​ശീതയുദ്ധങ്ങൾ

കലഹങ്ങൾ

കോലായിലെ കൊട്ടക്കസേരയിൽ ചുരുണ്ടിരിക്കുന്ന വേലായുധനെ നോക്കി ഒച്ചയെടുത്തു കൊണ്ടാണ് ജിബി അന്നും (തന്റെ പതിവു തെറ്റിക്കാതെ) ഉമ്മറത്തേക്കെത്തിയത്. പുത്തൂരുള്ള ശ്രീനിവാസന്റെ തൊടിയിലെ പുല്ലു ചെത്താൻ പോകുന്നതാണവൾ. അവളുടെ അലർച്ച കേട്ടപ്പോൾ, വേലായുധൻ ഇതൊക്കെ എന്ത് എന്ന മുഖഭാവം കിറുകൃത്യമായി പ്രകടിപ്പിച്ചു കൊണ്ട് കസേരയിൽ തേരട്ടയെ പോലെ ഒന്നു കൂടി ചുരുണ്ടിരുന്നു. (കുറച്ചു ദിവസങ്ങളായി ആ വീടിന്റെ ഉമ്മറകോലായിൽ അരങ്ങേറാറുള്ള സ്ഥിരം നാടകമായിരിക്കുന്നു ഇത്). അത് പ്രതീക്ഷിച്ചു തന്നെയാണയാൾ അവിടെ ഇരുന്നത്.
 
അടുക്കളയിൽ പഴക്കുലയൊക്കെ ഓണക്കാലത്ത് കെട്ടിയിടാനുണ്ടാക്കിയ ഇരുമ്പ് വളയത്തിൽ തൂക്കിയിട്ടിരുന്ന കയറിൽ വച്ചിരുന്ന മൺകലത്തിനുള്ളിലെ കുപ്പിയിൽ നിന്ന് കുറച്ചു വെളിച്ചെണ്ണയെടുത്ത് കയ്യിലും കാലിലും പുരട്ടി കൊണ്ടാണ് ജിബി ഉമ്മറത്തേക്ക് ചെന്നത്. (കാറ്റു കാലമായാൽ അവൾക്ക് അരിശം കൂടും. ശരീരം മുഴുവൻ മീനിന്റെ ചെതുമ്പൽ പോലെ തിണർത്തു കിടക്കും. ഇടയ്ക്കിടെ ചൊറിഞ്ഞു കൊണ്ടിരിക്കുന്നതു കാരണമവൾക്ക് ജോലിക്ക് പോയാൽ പോലും ബുദ്ധിമുട്ടാണ്. ഇടയ്ക്ക് പണി നിറുത്തി അരിവാളിന്റെ തല കൊണ്ടവൾ പുറവും കാലിന്റെ പത്തിയുമൊക്കെ ചൊറിയും. പരിചയം കൊണ്ട്, വാൾ അവളെ മുറിവേൽപ്പിക്കാറില്ല.)
 
അയാളുടെ മുഖത്തെ നിസ്സംഗഭാവം കണ്ടതും, അവൾ ഒന്നൂടെ ചെവി പൊട്ടിക്കുന്ന വിധം ഒച്ചയിട്ടു. പിന്നെ എന്തോഓർത്തതു പോലെ അകത്തേക്കു കയറി, മേശപ്പുറത്ത് അവൾ തലേന്ന് കെട്ടി വച്ച ചെമ്പകപ്പൂ കുല എടുത്തു മുടിക്കിടയിൽ തിരുകി കയറ്റിവച്ച് വീണ്ടുമയാളുടെ മുന്നിലേക്ക് ചെന്നു. അവളടുത്തു വന്നപ്പോൾ ചെമ്പകപ്പൂമണവും കൂടെ വന്നു. അതനുഭവിച്ചപ്പോഴയാൾക്ക് പഴയതൊക്കെ വീണ്ടും ഓർമ്മവന്നു. തലയിൽ തിരുകിയ പൂക്കുല, വൈകുന്നേരമായാൽ അവൾ അലമാരിക്കുള്ളിൽ മടക്കി വച്ചിരിക്കുന്ന തുണികൾക്കിടയിൽ കൊണ്ടു വയ്ക്കും. അവൾക്കും അവളുടെ തുണികൾക്കുമൊക്കെ ചെമ്പകമണമായത് അങ്ങിനെയാണെന്ന് അയാൾ വെറുതെ ഓർത്തു. അപ്പോഴയാൾക്ക്, കുറച്ചു മാസങ്ങൾക്ക് മുൻപ് വരെ ചെയ്യാറുള്ളതു പോലെ അവളുടെ ചെവിക്ക് പിറകെ ഒന്നുമ്മ വയ്ക്കണമെന്നു തോന്നി. ഇനി ഉമ്മ വച്ചാലും അതിൽ പഴയ സ്നേഹമുണ്ടവുമോ എന്ന സംശയവും തോന്നി.
 
അവരുടെ കല്ല്യാണം കഴിഞ്ഞ കാലത്താണ് അയാൾ അവൾക്ക് വേണ്ടി നിത്യം പൂവിടുന്ന ഒരു ചുവന്ന ചെമ്പകം വീടിനു പിറകിൽ കൊണ്ട് നട്ടത്. മഴക്കാലമായാലും വെയിലായാലും മഞ്ഞായാലും കാറ്റായാലും ഈ ചെമ്പകം പൂക്കും. നിത്യവും പൂക്കാനുള്ള ഒരു മാജിക്ക് ചെയ്ത ചെടിയാണിത്. നീയിനി എപ്പോ മുറിയിൽ വന്നാലും ചെമ്പകപ്പൂവിന്റെ മണമായിരിക്കും. അങ്ങിനെ എനിക്കും കിട്ടട്ടേടി ഒരു ചെമ്പകമണം. അവൾ അന്ന് കുലുങ്ങി ചിരിച്ചപ്പോഴവളുടെ പാദസരവും കൂടെ ചിരിച്ചിരുന്നു. മക്കൾക്ക് പ്രായമായപ്പോഴാണവൾ പാദസരം ഉപേക്ഷിച്ചത്. അസമയത്ത്, ഇതു കിലുങ്ങിയാൽ കാര്യം മനസ്സിലാവണ പ്രായായി രണ്ടെണ്ണത്തിനും എന്നാണവൾ കാരണം പറഞ്ഞത്. രണ്ടാമത്തെ മകളുടെ കല്ല്യാണം കഴിഞ്ഞു പോയപ്പോഴയാൾ അവളോട് പറഞ്ഞു: “ജിബ്യേ ഇനി നിനക്കാ പാദസരെടുത്തിട്ടൂടെ. ഇടയ്ക്കൊരു താളോം സംഗീതോം സുഖാ പെണ്ണേ.” അപ്പോഴേക്കും പാദസരമിടാനുള്ള അവളുടെ മോഹമൊക്കെ കഴിഞ്ഞിരുന്നു.
 
അയാളുടെ ആ നല്ലഓർമ്മകളെ എടുത്തെറിയും പോലെ ആയിരുന്നു അവളുടെ അപ്പോഴത്തെ അട്ടഹാസങ്ങൾ. അയാൾ വീണ്ടും തല കുനിച്ചിരുന്നു. രാവിലെ തുടങ്ങിയ കാറ്റിൽ മുറ്റത്തെ മുരിങ്ങയിൽ നിന്ന് മഞ്ഞച്ച ഇലകൾ ധാരാളം പൊഴിഞ്ഞു കിടപ്പുണ്ടായിരുന്നു. അയാൾ വെറുതെ മണ്ണിലേക്കും ആ ഇലകളിലേക്കും നോക്കിയിരുന്നു. ആ സമയം റോഡിലൂടെ നടന്നു പോയിരുന്ന പൊക്കം കുറഞ്ഞ ദിവാകരനും അയാളുടെ രണ്ടാം ഭാര്യയും വീടിനുള്ളിലേക്ക് എത്തി നോക്കി. അവർ തമ്മാമ്മിൽ നോക്കി ചിരിച്ച് കാണുമെന്ന് തീർച്ച. പിന്നെ ആ വഴി ഓടി പോയ സരസു എന്ന തെരുവുനായയും അവളുടെ കാമുകൻ ഷാറൂഖും (ഈ പേരുകൾ ആ നായ്ക്കൾക്ക് കൊടുത്തത് വേലായുധൻ തന്നെയായിരുന്നു) വേലിക്കരികിൽ വന്ന് കുറച്ചു നേരം മണപ്പിച്ചു നിന്നു. പിന്നെ ഈ വഴക്കിൽ കാര്യമില്ലെന്ന മുരൾച്ചയിൽ സരസു മുന്നോട്ടോടി. സരസുവിന്റെ പിൻഭാഗം മണപ്പിച്ച് ഷാറൂഖും ഓടി പോയി. അവറ്റകളുടെ ഓട്ടം കണ്ടപ്പോൾ ഇത് പോലെ അപ്പോൾ തോന്നുന്നതു ചെയ്തു കൊണ്ട് ജീവിക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യനില്ലല്ലോ എന്ന തത്ത്വചിന്ത അയാളുടെ മനസ്സിലൂടെ കടന്നു പോയി.
 
