ശംഭോ മഹാദേവ

റാഫിയണ്ണന്റെ ലീഡര്‍ഷിപ്പിലുള്ള ഒരു കൊട്ടേഷന്‍ ടീമിലായിരുന്നു ഞാനന്ന് ജോലി ചെയ്തിരുന്നത്. വെളുപ്പാന്‍ കാലത്ത് കുര്‍ബാന കാണാന്‍ നടന്നു പോവുകയായിരുന്ന ഒരു വൃദ്ധയുടെ മാല പറിച്ച കേസിന് ഞാന്‍ ആറുമാസം ജയിലിലായിരുന്നു. റാഫിയണ്ണനായിരുന്നു എന്നെ ജാമ്യത്തിലിറക്കിയത്. ജാമ്യത്തിലിറങ്ങിയശേഷം അണ്ണന്റെ ടീമിനൊപ്പം ഞാനൊരു ജുവലറി മോഷണത്തില്‍ പങ്കെടുത്തു. അത് വന്‍ വിജയമായിരുന്നു. ആ പണം ഉപയോഗിച്ച് ഞാന്‍ മാല മോഷണ കേസില്‍ നിന്ന് ഊരി.
മോഷണത്തില്‍ നിന്ന് ലഭിച്ച പണം പിന്നെയും ബാക്കി ഉണ്ടായിരുന്നു. കേസ് തീര്‍ന്നതിനു ശേഷം ഞാനൊരു ആള്‍ ഇന്ത്യാ ട്രിപ്പ് പോയി. ധനുഷ്കോടി മുതല്‍ കുളു മനാലി വരെ. ജയിലില്‍ വച്ച് തുടങ്ങിയ ഫെയ്സ്ബുക്ക് അക്കൌണ്ടാണ് എനിക്ക് യാത്രയ്ക്കുള്ള പ്രചോദനം നല്‍കിയത്. ധാരാളം ആളുകള്‍ പ്രത്യേകിച്ച് സ്ത്രീകള്‍ തനിച്ചു ആള്‍ ഇന്ത്യാ ട്രിപ്പ് നടത്തുന്നു. ആ യാത്രകള്‍ അവരില്‍ വലിയ ഒരു മാറ്റം നല്‍കിയെന്ന് അവര്‍ അവകാശപ്പെട്ടു. അവരുടെ പോസ്റ്റുകളും, റീല്‍ വീഡിയോകളും എനിക്ക് വലിയ ആവേശം പകര്‍ന്നു. കാശ്മീരിലെ മഞ്ഞു, കൊങ്കണ്‍ വഴിയുള്ള ട്രെയിന്‍ യാത്ര.. ഞാന്‍ ഉത്സാഹഭരിതനായി. എനിക്ക് ഒരു മാറ്റം അനിവാര്യമായിരുന്നു. ഈ യാത്രയുടെ അവസാനത്തില്‍ എനിക്ക് വലിയ ഒരു ആന്തരിക മാറ്റം വരുമെന്ന് ഞാന്‍ വിചാരിച്ചു.

കൊടുമുടികള്‍, മരുഭൂമികള്‍, കടല്‍ത്തീരങ്ങള്‍, ജനം ജീവിതരസം ഊറിക്കുടിക്കാന്‍ ഒത്തുചേരുന്ന നഗരസായാഹ്നങ്ങള്‍. എങ്കിലും മെല്ലെ എല്ലാം മടുത്തു. എനിക്ക് മടുത്ത വിവരം ഞാന്‍ എന്നോട് പോലും പറഞ്ഞില്ല. അങ്ങിനെ തോല്‍വി സമ്മതിക്കാന്‍ എനിക്ക് മനസ്സില്ലായിരുന്നു. ഹിമാലയത്തിലെ ദുര്‍ഘടമായ ഒരു മലയിടുക്കില്‍, ഇരുണ്ട ഒരു ഗുഹയില്‍ തനിച്ചിരുന്നു തപസ്സു ചെയ്യുന്ന ഒരു സ്വാമിയുമായി ഞാന്‍ പരിചയപ്പെട്ടു. സ്വാമി ഇടയ്ക്കിടെ അടുത്തുള്ള പട്ടണത്തിലേക്ക് വരും. ആളുകള്‍ക്ക് സ്വാമിയെ വലിയ ബഹുമാനമാണ്. ഞാന്‍ അങ്ങേരുടെ ഒപ്പം കൂടി. ഞാന്‍ എന്റെ വിവരങ്ങള്‍ സ്വാമിയോട് പറഞ്ഞു. എല്ലാം തലകുലുക്കി കേട്ട ശേഷം മൂന്നുമാസം തനിക്കൊപ്പം നില്‍ക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു.

“മൂന്നു മാസം കഴിഞ്ഞ് ?” ഞാന്‍ ചോദിച്ചു.

“അപ്പഴേക്കും ഒരു തീരുമാനമാകും. ശംഭോ മഹാദേവ!” കുറച്ചു നേരം എന്നെ നോക്കിയിരുന്നതിനുശേഷം സ്വാമി പ്രതിവചിച്ചു.

സ്വാമി വെളുപ്പിനെ മൂന്നു മണിക്ക് ഉണരും. ഗുഹയുടെ പിന്നില്‍ ഒരു അരുവിയുണ്ട് . അവിടെ പോയി കുളിക്കും. പ്രഭാതകൃത്യങ്ങള്‍ ഒക്കെ കഴിഞ്ഞ് നാല് മണിയാകുമ്പോള്‍ ഗുഹയില്‍ തിരികെ എത്തും. നാല് മണി മുതല്‍ അഞ്ചുവരെ പൂജയാണ്. പൂജ എന്ന് വച്ചാല്‍ ഗുഹയുടെ മൂലയ്ക്ക് ഇരിക്കുന്ന നടരാജ വിഗ്രഹത്തില്‍ ശ്രദ്ധിച്ചു നോക്കിയിരിക്കുക. തനിത്തങ്കത്തില്‍ തീര്‍ത്തതാണ് നടരാജവിഗ്രഹം. നടരാജന്റെ ശിരസ്സിലും കഴുത്തിലും വജ്രമുണ്ട്. രാത്രിയില്‍ സംഗതി മിന്നിത്തിളങ്ങും. സ്വാമിക്ക് അദ്ദേഹത്തിന്റെ ഗുരു സമ്മാനം കൊടുത്തതാണത്രെ അത്.

“ഒരു നാലഞ്ചു കോടി രൂപയുടെ സാധനമുണ്ട്.” ഒരു ദിവസം ഞാന്‍ നോക്കുന്നത് കണ്ടപ്പോള്‍ ഗുരു പറഞ്ഞു. ഞാന്‍ വാ പൊളിച്ചു.
“നിനക്ക് വേണോ ?” സ്വാമി ചോദിച്ചു.
“എനിക്കോ… എനിക്കൊന്നും വേണ്ട. എനിക്കിതിലൊന്നും താത്പര്യമില്ല സ്വാമി.” ഞാന്‍ പറഞ്ഞു.
“നല്ലത്, മെറ്റീരിയല്‍ അഭിലാഷങ്ങളില്‍ നിന്നും അകന്നു നില്‍ക്കുന്നതാണ് നല്ലത്. ശംഭോ മഹാദേവ!”
പൂജ കഴിഞ്ഞാല്‍ സ്വാമി വിഗ്രഹം കമ്പിളികെട്ടിനുള്ളില്‍ മൂടി വയ്ക്കും. പിന്നെ ഗുഹയുടെ മുന്നില്‍ വന്നിരിക്കും. ചുറ്റും മലനിരകളാണ്. ഗുഹയുടെ മുന്‍പിലെ മിനുസമേറിയ പാറയുടെ മുകളിലിരുന്നാല്‍ മലനിരകള്‍ക്കിടയിലൂടെ ഉദിച്ചു വരുന്ന സൂര്യന്റെ ആദ്യ കിരണങ്ങള്‍ ആസ്വദിക്കാം. സൂര്യപ്രകാശത്തിന്റെ മഞ്ഞച്ചീളുകള്‍ നെറ്റിയുടെ മധ്യത്തില്‍ സ്പര്‍ശിക്കുമ്പോള്‍ സ്വാമി പുഞ്ചിരിക്കും.

“ഇതാണ് നമ്മുടെ പ്രഭാതഭക്ഷണം.” സ്വാമി ചിരിച്ചുകൊണ്ട് രാവിലത്തെ വെയില്‍ കൊള്ളുന്നതിനെ പറ്റി പറഞ്ഞു.

