വിദൂരതയിലെ അടയാളങ്ങൾ

ശൂന്യമാക്കിയ മനസ്സിലൂടെ വിശ്വാസത്തോടൊപ്പമുള്ള ശാന്തസഞ്ചാരം എനിക്കെന്നുമൊരു സാന്ത്വനമാണ്.

സൈനബ രാവിലെ വിളിച്ചേല്പിക്കുന്ന പരിഭവങ്ങളുടേയും പരാതികളുടേയും പൊതികെട്ടുകളുമായി നിസ്കരിക്കാനാവില്ല. അതുകൊണ്ടാണു നിസ്ക്കാരം പള്ളിയിലാക്കിയത്.

നിസ്കാരത്തിനു ശേഷം പള്ളിയുടെ വടക്കേകോനായിലുള്ള മിനുസമുള്ള മരത്തൂണിൽ ചാരിയിരുന്ന് അബു മുസ്‌ലിയാരുടെ സഹായത്തോടെ പ്രവാസകാലത്ത് വഴിതെറ്റിയകന്നുപോയ നാട്ടുവിശേഷങ്ങളെ ഓർത്തുപിടിച്ചു, നഷ്ടകാലത്തിന്റെ തീരാതേങ്ങലിനു ചെറു ആശ്വാസം.

മൈലാഞ്ചിച്ചെടികളുടെ നിഴലിൽ തലപൊക്കി നോക്കുന്ന പള്ളിക്കാട്ടിലെ മീസാൻകല്ലുകളിൽ കാലം എഴുതിവെച്ച കണ്ണീർ കഥകളും മുസ്ലിയാർ പറഞ്ഞുതന്നു.

പള്ളിയിൽ നിന്നിറങ്ങി, പുതുവേഷമണിഞ്ഞ അങ്ങാടിതെരുവിന്റെ പുതുവായുവിലും പതുങ്ങി നില്ക്കുന്ന ഓർമ്മ പശിമയെടുത്തു പഴയചിത്രങ്ങൾ മനസ്സിലൊട്ടിച്ചു. സൈനു രാവിലെ വാറോലയിൽ എഴുതിതന്ന വീട്ടുസാധനങ്ങൾ ഓരോ കട കേറി വാങ്ങി സഞ്ചി നിറച്ചു.

ഇരുകൈകളിലും പുറത്തേക്കു ചാടാൻ വെമ്പിനിൽക്കുന്ന സാധനങ്ങൾ നിറച്ച സഞ്ചികളെ നിലത്തു വെക്കാതെ ഗേറ്റ് തള്ളിതുറക്കാനുള്ള കഠിനപ്രയത്നത്തിനിടയിലാണ്…..

“ഫൈസലിക്കാ” എന്ന പിൻവിളിയോടെ അശോകൻ സ്കൂട്ടറിൽ നിന്നിറങ്ങി ഗേറ്റ് തള്ളിത്തുറന്നത്.

“നിന്നെ കാണാൻ കിട്ടാറില്ലാലോ അശോകാ?”

“എങ്ങിനെ കാണാനാ, ഫേസ് ബുക്കും വാട്ട്സപ്പും മേൽവിലാസമില്ലാതാക്കിയോരല്ലേ ഞങ്ങൾ പോസ്റ്റ്മാൻമാർ” അതും പറഞ്ഞവൻ സ്കൂട്ടറിൽ തൂക്കിയിട്ടിരിക്കുന്ന ബാഗിൽ നിന്നും ഒരു കവറുമായി എന്റെ അരികിൽ വന്നു

“വല്ലപ്പോഴുമാ ഇത്തരത്തിലൊന്നിനെ കാണാൻ കിട്ടുന്നത്”

ജിജ്ഞാസ കലർന്ന മുഖഭാവത്തോടെ ഞാനവനെ നോക്കി. ഇരുകൈകളിലും സഞ്ചിയുമായി നില്ക്കുന്ന എന്റെ അരികിൽ വന്നു, അവനാ കവർ ബനിയന്റെയുള്ളിൽ നിക്ഷേപിച്ചു. അവനെന്റെ ധാരാളം അറകളുള്ള പച്ച അരപ്പട്ട ഒന്നു തൊട്ടുനോക്കി ചിരിച്ചോണ്ട് പറഞ്ഞു.