“ലോണെടുത്ത് ഇങ്ങിനൊരു സ്ക്കൂട്ടർ വാങ്ങരുത് എന്ന് നിങ്ങളോട് ഞാനെത്ര തവണ കെഞ്ചി പറഞ്ഞതാ. നിങ്ങൾക്ക് ഞാൻ പറഞ്ഞ ഏതെങ്കിലും കാര്യത്തിനു വിലയുണ്ടോ. പണിക്ക് പോലും പോവാൻ തോന്നാണ്ടായില്ലേ ഇതു കേറി വന്നേ പിന്നേ. വെറുതെ സ്ഥലം മെനക്കെടുത്താൻ. പിന്നെന്താ, ഇതു മേടിച്ച് വലതു കാലും വച്ചീ പടി കയറീതോണ്ടല്ലെ നിങ്ങടെ തനിഗൊണം എനിക്ക് മനസ്സിലാക്കാൻ പറ്റീത്. അതോണ്ട് മാത്രാ ഞാനീ വണ്ടിക്ക് തീയിടാത്തത്. ചെലപ്പൊക്കെ എനിക്കങ്ങനേം തോന്നണണ്ട്.” 
 
ജിബി അയാളെ നോക്കി ചവിട്ടി കുതിച്ചു കൊണ്ട് പുറത്തേക്കിറങ്ങി. പോകുന്ന പോക്കിൽ മുറ്റത്തെ തെങ്ങിൻ തടത്തിലേക്ക് നീട്ടി അവൾ തുപ്പിയത് തന്നെ ഉദ്ദേശിച്ചാണൊ എന്നു വേലായുധനു തോന്നാതിരുന്നില്ല.  അപ്പോഴാ വേലിക്കപ്പുറം തുണി പൊക്കി മൂത്രമൊഴിക്കാനിരുന്നവനെയും, അവന്റെ കുടുംബത്തിരിക്കുന്നവരേയും ചീത്ത വിളിച്ച് കൊണ്ടാണ് ജിബി മുന്നോട്ട് നടന്നത്. എല്ലാവരോടും വഴക്കടിക്കാനുള്ള ഒരു ത്വര അവൾക്കുള്ളിൽ ഈ ദിവസങ്ങൾ കൊണ്ട് കേറിപറ്റിയിരുന്നു. 
“ആണായാ മതി. എവിടേം പൊക്കി ഇരിക്കാനുള്ള ലൈസൻസാന്നാ വിചാരം. ടാ ചെക്കാ, പൊക്കുമ്പോ നിനക്ക് നാണല്ല്യാന്ന് കരുതി, കാണുന്ന ഞങ്ങക്ക് അതില്ല്യാന്ന് നീയ് വിചാരിക്കണ്ടാ. ഞാനീ അതിരു മുഴുക്കനെ കടിതുമ്പേം, നായ്ക്കൊർണേം പിടിപ്പിക്കാൻ പൂവാ. പൊക്കണോൻ വിവരറിഞ്ഞേ പൂവൂ. കാണിച്ചു തരാടാ നിന്റെയൊക്കെ തുണി പൊക്കൽ. ചാരമുക്കിലെ ശാന്തേടെ മോനല്ലേടാ നീയ്. അല്ല നീ ചെയ്യണേന് അത്ഭുതപ്പെടാനൊന്നൂല്ല്യാ. തള്ളേടേം തന്തേടേം കൊണം പിള്ളേരും കാണിക്കൂല്ലോ.”
 
പാതി മുറിഞ്ഞ മൂത്രവുമായി ജിബിയെ പിരാകി കൊണ്ടാ ചെറുക്കൻ അവിടെ നിന്നെഴുന്നേറ്റു പോകുന്നത് വേലായുധൻ അകത്തിരുന്നു സങ്കൽപ്പിച്ചു. എന്നാൽ എഴുന്നേറ്റ് പുറത്തു വരികയോ വിവരമന്വേഷിക്കുകയോ ഉണ്ടായില്ല. ഓരോ ദിവസം ഓരോ കാരണമുണ്ടാക്കി അവൾ വഴക്കിനു വരുമെന്ന് അയാൾക്ക് അറിയാം. ചിലപ്പോൾ പുറത്തെത്തിയാൽ തന്നെ വീണ്ടുമവൾ വഴക്കു പറയുമെന്ന് അയാൾക്ക് തോന്നി കാണും. ഈയിടെയായി അയാൾക്ക് ഇത്തരം ലഹളകളിൽ താല്പര്യം തോന്നാറില്ല. ജീവിതത്തിൽ പറ്റിയതൊക്കെ തെറ്റായിരുന്നു എന്ന ചിന്തയിലാണയാൾ. അതു വരെ ഓടിക്കൂട്ടിയതൊക്കെ വെറുതെയായിരുന്നു എന്നൊരു മഹാ ജ്ഞാനമയാൾക്ക് ലഭിച്ചിരിക്കുന്നു. വേലായുധൻ വളരെയധികം ആഗ്രഹിച്ച് വാങ്ങിയ ആക്ടീവ സ്കൂട്ടർ വീട്ടിലെത്തിയതോടെയാണ് പ്രശ്നങ്ങൾ വഷളായത്.
 

അങ്ങിനെയൊരു പ്രണയകാലത്ത് 

വേലായുധന്റെ നാട്ടിൽ ആദ്യമായിട്ടൊരു പുറന്നാട്ടുകാരൻ കെട്ടിടം പണിയുമ്പോഴാണ് ത്രേസ്യ അവിടെയെത്തിയത്. ഒന്നിച്ചൊരു ലോറിയിൽ പണിക്കാരെ അയാൾ കൊണ്ടു വന്നതായിരുന്നു. അയാളുടെ നാട്ടിൽ നിന്നു തന്നെ. രാവിലെ ലോറിയിൽ കൊണ്ടു വരും വൈകീട്ട് അവരെ തിരിച്ച് കൊണ്ടു പോകും. (കിട്ടുന്ന കൂലി സ്വന്തം നാട്ടിലെ പാവങ്ങൾക്ക് കിട്ടട്ടെ എന്ന് ചിന്തിച്ച ഒരു മഹാനാണ് താനെന്നത് അയാൾ തന്റെ വിരുന്നുകളിലൊക്കെ പറയാറുണ്ട്.)
 
അന്ന് വേലായുധനും നാട്ടുകാരൻ എന്ന നിലയിൽ അവിടെ പല കാര്യങ്ങൾക്കും വേണ്ടി ചെല്ലുമായിരുന്നു. അവിടെ വച്ച് ത്രേസ്യയെ കണ്ടതും വേലായുധന് അവളോട് വല്ലാത്തൊരു പ്രേമം. പ്രേമമവളെ അറിയിച്ചപ്പോഴാവട്ടെ കിട്ടിയ മറുപടി ഇങ്ങിനെ. “മതം മാറി കെട്ടാനൊന്നും ത്രേസ്യക്കാവില്ല ചേട്ടാ. നിങ്ങളു സ്വജാതീ പെട്ട പെമ്പിള്ളാരെ നോക്കിക്കൊ. അതാവും ബെസ്റ്റ്.”
വേലായുധൻ അവളെ വിട്ടില്ല. “നോക്ക് ത്രേസ്യേ സഖാവാണ് ഞാൻ. ജാതി, മതം ഇതൊന്നുമില്ലാത്ത മനുഷ്യനിൽ മാത്രം വിശ്വസിക്കുന്ന, മനുഷ്യർക്കൊപ്പം മാത്രം നിൽക്കുന്ന സാധാരണക്കാരൻ. ഒരനാഥൻ. മാട്ടുമന്തയിൽ ആരോട് ചോദിച്ചാലും സഖാവ് വേലായുധനെ അറിയും. നീയൊന്നന്വേഷിച്ചു നോക്ക്. ഇഷ്ടപ്പെട്ടാൽ മാത്രം ഈ ജാതീം മതോം ഇല്ലാത്ത മനിഷ്യനെ സ്വീകരിച്ചൊ.” ആ പറച്ചിൽ അവൾക്കിഷ്ടമായി. അയാളുടെ താടിയും അല്പം നീണ്ട മുടിയും പിന്നെ അയാളുടെ രീതികളോടും അവൾക്ക് താല്പര്യം തോന്നി. ആതാല്പര്യത്തെ കല്ല്യാണമാക്കി മാറ്റാൻ വേലായുധനു സാധിച്ചു. ഒരു ദിവസം രാവിലെ പണിക്ക് വന്നത്രേസ്യ തിരിച്ചു വീട്ടിൽ പോയില്ല. വേലായുധൻ മതിയെന്നു തീരുമാനിച്ച് അവൾ അയാൾക്കൊപ്പം പോയി. അന്വേഷിച്ചു വന്നവരെയൊക്കെ അവൾ തിരിച്ചയച്ചു.
 
അന്നവൾ അയാൾക്കൊപ്പം ആ വീട്ടിലേക്ക് വരുമ്പോഴവളുടെ ഇടത്തേ കയ്യിൽ ഒരു പോളിത്തീൻ സഞ്ചിയുണ്ടായിരുന്നു. ഏതോ തുണിക്കടയുടെ പേരെഴുതിയത്. അതിൽ കുറുകെ മടക്കി വച്ച മൂന്നു പോളിയെസ്റ്റർ സാരികളും ഒന്നിനു മാച്ചായ ഒരു ബ്ലൗസും പിന്നെ ഒരു കറുപ്പു ബ്ലൗസും രണ്ട് അടിപ്പാവാടകളും മുപ്പതിന്റെ വെളുത്ത (കഴുകി കഴുകി അതപ്പോൾ നിറം മങ്ങി പോയിരുന്നു‌) രണ്ടു ബ്രേയിസിയറുകളും ബസ് സ്റ്റാൻഡിൽ നിന്ന് വാങ്ങിയ പൂക്കളുള്ള മൂന്നു ജെട്ടികളും രണ്ട് മാക്സികളുമായിരുന്നു ഉണ്ടായിരുന്നത്. വലതു കൈ അയാളുടെ കൈക്കുള്ളിൽ ആയിരുന്നു. ഇടത്തെ കക്ഷത്തിൽ ആരോ പണ്ടവൾക്ക് കൊടുത്ത മൂന്നായി മടക്കുന്ന ഒരു ഫോറിൻ കുടയുണ്ടായിരുന്നു, മഞ്ഞയിൽ നീലകിളികളുടെ പടമുള്ളത്.
 