കാലുകള്‍ ചമ്രം പടിഞ്ഞു യോഗാസനത്തില്‍ കണ്ണടച്ച് ഇരിക്കുന്നവര്‍ മാത്രമാണ് സ്വാമിമാര്‍ എന്ന എന്റെ ധാരണ തെറ്റി. പൂജ കഴിഞ്ഞു വെയില്‍ മൂക്കുന്നത് വരെ അദ്ദേഹം ഗുഹയുടെ മുന്‍പിലെ പാറയിലിരിക്കും. ചിലപ്പോ ഓരോ മൂളിപ്പാട്ട് പാടും. തീരെ സംസാരമില്ല. വെയിലുറച്ചാല്‍ പിന്നെ അകത്തേക്ക് വരും. ഗുഹയില്‍, ഒരു ലോട്ടയില്‍ നിറച്ചുവച്ചിരിക്കുന്ന വെള്ളം കുടിക്കും. വെള്ളം കുടിക്കുന്നത് അമൃത് പാനം ചെയ്യുന്നത് പോലെയാണ്. വളരെ ആസ്വദിച്ചു, സമയമെടുത്താണ് കുടിക്കുക. ഒപ്പം മുഖത്ത് ഒരു ചിരിയുമുണ്ടാകും.
ഉച്ചയാകുമ്പോള്‍ എന്തെങ്കിലും പഴങ്ങള്‍ കഴിക്കും. ചിലപ്പോള്‍ ഭക്ഷണമേ കഴിക്കില്ല. അത് കഴിഞ്ഞാല്‍ സന്ധ്യവരെ കിടന്നുറങ്ങും. സന്ധ്യയാകുമ്പോള്‍ ഉണര്‍ന്നു വീണ്ടും ഗുഹയുടെ മുന്നിലെ പാറയില്‍ പോയിരിക്കും.

ഓരോ സ്ഥലത്തെയും ആകാശത്തിന് പ്രത്യേകതകളുണ്ട്. നഗരത്തിലെ ആകാശത്തിനു ഒരു മോഷ്ടാവിന്റെ ചിരിയാണ്. ഇവിടെ ഈ മലമുകളിലെ ആകാശത്തിനു ഒരു വൃദ്ധന്റെ ശാന്തതയും. ഇവിടെ രാത്രിയായാലും മലകള്‍ ഇരുട്ടില്‍ മുങ്ങില്ല. അവ നക്ഷത്രവെളിച്ചത്തില്‍ ഒരു മങ്ങിയ നീല നിറം കൈക്കൊഉള്ളും. സ്വാമി ഈ കാഴ്ചകള്‍ എല്ലാം ഒരു കൊച്ചുകുട്ടി സിനിമ കാണുന്ന കൗതുകത്തില്‍ പാതിരാത്രി വരെയിരുന്നു ആസ്വദിക്കും. പിന്നെ കിടന്നുറങ്ങും.

എന്തായിരുന്നു എന്റെ പണി ? ഗുഹയിലേക്കുള്ള വെള്ളവും വിറകും ശേഖരിക്കുക, ഇടയ്ക്ക് നാലഞ്ചു കിലോമീറ്റര്‍ വനത്തിലൂടെ നടന്ന് പട്ടണത്തില്‍ പോയി ഭക്ഷണസാധനങ്ങളും മറ്റും വാങ്ങുക. ഞാന്‍ ചെല്ലുമ്പോള്‍ പട്ടണത്തിലുള്ളവര്‍ അടുത്ത് വരും.
“എന്തെങ്കിലും പഠിച്ചോ ?” അവര്‍ ആകാംക്ഷയോടെ ചോദിക്കും.
സ്വാമിക്ക് ഒരുപാട് അത്ഭുതശക്തികള്‍ ഉണ്ടെന്നാണ് പട്ടണവാസികള്‍ പറയുന്നത്. മണ്ണു സ്വര്‍ണ്ണമാക്കും, രൂപം മാറാനും, അദൃശ്യനാകാനും, ഭൂതവും ഭാവിയും പറയാനും, മനസ്സ് വായിക്കാനും. ഞാന്‍ നുണ പറയുന്നില്ല. എനിക്കും എന്തെങ്കിലും വിദ്യ പഠിക്കണം എന്നുണ്ടായിരുന്നു. പക്ഷേ അങ്ങേരു വാ തുറക്കണ്ടേ ?

പക്ഷേ സ്വാമിയുടെ അടുത്തിരിക്കുമ്പോള്‍ ഒന്നും ചോദിയ്ക്കാന്‍ തോന്നില്ല. ചില സമയത്ത് പുള്ളിക്കാരന്‍ വേറെ ഏതോ ലോകത്ത് ആണെന്ന് തോന്നും. മണിക്കൂറുകള്‍ കണ്ണടച്ചു ഒരേ ഇരിപ്പിരിക്കും. നിങ്ങള്‍ വിശ്വസിക്കില്ല. ഒരു ദിവസം ഞാന്‍ വിറകുമായി വരുമ്പോള്‍ സ്വാമിയുടെ മടിയില്‍ ഒരു പുലിക്കുട്ടി കിടന്നുറങ്ങുന്നു. ധ്യാനത്തില്‍ മുഴുകിയിരിക്കുന്ന സ്വാമി അത് അറിയുന്നു പോലുമില്ല. ചില ദിവസങ്ങളില്‍ സ്വാമി വനത്തിലൂടെ നടക്കാന്‍ പോകും. ഒരു ഇലയെ പോലും വേദനിപ്പിക്കാതെയാണ് നടപ്പ്. ചിലപ്പോള്‍ ആ നടപ്പ് പട്ടണത്തിലെക്കാവും. ആളുകള്‍ സ്വാമിയുടെ അനുഗ്രഹം വാങ്ങാനും രോഗം ഭേദപ്പെടുത്താനും ഓടിക്കൂടും.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരുന്നെങ്കിലും എന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. എന്തൊക്കെ ദിവ്യത്വം ഉണ്ടായാലും ഈ കാട്ടില്‍ വന്നു ജീവിച്ചിട്ട് എന്ത് കാര്യം? ആളുകളുടെ ഒപ്പം ജീവിക്കുന്നതാണ് വെല്ലുവിളി. ഞാന്‍ ഇടയ്ക്കിടെ റാഫിയണ്ണനെ കുറിച്ചോര്‍ത്തു. ഒരിക്കല്‍ മദ്യപിക്കുന്നതിനിടയില്‍ കൊട്ടേഷനും മോഷണവും എല്ലാം നിര്‍ത്തി ഒരു തട്ടുകട തുടങ്ങുന്നതിനെക്കുറിച്ചു റാഫിയണ്ണന്‍ പറഞ്ഞിരുന്നു. എനിക്ക് നന്നായി പൊറോട്ട അടിക്കാനറിയാം. അണ്ണന് ഇറച്ചിയും മീനുമെല്ലാം നന്നായി വയ്ക്കാനും. കുടിച്ചു ബോധംകെടുന്നത്‌ വരെ അണ്ണനും ഞാനും തട്ടുകടയെ കുറിച്ച് വിശദമായി പ്ലാന്‍ ചെയ്തതാണ്. എന്നാല്‍ രാവിലെ ഉണര്‍ന്നപ്പോള്‍ പുള്ളി അതെക്കുറിച്ച് മറന്നു, എന്നാല്‍ ഞാന്‍ മറന്നില്ല. എന്റെ ചിന്ത മുഴുവന്‍ അത് തന്നെയായിരുന്നു. ഞാന്‍ തട്ടുകടയുടെ കാര്യം ഓര്‍മ്മിപ്പിച്ചപ്പോള്‍ റാഫിയണ്ണന്‍ കുറച്ചു നേരം എന്നെ മിഴിച്ചു നോക്കി. പിന്നെ പൊട്ടിച്ചിരിച്ചു.