“ങ്ങളിന്നൊരു ‘പച്ചകാക്ക’ സ്റ്റെയിലിൽ ആണല്ലോ”

അവന്റെ വാക്കുകേട്ട് ഞാനെന്നെ തന്നെയൊന്നു നോക്കി. വെള്ളകള്ളി മുണ്ടും അരയിലെ അറകളുള്ള പച്ചബെൽറ്റും തലയിലെ വെള്ള തൊപ്പിയും കഴുത്തിലെ ഉറുമാലും അടയാളപ്പെടുത്തുന്ന ‘പച്ച കാക്ക’. തട്ടത്തിൻ മറയത്തൊളിക്കുന്ന സുറമയിട്ട കണ്ണുകൾ മുസ്ലീം പെണ്ണിനു മാത്രം ബാഹ്യശീലുകൾ അളന്നു മതത്തെ വരച്ചിടുന്ന നവചിന്താധാര.

ചൂട് കോർത്ത സൂര്യശരങ്ങൾ സമ്മാനിച്ച വിയർപ്പുകണങ്ങൾ തുടച്ചുനീക്കി ചെറുപുഞ്ചിരിയോടെ വീടിന്റെ പടികയറുമ്പോഴേക്കും സൈനു ഉമ്മറത്തു ഹാജർ തന്നു.

“ഇതെന്താ രാവിലെതന്നൊരു മയക്കുന്ന ചിരി. ങ്ങളെ ബനിയന്റെ ഉള്ളിലെന്താ?”

ഇരുകൈകളിലും തൂക്കി പിടിച്ചിരിക്കുന്ന സഞ്ചികളിൽ ദൃഷ്ടി പതിയാതെ ബനിയനുള്ളിൽ തിരുകി വെച്ചിരിക്കുന്ന കവർ കണ്ടുപിടിച്ചിരിക്കുന്ന സൈനുവിന്റെ മിടുക്കിനെ മനസ്സിലൊന്നു നമിച്ചു.

“ഓ അതോ, അതൊരു പ്രേമലേഖനമാ”

“പിന്നെ ങ്ങക്കീ അറുപതിലല്ലേ പ്രണയം”

“പ്രണയത്തിനു പ്രായമില്ല സൈനൂ. അനുഭവമുള്ള ഹൃദയസാഗരത്തിൽ പ്രണയത്തിരയിളക്കം അടങ്ങാറില്ല!”

വാക്കുകളിലെ കുഞ്ഞനുറുമ്പുകൾ മുത്തി ചുവപ്പിച്ച മുഖവുമായി സൈനു സഞ്ചിയെടുത്തു അടുക്കളയിലേക്കും നെഞ്ചിലൊട്ടി നിന്ന കവറുമായി ഞാൻ ലിവിങ്ങ് റൂമിലേക്കും നടന്നു. കസേരയിലിരുന്നു കവർ പതുക്കെ എടുത്തതും പിന്നിൽ സൈനബയുടെ നിഴൽ. പെണ്ണെത്ര തന്നെയങ്ങു വളർന്നാലും സ്നേഹം നിറച്ച സംശയത്തിന്റെ ചെറുപൊതിക്കെട്ടുകളുമായി ഭർത്താവിനെ ചുറ്റിക്കറങ്ങികൊണ്ടിരിക്കും.

