കുള്ള വഴിയും ചോദിക്കാം. ഫ്ലാറ്റ് ശരിയായാലുടൻ തന്നെ അമ്മയെ ഇങ്ങോട്ട് കൊണ്ടു പോരാമായിരുന്നു. അമ്മയെ നോക്കേണ്ടി വന്നതിന്റെ കണക്കു പറഞ്ഞുള്ള മീരേടത്തിയുടെ പയ്യാരം പറച്ചിൽ അടങ്ങൂല്ലോ.

ഇവിടൊരു പാർക്കുണ്ട് അവിടിരിക്കാം എന്നു പറഞ്ഞ് അയാൾ നടക്കുകയാണ്. പിന്നാലെ അവളും ചെന്നു.

മൂന്നു പേർക്കിരിക്കാവുന്ന ബഞ്ചിൽ ഒരറ്റത്തായി ഇരിക്കാൻ ഇടം കണ്ടെത്തുമ്പോൾ അവളുടെ കണ്ണുകൾ അലസമായി അടുത്തുള്ള പുൽപ്പരപ്പിലേക്ക് നീണ്ടു. മരത്തിൽ നിന്ന് വാലിളക്കി ഒച്ച വെച്ച് ഇറങ്ങിവരുന്ന രണ്ട് അണ്ണാറക്കണ്ണൻമാർ. പുല്ലിനിടയിൽ നിന്ന് കിട്ടിയ കായ്കൾ രണ്ടു കാലിൽ നിന്ന് കരണ്ടു തിന്നുകയാണവ.

അയാൾ അടുത്തെത്തിയപ്പോൾ ഇരിക്കൂ എന്നു പറഞ്ഞ് അവൾ ബെഞ്ചിലെ വിശാലമായ സ്ഥലം ചൂണ്ടിക്കാട്ടി. ഇരിക്കുമ്പോഴും അയാളുടെ നോട്ടം അവളുടെ കണ്ണുകളിലേക്കാണ്. അവിശ്വസനീയമാതെന്തോ കണ്ടിട്ടെന്ന പോലെ രണ്ടു കണ്ണുകളിലേക്കും മാറിമാറി നോക്കുന്നുണ്ട്.

“അതു നീ തന്നെ. അന്ന് ഫ്ലാറ്റിലേക്കു വരുമ്പോൾ വേഗത്തിൽ കാറോടിച്ചു വന്ന് എന്നെ മുട്ടാൻ നോക്കിയവൾ.”

“നോക്കൂ, എനിക്കൊന്നും മനസിലാകുന്നില്ല – അവൾ പറഞ്ഞു- ഇവിടത്തെ പോസ്റ്റോഫീസിലേക്ക് സ്ഥലം മാറി വന്നതാണ് ഞാൻ. ഇന്ന് രാവിലെ ജോയിൻ ചെയ്തതേയുള്ളൂ. ഇനി താമസിക്കാനൊരിടം കണ്ടെത്തണം. അമ്മയെ നാട്ടിൽ ഒറ്റയ്ക്ക് താമസിപ്പിക്കാൻ പറ്റില്ല. ചിലപ്പോൾ എവിടാണെന്നു പോലും നിശ്ചയമില്ലാതെ ഇറങ്ങി നടക്കും. തൽക്കാലം ഒരു ഫ്ലാറ്റു കിട്ടിയാൽ സൗകര്യമായിരുന്നു. പോസ്റ്റ് മാസ്റ്റർ അദ്ദേഹം താമസിക്കുന്ന ഫ്ലാറ്റിൻറെ അഡ്രസ് തന്നിരുന്നു. ഇന്ന് അദ്ദേഹം ലീവായിരുന്നു. രാവിലെ വിളിച്ചപ്പോൾ വൈഫാണ് ഫോണെടുത്തത്. നാല് മണി കഴിഞ്ഞ് ചെന്നാൽ ഒഴിവുള്ള ഫ്ലാറ്റ് കാണിച്ചു തരാമെന്ന് പറഞ്ഞിട്ടുണ്ട്. ഞാൻ അവിടേക്കു പോകാനിറങ്ങിയതാണ്.”

അവൾ പറഞ്ഞു തീരുന്നതിനു മുൻപു തന്നെ അയാൾ എഴുന്നേറ്റു.

“പോസ്റ്റ് മാസ്റ്റർ മി.രബീന്ദ്ര ബിശ്വാസ് അല്ലേ? ഞങ്ങൾ ഒരേ ബിൽഡിങ്ങിലെ താമസക്കാരാണ്. എന്നോടൊപ്പം വരൂ. 2 ഡി ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. അതു തന്നെയാവും അദ്ദേഹം പറഞ്ഞ ഫ്ലാറ്റ്.

അയാൾക്കൊപ്പം നടക്കുമ്പോൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കുന്ന അയാളുടെ കണ്ണുകൾ അവളെ ഭയപ്പെടുത്തിയില്ല. ആ കോമ്പൗണ്ടിൻറെ ഗേറ്റിനുള്ളിലേക്ക് കടന്ന ഉടനേ അയാളൊന്നു നിന്നു. അയാളുടെ പിന്നിൽ തലയുയർത്തി നിക്കുന്ന റിവേർലി ഹൈറ്റ്സ് എന്ന ഫ്ലാറ്റ് സമുച്ചയം.