“നീ അതും ഓര്‍ത്തോണ്ടിരിക്കുവാരുന്നോ ? അതൊന്നും നടക്കത്തില്ല.”
“അതെന്താ ?” ഞാന്‍ ചോദിച്ചു.
“ഒന്നാമത് കാശ് വേണം. ജസ്റ്റ് നാലോ അഞ്ചോ ലക്ഷം രൂപ. പിന്നെ നമ്മള്‍ നന്നാകാന്‍ പോലീസുകാര്‍ സമ്മതിക്കത്തുമില്ല. അത് മാത്രമല്ല.. “റാഫിയണ്ണന്‍ ഒന്ന് നിര്‍ത്തി. അണ്ണന്‍ എന്ത് പറഞ്ഞാലും അതില്‍ ജസ്റ്റ് എന്ന വാക്ക് മിക്കവാറും ഉണ്ടാകും.
ഞാന്‍ ചോദ്യഭാവത്തില്‍ അണ്ണനെ നോക്കി.
“ഒരു പത്തു മുപ്പതു വയസ്സ് കഴിഞ്ഞാല്‍ പിന്നെ ആരെന്നാ വിചാരിച്ചാലും നന്നാകാന്‍ പറ്റുകേല. അത് വരെയുള്ള ജീവിതം തന്നെ പിന്നേം പിന്നേം ആവര്‍ത്തിച്ചോണ്ടിരിക്കും. അല്ലെ പിന്നെ ജസ്റ്റ് വല്ല അത്ഭുതവും നടക്കണം.”

ആ അത്ഭുതത്തിന് വേണ്ടിയാണ് ഞാന്‍ എപ്പോഴും ഓടി നടന്നത്. സ്വാമിയുടെ ഒപ്പം കൂടിയതും അതിനു വേണ്ടിത്തന്നെയാണ്. ഉള്ളിന്റെ ഉള്ളില്‍നിന്നു വരുന്ന ഈ കുറ്റപ്പെടുത്തലിന്‍റെയും നാണക്കേടിന്‍റെയും സ്വരത്തില്‍ നിന്നു ഓടിരക്ഷപെടാനാണ്. ഗുഹയുടെ അരികിലെ കാട്ടുചോലയില്‍നിന്നും വെള്ളം ശേഖരിക്കുമ്പോള്‍ ഞാന്‍ മനസ്സില്‍ വടിവാള്‍ വീശുന്നതും ചോര തെറിക്കുന്നതും സ്വപ്നം കണ്ടു. തേനും പഴങ്ങളും ശേഖരിക്കുമ്പോള്‍ മിനുമിനുത്ത കഴുത്തില്‍ നിന്നു തിളങ്ങുന്ന സ്വര്‍ണ്ണമാല പറിച്ചു കൊണ്ടോടുന്നത് ഭാവനയില്‍ തെളിഞ്ഞു. നിങ്ങളോട് ഞാന്‍ ഒളിക്കുന്നില്ല. ഞാന്‍ തെരുവിലാണ് ജനിച്ചത്‌. ഒരു ഓടയുടെ അരികില്‍നിന്നാണ് അവര്‍ക്കെന്നെ ലഭിച്ചത്. ആ ഓടയുടെ നാറ്റം ഇപ്പോഴും എന്നെ പിന്തുടരുന്നു. ഏതോ ആണിന്റെയും പെണ്ണിന്റെയും ജീവിതത്തിലെ ശാപം പിടിച്ച നിമിഷത്തിന്റെ ഫലമാണ് ഞാന്‍. റാഫിയണ്ണനു എന്നെ അറിയാമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഞാന്‍ നന്നാകില്ല എന്ന് അങ്ങേരു തീര്‍ത്തു പറഞ്ഞത്.

പക്ഷേ ഇങ്ങനെ മുന്‍പോട്ടു പോയിട്ട് കാര്യമില്ല. സ്വാമിയുടെ ഒപ്പം ജീവിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാക്കിയെ പറ്റൂ. ഒരു ദിവസം പുലര്‍ച്ചെ സ്വാമി ഇളംവെയില്‍ കാഞ്ഞു കൊണ്ട് ഗുഹയുടെ മുന്‍പിലെ പാറപ്പുറത്തിരിക്കുകയായിരുന്നു. മഞ്ഞുകൊണ്ട് വെളുത്ത കൊടുമുടികള്‍ വെയില്‍ കൊണ്ട് സ്വര്‍ണ്ണനിറം പൂശാന്‍ ഒരുങ്ങുന്നു. വനത്തിലെ എല്ലാ പുഷ്പലതാദികളെയും ഉമ്മ വച്ച് വരുന്ന തണുത്ത കാറ്റ്. സ്വാമി മുഖത്ത് ഒരു ചെറു പുഞ്ചിരിയോടെ കണ്ണടച്ചിരിക്കുകയാണ് .പെട്ടെന്ന് അദ്ദേഹം എന്നെ കണ്ണ് തുറന്നു ഗൗരവത്തോടെ നോക്കി.

“നിനക്ക് എന്നോട് എന്തോ ചോദിക്കാന്‍ ഉള്ളത് പോലെ..” സ്വാമി ചോദിച്ചു .
“അത്…അത് സ്വാമിക്ക് എങ്ങിനെ മനസ്സിലായി.?” ഞാന്‍ അത്ഭുതത്തോടെ ചോദിച്ചു.
സ്വാമി ചിരിച്ചു.
“നിനക്കും എനിക്കുമിടയിലുള്ള വായുവിനു ഒരു സംഭ്രമമുണ്ട്. അത് തന്നെ കാര്യം.”
ഞാന്‍ സ്വാമിയുടെ കാലില്‍ വീണു. സ്വാമി എന്നെ പിടിച്ചു എഴുന്നേല്‍പ്പിച്ചു.
“എനിക്കിതാണ്‌ വേണ്ടത് സ്വാമി. എനിക്ക് എന്തെങ്കിലും വിദ്യ പഠിപ്പിച്ചു തരണം.” ഞാന്‍ പറഞ്ഞു.
“എന്ത് വിദ്യ ?”
“ഭൂതവും ഭാവിയും പറയുന്ന വിദ്യ. അത് പഠിച്ചു ഞാന്‍ എവിടെയെങ്കിലും പോയി രക്ഷപെടട്ടെ .”
“അത് എളുപ്പമല്ലേ. ഒരു മനുഷ്യന്റെ ഭൂതകാലത്തിന്റെ ആവര്‍ത്തനം തന്നെയാണ് ഭാവിയും. പ്രതികാര ബുദ്ധിയുമായി നടക്കുന്നവര്‍ അത് തുടരും. ചതിക്കുന്ന സ്വഭാവമുള്ളവര്‍ അത് തുടരും. ഭൂതകാലത്തില്‍ നിന്നു മനുഷ്യന് മോചനമില്ല. അവന്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. അത് മനസ്സിലാക്കി അവന്‍റെ മനസ്സു പരിശോധിച്ചാല്‍ അവന്റെ ഭാവിയും പ്രവചിക്കാം.”

സ്വാമി തന്റെ കൈവെള്ള നിവര്‍ത്തി എന്നെ കാണിച്ചു. അതില്‍ ഒറ്റ വര പോലുമില്ല.

“ഭൂതകാലത്തില്‍ നിന്നു മോചനം പ്രാപിച്ചാല്‍ കൈരേഖകള്‍ മാഞ്ഞു തുടങ്ങും. പിന്നെ അങ്ങിനെയുള്ള മനുഷ്യന്‍റെ സമയത്തിനു ഭൂതം, ഭാവി എന്ന വ്യതാസം ഉണ്ടാവില്ല. അവന്റെ ജീവിതത്തില്‍ ആകെ ഒരേ ഒരു സമയമേ ഉള്ളു.”

സ്വാമി കൈകള്‍ രണ്ടും ഉദിച്ചുയരുന്ന സൂര്യന് നേരെ വിടര്‍ത്തി. സ്വര്‍ണ്ണനിറമുള്ള പ്രകാശത്തില്‍ സ്വാമിയുടെ മുഖം മുങ്ങിക്കുളിച്ചു.

“അത് ഈ നിമിഷമാണ്. ഈ നിമിഷം മാത്രം! ശംഭോ മഹാദേവ!”