അവരൊന്നിച്ച്, ദൈവത്തെ വിളിക്കാതെ, ജീവിക്കാൻ തുടങ്ങി. അമ്പലത്തിലോ പള്ളിയിലൊ പോകുന്നതിനു പകരമവർ പാർട്ടി സമ്മേളനങ്ങളിലും ജാഥകളിലും പങ്കെടുത്തു. ചില ജാഥകളിൽ വേലായുധൻ മുദ്രാവാക്യം വിളിക്കുന്നതു കേൾക്കുമ്പോൾ ത്രേസ്യക്ക് കുളിരുന്നതു പോലെ തോന്നും. അങ്ങിനെയൊരു മുദ്രാവാക്യമയാൾ വിളിച്ച ദിവസമാണ് അവരുടെ ആദ്യസന്താനം അവൾക്കുള്ളിൽ കുരുത്തത് എന്നവൾ അന്നൊക്കെ അയാളുടെ ചെവിയിൽ പറയുമായിരുന്നു.
 
അതിനിടെ, വേലായുധൻ, ത്രേസ്യയുടെ പേര് ഒന്ന് മാറ്റി. തീർത്തും അനൗദ്യോഗികമായാണ് അതു നടന്നത്. പേരുവിളി ചടങ്ങിൽ പാർട്ടിയുടെ ഒരു പ്രവർത്തകൻ ബേബി മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. ത്രേസ്യന്നുള്ള പേരു കേട്ടാ നമ്മടെ മിശ്ര കല്ല്യാണത്തെ കുറിച്ച് ചോദിക്കാനുള്ള ആവേശാ ആളുകൾക്ക്. അതു നമ്മക്ക് വേണ്ട ത്രേസ്യകുട്ട്യേ. ഇതിപ്പോ ആൾക്കാരെ അറിയിക്കാൻ ചെയ്ത സംഗതിയല്ലല്ലോ നമ്മുടെ കല്ല്യാണം. ഈ പേരു ഇനി നിന്നെ ഞാൻ വിളിക്കണില്ല്യാ. ഇന്നു മുതൽ ജാതി പറയാത്തൊരു പേരിടാം. “എന്താപ്പ പേരിടാ, ടാ ബേബ്യേ വല്ല പേരൂണ്ടോടാ നിനക്ക് പറഞ്ഞ് തരാൻ.” ബേബി ചിരിച്ചു നിന്നതല്ലാതെ ഒന്നും പറഞ്ഞില്ല. അപ്പോൾ വായിൽ വന്നൊരു ശബ്ദത്തെ അയാൾ പേരാക്കി. ജിബി. ഹിന്ദുവാണോന്നു തോന്നും. ക്രിസ്ത്യാനിയാണോന്നു സംശയിക്കും. മുസലീമാണോന്നുവരെ തോന്ന്യേക്കും.
 
അവൾ ഞെട്ടി പോയി. ഇത്ര വൃത്തിക്കെട്ട പേരെങ്ങിനെ അയാൾക്ക് കിട്ടി എന്ന് അമ്പരക്കുകയും ചെയ്തു. അവൾക്കാ പേരൊട്ടും ഇഷ്ടപ്പെട്ടതേയില്ല. ജൂഹി, മനീഷ, മാധുരി എന്നിങ്ങനെയുള്ള ഏതെങ്കിലും പേരയാൾ പറയണേ എന്നവൾക്ക് ആഗ്രഹമുണ്ടായിരുന്നു. ചിത്രഹാർ കണ്ടവൾക്ക് അവരെയൊക്കെ നല്ല പരിചയമായിരുന്നു. അത്തരം പേരുകളുടെ ഭംഗി അവളുടെ പേരിനില്ല എന്നുമവൾക്ക് തോന്നിയിരുന്നു. പക്ഷേ അയാൾ പറഞ്ഞ പേരിതായി പോയി. അവൾക്കതു തിരുത്താമായിരുന്നു. എന്നാലയാൾക്ക് ഇഷ്ടമായതു വേണ്ടെന്ന് പറയാനാവാത്ത വിധം പ്രേമമിങ്ങനെ തുളുമ്പി നിൽക്കുന്നതു കൊണ്ട് അവളാ പേരങ്ങു സ്വീകരിച്ചു. തിരിച്ച് ജാതി പറയാൻ പറ്റാത്ത പേര് നിങ്ങക്ക് വേണ്ടേ വേലായുധേട്ടാ എന്ന് ചോദിക്കാനുള്ള ഫെമിനിസം അന്നവൾക്ക് ഇല്ലായിരുന്നു. അതു കൊണ്ട് അയാൾ വേലായുധേട്ടനും അവൾ ജിബിയുമായി തന്നെ തുടർന്നു പോയി. അതിൽ അവൾക്ക് അപാകതയൊന്നും തോന്നിയില്ല.
 
കമ്മ്യൂണിസ്റ്റ് കാലം 
ഒരിക്കൽ പിണക്കം മറന്ന്, അവളെ കാണാൻ വന്ന സഹോദരിയോട് അവൾ ഉപദേശിച്ചു കൊടുക്കുകയും ചെയ്തു. “ശോശാമ്മേ, ജാതീം മതോം ഒന്നൂല്ല്യാണ്ട് ജീവിക്കാൻ പഠിക്കണം. നീയൊന്നോർത്തു നോക്ക്യേ എപ്പഴാ കർത്താവു നമ്മടെ വിളി കേട്ടേക്കണേ. അപ്പച്ചനും അമ്മച്ചീം ഇത്രക്കും വിളിച്ചിട്ടും അവരടെ മോള് ഇഷ്ടള്ള ഒരാൾടൊപ്പം എറങ്ങി പോയില്ലേ. ഇതിലൊന്നും കാര്യല്ല്യാ പെണ്ണേ. നീയ് ഞങ്ങട പോലെ കമ്മൂണിസ്റ്റാവണം. അതൊരു സുഖള്ള ഏർപ്പാടാ പെണ്ണേ. ഭയമില്ലാത്തൊരു ജീവിതാ പിന്നെ.” പിന്നെയും അവൾ ശോശാമ്മയെ ഉപദേശിച്ചു കൊണ്ടിരുന്നു. 
ശോശാമ്മ പിന്നെ അവളെ കാണാൻ എത്തിയില്ല. പിന്നീട് ജിബിയുടെ വീട്ടുകാരിൽ ഒരാൾ പോലും അവളെ തിരഞ്ഞു വന്നില്ല. മൂത്ത മകളുടെ വിവാഹമായപ്പോൾ ജിബി അവർക്കൊരു കുറി അയച്ചു. അവരാരും വന്നതുമില്ല സമ്മാനമൊന്നും കൊടുത്തുമില്ല. അതോടെ രണ്ടാമത്തെ മകളെ കെട്ടിക്കുമ്പോഴവൾ അവരെ വിളിച്ചതുമില്ല. അവരെ രണ്ടു പേരേയും കല്ല്യാണം കഴിച്ചതു കൂടെ പഠിച്ചവരായിരുന്നു. അവർക്ക് ജാതിയോ മതമോ ഉണ്ടോ എന്നന്വേഷിക്കാതെ വേലായുധൻ അവരെ പറഞ്ഞയച്ചു. (അയാൾ എതിർത്തിരുന്നെങ്കിലും തങ്ങളുടെ ഇഷ്ടത്തിനു മാത്രമേ വിവാഹം കഴിക്കൂ എന്ന് അവർ എപ്പോഴോ വീട്ടിൽ പറഞ്ഞു കഴിഞ്ഞിരുന്നു.) കല്ല്യാണചിലവിന്റെ പകുതിയോളമവർക്ക് സമ്മാനമായി കിട്ടിയിരുന്നു. പാർട്ടി പിരിച്ചു കൊടുത്ത ഒരു തുകയും വേലായുധനൊരാശ്വാസമായിരുന്നു, അതിലുപരി അഭിമാനവും.
   