“ദേ, ഇവിടെ വച്ചാണ് ഞാൻ നിന്റെ കാറിന്റെ മുന്നിൽ നിന്ന് രക്ഷപ്പെട്ടത്.” അയാൾ പറഞ്ഞു.

ലിഫ്റ്റിൽ കൂടെ കയറിയ ആൾക്ക് അവളെ അയാൾ പരിചയപ്പെടുത്തി.

“ഞാൻ താമസിക്കുന്ന ഫ്ലാറ്റിനെതിരെയുള്ള ഫ്ലാറ്റിൽ താമസത്തിനു വന്ന കുട്ടിയാണ്. ശ്വത്വ ജിത് മാർഗ്ഗ് പോസ്‌റ്റോഫീസിൽ പുതിയതായി മാറ്റം കിട്ടിവന്നതാണ്.”

ലിഫ്റ്റിൽ നിന്നുമിറങ്ങി അയാൾക്കൊപ്പം രബീന്ദ്ര ബിശ്വാസിന്റെ ഫ്ലാറ്റിലേക്ക് നടക്കുമ്പോൾ കോറിഡോറിന്റെ ജനലിനരികിലിരിക്കയായിരുന്ന പൂച്ച അവൾ നോക്കുന്നത് കണ്ടിട്ടാവണം പുറത്തേയ്ക്ക് ഒറ്റച്ചാട്ടം. ശക്തിയായി വീശിയ കാറ്റ് തുറന്നു കിടന്ന ജനൽപ്പാളി വലിച്ചടച്ച് തന്റെ സാന്നിധ്യമറിയിച്ചു.

“ഞാനിവിടെ താമസത്തിനു വന്നയന്നാണ് നീ ഇവിടുന്നു പോയത്. അത് നിനക്കെന്നോടുള്ള പ്രണയം ഞാനറിയാതിരിക്കാനായിരുന്നില്ലേ?” അയാൾ ഒച്ചതാഴ്ത്തി പറഞ്ഞു.

എന്തു മറുപടി പറയണമെന്നറിയാതെ അവൾ കുഴങ്ങി. അവളെ പോസ്റ്റ് മാസ്റ്ററുടെ ഫ്ലാറ്റിലെത്തിച്ചിട്ടാണ് അയാൾ   തിരിഞ്ഞു നടന്നത്.

രബീന്ദ്ര ബിശ്വാസിന്റെ ഭാര്യയുടെ സൽക്കാരം സ്വീകരിച്ച് 2 ഡി എന്ന നമ്പറിലുള്ള ഫ്ലാറ്റ് കാണാൻ അവർക്കൊപ്പം പുറത്തേക്കിറങ്ങുമ്പോഴും അവളുടെ ചിന്ത അയാളെക്കുറിച്ചായിരുന്നു. കണ്ണുകൾ അവിടൊക്കെ പരതിയിട്ടും അയാളെ കണ്ടെത്തിയില്ല. ഫ്ലാറ്റ് തുറന്ന് ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ തന്നെ കണ്ടു ചുവരിൽ തൂക്കിയിരിക്കുന്ന ഒരു ചിത്രം. വിടർന്ന കണ്ണുകളും ചുരുണ്ട മുടിയുമുള്ള സുന്ദരി! ഫ്ലാറ്റ് അമ്മയ്ക്കു സുരക്ഷിതമാകുമോ എന്നാണ് ആദ്യം നോക്കിയത്. കുഴപ്പമില്ല, ഫർണിഷിങ് നല്ലതാണ് അപകടകരമായിട്ടൊന്നും തന്നെയില്ല. ഫ്ലാറ്റു കണ്ടിറങ്ങുമ്പോൾ നേരെ എതിരെയുള്ള 2 സി ൽ നിന്ന് അയാളിറങ്ങി വരുന്നു. രബീന്ദ്ര ബിശ്വാസിനോടും ഭാര്യയോടും യാത്ര പറഞ്ഞ് ലിഫ്റ്റിനടുത്തേക്കു നടക്കുമ്പോൾ അയാളുമുണ്ടായിരുന്നു കൂടെ. അതുവരെയുണ്ടായ അപരിചിതത്വമെല്ലാം മറന്നിട്ടെന്നപോലെ

അയാൾ ആ കഥ പറഞ്ഞു തുടങ്ങി.

“ഭാര്യയുടെ മരണശേഷം ഈ ഫ്ലാറ്റിൽ ആദ്യമായ് താമസിക്കാൻ വന്ന അന്നാണ് ആ സംഭവമുണ്ടായത്. നിയന്ത്രണം വിട്ടു വന്ന ആ കാറിൽ അവളായിരുന്നു. അതെന്റെ ദേഹത്ത് ശരിക്കും മുട്ടിയതാണ്. പിന്നെങ്ങനെ രക്ഷപ്പെട്ടു എന്നറിയില്ല . ഞാനവളെ വ്യക്തമായി കണ്ടു. രഹന, അവളുടെ വേഷം, കണ്ണുകൾ അതൊക്കെ ഇപ്പോഴും നല്ല ഓർമ്മയുണ്ട്.