“വയസ്സായിട്ടും ബീവിക്കു സംശയത്തിനു ലവലേശം കുറവില്ല അല്ലേ”

“അതൊന്നുമല്ല ഞാ വെറുതെ വന്നതാ”

“സൈനു അന്റെ മോനിപ്പം എയർ പോർട്ടിൽ എത്തിക്കാണും. ഓനുമ്മാന്റെ പിരിശമുള്ള ബിരിയാണി കഴിക്കാൻ വിശന്നോണ്ടിപ്പമിങ്ങെത്തും”.

ഞാനാ മക്കൾ പ്രയോഗം എടുത്തങ്ങു വീശി മൂത്തമകൻ ആദിൽ ഫൈസൽ, കമ്പിനി വക ടൂർ കഴിഞ്ഞു ആംസ്റ്റർഡാമിൽ നിന്നു ഇന്നെത്തും. അതിനുള്ള ഒരുക്കമായിട്ടാണ് സൈനബയുടെ ലിസ്റ്റുമായി രാവിലെ മാർക്കറ്റ് നിരങ്ങിയത്. മകന്റെ കാര്യമോർപ്പിച്ചതും അവളെന്നെ ഒഴിവാക്കി ശരംവിട്ട പോലെ അടുക്കളയിലേക്കോടി.

നെഞ്ചിനോടൊട്ടി നിന്നാ കവർ പുറത്തേക്കെടുത്തു തുറന്നു. കാഴ്ച വറ്റി തുടങ്ങിയ കണ്ണുകൾ കണ്ണടയിലൂടെ പ്രേക്ഷിതനിലോടിനിന്നു.

‘മീര നിക്സൺ വലേരി, സുറിനാം’ ഞാനാ പേരു പലവുരു മനസ്സിലുരുവിട്ടു. ഓർമ്മകൾ പരൽമീനുകളെ പോലെ മറവിപ്പുഴ മുറിച്ചു നീന്തി.

ഏകദേശം ഒരുപതിറ്റാണ്ടു മുമ്പ് ആംസ്റ്റർഡാമിലെ ‘ഡാം സ്ക്വയറി’ നരികെയിരുന്നു ആകാശനീലിമയിലെ ചുവന്ന സായന്തന രേഖകൾ ഹൃദയഭാഗമാക്കുന്ന നേരം. മനസ്സ് മധുരക്കാഴ്ചകൾ നുകർന്നു നാനാവഴികളിൽ ഓടുമ്പോഴായിരുന്നു റോഡിന്നോരം ചേർന്നു ചുവന്ന കല്പാളികൾ ആവരണമിട്ട പാതയിലൂടെ ഒഴുകി നീങ്ങുന്ന സൈക്കിളുകളിൽ നിന്നു സാരിയുടുത്തൊരു സുന്ദരിയെ മിഴി കോർത്തെടുത്തത്.

സൈക്കിൾ ഡാം സ്ക്വയറിനരികെ പാർക്കുചെയ്തിറങ്ങിയ അവരുടെ അടുത്തേക്കു വേഗം നടന്നെത്തി. ഞൊറി വിരിഞ്ഞുടുത്തു ഉടലഴകിനു ആഭരണമാക്കി സാരിയണിഞ്ഞവൾ ഇന്ത്യക്കാരിയാണെന്നു ഉറപ്പാണെങ്കിലും, ഒരു ഫോർമാലിറ്റിക്കായി, കാപ്പിനിറമുള്ള കണ്ണുകളിൽ നോക്കി ചോദിച്ചു.

“ഇന്ത്യക്കാരിയല്ലേ? ഒരു ഇന്ത്യക്കാരിയെ കണ്ടപ്പോ വല്ലാത്തൊരു സന്തോഷം!”

കാറ്റിൽ ഒഴുകിയൊലിക്കുന്ന ചുവന്ന ടുളിപ്പ് പൂക്കൾ തുന്നിവെച്ച ഇളം മഞ്ഞ സാരി ശ്രദ്ധയോടെ അടുക്കിവെച്ചു, ചെറു ചിരിയോടെ അവളെന്നെ നോക്കി

“സോറി, ഞാൻ സുറിനാം രാജ്യക്കാരിയാണ്. അമ്മ വകയിൽ ഇന്ത്യയുമായി എന്തോ ഒരു പൂർവ്വിക ബന്ധമുണ്ട്.”