ഏകദേശം അക്കാലം വരെയൊക്കെ അവർ സന്തോഷത്തോടെ തന്നെയായിരുന്നു ജീവിച്ചത്. അയാൾക്ക് ആയിടെ തുടങ്ങിയ ശ്വാസം മുട്ടൽ കാരണം പറഞ്ഞാണയാൾ സ്കൂട്ടർ വാങ്ങാനുള്ള ആഗ്രഹം വീട്ടിൽ പറഞ്ഞത്. (അത് പെട്ടെന്ന് തുടങ്ങിയ ശ്വാസംമുട്ടലായിരുന്നു. അങ്ങിനെ പ്രത്യേകിച്ചൊരു കാരണവും കൂടാതെ.) “നടക്കണ്ടല്ലോ ജിബ്യേ. വണ്ടി ഒന്ന് മിറ്റത്തു വന്നാ.”
അന്നു തന്നെ ജിബി പറഞ്ഞു, “വേലായുധേട്ടാ, പിള്ളേരെ പറഞ്ഞു വിട്ടൊന്ന് നടു നീർത്തി നിക്കാൻ തൊടങ്ങ്യല്ലേ ഉള്ളൂ. ഇനി കടൊന്നും വേണ്ടാ. പണിക്ക് പോയി വീട്ടി തീർക്കാൻ പാട് പെടേണ്ടി വരും. പിന്നെ വേലായുധേട്ടനാ കുന്തത്തുമ്മ പോയാ പിന്നെ നിക്കൊരു മനസ്സമാധാനോം ഇണ്ടാവില്ല. നമ്മളു ശ്രദ്ധിച്ചാലും പിള്ളേരൊക്കെ പറപ്പിച്ചാ വണ്ടിയോട്ടിക്കല്. പിന്നെ ബസ്സും തമിഴ്മാരുടെ ലോറീം. വേണ്ടേ വേണ്ടാ. മുകേഷിന്റെ ഓട്ടോ വിളിക്കാം ഇല്ല്യെങ്കീ പഴേ പോലെ ബസ്സീ പൂവാ. ഇതു വേണ്ടപ്പാ.”
 
അവർ രണ്ടു പേരും പറമ്പ് പണിക്കാണ് പോകാറുള്ളത്. പക്ഷേ സ്ത്രീകൾക്ക് കൂലി കുറച്ച് മതിയെന്നതു കൊണ്ട് ജിബിക്കാണ് പണി കൂടുതൽ കിട്ടാറുള്ളത്. അവളെയാവുമ്പോ ആണുങ്ങളെ വിളിക്കുന്നതിനേക്കാൾ ലാഭമാണെന്ന് ആളുകൾക്കറിയാം. ജിബി തുമ്പി പറക്കും പോലെ എല്ലായിടത്തും പറന്നെത്തും. ആണുങ്ങൾ ചെയ്യാൻ മടിച്ച് നിക്കണ പണിയാണെങ്കിലും ഏറ്റെടുത്തു ചെയ്യും. പറമ്പ് പണിക്ക് പോകുന്ന സമയം വേലായുധന്റെ പഴയ ഷർട്ടാണവൾ ധരിക്കാറ്. കയ്യിറക്കവും അര വരെ വയറു മൂടി കിടക്കുന്ന അത്തരമൊരു ഷർട്ടിടാതെ പറമ്പ് പണിക്ക് പോകാൻ പറ്റില്ല. കടിതുമ്പയും പിന്നെ ചൊറിച്ചിൽ ഉണ്ടാക്കുന്ന പേരറിയാത്ത ഒരുപാട് ചെടികളും അരിവാൾ വച്ചവൾ അരിഞ്ഞിടുമ്പോൾ എങ്ങിനെ ശ്രദ്ധിച്ചാലും ഷർട്ടല്ലെങ്കിൽ വയറ്റത്തും കയ്യിലുമൊക്കെ ചൊറിച്ചിലായിരിക്കും. പതിനഞ്ചു സെന്റ് തൊടിയൊക്കെ “ഉച്ചയാവുമ്പഴക്കും കഴിയുംന്നേ” എന്നാണവൾ പറയാറുള്ളത്. ജിബിടെ പണിന്നു പറഞ്ഞാൽ സൂപ്പർ ഫാസ്റ്റ് ബസ്സ് അങ്ങട് മാറി നിക്കും എന്നാണവിടെയുള്ളവർ പറയാറുള്ളത്. അവൾക്കും പറമ്പ് പണിയാണിഷ്ടം. വീട്ടു പണിക്ക് പോയാൽ ദിവസവും മുടങ്ങാതെ പോകണമല്ലോ. അതവൾക്ക് താല്പര്യമില്ല. മാസത്തിൽ ഇരുപതു ദിവസത്തോളം പണി കിട്ടും. അതു മതി രണ്ടാൾക്ക് കടമൊന്നുമില്ലെങ്കിൽ സുഖമായിട്ടു ജീവിക്കാൻ.
 
അവരിടയ്ക്ക് സിനിമയ്ക്ക് പോകും. മലമ്പുഴയ്ക്ക് പോകും. നല്ല പണി കിട്ടിയാൽ അതിരപ്പിള്ളിയിലോ പീച്ചിയിലോ പോയിട്ടു വരും. ഒരിക്കലവളെ അയാൾ ഊട്ടിക്ക് വരെ കൊണ്ടു പോയിട്ടുണ്ട്. അവിടെത്തെ വാടക കുറഞ്ഞ ഒരു ഹോട്ടലിൽ അവരൊരു രാത്രി തങ്ങിയിട്ടുമുണ്ട്. അന്ന് അവരുടെ മുറിയിൽ ഒളിഞ്ഞു നോക്കിയെന്ന പേരിൽ അവളവിടത്തെ ചെറുപ്പക്കാരനായ ഒരു റൂംബോയിയെ കയ്യോടെ പിടിച്ചിട്ടുമുണ്ട്. അവനെ തല്ലാൻ പുറപ്പെട്ട ജിബിയെ വേലായുധൻ പണി പെട്ടാണ് അന്ന് അടക്കി പിടിച്ചത്. “രസംകൊല്ലികളെ ഒക്കെ തല്ലി കാലൊടിക്കണം വേലായുധേട്ടാ എന്നാണവളന്നു പറഞ്ഞത്. നിങ്ങളെന്തു സഖാവാ വേലായുധേട്ടാ, ആരേയും അരിഞ്ഞിടാൻ നിങ്ങക്ക് പേടിയേ ഇല്ല്യന്നല്ലേ ഞാൻ കരുതീത്. ഇത് ഞാൻ തല്ലാൻ പോയപ്പോ എന്നെ തടഞ്ഞു പിടിച്ചിരിക്കണു. ഫ്രീ ആയിട്ടു ഷോ കാണാൻ വന്നോനെ തല്ലാണ്ട് വിടണ നിങ്ങളു കോങ്ക്രസ്സാന്ന് പറേണതാ ഭേദം.”
 
ആക്ടീവ വരും വരെ അവരുടെ ജീവിതം ഇങ്ങിനെയൊക്കെ തന്നെയായിരുന്നു. ആ വണ്ടി ഇല്ലെങ്കിലും അവർക്ക് സുഖമായി ജീവിക്കാമായിരുന്നു. ആ വണ്ടി വന്നതു കൊണ്ട് വേലായുധന് ജോലിയിലോ അല്ലെങ്കിൽ ഏതെങ്കിലും കാര്യത്തിൽ ഒരെളുപ്പമുണ്ടായതായി ജിബിക്ക് അറിവില്ല. മിക്കവാറും ആ വണ്ടി വീടിനു മുന്നിൽ ചെരിച്ചു കെട്ടിയ ഷെഡ്ഡിൽ വിശ്രമമാണ്. പണ്ട് പണിക്ക് പോയിരുന്ന അയാൾ പുറത്തു പോക്കു തന്നെ കുറച്ചു. അയാൾ സദാ ചിന്തകളിൽ പെട്ട് അസ്വസ്ഥനായി കാണപ്പെട്ടു. എന്നാൽ ആ വണ്ടി അവൾക്ക് ബോധ്യമില്ലാതിരുന്ന കുറെകാര്യങ്ങളിലേക്ക് വെളിച്ചം വീശി എന്നവൾക്കറിയാം.
 
ആക്ടീവ വന്നതിനു ശേഷം സത്യത്തിൽ സംഭവിക്കേണ്ടിയിരുന്നത് നല്ല കാര്യങ്ങളായിരുന്നു. വല്ലപ്പോഴും ജിബിയേയും കയറ്റി പലയിടത്തും അയാൾക്ക് ചുറ്റാവുന്നതാണ്. തിങ്കളാഴ്ചകളിൽ വൈകുന്നേര ചന്തയ്ക്ക് ഇപ്പോഴും ജിബി തനിച്ചു നടന്നാണ് പോകുന്നത്. ദൂരെയുള്ള ജോലിസ്ഥലങ്ങളിലേക്ക് പണിക്ക് ചെല്ലാൻ ജിബിയുടെ മൊബൈലിൽ കിട്ടുന്ന കോൾ അനുസരിച്ച് അവൾ പോകാറുണ്ട്. നടന്നെത്താൻ പ്രയാസമുള്ള അങ്ങിനെയുള്ള വീടുകളിലേക്ക് പഴയപടി മുകേഷിന്റെ ഓട്ടോറിക്ഷ വിളിച്ച് തന്നെയാണ് പോക്ക്. ഇടയ്ക്ക് വല്ലപ്പോഴും മലമ്പുഴയ്ക്ക് എന്നെയൊന്ന് കൊണ്ടോയ്ക്കൂടേ വേലായുധേട്ടാ എന്നവൾ ആ വണ്ടി മുറ്റത്തെത്തിയ ശേഷം പറഞ്ഞിട്ടേയില്ല. അതിനു ശേഷം അവർ തമ്മിൽ സൗഹൃദത്തോടെ സംസാരിച്ചിട്ടേയില്ലെന്നതാണ് വാസ്തവം. അതിനു തൊട്ടു മുൻപ് വരെ സ്നേഹസമ്പന്നയായ ഭാര്യയായിരുന്നവൾ പെട്ടെന്നെങ്ങിനെയിങ്ങിനെ നിറം മാറി എന്നത് അവരുടെ അയല്പക്കങ്ങളിൽ ജീവിക്കുന്നവരൊക്കെ അടക്കം പറഞ്ഞു തുടങ്ങിയിരുന്നു.
 