എനിക്ക് സ്വാമി പറഞ്ഞ കാര്യങ്ങള്‍ പൂര്‍ണ്ണമായ് മനസ്സിലായില്ല. എങ്കിലും സ്വാമിക്ക് എന്റെ മനസ്സ് ഒരു കടലാസ്സ്‌ പോലെ വായിക്കാന്‍ കഴിയുമായിരുന്നു.
“നിനക്ക് നന്നാകണം എന്നും രക്ഷപെടണം എന്നും ഉണ്ട്. ഇപ്പോഴും നീ ഭൂതകാലത്തിന്റെ തടവിലാണ്. നീ ഇനിയും തെറ്റുകള്‍ ആവര്‍ത്തിക്കും. അനാഥനായി ജനിച്ചതിന്റെ പകയാണ് നിനക്കിപ്പോഴും ജീവിതത്തോട്. അത് മാറണമെങ്കില്‍..”
സ്വാമി ഒരു നിമിഷം സംസാരിക്കുന്നത് നിര്‍ത്തി എന്നെ നോക്കി.
“നിന്നെ തകിടം മറിക്കുന്ന ഒരു ഉപദേശം നിനക്ക് ലഭിക്കണം. കീറി മുറിക്കുന്ന ഒരു വാക്കില്‍ നീ സ്വതന്ത്രനാകും. ശംഭോ മഹാദേവ!’
സ്വാമിയുടെ വാചകങ്ങള്‍ എനെ സ്പര്‍ശിച്ചില്ല. ഇത്രയും ശക്തിയുള്ള ഒരു മനുഷ്യനു എന്നെ സഹായിച്ചാല്‍ എന്താണ് ? ഞാന്‍ അങ്ങേരുടെ കൂടെ കൂടിയിട്ടു മാസങ്ങളായി. ഈ മുടിഞ്ഞ കാട്ടില്‍ വന്നു കിടന്നു മഞ്ഞും കൊണ്ട്, ആ നശിച്ച ഗുഹയില്‍ കിടന്നു എന്റെ കോലം കെട്ടതു മാത്രം മിച്ചം. ഇപ്പൊ എന്നെ കണ്ടാ റാഫിയണ്ണന്‍ കാര്‍ക്കിച്ചു തുപ്പും.

“ഒരു ഗുണ്ടയ്ക്കും പിടിച്ചു പറിക്കാരനും വിജയിക്കാന്‍ കൂടുതല്‍ ഒന്നും വേണ്ട.ജസ്റ്റ് തല്ലു കൊള്ളാനുള്ള ആരോഗ്യവും അത് സഹിക്കാനുള്ള മനസ്സുമാണ്.” റാഫിയണ്ണന്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് പറയാറുള്ള വാചകം ഞാനോര്‍ത്തു. ഞാന്‍ സ്വാമിയെയും റാഫിയണ്ണനെയും എന്റെ മനസ്സിന്റെ തട്ടില്‍ വച്ച് തൂക്കി നോക്കി. ശരിക്കും റാഫിയമണ്ണന്‍ പറയുന്ന കാര്യങ്ങള്‍ തന്നെയല്ലേ സ്വാമിയും പറയുന്നത്. പക്ഷേ റാഫിയണ്ണനു അത്ഭുതശക്തികള്‍ ഒന്നും ഇല്ലെന്നു മാത്രം.

ഹേയ്,അങ്ങിനെ പറയാന്‍ പറ്റുമോ ? ഒരിക്കല്‍ കരുനാഗപ്പള്ളി ഫിഷ്‌ മാര്‍ക്കറ്റില്‍ വച്ച് നാല് പേരെ അങ്ങേരു ഒറ്റയ്ക്ക് അടിച്ചു വീഴ്ത്തുന്നത് ഞാന്‍ കണ്ടതാണ്. യോഗയും, ധ്യാനവും വേദങ്ങളിലെ അറിവും ഇല്ലാതെ ഒറ്റയ്ക്ക് നാല് കാട്ടാളന്‍മാരെ തറ പറ്റിക്കുന്നതും ഒരു അത്ഭുതമല്ലേ ? സ്വാമി എഴുന്നേറ്റു. ഗുഹയുടെ അരികില്‍ വച്ചിരുന്ന ചെമ്പ് ലോട്ടയിലെ വെള്ളത്തില്‍ മുഖം കഴുകി.

“ഞാനൊന്ന് നടന്നിട്ട് വരാം. ശംഭോ മഹാദേവ!” സ്വാമി ഹിമവാനെ നോക്കി തൊഴുതശേഷം എന്നോട് പറഞ്ഞു.

സ്വാമി വനത്തിലൂടെ നടക്കാന്‍ പോവുകയാണ്. ഇനി വരുമ്പോള്‍ സന്ധ്യയാകും. ഞാന്‍ വേഗം ഗുഹയിലേക്ക് കടന്നു. ഗുഹയുടെ മൂലയ്ക്ക് ഒരു ഭാണ്ഡത്തിനുള്ളില്‍ വച്ചിരുന്ന സ്വര്‍ണനടരാജ വിഗ്രഹം എടുത്തു തോള്‍ബാഗിനുള്ളില്‍ വച്ചു. നിങ്ങള്‍ക്ക് ദേഷ്യവും വെറുപ്പും തോന്നാം. എനിക്കും എന്നോട് അത് തന്നെയാണ് തോന്നുന്നത്. എന്നാലും മോഷ്ട്ടിക്കുമ്പോള്‍, മുറിവേല്‍പ്പിക്കുമ്പോള്‍, ലഭിക്കുന്ന ആ നൈമിഷികമായ തൃപ്തി. അതൊന്നു വേറെ തന്നെയാണ്.

ഹിമാലയത്തില്‍നിന്നു ലഡാക്ക്. അവിടെനിന്നു മുംബൈ. പിന്നെ കൊച്ചി. കള്ള വണ്ടി കയറി. വഴിച്ചെലവിനുള്ളത് ഞാന്‍ പോക്കറ്റടിച്ചു. ഇടയ്ക്ക് തിരികെ പോകാനും സ്വാമിയുടെ കാലില്‍ വീഴാനും മനസ്സ് ഉപദേശിച്ചു. എങ്കിലും ബാഗിനുള്ളിലെ നടരാജന്‍ പറഞ്ഞു. നീ പോടാ.. എങ്ങിനെയെങ്കിലും എന്നെ വിറ്റ്‌ രക്ഷപെടാന്‍ നോക്ക്….

റാഫിയണ്ണനു സ്വര്‍ണക്കടത്തുകാരും വിഗ്രഹമോഷ്ടാക്കളുമായി ബന്ധമുണ്ട്. ഒരു കൊട്ടേഷന്‍ ലീഡര്‍ ഒരു സൈക്യാട്രിസ്റ്റിനെ പോലെയാണ്. എല്ലാ തരത്തിലുള്ള ആളുകളും, രഹസ്യമായി തങ്ങളുടെ ജീവിത പ്രതിസന്ധി പരിഹരിക്കാന്‍ ഇരുകൂട്ടരുടെയും അടുത്തു എത്തുന്നു.

കൂട്ടം തെറ്റിയ കുഞ്ഞാടിനെപ്പോലെ ഞാന്‍ റാഫിയണ്ണനു മുന്‍പില്‍ നിന്നു. ഒപ്പമുണ്ടായിരുന്ന പുതിയ റിക്രൂട്ടുകള്‍ക്ക് അണ്ണന്‍ എന്നെ പരിചയപ്പെടുത്തി.
“ഇവന്‍ ഇവിടെ ഇല്ലായിരുന്നു. ജസ്റ്റ് ഹിമാലയം വരെ ഒന്ന് പോയി..” പുതിയ ഗുണ്ടകള്‍ എന്നെ ബഹുമാനത്തോടെ നോക്കി.
“നീ ഒരു സ്വാമിയുടെ അരികില്‍ പോയെന്നോ നന്നായെന്നോ ഒക്കെ കേട്ടല്ലോ..” അണ്ണന്‍ ചോദിച്ചു.
ഇന്ത്യയാകെ പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ക്രിമിനല്‍സംഘം. എല്ലാം ഒന്നാണ് എന്ന് ശ്രീബുദ്ധന്‍ പറഞ്ഞത് ഒരുപക്ഷേ ഈ അധോലോകത്തെ കൂടി ഓര്‍ത്തിട്ടാവും. എവിടെ എന്ത് നടന്നാലും റാഫിയണ്ണനെ പോലെ ഉള്ളവര്‍ അറിയും.
“പോയി.പക്ഷേ…”
“രക്ഷപെട്ടില്ല. അല്ലെ ?”ഞാന്‍ വാചകം മുഴുമ്മിക്കുന്നതിനു മുന്‍പ് അണ്ണന്‍ ചോദിച്ചു.
“ഇല്ല.”
“വര്‍ക്ക് വേണം അല്ലെ..?”
“ഉവ്വ് .”
റാഫിയണ്ണന്‍ എല്ലാം കാണുന്നു.അറിയുന്നു.