ഡച്ചധീനതയിലുണ്ടായിരുന്ന സുറിനാമിലെ പഞ്ചസാരത്തോട്ടങ്ങളിലേക്കു കരാർപ്പണിക്കെത്തിയ ഇന്ത്യക്കാർ, കരാർ ചട്ടങ്ങളുടെ ചങ്ങലയിൽ പെട്ടു കുടിയേറ്റക്കാരായത് ചരിത്രം. സുറിനാം പൂർവ്വികരുടെ ഇന്ത്യൻ പൈതൃകം സ്മരിച്ചുകൊണ്ടു ഞാനവളുടെ പേരു ചോദിച്ചു

“മീര നിക്സൺ വലേരി. മീര അമ്മയുടെ മുത്തശ്ശിയുടെ പേരായിരുന്നു.” ഹിന്ദിയും ഇംഗ്ലീഷും ഡച്ചുമൊക്കെ കലർന്നൊരു സമ്മിശ്ര ഭാഷയിൽ മീര എന്നോടു സംസാരിച്ചു.

വേരോടെ പറിച്ചു നട്ടാലും പൂർവ്വഭൂമിയിൽ ചില വേരടയാളങ്ങളുടെ ശേഷിപ്പുണ്ടായിരിക്കാം. ആ കാരണത്തിലായിരിക്കാം നിമിഷവേഗതയിലൊരു അടുപ്പം സ്ഥാപിക്കപ്പെട്ടത്. വേഗത്തിൽ നടക്കുമ്പോഴും അവളെന്നോട് സംസാരിക്കുന്നുണ്ടായിരുന്നു. അരയന്നങ്ങളും പൂക്കളും നിറഞ്ഞ കനാലിന്റെ അരികുവശം മാറി മീര ചെറിയൊരു കവാടത്തിനു കീഴിൽ നിന്നു.

“കൂടെ വരുന്നോ?” എന്നു ചോദിച്ചവൾ കവാടത്തിനുള്ളിലേക്കുള്ള പടികൾ കയറി. ദേശബന്ധു ബോധത്തിന്റെ കാണാച്ചരടോ സുന്ദരിയുടെ ക്ഷണം നിഷേധിക്കാനുള്ള വൈമനസ്യമോ! എന്തോ ഞാനവളെ അനുഗമിച്ചു.

തിരക്കൊഴിഞ്ഞ പാതയിലൂടെ നടന്നു അടഞ്ഞു കിടന്നൊരു വാതിലിനു മുമ്പിലെത്തിയപ്പോൾ കൈകൂപ്പി നിൽക്കാൻ മീര ആംഗ്യം കാണിച്ചു. മീര മിഴിയടച്ചു. അവളുടെ ചുണ്ടുകളുടെ ചലനത്തിലെ നൊമ്പരച്ചുവ വായിച്ചു ഞാനും കൈകൂപ്പി നിന്നു. ദീർഘമായ നിശ്വാസത്തിനു ശേഷം മീര കണ്ണുതുറന്നു.

“സോറി, ഞാനേതോ ലോകത്തായിരുന്നു.”

കാറ്റും കോളും മാറിയ ആകാശം പോലെ ശാന്തമായിരുന്നു മീര, തിരിച്ചു നടക്കുമ്പോൾ. മൗനം തൂങ്ങി നിന്ന നിമിഷത്തെ മീര കുടഞ്ഞിട്ടു.

“സോറി, താങ്കളുടെ പേരു പോലും ചോദിക്കാൻ മറന്നുപോയി.”

“മുഹമ്മദ് ഫൈസൽ. സൗദി അറേബ്യയിൽ ജോലി ചെയ്യുന്നു. ഇവിടെ ഒരു ട്രെയിനിങ്ങിനായി വന്നതാണ്.”

