വാർത്തകൾക്കു പിന്നിൽ

ന്റെ മോനിതൊന്ന് തിന്നിട്ട് ബെശപ്പ് മാറ്റിയാട്ടെ; ഞാനാ സരസൂന്റെ പൊരേല് പോയിവരുന്നതാ. ആശൂത്രീന്ന് അവര് രാവിലെതന്നെ വന്നു. ഈ കടലാസിലുള്ളതെല്ലാം ഞാനാടെന്ന് കണ്ടതാ. ഓരെ കാണാൻ നേതാക്കന്മാരൊക്കെ വന്നിട്ടിണ്ട്, ആ ചെക്കന് സമ്മാനം കൊടുക്കുന്നുണ്ട് പോലും”  

കുട്ടിരാമേട്ടന്റെ ചായപീടികയിൽ നിന്നും കടുപ്പത്തിലൊരു ചായ കുടിച്ച് കഴിഞ്ഞപ്പോഴാണ് അന്നത്തെ പത്രത്തിന്റെ ഒന്നാം പേജിൽ എത്തിനോക്കാൻ മജീദിനു കഴിഞ്ഞത്. അന്ന് രാവിലെ അച്ചടിമഷി പുരണ്ട് പുറത്തിറങ്ങിയതാണെങ്കിലും അനേകം പേരുടെ കൈകളിലൂടെ കയറിയിറങ്ങിയതിനാൽ ആ പത്രത്തിന് ഒരാഴ്ചത്തെക്കാൾ പഴക്കം തോന്നിച്ചിരുന്നു.

പത്രത്തിന്റെ ഒന്നാം പേജിൽ….
ഒന്നാം പേജിൽ..
അതാ അവൻ..
മനോജ് തന്നെ നോക്കി ചിരിക്കുന്നു…!!!
അതിന്റെ അടിയിൽ വാർത്തയുണ്ട്;
‘കിണറ്റിൽ വീണ് മുങ്ങിമരിക്കാറായ പെൺ‌കുട്ടിയെ സ്വന്തം ജീവൻ‌പോലും അവഗണിച്ചുകൊണ്ട് മനോജ് എന്ന യുവാവ് രക്ഷപ്പെടുത്തി’
‘അവന്റെയൊരു സ്വന്തം ജീവൻ  !?’
മജീദിന് പിന്നെയങ്ങോട്ട് ചായയുടെ ബാക്കി കുടിക്കാനായില്ല. പൈസ കൊടുക്കുമ്പോൾ പതുക്കെ ചോദിച്ചു,
“കുട്ടിരാമേട്ടാ ഞാനീ പേപ്പറൊന്ന് പൊരേല് എടുക്കട്ടെ, ഉമ്മാനെ കാണിക്കാനാ,,”
“എടുത്തൊ എടുത്തൊ അങ്ങനെയാടാ ഞങ്ങളുടെ ആമ്പിള്ളേര്, ഓന്റെ ഫോട്ടോ നിന്റുമ്മാനെ കാണിച്ചിട്ട് പറ, മക്കളെ പെറുമ്പം ഇത്രക്ക് ധൈര്യോള്ളതിനെ പെറണംന്ന്”
അത് കേട്ടപ്പോൾ ഉള്ളിന്റെയുള്ളിൽ കാരമുള്ള് തറച്ചപോലെ വേദന തോന്നിയെങ്കിലും മറുത്തൊന്നും പറയാൻ തോന്നിയില്ല;
പറഞ്ഞാലും കാര്യമില്ലല്ലൊ…
ഒപ്പമുള്ളവരെല്ലാം പഠിച്ച് കഷ്ടപ്പെടുമ്പോൾ പത്താം തരത്തിൽ ജയിക്കാൻ കഴിയാത്ത മജീദ് പഠിത്തം മതിയാക്കി മീൻ‌കച്ചോടം തൊടങ്ങിയതാണ്. കൊറേ പണമായിട്ട് വേണം അക്കരെ കടന്നിട്ട് പണം വാരാൻ. പിന്നെ വലീയൊരു വീടുവെച്ച് ഉമ്മാനെ പൊന്നുപോലെ നോക്കണം. ഉമ്മയും മോനും മാത്രമായി ജീവിക്കുന്ന മജീദിന് അത്രക്ക് പൂതിയെ ഉള്ളു;