ആക്ടീവ വീട്ടിലെത്തിയ ദിവസം 

ജിബിയുടെ എതിർപ്പിനെ വക വയ്ക്കാതെ വേലായുധൻ ആക്ടീവ വാങ്ങാൻ തീരുമാനിച്ചു. അയാൾ ആരെയോയോ സ്വാധീനിച്ച് എട്ടെടുക്കാതെ തന്നെ ലൈസൻസ് ഒപ്പിക്കുകയും ചെയ്തിരുന്നു. അന്നു മുതൽ വീട്ടിൽ ജിബിയും വേലായുധനും തമ്മിൽ വണ്ടിയെ കുറിച്ചുള്ള ചർച്ചകൾ കാര്യക്ഷമമായി നടന്നിരുന്നു. അങ്ങിനെയൊന്ന് വേലായുധേട്ടന് ആവശ്യമില്ല എന്നായിരുന്നു ഏറ്റവും ഒടുവിലത്തെ ചർച്ചയിൽ പോലും ജിബിയുടെ അഭിപ്രായം. വേലായുധൻ അശ്രദ്ധമായി വണ്ടിയോടിച്ച് എന്തെങ്കിലും അപകടം വരുത്തുമോ എന്നവൾക്ക് നല്ല പേടിയുണ്ടായിരുന്നു. എന്നാൽ പാർട്ടിയുടെ യുവനേതാവ് തന്റെ പഴയ ആക്ടീവ വിറ്റ് ഒരു ബുള്ളറ്റ് വാങ്ങുന്നു എന്നറിഞ്ഞ ദിവസമാണ് വേലായുധൻ തന്റെ വണ്ടി എന്തായിരിക്കണമെന്നും ഇനി വണ്ടി വാങ്ങാതെ മുന്നോട്ടില്ല എന്നും ഉറപ്പിക്കുന്നത്.
 
ആദ്യം വഴക്കടിച്ചെങ്കിലും ഭർത്താവിന്റെ ആദ്യ വാഹനം വീട്ടിൽ വരുന്നതു നോക്കി അന്ന് പണിക്ക് പോകാതെ ജിബിയിരുന്നു. രാവിലെ എട്ടരയ്ക്ക് വേലായുധൻ വീട്ടിൽ നിന്നിറങ്ങി. പണമിടപാടുകളൊക്കെ തലേന്നേ അവസാനിപ്പിച്ചിരുന്നു. വണ്ടി പോളിഷ് ചെയ്ത് കുട്ടപ്പനാക്കാൻ ശശിയുടെ കൊപ്പത്തെ വർക്ക്ഷോപ്പിൽ കൊടുത്തിരിക്കാണെന്നും വണ്ടിയെടുത്ത് പെട്ടെന്ന് വരാമെന്നും പറഞ്ഞാണ് അയാൾ പോയത്. ഇറങ്ങാൻ നേരം വണ്ടീന്റെ നെറെന്താ വേലായുധേട്ടാ എന്നവൾ അയാളോട് ചോദിച്ചിരുന്നു. വെളുപ്പാടീ. എന്ന മറുപടി കേട്ടപ്പോ, ചോപ്പാവായിരുന്നു, ചോരേടെ ചോപ്പ്. നമ്മടെ പാർട്ടീന്റെ നെറം. തെരക്ക് പിടിക്കാണ്ട് നോക്കീരുന്നേ കിട്ട്യേനേ. എന്ന അവളുടെ മറുപടിക്ക് അയാൾ ഒന്നു മൂളി കൊണ്ടാണ് പുറത്തേക്കിറങ്ങിയത്.
 
അപ്പോഴവൾ നായനാരേയും ഇഎംഎസ്സിനേയും മനസ്സിൽ ഓർത്തു. അവരുടെ ചിരി ഓർത്തപ്പോഴവൾക്ക് അവരീ വണ്ടി വാങ്ങുന്നതിൽ സമ്മതം നൽകുന്നതു പോലെ തോന്നി. അവളും അവർക്കൊപ്പം ചിരിച്ചു. ചുവരിൽ അടുത്തിടെ മക്കളാരോ കൊണ്ട് തൂക്കിയ ചുവന്ന ചെഗുവരെയുടെ ചിത്രത്തിലും നോക്കി. അവൾക്ക് അയാളെ അത്ര പിടുത്തമില്ല. (എപ്പോ ചെയുടെ ആ ഫോട്ടോ നോക്കിയാലും അയാൾക്ക് അവളുടെ കൂടെ പണിക്ക് വന്നിരുന്ന ഷാജിയുടെ ഛായ തോന്നും. ഷാജിയെ ആണെങ്കിൽ അവൾക്ക് കണ്ണെടുത്താൽ കണ്ടു കൂടായിരുന്നു.) പിന്നെ എല്ലാ കമ്മ്യൂണിസ്റ്റുകാരും ചെയെ ബഹുമാനിക്കണമെന്ന് കുടുംബശ്രീയുടെ കൗസല്യചേച്ചി പറഞ്ഞതു കൊണ്ട് ഇടയ്ക്ക് നല്ലതു വരുമ്പോഴും വിഷമിക്കുമ്പോഴും അയാളെ നോക്കും. എന്നാലും അന്നേ തീയതി വരെ അയാളോടൊരു മമതയും ഉണ്ടാക്കിയെടുക്കാൻ അവൾക്കായിട്ടില്ല.
 
കല്ല്യാണം കഴിഞ്ഞ ഉടൻ വേലായുധൻ അവളോട് പറഞ്ഞു, “ഇനി മുതൽ നീ യേശുവിനെ പ്രാർത്ഥിക്കണ്ട. എനിക്കുമില്ല ദൈവം. ചിലപ്പോഴൊക്കെ വല്ലാത്ത മുട്ടലുണ്ടാവുമ്പോ നമ്മടെ പാർട്ടീടെ നേതാക്കന്മാരെ വിചാരിച്ചാ മതി. അല്ലെങ്കിൽ തന്നെ ആരാ ഈ ദൈവം നീ കണ്ടിട്ടുണ്ടാ? നിന്റെ അമ്മയൊ അപ്പനോ ആരെങ്കിലും ഒക്കെ കണ്ടിട്ടുണ്ടെങ്കിലും പോട്ടെന്ന് വയ്ക്കായിരുന്നു. ഒക്കെ ഒരു വിശ്വാസാടീ. ഞങ്ങട ഭാഷേല് അന്ധവിശ്വാസം. പാർട്ടിന്ന് പറഞ്ഞാ മനിഷ്യരാ. നമ്മളെ സഹായിക്കുന്ന മനിഷ്യര്. ഇന്നു മുതലു നീയും കമ്മ്യൂണിസ്റ്റാ.”
 
അതയാൾ പറഞ്ഞത് ഒരു തുലാമാസത്തിലായിരുന്നു. വൈകുന്നേരത്തെ മഴയെ പറഞ്ഞയക്കാൻ തിരക്കു പിടിച്ചു നിൽക്കുന്ന ആകാശത്തെ നോക്കി കൊണ്ടാണവൾ അയാളുടെ വീട്ടിലേക്ക് ആദ്യമായി കയറിയത്. അയാൾ പറഞ്ഞു തീർന്നതും വലിയൊരു ഇടിവെട്ടി കൊണ്ട് മഴ തുടങ്ങി. അപ്പോഴവൾക്ക് കർത്താവിനേക്കാൾ വലുത് അയാളുടെ ചൂടുള്ള ശരീരമായിരുന്നു. അവളേം ചേർത്തു പിടിച്ച് അകത്തെ കൊച്ചു മുറിയിലേക്കയാൾ കടക്കുമ്പോൾ പുറത്തേക്കിറങ്ങി മഴ നനഞ്ഞ് കർത്താവ് മറ്റൊരു വിശ്വാസിയെ അന്വേഷിച്ചു പോയി.
 
പിന്നീടവൾ സദാ ഇഎംഎസ്സിനേയും കൂട്ടരേയും ഓർക്കാൻ തുടങ്ങി. മലമ്പുഴയിൽ വി എസ് അച്യുതാനന്ദൻ ഒരിക്കൽ നടത്തിയ പ്രസംഗം കേട്ടതോടെ ഇടയ്ക്കൊക്കെ അവൾ വിഎസ്സിനേയും സ്മരിക്കുമായിരുന്നു. പണ്ട് അപ്പനും അമ്മച്ചിയും കോങ്ക്രസ്സുകാരായിരുന്നു എന്നവൾ മറന്നേ പോയിരുന്നു.
 
ഉപ്പുമാവുണ്ടാക്കി വച്ച് അവൾ വന്ന് ഉമ്മറത്തെ കൊട്ടക്കസേരയിൽ ഇരുന്നു. വണ്ടിയുമായി അയാൾ വന്ന ശേഷം കഴിക്കാമെന്ന് ചിന്തയിൽ അവൾ പുറത്തേക്ക് നോക്കിയിരുന്നു. സ്ക്കൂൾ കുട്ടികൾ നെല്ലിക്ക കടിച്ചും ഒച്ച വച്ചും അതിലെ പോയ് കൊണ്ടിരുന്നു. സൈക്കിളിൽ മൂന്നു പേരിരുന്നു പോകുന്നതു കണ്ടപ്പോഴവൾക്ക് ആധി തോന്നി. ഇങ്ങിനെ തിരക്കിലൂടെ വേലായുധേട്ടൻ എങ്ങിനെ വണ്ടിയോടിക്കുമെന്ന് അവൾ വീണ്ടും ഓർത്തു നോക്കി. വലിയപാടത്തെ മാധവൻ വണ്ടി കൊണ്ടു പോകും പോലെ ഇടയ്ക്കിടെ കാലു കൊണ്ട് തുഴഞ്ഞും ബ്രേക്ക് പിടിച്ചുമൊക്കെയായിരിക്കും എന്ന് സമാധാനിച്ചു. അങ്ങിനേയും വണ്ടി ഓടിക്കുന്ന ധാരാളം ആളുകളെ അവൾ കണ്ടിട്ടുണ്ടായിരുന്നു.
 