“ഓ, താങ്കളൊരു ഇസ്‌ലാം മത വിശ്വാസിയണല്ലേ. പ്രാർത്ഥനക്കു വന്നതു ബുദ്ധിമുട്ടായോ?”

ഇല്ലെന്നർത്ഥത്തിൽ തലയാട്ടി ചിരിച്ചെങ്കിലും പേരിലെന്തിരിക്കുന്നു എന്ന ഷേക്‌സ്പീരിയൻ ചോദ്യത്തിനു പേരിൽ മതം അടങ്ങിയിരിക്കുന്നു എന്നൊരുത്തരമുണ്ടെന്നു മനസ്സിൽ പറഞ്ഞു.

“ഇവിടെ ആര്‍ക്കുവേണമെങ്കിലും വരാം. ഹൃദയത്തിലല്ലേ വിശ്വാസത്തിന്റെ ആരൂഢം. എങ്കിലും നിങ്ങൾക്കൊരു ഹിന്ദു ലുക്കുണ്ട്”

ചുണ്ടിൽ പിറവികൊണ്ട ചെറുചിരിയോടെ മനസ്സിൽ ചോദിച്ചു… ‘അതെന്തൊരു ലുക്കാപ്പാ? ഉടലെഴുത്തിലും മതമുണ്ടോ?’ റോഡിനിരുവശത്തുമുള്ള പഴമയുടെ ഗരിമയുമായി തലയെടുപ്പോടെ നിൽക്കുന്ന കെട്ടിടങ്ങളുടെ ഓരംചേർന്നു ഞങ്ങൾ നടന്നു.

“ഇന്ത്യക്കാരിൽ നിന്നു സുറിനാമീസിലേക്കുള്ള പരിണാമദിശയിലെവിടെയോ ഞങ്ങളുടെ ഞരമ്പുകളിൽനിന്നും മതവും ജാതിയുമൊക്കെ ചോർന്നുപോയിട്ടുണ്ട്. വിശപ്പിനു മുകളിൽ ഒരു സ്വപ്നം പടുത്തുയർത്തുവാൻ നാടും വീടും ഉപേക്ഷിച്ചെത്തിയവർക്കു നമസ്‌കരിക്കാനും പ്രാർത്ഥന നടത്താനും എവിടെ സമയം? പിന്നെ എന്തു മതം എന്തു ജാതി അല്ലേ?” മീരയുടെ ചോദ്യത്തിൽ തീരാ ദുരിതമനുഭവിച്ച ഒരു സമൂഹത്തിന്റെ മണമുണ്ടായിരുന്നു.

ഞങ്ങൾ വീണ്ടും ഡാം സ്ക്വയറിനരികിൽ നടന്നെത്തിയിരുന്നു. മീര, ആതിഥേയ ഭാവം പൂണ്ടു അടുത്തുള്ള റസ്റ്റോറന്റിലേക്കു സാൻഡ്‌വിച്ചും കോഫിയും കഴിക്കാൻ ക്ഷണിച്ചു.

ഇന്നലെ കഴിച്ച വേവിക്കാത്ത മീൻ ചെറിയ കഷ്ണങ്ങളായി നുറുക്കി, പച്ചക്കറിയോടു ചേർത്തു വെച്ച സാൻഡ്‌വിച്ചിന്റെ ഓർമ്മ ഓക്കാനത്തെ ചുണ്ടോളമെത്തിയതും സ്നേഹത്തോടെ ഞാനതു നിരസിച്ചു

“വല്ല റൈസോ, ചപ്പാത്തിയോ കിട്ടിയെങ്കിൽ ഒരു കൈ നോക്കാമായിരുന്നു” ഞാൻ വെറുതെ തട്ടിവിട്ടു മീര എന്നെ നോക്കി ചിരിച്ചു

“വീട്ടിൽ വന്നാൽ തരാമായിരുന്നു. പക്ഷേ ഇന്നു പറ്റില്ല. വൈകീട്ടു ജോലിക്കു പോകണം”

“ഓ നന്ദി അതൊന്നും വേണ്ട. നാളെ രാവിലെ തിരിച്ചു പോകും”

മീര സ്ക്വയറിനു അരികിൽ പാർക്കു ചെയ്തു വെച്ച സൈക്കിളുന്തി എന്റെ അരികിൽ വന്നു.