മീൻ‌കൊട്ട ഒറപ്പിച്ച സൈക്കിൾ ചവിട്ടി പൊരേല് എത്താറായപ്പോൾ ദൂരേന്നേ കണ്ടു; പൊര പൂട്ടിയിരിക്കുന്നു. ഉച്ചക്കെത്തെ ചോറും കൂട്ടാനും വെച്ചിട്ട് ഉമ്മ ആലക്കത്ത് വിശേഷം പറയാൻ പോയിക്കാണും; ഇന്നലെ മുതൽ നാട്ടിലെല്ലാർക്കും പറയാനൊരു വിശേഷം ഉണ്ടല്ലൊ,,

മുറ്റത്തെ മൂലക്ക് സൈക്കിളുറപ്പിച്ച് മീൻ‌കൊട്ട കെണറ്റിങ്കരയിൽ വെച്ച് കാലും മുഖവും കഴുകി. പിന്നെ കോലായിൽ കയറി തലയിലെ തോർത്ത് അയലിൽ നിവർത്തിയിട്ട്, പേപ്പറും നെഞ്ചോട്‌ചേർത്ത് ബെഞ്ചിമ്മേൽ കിടന്നപ്പോൾ മജീദിന്റെ തലയിൽ ഇന്നലത്തെ കാര്യങ്ങൾ വട്ടം ചുറ്റാൻ തുടങ്ങി.
എന്നും ചെയ്യുന്നതുപോലെ, ഇന്നലെ രാവിലെയും പള്ളീലെ ബാങ്ക് വിളി കേട്ടപ്പോൾ എണീറ്റ് നിസ്ക്കരിച്ചശേഷം കത്തലടക്കിട്ട്, മീങ്കൊട്ടയും സൈക്കിളുമായി കടപ്പൊറത്തെ മാർക്കറ്റിൽ പോയി ഒരുകൊട്ട മത്തി വാങ്ങി നാട്ടിലെല്ലാം വിറ്റതാണ്. മീനെല്ലാം നേരത്തെ വിറ്റ് തീർന്നതിനാൽ പൊരേല് വന്നപ്പോൾ സമയം പതിനൊന്ന് മണി. പിന്നെ കുപ്പായം മാറ്റി മമ്മദ് ഹാജിന്റെ പലചരക്ക് പീടികേൽ എത്തിയിട്ട് പഴങ്ങൾ മുറിച്ച് കച്ചോടം‌ചെയ്യാൻ ഒപ്പരം കൂടി. ഉച്ചക്ക് ചോറ് തിന്നശേഷം കാര്യമായ പണിയൊന്നും ഇല്ലാത്തതിനാൽ നാല് മണി കഴിഞ്ഞപ്പോൾ കുളിച്ച് പൊറത്തിറങ്ങിയതാണ്. വെറുതെ ഒന്ന് നടക്കാൻ…
വേനൽക്കാലമായതിനാൽ കാറ്റുകൊള്ളാനായി നേരെ കടപ്പുറത്ത് പോയി കൊറേനേരം പിള്ളേരുടെ ഫുട്‌ബോള് കളി കണ്ടിട്ട് മടുത്തപ്പോൾ മൊയ്തു ഹാജിയാരുടെ വീട്ടിനു മുന്നിലൂടെ ഇടവഴിയിൽ കടന്ന് പള്ളിയുടെ പിന്നിലൂടെ നടന്ന് അജിത്തിന്റെ വീട്ടിലെത്തി. ഒപ്പം പഠിച്ച അജിത്ത് എഞ്ചിനീയറായി വന്നിരിക്കയാണ്. അവന് ഫസ്റ്റ് റാങ്ക് കിട്ടുമ്പോൾ തനിക്ക് ലാസ്റ്റ് റാങ്ക് ആണെങ്കിലും എല്ലായിപ്പോഴും സുഹൃത്തുക്കളായിരുന്നു. അജിത്ത് തൊട്ടടുത്ത വായനശാലയിലാണെന്ന് അറിഞ്ഞ് നേരെ അങ്ങോട്ടേക്ക് നടന്നു. എളുപ്പവഴി നോക്കി കുറ്റിക്കാടുകൾക്കിടയിലൂടെ തൊട്ടടുത്ത പറമ്പിൽ കയറിയപ്പോഴാണ് ഒരു സ്ത്രീയുടെ കരച്ചിൽ കേട്ടത്.