പത്തര മണിയായിട്ടുമയാൾ വരാതിരുന്നപ്പോഴവളെഴുന്നേറ്റ് ഉപ്പുമാവും കട്ടൻ ചായയും അടുക്കളയിൽ നിന്നുകൊണ്ട് കഴിച്ചു. അരിയടുപ്പത്തിട്ട്, തലേന്നത്തെ മീൻ കറിയെടുത്ത് ഒന്നിളക്കി നോക്കി അവൾ വീണ്ടും കൊട്ടക്കസേരയിൽ വന്നിരുന്നു. വെയില് നൂലുണ്ടാക്കി ഉമ്മറത്തു കളിച്ചു നിൽപ്പുണ്ടായിരുന്നു. അതിലേക്ക് കാലു കൊണ്ട് വരച്ചു കൊണ്ടാണ് ജിബി ഇരുന്നത്. അപ്പോഴവളുടെ താഴെയുള്ള മകൾ വിനോദിനി, മൊബൈലിൽ വിളിച്ചു. അച്ഛൻ വണ്ടി കൊണ്ടു വന്നോ എന്നറിയാനായിരുന്നു അവൾ വിളിച്ചത്.
 
പിന്നെയും അര മണിക്കൂർ കഴിഞ്ഞപ്പോഴാണ് വേലായുധനെത്തിയത്. അപ്പോഴേക്കുമവൾ അരി വാർത്ത് ചീനച്ചട്ടിയിലെ ബാക്കി ഉപ്പുമാവ് ഒരടപ്പു പാത്രത്തിലേക്ക് പകർന്ന് നാലു പപ്പടവും കാച്ചി മത്തിക്കറിയുടെ ചട്ടി ചൂടുള്ള അടുപ്പിൻപ്പുറത്തേക്ക് കയറ്റി വച്ച് ഉണ്ണാനുള്ള തയ്യാറെടുപ്പ് നടത്തി കഴിഞ്ഞിരുന്നു.
 
വേലായുധൻ വണ്ടിയുമായി അവരുടെ മരം കൊണ്ട് ഉണ്ടാക്കി വച്ച ഗേറ്റിനു മുന്നിലെത്തിയതും സന്തോഷത്തോടെ ജിബി ചെന്നു പടി തുറന്നു കൊടുത്തു. ആ വണ്ടി കണ്ടതും ഒരപരിചിതൻ കയറി വരികയാണൊ എന്നവൾക്ക് സംശയം തോന്നി. വെള്ള നിറമുള്ള വണ്ടിയെ ഓറഞ്ചു നിറമുള്ള ചെട്ടിച്ചിപ്പൂ കൊണ്ടുള്ള മാലയണിയിച്ചിരുന്നു. മഞ്ഞക്കുറിക്ക് മേലെ കുങ്കുമപൊട്ടും തൊട്ടിരുന്നു. ഇതിനും പുറമെ പശുവിന്റെ കണ്ണു പോലുള്ള ഹെഡ് ലൈറ്റിനു നടുവിലായി വേലായുധൻ വണ്ടിക്ക് നൽകിയ പേരുമെഴുതി വച്ചിരുന്നു. ആണ്ടവൻ.
 
കണ്ടതിലോ, മനസ്സിലാക്കിയതിലോ എന്തോ പിശകു പറ്റിയെന്ന മട്ടിൽ ജിബി അയാളെ തുറിച്ചു നോക്കി നിന്നു. “നമ്മടെ വണ്ട്യാടി” എന്ന് പറഞ്ഞു വേലായുധൻ ചിരിച്ചു. അതൊരു ഒളിച്ചു പിടുത്തമുള്ള ചിരിയാണെന്ന് ഒറ്റ നോട്ടത്തിൽ ജിബിക്ക് മനസ്സിലായി. “ഇതെന്താ വേലായുധേട്ടാ, വണ്ടീമ്മ കാണണ ഈ അലങ്കാരൊക്കെ.”   അവൾ അടുത്ത് ചെന്ന് ആ പൂമാലയിൽ ചെന്ന് പിടിച്ചു കൊണ്ട്, അയാളെ നോക്കി ചോദിച്ചു. അയാളൊന്നു ചിരിച്ചു. ആ ചിരി കണ്ടപ്പോഴവൾക്ക് കാക്ക കൊത്തിയ കൊയ്യക്കയാണ് ഓർമ്മ വന്നത്. ഒരപാകത.
 
“ആദ്യത്തെ വണ്ട്യല്ലേ ടീ, ഒന്ന് പൂജിപ്പിച്ചു. മുരുകൻ കോവിലീ കൊണ്ടോയി മാലേട്ട് ശശീടവുടത്തെ സതീശനെ കൊണ്ടാണീ പേരൊക്കെ എഴുതിച്ചിരിക്കണത്. ഇഷ്ടായിരിക്കണാ?” വേലായുധൻ വണ്ടി സ്റ്റാൻഡിലിട്ട് ഇറങ്ങി അവൾക്ക് മുന്നിൽ നിന്നു കൊണ്ട് ഒന്നു കൂടി ചിരിച്ചു.
അത് കൂടി കേട്ടപ്പോൾ തന്റെ വെറും സംശയമല്ല, തന്നെ അയാൾ പറ്റിച്ചിരിക്കുന്നു എന്നവൾക്ക് ബോധ്യമായി. സാധാരണ ചെയ്യാറുള്ള ചെറിയ പറ്റിപ്പല്ല അതെന്നും അവൾക്ക് മനസ്സിലായി.
“നിങ്ങക്കെന്താ വേലായുധേട്ടാ പ്രാന്തു പിടിച്ചൊ. നിങ്ങക്ക് എപ്പോ തൊട്ടീ മുരുകഭക്തിയൊക്കെ തുടങ്ങി. മ്മളെ സഹായിക്കാനൊരു ദൈവോം ഇല്ല്യാന്നും മ്മടെ ദൈവങ്ങൾ നേതാക്കന്മാരാണെന്നും പറഞ്ഞത് ങ്ങളു മറന്നിരിക്കണാ?” 
അവളുടെ ശബ്ദം കനത്തു തുടങ്ങിയിരുന്നു. 
“ജിബ്യേ, ഇയ്യ് എന്തറിഞ്ഞിരിക്കണൂ. നേതാക്കന്മാരൊക്കെ പറ്റിപ്പാന്ന് എനിക്കിപ്പഴല്ലെ ബോധ്യായിരിക്കണേ. എടയ്ക്ക് ദൈവത്തിനേം വിളിച്ചോണ്ട് ന്താപ്പത്ര തെറ്റ്.”  അയാളുടെ ശബ്ദവും മൂർച്ചപ്പെട്ടിരുന്നു. തലയ്ക്ക് കൈ കൊടുത്തു കൊണ്ടാണ് ജിബി കൊട്ടകസേരയിൽ ഇരുന്നത്.
“അപ്പോ ന്റെ കർത്താവോ? നിങ്ങളല്ലേ മനസ്സീന്ന് അടിച്ചിറക്കാനുപദേശിച്ചു തന്നത്. നിങ്ങളു പറഞ്ഞിട്ടല്ലെ ഞാനൊരു കമ്മൂണിസ്റ്റായത്. ദൈവല്ല്യാണ്ട് ഇത്രെം കൊല്ലം നിങ്ങടൊപ്പം പാർത്തത്. ഇനിപ്പൊ നിങ്ങക്ക് നാണാവില്ല്യേ വേലായുധേട്ടാ, ഇങ്ങിനൊരു മാറ്റണ്ടാക്കി ജീവിക്കാൻ. നമ്മളങ്ങനെ ജീവിച്ചിട്ട് എന്തു കൊറവാ ഇണ്ടായത്.”
 
ജിബിക്ക് കരച്ചിൽ വരുന്നുണ്ടായിരുന്നു. അവൾക്ക് പറയാനും പരാതിപ്പെടാനും പലതും ബാക്കിയുണ്ടായിരുന്നു. അവൾക്ക് അയാളെ തല്ലണമെന്ന് തോന്നി. ഒരു നിമിഷം കൊല്ലാൻ വരെ തോന്നിപ്പോയി. കർത്താവിനെ വിട്ട് ഇയാളെ വിശ്വസിച്ചതിൽ ആത്മദുഃഖം തോന്നി. പിന്നെയും എന്തൊക്കെയൊ തോന്നി. അതൊക്കെ പറഞ്ഞറിയിക്കാൻ ആരുമില്ലാതായി എന്നും തോന്നി. തീർത്തും ഒറ്റപ്പെട്ട് ചതിക്കപ്പെട്ട് ഇനിയെന്ത് ചെയ്യണമെന്നറിയാതെ അവൾ ഒന്ന് തേങ്ങി.
 