“മീരയുടെ ഫാമിലി?” “പ്രായമായ അമ്മയും ഒരു മകളുമുണ്ട്. അവർ സുറിനാമിലാണ്”

കനാലിനരികിലെ റെഡ്പാതയിലൂടെ സൈക്കിളുന്തുന്ന മീരയെ ഞാൻ അനുഗമിച്ചു.

“ഡച്ചുകാരനായ ബോയ്ഫ്രണ്ട് തെറ്റിദ്ധാരണയിൽ മുളച്ച ചിറകുകളുമായി അടുക്കാനാവാത്ത അകലങ്ങളിലേക്ക് പറന്നു പോയി. പ്രണയത്തിനുപഹാരമായി ബീജങ്ങൾ നിക്ഷേപമായി തരാൻ അവൻ മറന്നിരുന്നില്ല.”

നൊമ്പരത്തെയും നിരാശയേയും ചേർത്തുവെച്ച പാലത്തിനുമുകളിൽ നിന്നപോലെ അവളുടെ വാക്കുകൾ താഴെ വീണു മുറിഞ്ഞു കൊണ്ടിരുന്നു.

“മീരയെവിടയാ ജോലിചെയ്യുന്നത്?” വീണ്ടുമവൾ നിശബ്ദമായി പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു

“ഡി വാലൻ തെരുവിലാണെന്റെ ജോലി.”

വാക്കുകൾ മുള്ളുകളെന്ന പോലെ അവളെ കോറി വേദനിപ്പിച്ചു പുറത്തേക്കു ചാടിയതു പോലെ തോന്നി. ഞാനാ പേരു കേട്ടതും അല്പം അമ്പരപ്പോട്ടെ മീരയെ നോക്കി.

ഓരോ ചെമ്പനീർ പൂവിലുമുണ്ട് മനം നീറ്റുന്ന ചില മുള്ളുകളെന്നപോലെ ഓരോ ദേശത്തിനുമുണ്ട് ഉള്ളം നീറ്റുന്ന ചില ഭാഗങ്ങൾ. ഭൂമിയിലെ സ്വർഗ്ഗമായ ആംസ്റ്റർഡാമിലെ ഉള്ളം നീറുന്ന ദേശമാണ് ‘ഡി വാലൻ’ എന്ന റെഡ് ലൈറ്റ് സ്ട്രീറ്റ്. ചുവന്ന പ്രകാശിക്കുന്ന ജനലിന്റെയോ ഗ്ലാസ് വാതിലിന്റെയോ പിന്നിൽ നില്ക്കുന്ന മീരയെ എനിക്ക് സങ്കല്പിക്കാനായില്ല.

“സ്കൂൾ ഡ്രോപ്പ് ഔട്ടായ എനിക്ക് വേറെന്തു ജോലി ലഭിക്കാൻ? എല്ലാ വഴികളിലൂടെയും ഓടിയോടി മടുത്തിരുന്നു.” നിരാശ അതിന്റെ ഞെട്ടിക്കുന്ന എല്ലാ ഭാവങ്ങളും മീരയുടെ വദനത്തിൽ പകർത്തി.