ഉടനെ സ്വര്‍ണ്ണവിഗ്രഹത്തിന്റെ കാര്യം പറഞ്ഞാല്‍ കുഴപ്പമാകും. ഒന്നോ രണ്ടു വര്‍ക്ക് ചെയ്തു അണ്ണന്റെ വിശ്വാസം ഉറപ്പിച്ചതിനുശേഷം കാര്യങ്ങള്‍ നീക്കാം. ഞാന്‍ അഞ്ചു തവണ ശ്വാസം ദീര്‍ഘമായി ശ്വസിച്ചു. മനസ്സില്‍ ഒരു താമരപൂ സങ്കല്‍പ്പിച്ചു. ഒക്കെ സ്വാമിയുടെ കൂടെ കൂടിയപ്പോള്‍ ലഭിച്ച ചില്ലറ അറിവുകളാണ്. അടിവയറ്റില്‍ നിന്നു മെല്ലെ ദീര്‍ഘമായി ശ്വസിക്കണം. ശ്വാസത്തില്‍ പൂര്‍ണ്ണമായി ശ്രദ്ധ വരണം. സമ്മര്‍ദം മായും. മനസ്സു സ്വസ്ഥമാകും. ദേഹമാകെ ഒരു താമരപ്പൂ പോലെ വിടരുന്നത് അറിയും. ഓം…ഓം…

“ഒരു വര്‍ക്ക് ഉണ്ട്.ജസ്റ്റ്, ഒരു ചെറിയ കൊട്ടേഷന്‍ ..”
മുന്‍പിലിരുന്ന ബീഫ് ചില്ലിയില്‍ നിന്നു ഒരു കഷ്ണം എടുത്തു ചവച്ചു കൊണ്ട് റാഫിയണ്ണന്‍ പറഞ്ഞു.
“കൊട്ടേഷന്‍ വേണ്ട റാഫിയണ്ണാ വേറെ എന്തെങ്കിലും ചെറിയ വര്‍ക്ക്…?” ഞാന്‍ ഉദ്ദേശിച്ചത് മോഷണമായിരുന്നു.
“അതോക്കെ തരാം. ഇത് തീരെ ചെറിയ കേസാണ്. ഒരു റിട്ടയര്‍ഡായ ടീച്ചറാണ് കസ്റ്റമര്‍. ജസ്റ്റ് രണ്ടായിരം രൂപ. ജസ്റ്റ് അഞ്ചു മിനിട്ടിന്റെ വര്‍ക്കേ ഉള്ളു.”
രണ്ടായിരം രൂപ. ഒരു കൈ ഒടിക്കുന്നതിന്റെ റേറ്റ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ കൊട്ടേഷന്‍ ഫീല്‍ഡില്‍ വരുമ്പോഴും അത് തന്നെയായിരുന്നു റേറ്റ്. ഞങ്ങള്‍ ഇതിനു ജി.എസ്.റ്റി ഈടാക്കുന്നില്ല. ആര്യാസ് ഹോട്ടലില്‍ പോയി ഒരു കാപ്പിയും വടയും വാങ്ങി കഴിക്കാന്‍ പോലും അമ്പത് രൂപയാകും. കൊട്ടേഷന്‍ രംഗത്തും സാലറി പരിഷ്ക്കരണം വരണം. സാരമില്ല, എന്തെങ്കിലുമാവട്ടെ.കയ്യിലിരിക്കുന്നത് തനിത്തങ്കത്തില്‍ നൃത്തം ചെയ്യുന്ന നടരാജനാണ്.ശംഭോ മഹാദേവ!

പിറ്റേന്ന് തന്നെ ഞാന്‍ കസ്റ്റമറുടെ അടുത്തെത്തി. നഗരത്തിലെ ഫ്ലാറ്റില്‍ തനിച്ചു താമസിക്കുന്ന വൃദ്ധ. പേര് സുഭദ്ര.എഴുപതു വയസ്സ് കഴിഞ്ഞു. ഹയര്‍സെക്കണ്ടറി അധ്യാപികയായി വിരമിച്ചതാണ്. സ്വര്‍ണ്ണഫ്രെയിമുള്ള കണ്ണട മൂക്കിലുറപ്പിച്ചിട്ട്‌ ടീച്ചര്‍ എന്നെ സൂക്ഷിച്ചു നോക്കി.
“നീ രാവിലെ കാപ്പി കുടിചിട്ടാണോ വന്നത് ?” ടീച്ചര്‍ അന്വേഷിച്ചു.
“അതെ.”
“ഇഡ്ഡലിയും ചമ്മന്തിയും ഒണ്ട്. ഇടിക്കാര്‍ക്ക് ഇറച്ചി ഒക്കെ ആരിക്കും ഇഷ്ടം അല്ലെ..”
“അങ്ങിനെ ഒന്നുമില്ല. ഞാന്‍ കഴിച്ചിട്ടാ വന്നത്..” എന്താണെന്ന് അറിയില്ല. എനിക്ക് പെട്ടെന്ന് സ്വാമിയെ ഓര്‍മ്മ വന്നു.
“പൊറോട്ടയും ഇറച്ചിയും ഒക്കെ വേണേല്‍ പോണ വഴിക്ക് ഓട്ടലീന്നു മേടിച്ചു തിന്നോ….ഞാന്‍ കാശ് കൊടുത്തോളാം.”സുഭദ്ര ടീച്ചര്‍ ഉദാരപൂര്‍വ്വം പറഞ്ഞു.
“അതൊന്നും വേണ്ട. നമുക്ക് വേഗം പോയേക്കാം..”
“യെന്നാ നീയൊരു ഓട്ടോ വിളി , ഇവിടുന്നു കൊറച്ചു ദൂരെ എലഞ്ഞി വരെ പോണം.”
കൊട്ടേഷന്‍ വര്‍ക്കിനിടയില്‍ പാര്‍ട്ട് ടൈം ആയി ഓട്ടോ ഓടിക്കുന്ന ഒരു പഴയ സഹപ്രവര്‍ത്തകനെ ഞാന്‍ വിളിച്ചു.
“റാഫിയണ്ണനെ എങ്ങിനെയാ പരിചയം ?” ഓട്ടോയില്‍ പോകുന്നതിനിടയില്‍ ഞാന്‍ ചോദിച്ചു.
സുഭദ്ര ടീച്ചര്‍ കണ്ണടയ്ക്ക് മുകളിലൂടെ എന്നെ രൂക്ഷമായി നോക്കി.
“അവന്‍ പറഞ്ഞില്ലേ.. അവനെ ഞാന്‍ പഠിപ്പിച്ചതാരുന്നു.”
വെറുതയല്ല റേറ്റ് കുറഞ്ഞത്‌.
ഞാന്‍ സമയം കളഞ്ഞില്ല. ഒരു ഗാപ്പിനുശേഷമാണ് പ്രഫഷനിലേക്ക് തിരികെ എത്തിയത്. എത്ര നിസ്സാരമായ വര്‍ക്ക് ആണെങ്കിലും കൊട്ടേഷന്‍ വര്‍ക്കില്‍ തയ്യാറെടുപ്പ് വളരെ പ്രധാനമാണ്. ഇതിനായി ഒരു ചെക്ക് ലിസ്റ്റ് തന്നെ തുടക്കക്കാരായ ഗുണ്ടകള്‍ക്ക് വേണ്ടി റാഫിയണ്ണന്‍ തയ്യാറാക്കിയിരുന്നു. സ്കെച്ച് ചെയ്യേണ്ടത് ആരെയാണ്, കൂടുതല്‍ എതിരാളികള്‍ കളത്തിലുണ്ടാകുമോ, പോലീസ് കേസ് വന്നാല്‍ എന്ത് ചെയ്യും, എന്തെല്ലാം ആയുധങ്ങള്‍ കരുതണം തുടങ്ങി ഒരുപാട് കാര്യങ്ങള്‍ വര്‍ക്കിനു മുന്‍പ് ഒരു കൊട്ടേഷന്‍ വര്‍ക്കര്‍ അറിഞ്ഞിരിക്കണം.