“ജിബ്യേ നീയും മുരുകനെ വിളിച്ചോ. ഇതിപ്പോ നീ അനാഥ ആയി പോയ പോലെ സംസാരിക്കണ്ട കാര്യൊന്നൂല്ല്യ.” അയാൾ അവളുടെ തോളിൽ ഒന്ന് തൊട്ടു. അവളെ മെരുക്കണമെന്ന മട്ടിൽ.
അവൾ അയാളെ തുറിച്ചു നോക്കി. അയാൾ വിഷം തുപ്പുന്ന ഒരു സർപ്പമാണെന്ന് അവൾക്ക് തോന്നി. അയാളുടെ നെറ്റിയുടെ ഒത്ത നടുവിൽ യു എന്നെഴുതിയ പോലൊരു മുദ്ര തെളിഞ്ഞു വരുന്നത് അവൾ കണ്ടു. ഇത്ര കാലമയാളിതൊക്കെയാണോ മനസ്സിൽ കൊണ്ട് നടന്നതെന്ന് അവൾ ഭയത്തോടെ ഓർത്തു. അവൾക്ക് പള്ളിയിൽ പോയൊന്ന് കുമ്പസരിക്കാൻ തോന്നി. പൊറുക്കണേ കർത്താവേ എന്നുറക്കെ കിടന്നു കരയാൻ തോന്നി. അവൾ പതുക്കെയെഴുന്നേറ്റ് അകത്തെ മുറിയിൽ കിടക്കുന്ന ഒറ്റക്കട്ടിലിൽ പോയി കിടന്നു. (അന്നു മുതൽ പിന്നീടങ്ങോട്ട് അവൾ അവിടെ തന്നെയായിരുന്നു ഉറങ്ങിയത്.) 
 
അയാൾ വിടാതെ പിന്തുടർന്ന് അവൾക്ക് പിറകെ വന്ന് തൊട്ടടുത്ത് കിടന്ന മരസ്റ്റൂളിൽ ഇരുന്നു കൊണ്ട് പറഞ്ഞു. “ജിബ്യേ എല്ലാം തട്ടിപ്പാന്ന് ഇപ്പഴല്ലേ മോളേ പിടി കിട്ടണത്. ഓരോരുത്തരു പറഞ്ഞിട്ട് ഓരോന്ന് ചെയ്തു കൂട്ടീതൊക്കെ എന്തെങ്കിലുമൊക്കെ ഇണ്ടാക്കാന്ന് വച്ചിട്ടന്ന്യാ. ഇപ്പോ എല്ലാമങ്ങട് മടുത്തു പോയി. ഉറങ്ങിയെണീക്കുമ്പോ ഒരു നിരാശയാ.”
അയാൾ അവളെ മയക്കാനെന്ന മട്ടിൽ അവളെയൊന്നു തലോടി. എത്ര ദേഷ്യത്തിൽ കിടന്നാലും അയാൾ തൊട്ടാലവൾ അതൊക്കെ മറന്ന് ഇണങ്ങി വരുന്നത് അയാൾ വെറുതെയോർത്തു. ഇത്തവണയും അങ്ങിനെയവളെ മെരുക്കാമെന്ന് അയാൾ വിശ്വസിച്ചു. ഒരേയൊരു നിമിഷം ജിബിയും പഴയ പടി കിടന്നു കൊടുത്തു. അടുത്ത നിമിഷം അരിശത്തിൽ അവൾ അയാളുടെ കൈ തട്ടി മാറ്റി. അങ്ങിനെ ഉണരുന്ന വികാരമൊന്നും ഇനി ബാക്കിയില്ല എന്നവൾക്ക് തോന്നി. ജിബിക്ക് അയാളോട് ദയവ് തോന്നിയില്ല. അവൾക്ക് കർത്താവിനോട് മാത്രം ദയവ് തോന്നി. അവൾ അവഗണിച്ച് അന്നു മഴയിൽ വീട്ടിൽ നിന്നിറക്കി വിട്ട കർത്താവിനോട് മാത്രം. ആ കണ്ണിലെ വിഷാദമവൾ ആ കിടപ്പിൽ ഓർത്തു നോക്കി. അയാൾ പറഞ്ഞതൊന്നുമവൾ ശ്രദ്ധിച്ചതേയില്ല. 
അതായിരുന്നു ആക്ടീവ വന്ന ദിവസം. അന്നു മുതൽ അയൽ വീടുകളിൽ ഉള്ളവർ ആ വീട്ടിൽ നിന്നുള്ള ബഹളങ്ങൾ കേട്ടു തുടങ്ങി. ഏതു കാര്യത്തിനും വഴക്കടിക്കുക എന്ന ശീലം ജിബി ഉണ്ടാക്കിയെടുത്തു.
 
അന്നു കരഞ്ഞെഴുന്നേറ്റ അവൾ ആദ്യമയാളോട് പ്രഖ്യാപിച്ചത്,= എന്നെ ഇന്നു മുതൽ ത്രേസ്യ എന്നേ വിളിക്കാവൂ. അതാണെന്റെ പേര്. മറ്റു പേരുകൾ വിളിച്ചാൽ ഞാൻ വിളി കേക്കില്ല. ഞാൻ ആരോ എന്നത് എന്റെ പേരിലുണ്ട്. നിങ്ങളു കേട്ടല്ലോ. ത്രേസ്യ. എന്റെ അപ്പനും അമ്മച്ചിയും എനിക്കിട്ട പേരു വിളിച്ചാ മതി.
 
ജിബി അങ്ങിനെയൊരു പ്രസ്താവന നടത്തിയതു കൊണ്ട് ഇനി മുതൽ ജിബിയെ ത്രേസ്യ എന്നു വിളിക്കുന്നതായിരിക്കും.
 

കൊട്ടിക്കലാശം 

പിറ്റേന്ന് രാവിലെ മുതൽ വേലായുധൻ തൊട്ടടുത്തുള്ള മുരുകൻ കോവിലിൽ പോയി തുടങ്ങി. ആദ്യ ദിവസമയാൾ അവളെ പ്രസാദം തൊടുവിക്കാൻ ശ്രമിച്ചപ്പൊഴയാളെ അവൾ ചുവരിലേക്ക് ഉന്തിയിട്ടു. ഇനി മേലാൽ ഇത്തരം കോപ്രായങ്ങളുമായി എന്റെ അടുത്തു വന്നേക്കരുത് എന്നൊരു താക്കീതും നൽകി. പിന്നെ അയാളതിനു ശ്രമിച്ചില്ലെങ്കിലും അയാൾ ഒരു ഭക്തനായി മാറി. അയാളെ അന്വേഷിച്ചു വന്ന ബേബി സഖാവുൾപ്പടെ പലരേയുമയാൾ തിരിച്ചയച്ചു. തോന്നിയാൽ പണിക്ക് പോകും അല്ലെങ്കിൽ കിടന്നുറങ്ങുമെന്ന ഒരു ശീലമയാൾ വികസിപ്പിച്ചെടുത്തു.
 
എന്റെ വേലായുധേട്ടാ, നിങ്ങക്ക് ഇടയ്ക്ക് ഒന്നു വീട്ടീ ഇരുന്നൂടെ, എന്നേം കൊണ്ട് ആ മലമ്പുഴ വരെയെങ്കിലും പോയ് ക്കൂടെ. ഇത് സദാ പാർട്ടീടെ പേരും പറഞ്ഞു ചുറ്റി നടന്നാ, ഈ വീട്ടീ കിടന്നു ഞാൻ മുളച്ചു പോകും, എന്ന് പരാതി പറഞ്ഞു കൊഞ്ചിയിരുന്ന ത്രേസ്യ അയാളെ വീട്ടിൽ കണ്ടാലും ഗൗനിക്കാറില്ല. അവൾക്ക് അയാളോട് ഉണ്ടായിരുന്ന സ്നേഹമങ്ങട് വറ്റി പോയി. അയാൾക്കൊപ്പം എങ്ങോട്ടും പോകണമെന്ന് ജ്വരം തോന്നാതായി. അവളുടെ വിഷമം മക്കളോട് പോലും പറയാൻ നിവൃത്തിയില്ലാതായി. അവളെ പോലുള്ള കമ്മ്യൂണിസ്റ്റകാരല്ല മക്കൾ രണ്ട് പേരും. അവളെ ഞെക്കി പഴുപ്പിച്ചതാണെങ്കിൽ അവർ തനിയെ പഴുത്തവരാണ്. അതു കൊണ്ട് തന്നെ അച്ഛനിപ്പോഴുണ്ടാക്കിയ മാറ്റം കൊണ്ട് തനിക്ക് കർത്താവിനെ നഷ്ടമായ ദുഃഖം തോന്നുന്നു എന്നൊന്നും അവർക്ക് മനസ്സിലാവില്ല എന്ന് ത്രേസ്യക്ക് നന്നായറിയാം. അവൾ തിരിച്ചും മറിച്ചും ചിന്തിച്ച് കൊണ്ടാണ് ഓരോ രാത്രിയും ഒറ്റക്കട്ടിലിൽ കിടന്നുറങ്ങിയിരുന്നത്. അവൾ തിരിഞ്ഞു മറിയുമ്പോൾ അവൾക്ക് കൂട്ടായി പഴകിയ ആ കട്ടിലും കരയും. ആ ശബ്ദം കേൾക്കുമ്പോഴൊക്കെ അവൾ ബുദ്ധി മാറി തന്നെ അന്വേഷിച്ച് മുറിയിലേക്ക് വരികയാണെന്ന് വേലായുധനും വിചാരിക്കും. അയാൾ ഉണർവ്വോടെ കട്ടിലിന്റെ ഒരു വശത്തേയ്ക്ക് നീങ്ങി കിടന്ന് അവൾക്ക് കിടക്കാനുള്ള സ്ഥലം ഉണ്ടാക്കിയിടും. അവിടെ ചെമ്പകപ്പൂ മണമുണ്ടെന്ന് അയാൾക്ക് തോന്നും. ഇപ്പഴും വേലായുധേട്ടനു ഒടുക്കത്തെ ശക്തിന്ന്യാ. ഒരു പിടി പിടിക്കുമ്പൊ നുറുങ്ങി പോണത് പോല്യാ. ഇത്തിരി പതുക്ക പിടിക്ക് വേലായുധേട്ടാ. നിങ്ങട താടി കണ്ടപ്പോ അന്നെനിക്ക് മനസ്സിലായതാ, നിങ്ങക്കിതിനൊക്കെ വല്ലാത്ത കൊതിയായിരിക്കുംന്ന്. കല്ല്യാണം കഴിഞ്ഞിങ്ങട് വന്നപ്പോ തൊടങ്ങിയ ചാട്ടല്ലേത് വേലായുധേട്ടാ. മടുക്കണില്ല്യാട്ടാ നിക്കും. അവളുടെ ചിരി അയാൾ തൊട്ടടുത്തു കേൾക്കും. പക്ഷേ ഒടുവിൽ അയാൾക്ക് മനസ്സിലായി, കർത്താവ് തന്നെ മറി കടന്ന് അവൾക്കുള്ളിൽ കയറിയിരുപ്പായി എന്ന്.
 