അവിടെ ആൾതാമസമില്ലാത്ത വീടിനു സമീപത്തുനിന്നാണ് കരച്ചിൽ വരുന്നതെന്ന് തോന്നിയിട്ട് ഓടിപ്പോയി നോക്കിയപ്പോൾ കണ്ടത്, തൊട്ടടുത്ത കിണറ്റിൽ എത്തിനോക്കിക്കൊണ്ട് അയൽ‌പക്കത്തെ സരസ്വതിയേച്ചി തലയിൽ കൈവെച്ച് ഉച്ചത്തിൽ നെലവിളിക്കുന്നതാണ്. അതിനിടയിൽ അവർ കിണറ്റിലേക്ക് ഇറങ്ങാനും ശ്രമിക്കുന്നുണ്ട്. അടുത്തുപോയി നോക്കിയപ്പോൾ കിണറ്റിൽ ആരോ വീണിട്ടുണ്ടെന്ന് മനസ്സിലാക്കിയതും അതിലേക്ക് ചാടിയതും ഒന്നിച്ചായിരുന്നു.

ആഴം കുറഞ്ഞ കിണറ്റിൽ വെള്ളം കുറവാണെങ്കിലും താ‌ഴോട്ടുള്ള വീഴ്ചയിൽ മുറിവ് പറ്റിയ ഒരു പെൺകുട്ടി വെള്ളത്തിൽ കിടന്ന് പിടയുകയാണ്. അവളെ പിടിച്ച് മേലോട്ടുയർത്തി ചുമലിൽ താങ്ങി കിണറ്റിന്റെ പടയിൽ പിടിച്ച് മേലോട്ട് കയറിയപ്പോഴാണ് അടുത്ത വീട്ടിലെ മനോജ് ഓടിവന്നത്. സരസ്വതിയേച്ചിയുടെ കരച്ചിൽ കേട്ടിട്ടാവണം പിന്നാലെ ആരൊക്കെയോ ഓടിവരുന്നുണ്ട്. കിണറ്റിന്റെ മുകളിലേക്ക് ഉയർത്തിയ പത്തു വയസുകാരിയെ തന്റെ കൈയിൽനിന്നും മനോജ് പിടിച്ചുവാങ്ങുമ്പോൾ അവൾക്ക് ബോധം ഉണ്ടായിരുന്നില്ല.

പിന്നെ എല്ലാം പെട്ടെന്നായിരുന്നു. നാട്ടുകാരിൽ ആരോ വിളിച്ച ആം‌ബുലൻസ് വന്നപ്പോൾ മകളോടൊപ്പം അമ്മയും ഏതാനും പുരുഷന്മാരും അവരെ അനുഗമിച്ചു.

വെള്ളത്തിൽ‌മുങ്ങി ആകെ നനഞ്ഞുകൊണ്ട്  വീട്ടിലെത്തിയപ്പോൾ ഉമ്മ ചോദിച്ചു,
“നീയെന്താടാ വെള്ളത്തില് മുക്കിയ പെടച്ചിക്കോയിനെപ്പോലെ നനഞ്ഞിന്?”
കാര്യങ്ങലെല്ലാം കേട്ടപ്പോൾ പെട്ടെന്ന് ഉമ്മ പറഞ്ഞു,
“നീയിവിടെ നിക്ക്; ഞാനാ സരസൂന്റെ വീട്ടിലൊന്ന് പോയേച്ച് വരട്ടെ?”
“അയ്യോ ഉമ്മ അങ്ങോട്ട് പോണ്ട… കുട്ടി കെണറ്റില് വീണകാര്യം വീട്ടിലെ മറ്റുള്ളോര് അറിയില്ലാന്നാ തോന്നുന്നെ… ഉമ്മ പറഞ്ഞ് ഓറെ അറീക്കണ്ടാ”
“നീ പറഞ്ഞത് ശരിയാ, പെട്ടെന്ന് ഞാനായിട്ടെന്തിനാ പറയുന്നേ”