“അത്രക്ക് ഒന്നുമില്ല ചെറുക്കാ.. ഒരാളുടെ നെഞ്ചു നോക്കി ചവിട്ടണം. ഒറ്റച്ചവിട്ടു. അത്രേ ഉള്ളു.”
ഞാന്‍ വിവരങ്ങള്‍ തിരക്കാന്‍ തുടങ്ങിയപ്പോള്‍ സുഭദ്രടീച്ചര്‍ നിസ്സാരമായി പറഞ്ഞു.
ഇലഞ്ഞിയിലെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തി ഞങ്ങള്‍ ഇറങ്ങി. റബര്‍ത്തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള ചെമ്മണ്‍പാത. റോഡരികിലെ ആഞ്ഞിലിമരങ്ങളില്‍ നിന്ന് ആനിക്കാ വീണു മഞ്ഞച്ചു കിടക്കുന്ന വഴി. സുഭദ്രടീച്ചര്‍ ഉത്സാഹത്തോടെ മുന്നില്‍ നടന്നു. ഞാന്‍ പിന്നാലെ അസ്വസ്ഥതയോടെ നടന്നു. നടരാജനാണ് എന്റെ അസ്വസ്ഥതയുടെ കാരണം. എവിടെ പോയാലും തോള്‍ബാഗിലെ രഹസ്യഅറയില്‍ ഞാന്‍ നടരാജനെ സൂക്ഷിച്ചു. കോടികളുടെ മുതല്‍ തോളില്‍ തൂങ്ങുമ്പോള്‍ എങ്ങിനെ ടെന്‍ഷന്‍ ഉണ്ടാവാതിരിക്കും.?
“ടീച്ചര്‍ക്ക് വഴിയൊക്കെ അറിയാലോ ..”
“വര്‍ഷങ്ങള്‍ക്ക് മുന്‍പ് താമസിച്ച സ്ഥലമാ. പക്ഷേ വഴിയൊന്നും ഒരിക്കലും മറക്കില്ല.”
ആനിക്കാ തിന്നാന്‍ വന്ന പ്രാവുകള്‍ മരച്ചില്ലകളിലിരുന്നു ഞങ്ങളെ കൗതുകത്തോടെ നോക്കി.
നടക്കുന്നതിനിടയില്‍ ചവിട്ടണ്ട ആളെക്കുറിച്ചും അതിന്റെ കാരണത്തെക്കുറിച്ചും സുഭദ്രടീച്ചര്‍ വിശദീകരിച്ചു.
രവീന്ദ്രന്‍ എന്നാണ് അയാളുടെ പേര്. ടീച്ചറുടെ ആദ്യഭര്‍ത്താവ്. അവര്‍ തമ്മില്‍ പ്രണയമായിരുന്നു. സുഭദ്ര ടീച്ചറുടെ വീട്ടുകാര്‍ക്ക് ആ ബന്ധം ഇഷ്ടമല്ലായിരുന്നു. പുരോഗമന ചിന്തയും രാഷ്ട്രീയവും തലയ്ക്ക് പിടിച്ച രവീന്ദ്രന്റെ ഒപ്പം മാതാപിതാക്കളെ ഉപേക്ഷിച്ചു ടീച്ചര്‍ ഇറങ്ങിപ്പോയി.
“എന്നിട്ട് ?”
“എന്റെ പഠിത്തം തീര്‍ന്നില്ല. വിവാഹം കഴിഞ്ഞും പഠിക്കാം എന്നായിരുന്നു പുള്ളി വാക്ക് പറഞ്ഞത്.” ടീച്ചര്‍ പറഞ്ഞു.
ഞങ്ങള്‍ ആ ഊടുവഴിയുടെ അവസാനം എത്തിയിരുന്നു.
“ഇനി ഒരു കാവുണ്ട്. കാവ് കടന്നാല്‍ രവീന്ദ്രന്റെ വീടായി.” ടീച്ചര്‍ പറഞ്ഞു.
ഒരു വ്യക്തിക്ക് രണ്ടു മുഖങ്ങള്‍ ഉണ്ടാവുമെന്ന് തെളിയിക്കുന്ന സംഗതിയാണ് വിവാഹം. വിവാഹത്തിന് മുന്‍പ് സുഭദ്ര മനസ്സിലാക്കിയ രവീന്ദ്രനായിരുന്നില്ല വിവാഹത്തിനുശേഷം. രവീന്ദ്രന്‍ അയാളുടെ അമ്മയുടെ അടിമയായിരുന്നു. അവരാകട്ടെ സ്വത്തിനോടുള്ള ആര്‍ത്തിയുടെ അടിമയും. ഇതിനിടയില്‍ സുന്ദരിയായ സുഭദ്രയ്ക്ക് മുറച്ചെറുക്കനുമായി പ്രണയമുണ്ടെന്നു രവീന്ദ്രന് സംശയം തോന്നിത്തുടങ്ങി. സ്ത്രീധനത്തിന്റെ കാര്യത്തില്‍ തീരുമാനമുണ്ടാക്കാതെ കുഞ്ഞുങ്ങള്‍ വേണ്ടെന്നു രവീന്ദ്രന്റെ അമ്മ മകന്റെ ചെവിയിലോതി. എന്നാല്‍ സുഭദ്ര ഇതിനിടയില്‍ ഗര്‍ഭിണിയായി.

കാവിനു നടുക്കെത്തിയപ്പോള്‍ സുഭദ്രടീച്ചര്‍ കഥ പറയുന്നത്‌ നിര്‍ത്തി ദീര്‍ഘമായി നിശ്വസിച്ചു. സര്‍പ്പഗന്ധിയും കൂവളവും പാലയും ഇടതിങ്ങി വളര്‍ന്ന കാടിന് നടുക്ക് ദു:ഖകരമായ ഇരുട്ട് തങ്ങി നിന്നിരുന്നു. തകര്‍ന്ന സര്‍പ്പക്കാവില്‍ ചരിഞ്ഞു കിടക്കുന്ന നാഗക്കല്ലുകള്‍ക്ക് മറ പിടിച്ചു സര്‍പ്പങ്ങള്‍ ഞങ്ങളെ വീക്ഷിക്കുന്നുവെന്ന് എനിക്ക് തോന്നി.