“മീരാ എല്ലാം ശരിയാകും. നിങ്ങൾക്ക് ആശ്വാസത്തിന്റെ ഊന്നുവടിയാവുന്ന വിശ്വാസത്തെ മുറുകെപ്പിടിച്ചോളൂ. യുക്തിയോ പ്രമാണങ്ങളോ നോക്കേണ്ട”

കൂടുതൽ ചോദിച്ചറിയാനും, സമാധാനിപ്പിക്കാൻ തുനിയുമ്പോഴേക്കും പിന്നെയെപ്പോഴെങ്കിലും കാണാമെന്നവൾ പറഞ്ഞു തവിട്ടു നിറത്തിൽ ചുവന്ന വരകളുള്ള നീണ്ടമുടി കാറ്റിൽ പറത്തി, സൈക്കിൾ ആഞ്ഞു ചവിട്ടി പോയി.

വഴിയരികളിൽ ആനന്ദനൃത്തമാടിയ പൂക്കളിൽ നിന്നു പെട്ടന്നു മഞ്ഞുതുള്ളികൾ കണ്ണീർതുള്ളികളായി വീഴുന്നതു പോലെ തോന്നി.

കനാലിനരികിൽ ശാന്തമായ ഒരു സ്ഥലത്തിരുന്നു, എന്റെ മുകളിലും ദൂരെ പൊട്ടുപോലെ കാണുന്ന ക്ഷേത്രത്തിനു മുകളിലും അസ്തമിച്ചു കൊണ്ടിരിക്കുന്ന സൂര്യനു അവളുടെ ചോരയൊലിക്കുന്ന മനസ്സിന്റെ നിറമായിരുന്നു. ഒരു കുഞ്ഞുകിളി നെഞ്ചിനുള്ളിലെവിടെയോ പിടഞ്ഞതുപോലെ തോന്നി.

ആ മീരതന്നെയായിരിക്കുമോ എന്നാശങ്കയിൽ ഞാൻ കവർ പൊളിച്ചു

പ്രിയ സുഹൃത്തേ,

ഓർമ്മകളെ മറവി വിഴുങ്ങി തീർക്കാനോളം നീണ്ട ഒരു കാലയളവാണ് പത്തു വർഷം. നിങ്ങളുടെ ഓർമ്മയുടെ ചെറു മടക്കുകളിൽ പോലും ഞാൻ തങ്ങിനില്കാനുള്ള സാധ്യത വിദൂരമാണ്. എന്നാൽ ചില നിമിഷാർദ്ധ ബന്ധങ്ങൾ ഹൃദയഹാരികളാണ്. സൗഗന്ധം നഷ്ടപ്പെടാതെ ഓർമ്മച്ചെപ്പിൽ ഞാനാ നിമിഷങ്ങൾ അടച്ചുവെച്ചിരുന്നു. നവമാധ്യമങ്ങളിൽ തെരഞ്ഞുപിടിക്കാൻ ഞാനൊട്ടും ശ്രമിച്ചിരിന്നില്ല. കാരണം ഒരു ഹായിലും ഒരു ഇമോജിയിലും പതഞ്ഞു പൊട്ടിപോകുന്ന സൗഹൃദക്കുമിളകൾ.

കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു ഡാം സ്ക്വയറിൽ നിന്നു ഒരാൾ പിറകിലൂടെ ഓടിവന്നു എന്നോട് ചോദിച്ചത്

“മാഡം ഇന്ത്യക്കാരിയാണോ”

ഞാൻ തിരിഞ്ഞുനോക്കുമ്പോൾ പത്ത് വർഷങ്ങൾക്കുമുമ്പ് ഇതേ ചോദ്യം ചോദിച്ച ചോദ്യകർത്താവ് ഒരു മാറ്റവുമില്ലാതെ എന്റെ മുമ്പിൽ നിൽക്കുന്നു. ഒടുവിൽ ഞാൻ ആളെ ചോദിച്ചറിഞ്ഞു ആദിൽ ഫൈസൽ.