അവൾ പണി കഴിഞ്ഞു വരുന്ന നേരത്ത് അയാൾ മാട്ടുമന്തയിലെ സുരയുടെ കടയിൽ ചെന്നിരിക്കും. അവൾ വന്ന് കേറിയ ഉടൻ ആണ്ടവനേയും തന്നെയും കൂടി കണ്ടാൽ പ്രശ്നമാണെന്ന് അയാൾക്ക് അറിയാവുന്നതു കൊണ്ട് ആറ് ആറരയ്ക്ക് വിളക്ക് വയ്ക്കണ നേരത്തേ അയാൾ വീട്ടിൽ വരുമായിരുന്നുള്ളൂ. കല്പാത്തിയിൽ പോയി ഒരു ചെറിയ മുരുകന്റെ ചിത്രം അയാൾ കിടപ്പുമുറിയിൽ കൊണ്ട് വച്ചിരുന്നു. (ത്രേസ്യ ആ മുറിയിൽ ഉറങ്ങാത്തതു കൊണ്ട് അയാൾ മുരുകനെ കണി കണ്ട് ഉണരാൻ തുടങ്ങിയിരുന്നു.) അത്യാവശ്യം വീട്ടിലേക്ക് വേണ്ട എന്തെങ്കിലും സുരയുടെ കടയിൽ നിന്ന് വാങ്ങി കൊണ്ടാണ് അയാളെന്നും മടങ്ങി പോകാറുള്ളത്.
 
അന്നും അയാൾ ആറു മണിക്ക് തന്നെ കുറച്ച് പപ്പടവും ഒരു പാക്കറ്റ് മാവും വാങ്ങി എഴുന്നേറ്റു. ഈയിടെയായി ത്രേസ്യ ദോശയോ ഇഡ്ഡലിയോ ഒന്നുമുണ്ടാക്കാൻ മെനക്കെടാറില്ല. പുട്ടും, അപ്പവുമൊക്കെ ഉണ്ടാക്കി ഇതൊക്കെയാണ് അവളുടെ വീട്ടിൽ പതിവെന്ന് അയാളെ അറിയിക്കും.അയാൾക്ക് ഒന്നിലും പരാതി പറയാൻ തോന്നാറില്ല. തന്റെ വഴിക്കവൾ വരില്ലെന്നും അവർക്കിനി പഴയ പോലൊരു ജീവിതം എളുപ്പമല്ലെന്നും അയാളിടയ്ക്ക് ഇരുന്നോർക്കും. അവളെന്തൊക്കെയാവും ചിന്തിക്കുന്നതെന്നുമയാൾ സങ്കൽപ്പിക്കാൻ ശ്രമിക്കും. തന്നെ മോശപ്പെട്ടവനും ചതിയനും നട്ടെല്ലില്ലാത്തവനുമായവൾ ചിന്തിക്കുന്നുവെന്ന തോന്നൽ വരുമ്പോഴയാൾ വേഗത്തിൽ മുരുകന്റെ നാമം ജപിക്കും. 
ഷഡാനനം കുങ്കുമ രക്തവർണ്ണം മഹാമതീം ദിവ്യ മയൂരവാഹനം
രുദ്രസ്യസൂനും സുരസൈന്യനാഥം ഗുഹം സദാഹം ശരണം പ്രപദ്യേ.
 
ഇടയിൽ കയറി വരുന്ന മുദ്രാവാക്യങ്ങളെ അയാൾ അസ്വസ്ഥതയൊടെ മറക്കാൻ ശ്രമിക്കും. ഞങ്ങളിലില്ല ഹൈന്ദവരക്തം, ഞങ്ങളില്ല ഇസ്ലാം രക്തം, ഞങ്ങളില്ല ക്രൈസ്തവ രക്തം, ഞങ്ങളിളുള്ളത് മാനവരക്തം, ലാൽ സലാം ലാൽ സലാം.
ഓം സുബ്രമണ്യായ നമഃ
വയലേകകളുടെ ശബ്ദമിതാ, പണിശാലകളുടെ ശബ്ദമിതാ, ഇങ്കുലാബ് സിന്ദാബാദ്.
 
എല്ലാം വ്യർത്ഥമെന്ന് തോന്നുമ്പോൾ മനുഷ്യൻ തിരിച്ച് നടക്കും. ചിലപ്പോഴാ വഴി തെറ്റാവും. പരീക്ഷണം, അത് വേണമെന്ന് അയാൾക്ക് കലശലായി തോന്നി തുടങ്ങിയപ്പോഴാണ് അയാൾക്ക് ശ്വാസം മുട്ടൽ വിട്ടു മാറാതായത്. ഇപ്പോഴയാൾക്ക് തെറ്റും ശരിയും ശങ്കയുമൊക്കെ കൂടി പോയെങ്കിലും തൽക്കാലം ഇതേ പടി മുന്നോട്ടയാൾക്ക് പോകണമെന്ന് തോന്നി. അന്നയാൾ സുരയുടെ കടയിൽ നിന്ന് വീട്ടിലേക്ക് നടമ്പോൾ വീടിനു പുറത്ത് മൂന്നാലാളുകൾ നിൽക്കുന്നുണ്ടായിരുന്നു. അവരൊക്കെ അയാളെ കണ്ടപ്പോൾ ഒന്നും മിണ്ടാതെ അയാളെ കടന്നു പോയി. നടന്നു നീങ്ങിയിട്ടും ചിലർ തിരിഞ്ഞു നോക്കുന്നത് വേലായുധൻ ശ്രദ്ധിച്ചു. അപ്പോഴാണ് അയാളാ ബോർഡ് കണ്ടത്. അതൊരു ആണിയിൽ തൂങ്ങി ഗേറ്റിൽ കിടക്കുകയായിരുന്നു. കറുത്ത ഒരു ഫലകത്തിൽ തിളങ്ങുന്ന സ്വർണ്ണ നിറത്തിൽ വീടിനു മുന്നിൽ കർത്താവ് എന്നെഴുതി വച്ചിരിക്കുന്നു.
 
താൻ വരുന്നതും കാത്ത് വാതിൽ കൊടുകൈ കുത്തി ത്രേസ്യ നിൽക്കുന്നത് അയാൾ കണ്ടു. അകത്തേക്ക് കയറുമ്പോഴവൾ പറഞ്ഞു. “ആണ്ടവനു സ്ക്കൂട്ടർ ആയ സ്ഥിതിക്ക് വീട് കർത്താവിനിരിക്കട്ടെ. അതാണ് ശരി. സമാസമം. ഇപ്പോ മനസ്സൊന്ന് തണുത്തു.”
 
ചുവരിൽ തൂങ്ങി കിടന്ന ചെ താഴെ അവളുടെ മുഷിഞ്ഞ തുണി കൂട്ടിയിട്ടതിനരികിൽ തല കുനിച്ചിരിക്കുന്നതു കണ്ടപ്പോഴയാൾക്ക് വിഷമമൊന്നും തോന്നിയില്ല. എന്നാൽ ചെ ഇരുന്നിടത്ത് നെഞ്ചിൽ വെളിച്ചം ഏന്തിയ കർത്താവ് ചിരിച്ചിരിക്കുന്നതു കണ്ടപ്പോൾ അയാൾക്ക് വിഷമം തോന്നി. അപ്പോഴേക്കും വിളക്ക് കത്തിക്കാൻ സമയമായത് കൊണ്ട് അയാൾ കിടപ്പുമുറിയിലേക്ക് ഒന്നും പറയാതെ നടന്നു. ചെ തല പൊക്കി അയാളെ ആട്ടിയത് കർത്താവു മാത്രം കണ്ടു കാണും.
ഫേസ്‌ബുക്, സൈബർ യുഗത്തിലെ ദേവദാസി എന്നിവയാണ് പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങൾ. ചെറുകഥക്കുളള ചിന്ത പ്രവാസി സാഹിത്യ പുരസ്ക്കാരം അടക്കം നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.