“ഒറ്റ ചവിട്ടായിരുന്നു, എന്റെ അടിവയറ്റിനു നോക്കി.” സുഭദ്രടീച്ചറുടെ വാക്കുകള്‍ നാഗങ്ങളെ പോലെ പുറത്തു ചാടി. നര കയറി വെളുത്ത കണ്‍പുരികങ്ങള്‍ കൂര്‍ത്തു.കണ്ണുകള്‍ ജ്വലിച്ചു.
എനിക്ക് വൃദ്ധയുടെ പ്രതികാരദാഹത്തിന്റെ കാരണം മനസ്സിലായി.
“എന്നെ അയാള്‍ വീട്ടില്‍നിന്നിറക്കി വിട്ടു. അയാളുടെ ചവിട്ടില്‍ എന്റെ ഗര്‍ഭം കലങ്ങിപ്പോയി. എന്റെ ജീവിതവും.”
രവീന്ദ്രനെ സുഭദ്രടീച്ചര്‍ പിന്നീട് കണ്ടില്ല. അയാള്‍ നാട് വിട്ടുവെന്ന് പിന്നീട് അവര്‍ അറിഞ്ഞു. എങ്കിലും ഉള്ളിന്റെ ഉള്ളില്‍ അവരുടെ വെറുപ്പ്‌ വളര്‍ന്നുകൊണ്ടിരുന്നു. ഇപ്പോള്‍ വൃദ്ധയായി മരണത്തിന്റെ ശബ്ദം കേട്ടുതുടങ്ങിയപ്പോള്‍ പഴയ ചവിട്ടിനു പ്രതികാരം നടത്തി വേണം മടങ്ങാന്‍ എന്നവര്‍ക്ക് തോന്നി.
ഞങ്ങള്‍ കാവിനു പുറത്തെത്തിയിരുന്നു. അല്‍പ്പമകലെ ചെങ്കല്ല് കൊണ്ട് കെട്ടിയ ഒരു നാലുകെട്ടു കണ്ടു.
“അയാള്‍ അടുത്തിടെ നാട്ടില്‍ തിരിച്ചെത്തി എന്ന് ഞാന്‍ അറിഞ്ഞു.”
സുഭദ്രടീച്ചര്‍ പറഞ്ഞു. നടന്നതിന്റെ ക്ഷീണത്തില്‍ അവരുടെ മുഖം വിയര്‍പ്പില്‍ കുതിര്‍ന്നു. എളിയില്‍ കൈ കുത്തി കയ്യാലയില്‍ ചാരി നിന്ന് അവര്‍ നേര്യതിന്റെ തുമ്പു കൊണ്ട് മുഖം തുടച്ചു. കയ്യാലയില്‍ വളര്‍ന്നു നിന്ന കാട്ടുമാവിന്‍ തൈയ്യില്‍നിന്ന് രണ്ടു തളിരിലകള്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ അവര്‍ പറിച്ചെടുത്തു വായിലിട്ടു ചവച്ചു .വഴിയിലേക്ക് ഒന്ന് തുപ്പിയതിനു ശേഷം അവര്‍ എന്നെ ക്രൂരമായി ഒന്ന് നോക്കി.
“നിന്റെ സര്‍വശക്തിയുമെടുത്തു അയാളുടെ അടിനാഭിയില്‍ ചവിട്ടണം. ഒറ്റച്ചവിട്ടിന് അയാള്‍ടെ ഈ ജന്മവും കഴിഞ്ഞ ജന്മങ്ങളും ഓര്‍ക്കണം.” അവര്‍ പറഞ്ഞു.
ഞാന്‍ തലയാട്ടി. അതിനകം രവീന്ദ്രന്റെ ചിത്രം ഞാന്‍ മനസ്സില്‍ വരച്ചു കഴിഞ്ഞിരുന്നു. കസവ് മുണ്ടും ബനിയനും ധരിച്ചു ,നെഞ്ചിലെ രോമക്കാട്ടില്‍ മറഞ്ഞു കിടക്കുന്ന കയറുപിരിയന്‍ മാലയില്‍ തടവിക്കൊണ്ട് വെറ്റില മുറുക്കുന്ന വെളുത്തു തടിച്ച മനുഷ്യന്‍..
കാട് വളര്‍ന്നു കയറിയ മുറ്റം. നീളന്‍ വരാന്ത. തൂണുകള്‍ അവിടവിടെ പൊട്ടിയടര്‍ന്ന നിലയിലാണ്. ഞങ്ങള്‍ അകത്തേക്ക് കയറി. വരാന്തയില്‍ നിന്നുള്ളപ്പോള്‍ കുഴമ്പിന്റെയും മരുന്നിന്റെയും രൂക്ഷമായ ഗന്ധമടിച്ചു.
അടഞ്ഞു കിടന്ന അറയ്ക്കുപ്പുറത്തു നിന്നും ഒരു വൃദ്ധന്റെ ദുര്‍ബലമായ സ്വരം ഞരങ്ങല്‍ പോലെ കേട്ടു.
“ആരാ അവിടെ ?”
“സുഭദ്ര.” ഉറച്ച സ്വരത്തില്‍ ടീച്ചര്‍ പറഞ്ഞു.
മുറ്റത്തു വളര്‍ന്നു കയറിയ കാടിനിടയില്‍ നിന്ന് തകര്‍ന്ന കിണറിന്റെ കെട്ടിന് മുകളിലേക്ക് ഒരു ഉപ്പന്‍ പറന്നു വന്നിരുന്നു.
“സുഭദ്ര ?’ വൃദ്ധന്‍ ആവര്‍ത്തിച്ചു. ഇപ്രാവശ്യം ശബ്ദം മുന്പത്തെക്കാള്‍ താഴ്ന്നിരുന്നു. അടഞ്ഞു കിടന്ന വാതില്‍ തുറന്നു സുഭദ്ര ടീച്ചര്‍ അകത്തു കയറി, പിന്നാലെ ഞാനും.

കട്ടിലില്‍ ഒരു വൃദ്ധന്‍ കണ്ണ് മിഴിച്ചു വാതിലില്‍ക്കലെക്ക് നോക്കി കിടപ്പുണ്ടായിരുന്നു. വൃത്തിഹീനമായ മുറി. കട്ടിലിന്റെ അരികിലെ സ്റ്റൂളില്‍ കുഴമ്പും മരുന്നുകളും. അയയില്‍ മുഷിഞ്ഞ വസ്ത്രങ്ങള്‍. വാട കാരണം ഞാന്‍ അറിയാതെ മൂക്കുപൊത്തി.
ഇയാളെയാണോ ഞാന്‍ ചവിട്ടേണ്ടത് ? ആ ശോഷിച്ച ശരീരത്തില്‍ ചവിട്ടിയാല്‍ അയാള്‍ മരിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
“ഇങ്ങനെ ആയി അല്ലെ ?’ സുഭദ്ര ടീച്ചറുടെ ശബ്ദത്തില്‍ യാതൊരു ദയയുമില്ലായിരുന്നു.
പക്ഷേ വൃദ്ധന്റെ പ്രതികരണം എന്നെ ഞെട്ടിച്ചു.
“ഇങ്ങനെ ആയില്ലായിരുന്നെങ്കില്‍ നീ ദു:ഖിക്കിലായിരുന്നോ സുഭദ്രെ ?” കിഴവന്‍ ചോദിച്ചു.
സുഭദ്ര ടീച്ചര്‍ അയാളെ വെറുപ്പോടെ നോക്കി.
“ദു:ഖിക്കില്ലാ. കാരണം കര്‍മ്മഫലം എന്നൊന്നുണ്ടല്ലോ…” ടീച്ചര്‍ പറഞ്ഞു.
“ഉവ്വോ ?”വൃദ്ധന്‍ ഒരു തമാശ കേട്ടതുപോലെ ചോദിച്ചു.
“ഉവ്വോ..അങ്ങിനെ ഒന്നുണ്ടോ..” ഇപ്രാവശ്യം എന്നെ നോക്കിയാണ് വൃദ്ധന്‍ അത് ചോദിച്ചത്. അയാളുടെ ചോദ്യവും ചുണ്ടിലെ ചിരിയും എനിക്ക് പരിചിതമായി തോന്നി.
സുഭദ്ര ടീച്ചറുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. അവര്‍ എന്നെ നോക്കി വേണ്ട എന്ന രീതിയില്‍ കണ്ണുകൊണ്ട് കാണിച്ചു. ചവിട്ടേണ്ട എന്നാണു ആ സംജ്ഞയുടെ അര്‍ത്ഥമെന്നു എനിക്ക് മനസ്സിലായി.
“അങ്ങിനെ ഒന്നുണ്ട്. അതുകൊണ്ടാണല്ലോ നിങ്ങള്‍ടെ ചവിട്ടു കൊണ്ട് ഞാന്‍ ചാവാതിരുന്നത്.”
വൃദ്ധന്‍ കണ്ണടച്ച് കിടന്നു.
“നിങ്ങള്‍ പിന്നെ കല്യാണം കഴിച്ചില്ലേ? എവിടെ നിങ്ങള്‍ടെ കുടുംബം ?” ടീച്ചര്‍ പരിഹാസപൂര്‍വ്വം ചോദിച്ചു.
“പിന്നെ….. ഒന്നും ശരിയായില്ല. താന്‍ പറഞ്ഞത് പോലെ കര്‍മ്മഫലം.”
അയാള്‍ കണ്ണുകള്‍ മെല്ലെ തുറന്നു എന്നെ നോക്കി.
“ഇയാള്‍ ..സുഭദ്രയുടെ ?” അയാള്‍ ടീച്ചറിനോട് ചോദിച്ചു.
“എന്റെ മകന്‍.” സുഭദ്ര ടീച്ചര്‍ എന്നെ ചേര്‍ത്തു നിര്‍ത്തി. എന്റെ നെഞ്ചിലൂടെ ഒരു മിന്നല്‍ പാഞ്ഞു.
“നിങ്ങള്‍ എന്റെ ഗര്‍ഭം കലക്കിയെങ്കിലും ഞാന്‍ വീണ്ടും അമ്മയായി.”
വൃദ്ധന്‍ ചാട്ടവാറടിയേറ്റ പോലെ ഒന്ന് ചുരുണ്ടു. നൂറു ചവിട്ടുകളെക്കാള്‍ ഫലം ഉണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. അയാളുടെ പതനം പൂര്‍ത്തിയായി എന്നെനിക്ക് തോന്നി.

“നീ ജയിച്ചു സുഭദ്രെ … നീ തന്നെയേ ജയിക്കൂ എന്നെനിക്കു അറിയാമായിരുന്നു.” വൃദ്ധന്‍ ചിലമ്പിച്ച സ്വരത്തില്‍ പറഞ്ഞു.
“ഇനി നിങ്ങള്‍ പൊക്കോളൂ..ഞാനൊന്ന് മയങ്ങട്ടെ..” അയാള്‍ പറഞ്ഞു.
ഞങ്ങള്‍ തിരിഞ്ഞു നടക്കാന്‍ ഒരുങ്ങിയതും അയാള്‍ കയ്യുയര്‍ത്തി എന്നെ അനുഗ്രഹിച്ചു.
“മോന്‍ നന്നായി വരും.” വൃദ്ധന്‍ പറഞ്ഞു. അയളുടെ കണ്ണുകളില്‍ ആ നിമിഷം വെറുപ്പോ ദു:ഖമോ ഇല്ലായിരുന്നു.പകരം ഒരു സമുദ്രത്തിന്റെ ശാന്തത മാത്രം.