അന്ന് വൈകിട്ട് ഒരു പുസ്തകം വായിച്ചിരിക്കുമ്പോഴാണ് ആ ശബ്ദം കേട്ടത്. ഒരാൾ അവളുടെ വാതിലിൽ മുട്ടി വിളിക്കുന്നു. അവൾ തുറന്നില്ല. സഹപ്രവർത്തകനാണെന്നും അവളുമായി അടുപ്പത്തിലാണെന്നും അയാൾ പറഞ്ഞു. അന്നവർ തമ്മിൽ പിണങ്ങിയത്രേ.

മടങ്ങിപ്പോയിട്ട് ഒരു മണിക്കൂർ കഴിഞ്ഞ് അയാൾ വീണ്ടും വന്നു. അപ്പോഴും തുറക്കാതായപ്പോഴാണ് പോലീസിൽ അറിയിച്ചത്. പോലീസെത്തി തുറന്നു നോക്കുമ്പോൾ ഞാനവളെ വീണ്ടും കണ്ടു. അപ്പോഴും അവളെന്നെ മാത്രമാണ് നോക്കിയത്. ശരീരം വിട്ടെങ്കിലും അവളെങ്ങും പോയിട്ടില്ല. ഇവിടെത്തന്നെയുണ്ട്. എന്നെ വിട്ടു പോകാൻ അവൾക്കാവില്ല.”

അതു പറയുമ്പോൾ അയാളുടെ കണ്ണുകളിലെ പ്രകാശം അവളുടെ ഹൃദയത്തിലേക്ക് പ്രവഹിക്കുകയായിരുന്നു.

കഥ കേട്ടു കഴിഞ്ഞ് ലിഫ്റ്റിൽ  താഴേക്ക് ഇറങ്ങുമ്പോൾ അവളാകെ വിവശയായിത്തീർന്നു. മൂടൽമഞ്ഞിനുള്ളിലകപ്പെട്ട പ്രതീതി. ചുറ്റും മേഘം കൊണ്ടു കാഴ്ച മറയ്ക്കപ്പെടുന്നു. പുകമറയൊഴിഞ്ഞ് വെളിച്ചമെത്തുമ്പോൾ മറ്റൊരു ലോകത്ത് എത്തിപ്പെട്ടതു പോലെ. അവ്യക്തമായ ചില ഓർമകൾ തന്നെ പിന്നിലേക്ക് വലിക്കുകയാണ്. അതെ…..മുമ്പ് ഞാനിവിടെ വന്നിട്ടുണ്ട്.

പരിചയമുള്ള കുറെ മുഖങ്ങളുണ്ടിവിടെ. പലവട്ടം നടന്ന ഇടനാഴികൾ, കാറ് പാർക്ക് ചെയ്തിരുന്ന സ്ഥലം. ലിഫ്റ്റിനുള്ളിലെ കണ്ണാടിയിൽ കണ്ട  മുഖം… അത് 2 ഡി എന്ന നമ്പറിലുള്ള ഫ്ലാറ്റിനുള്ളിൽ കണ്ട ചിത്രത്തിലേതു തന്നെ. കാറിനുള്ളിൽ അയാൾ കണ്ട പെൺകുട്ടിയുടെ മുഖം!

അവൾക്ക് ഒന്നും വിശ്വസിക്കാനായില്ല.

ഞാൻ നിന്നെ സ്നേഹിക്കുമായിരുന്ന പോലെ സ്നേഹിക്കാൻ ഇവൾക്കേ കഴിയൂ എന്ന് ഇപ്പൊ ബോധ്യാമായില്ലേ?  കാറിലിരുന്ന പെൺകുട്ടി അങ്ങനെ പറയുന്നത് അയാളറിഞ്ഞു.

ഭാര്യയുടെ മരണം ശേഷം തനിച്ചായിപ്പോയതാണ്…. ഏകാന്തതയിൽ മനസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുമെന്നു തോന്നുമ്പോഴാണ് എങ്ങോട്ടെന്നില്ലാതെയുള്ള നടത്തം… അത് ഇവളെ കണ്ടെത്താനായിരുന്നോ ?

സോഫയിലിരുന്ന് ദീർഘനിശ്വാസമുതിർക്കുമ്പോൾ  ജനലരികത്തിരുന്ന പൂച്ച മെല്ലെ താഴേക്ക് ചാടി അയാളുടെ കാലിൽ തന്റെ ഉടൽ ചേർത്തുരുമ്മി.

തിരുവനന്തപുരം സ്വദേശിയാണ്. തിരുവനന്തപുരത്ത് ജഗതി, ഗവ.ഹൈസ്ക്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നു. "എൻ്റെ മാത്രം സുൽത്താന് '' എന്ന പേരിൽ പ്രണയക്കുറിപ്പുകളെഴുതിയ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകളും കഥകളും എഴുതി വരുന്നു.