പിന്നീടുള്ള കാര്യങ്ങൾ നിങ്ങൾക്ക് ഊഹിക്കുമല്ലോ. ആദിൽ എന്നോടൊപ്പം തൊഴാൻ വന്നിരുന്നു. നിങ്ങൾ അറിയാതെയാണെങ്കിലും അവൻ അറിഞ്ഞോണ്ടുതന്നെ. ഞാനെന്നുമീ ക്ഷേത്രം സന്ദർശിക്കാറുണ്ട്. ഇവിടെയിരിക്കുന്നാൾ ഒന്നും പറയുകയോ കേൾക്കുകയോ ചെയ്യാറില്ലെന്നറിയാമെങ്കിലും ആരോടും പറയാത്ത സങ്കടങ്ങൾ ഞാനിവിടെ പങ്കുവെക്കുമ്പോൾ കിട്ടുന്ന ആനന്ദം അവാച്യമാണ്. പലരുമായി ഉടലു പങ്കുവെച്ചിട്ടുണ്ടെങ്കിലും എന്റെ മനസ്സെന്നും ഞാനൊരിക്കലും കാണാത്ത കേൾക്കാത്ത സംസാരിക്കാത്ത ഇവിടുത്തെ വിശ്വാസചൈതന്യത്തിലാണ്.

നിങ്ങൾ അറിയാതെ അന്നെന്നിൽ മറന്നുവെച്ച വാക്കുകളുടെ തുടർച്ചയാണ് ഇന്നെന്റെ ജീവിതം (ഒരു ഫോട്ടോ അടക്കം ചെയ്തിട്ടുണ്ട്)
കാലഹരണപ്പെട്ട ഓർമ്മകൾക്ക് പുതുജീവനേകി ഒരെഴുത്തിടാൻ ആദിലാണ് എന്നെ നിർബന്ധിച്ചത്.

സ്നേഹത്തോടെ,

മീര

കത്തു വായിച്ചതിനു ശേഷം കവറിന്റെ കൂടെയുള്ള ചെറുപൊതി ഞാനഴിച്ചു. വെളുത്ത സാരി പുതച്ചു കഴുത്തിൽ രുദ്രാക്ഷവും നെറ്റിയിൽ നീണ്ട ഭസ്മക്കുറിയുമിട്ടുള്ള മീരയുടെയും ആദിലിന്റെയും ഫോട്ടോ. കാലം അവളുടെ തലയിൽ വെള്ളിനൂൽ നെയ്യാൻ തുടങ്ങിയിട്ടുണ്ടെങ്കിലും മുഖത്തു വലിയ മിനുക്കു പണിക്കൊന്നും മുതിർന്നിട്ടില്ല.

മതമോ നിറമോ നോക്കാതെ ഉടലഴകിന്റെ വിലപേശലിൽ അന്നമുണ്ണാൻ വിധിക്കപ്പെട്ട പാവം.

മീര വിശ്വാസത്തെ ശേഷജീവതത്തിന്റെ ഊന്നുവടിയാക്കിയത് തന്റെ വാക്കുകൾ കേട്ടിട്ടാണോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ കാറിന്റെ നീണ്ട ഹോണടി കേട്ടു ഞാനെഴുന്നേറ്റു കത്തുമെടുത്തു പുറത്തേക്കു നടന്നു. കാറിന്റെ ശബ്ദം കേട്ടു ഉമ്മറത്തെത്തിയ സൈനുവിന്റെയും കാറിൽ നിന്നിറങ്ങി വരുന്ന ആദിലിന്റെയും കണ്ണുകൾ എന്റെ കൈയ്യിലുള്ള കവറിന്റെ ആഴത്തിൽ മിഴി തുറക്കുന്നതും ചോദ്യങ്ങൾ പെറ്റുപെരുകുന്നതും കണ്ടു.

ഒരടയാളവുമില്ലാത്ത ദുർബലമായ ചില ഓർമ്മകൾ ജീവതത്തിൽ നിമിഷ പടികൾ കയറി വരുന്നതു കാതോർത്തു ഞാൻ വിദൂരതയിലേക്കു നോക്കി.