ഞാന്‍ എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം നിന്നു. ടീച്ചര്‍ എന്നെ കാത്തു നില്‍ക്കാതെ മുറി വിട്ടിറങ്ങിയിരുന്നു. ഞാന്‍ നോക്കിയപ്പോള്‍ അവര്‍ മുറ്റത്തെത്തി നടന്നു തുടങ്ങിയിരുന്നു.
“ഞാന്‍ പോട്ടെ..”എന്ന് പറഞ്ഞു ധൃതിയില്‍ ഞാന്‍ ടീച്ചറുടെ പിന്നാലെ ഓടി.
“ടീച്ചര്‍ നില്‍ക്കൂ..” ഞാന്‍ ഉറക്കെ വിളിച്ചു.
അവര്‍ അപ്പോഴേക്കും മുറ്റം വിട്ടു പൊന്തക്കാട് പടര്‍ന്ന ഇടവഴിയില്‍ എത്തിയിരുന്നു. എന്റെ വിളികേട്ടു അവര്‍ നിന്നു.
“ഓ,നെനക്ക് കാശ് വേണം അല്ലെ..” ടീച്ചര്‍ എളിയില്‍ നിന്ന് പഴ്സ്‌ എടുത്തു.
“ചവിട്ടിയില്ലല്ലോ.. അപ്പൊ പാതി കാശ് പ്പോരെ.. ”ടീച്ചര്‍ പഴ്സില്‍ നിന്ന് ചുരുട്ടി വച്ച നോട്ടുകള്‍ എടുത്തു നിവര്‍ത്തി എണ്ണാന്‍ തുടങ്ങി.
“നെനക്ക് അച്ഛനും അമ്മയും ഇല്ല അല്ലെ ?” ടീച്ചര്‍ കാശ് എണ്ണുന്നതിനിടയില്‍ ചോദിച്ചു.
“ഇല്ല.”
“ഉം.എനിക്കും തോന്നി. ഈ ജന്മം മുഴുവന്‍ ആ കാരണത്തിന്റെ പേരില്‍ കള്ളനായും കൊള്ളക്കാരനായും ജീവിച്ചു തീര്‍ക്കാനാണോ നിന്റെ ഉദ്ദേശം..?” കത്തുന്ന നോട്ടത്തോടെ ടീച്ചര്‍ ചോദിച്ചു.
കാശ് വാങ്ങാന്‍ നീട്ടിയ കൈ ഞാന്‍ പിന്‍വലിച്ചു. എന്റെ ശിരസ്സ് താഴ്ന്നു.
“ടീച്ചര്‍ക്ക് …ശരിക്കും മോനുണ്ടോ ?”ഞാന്‍ മെല്ലെ ചോദിച്ചു.
“ഉണ്ടായിരുന്നു… ഏഴാം വയസ്സില്‍ അവന്‍ മരിച്ചു പോയി.. പിന്നെ അങ്ങേരെ തോല്‍പ്പിക്കാനാണ് നീ എന്റെ മോനാന്നു പറഞ്ഞത്.” ടീച്ചര്‍ നോട്ടുകള്‍ ബലമായി എന്റെ കൈവെള്ളയില്‍ വച്ചു.
“പക്ഷേ എന്റെ മകന്‍ ജീവിച്ചിരുന്നെങ്കില്‍ നിന്നെ പോലെ ഒരു ഗുണ്ടയൊ തെമ്മാടിയോ ആവില്ലായിരുന്നു. അവനു പകരം നീയാണ് എന്റെ മകന്‍ എന്നെനിക്ക് പറയേണ്ടി വന്നു. അതായിരിക്കണം എന്റെ കര്‍മ്മഫലം, എന്റെ ഗതികേട്..”

ആ നിമിഷം എന്റെ ഉള്ളില്‍ എന്തോ തകര്‍ന്നു വീണു. ആകെയുലച്ച ആ വാക്കുകളുടെ ശക്തിയില്‍ എത്ര നേരം നിലത്തേക്ക് നോക്കി നിന്നുവെന്നു ഞാന്‍ അറിഞ്ഞില്ല. കണ്ണുകള്‍ ഉയര്‍ത്തിയപ്പോള്‍ ടീച്ചര്‍ പോയി കഴിഞ്ഞിരുന്നു.
“നന്നായി വരും..” ആ വൃദ്ധന്‍ കയ്യുയര്‍ത്തി എന്നെ അനുഗ്രഹിക്കുന്നത് എന്റെ മനസ്സില്‍ തെളിഞ്ഞു.
അപ്പോഴാണ്‌ ഞാന്‍ ശ്രദ്ധിച്ചത്. അയാളുടെ കൈവെള്ള. അയാളുടെ കൈവെള്ളയില്‍ വരകളില്ലായിരുന്നു.
“ശംഭോ മഹാദേവ!”

ഞാന്‍ തിരിഞ്ഞു നോക്കി. പിറകില്‍ ആ വൃദ്ധന്‍ നില്‍ക്കുന്നു. രൂപം മാത്രമാണ് ആ വൃദ്ധന്റെത് .ചുണ്ടിലെ ചിരിയും കണ്ണിലെ പ്രകാശവും എന്റെ ഗുരുവിന്റെത് തന്നെ.
“എവിടെ എന്റെ നടരാജന്‍ ?” വൃദ്ധന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു.
ഞാന്‍ തോള്‍ ബാഗില്‍നിന്ന് വിഗ്രഹമെടുത്ത്‌ ആ പാദത്തില്‍ വച്ചു സാഷ്ടാംഗം വീണു.
“ഗുരോ ഞാന്‍ കണ്ടതില്‍ ഏതാണ് സത്യം ?ഏതാണ് മിഥ്യ ?” ഞാന്‍ ചോദിച്ചു. എന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു.
ഗുരുവിന്റെ വിരലൂകള്‍ എന്റെ ഉച്ചിയില്‍ തൊട്ടു. ഒരു വിദ്യുത് തരംഗം എന്റെ ഉള്ളിലൂടെ കടന്നുപോയി.
“അതൊരു തെറ്റായ ചോദ്യമാണ്. എല്ലാം ഉണ്മയാണ്. ഓരോരുത്തരും കാണുന്നതനുസരിച്ചു അത് മാറുന്നു. ശംഭോ മഹാദേവ!”
ഞാന്‍ ശിരസ്സുയര്‍ത്തി. അദ്ദേഹം മറഞ്ഞിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ തനിച്ചാണ്. ഞാന്‍ എഴുന്നേറ്റ് ബാഗ് തോളിലിട്ടു. പെട്ടെന്ന് ഫോണ്‍ ബെല്ലടിച്ചുറാഫിയണ്ണനാണ്.
“ടാ അത് കഴിഞ്ഞു നേരെ ചാവക്കാടിന് പോകണം. ഒരു വര്‍ക്കുണ്ട്. ജസ്റ്റ് ഒരാളെ വെട്ടിക്കൊല്ലണം.”
‘ഞാനില്ല. ഞാന്‍ അതെല്ലാം നിര്‍ത്തിയണ്ണാ..”
“പിന്നെ… പിന്നെ നീ എന്ത് ചെയ്യാന്‍ പോകുന്നു? “ അണ്ണന്‍ ചോദിച്ചു.

“ഞാനൊരു തട്ടുകട തുടങ്ങാന്‍ പോകുന്നു.” ടീച്ചര്‍ തന്ന കടുകുമണം പിടിച്ച നോട്ടുകള്‍ ഭദ്രമായി പഴ്സില്‍ വച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.

കോട്ടയം സ്വദേശി. വൈദ്യുത ബോര്‍ഡില്‍ അസിസ്റ്റന്റ് എഞ്ചിനീയറായി ജോലി ചെയ്യുന്നു. 'ദൂരെ ദൂരെ റോസാക്കുന്നില്‍' 'വിഷാദവലയങ്ങള്‍' 'ശ്വേതദണ്ഡനം' എന്നിവയാണ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍. ആനുകാലികങ്ങളിലും സോഷ്യല്‍ മീഡിയിലും എഴുതുന്നു