ഒന്നൂടി കുളിച്ച് കുപ്പായവും മുണ്ടും മാറ്റി വായനശാലയിൽ എത്തിയപ്പോൾ, നാട്ടുകാർ പറയുന്ന കാര്യം കേട്ടിട്ട് വിശ്വാസം വന്നില്ല. വീണ്ടും വീണ്ടും പറയുന്നത് കേട്ടപ്പോൾ അടുത്തിരിക്കുന്ന സെമീറിനോട് ചോദിച്ചു,
“എന്താണ് ഉണ്ടായത് ?”
“അത് നമ്മുടെ വടക്കെലെ സരസുഏടത്തിയും മോളും അടുത്ത പറമ്പിലെ കെണറ്റില് വെള്ളം കോരാൻ പോയപ്പോൾ മോള് കിണറ്റില് വീണ്. അതുകണ്ടപ്പോൾ ഓറെ ബന്ധുവായ മനോജ് കിണറ്റില് ചാടി രക്ഷപ്പെടുത്തിയിട്ട് ആംബുലൻസ് വന്ന് ആശുപത്രിയിൽ കൊണ്ടുപോയിരിക്കയാ”
“ഹെന്റെ റബ്ബേ, ഇതെന്ത് മറിമായം ?.. ആ കുട്ടിക്കെങ്ങനെയുണ്ട് ?”
“കുട്ടി കൊറച്ച് വെള്ളം കുടിച്ചു; പിന്നെ പോലീസൊക്കെ അന്വേഷിക്കുന്നതുകൊണ്ട് രണ്ടീസം കെടക്കണം. അല്ല നീയെന്തിനാ ഇതൊക്കെ കേട്ടിട്ട് തലയിൽ കൈവെച്ച് അള്ളാനെ വിളിക്കുന്നത് ?”
മറുപടിയൊന്നും പറഞ്ഞില്ല… പറയാനൊട്ട് നാവ് വഴങ്ങിയില്ല.
അവിടെ നിൽക്കുന്നത് താൻ തന്നെയല്ലെ ? 
ഇറങ്ങിനടന്ന് കടപ്പൊറത്ത്‌പോയി കാറ്റുകൊണ്ടപ്പോൾ മനസ്സിന്റെ പ്രയാസം ഒന്നുകൂടി ഇരട്ടിച്ചു. ‘നല്ലൊരു കാര്യം ചെയ്തിട്ട് അതില് ആൾമാറാട്ടം. കുപ്പായത്തിൽ ഒരു തുള്ളിവെള്ളം പോലും നനയാത്ത ഒരുത്തൻ… കിണറ്റിലിറങ്ങാത്ത ഒരുത്തൻ’
കിണറ്റിലെ വെള്ളത്തിൽ മുങ്ങി കുട്ടിയെ രക്ഷിച്ചെന്ന് പറയുക…
സന്ധ്യാനേരത്ത് പൊരേല് വന്ന് ഒന്നും‌‌പറയാതെ ചോറുതിന്ന് നേരത്തെ കിടക്കുന്നത് കണ്ടപ്പോൾ ഉമ്മ പലതും ചോദിച്ചങ്കിലും ഉത്തരങ്ങളെല്ലാം ഒരു മൂളലിൽ ഒതുക്കി. വെറുതെയെന്തിന് ഉമ്മയെക്കൂടി വെഷമിപ്പിക്കണം.

പിറ്റേന്ന് പുലർന്നപ്പോൾ വെള്ളത്തിലിറങ്ങാത്ത മനോജ് നാട്ടിലെ ധൈര്യശാലി കിണറ്റിലെ വെള്ളത്തിൽ മുങ്ങിയിട്ട് പെൺ‌കുട്ടിയുടെ ജീവൻ രക്ഷിച്ച് മാതൃക കാട്ടിയ ധീരൻ!
“നീയെപ്പഴാ വന്നത് ?” ഉമ്മ വന്നിരിക്കുന്നു; മുറ്റത്തുനിന്ന് പടികയറുകയാണ്.
എഴുന്നേറ്റ ഉടനെ കൈയിലുള്ള പേപ്പർ ഉമ്മക്ക് കൊടുത്തെങ്കിലും അത് തുറക്കാതെ ചുരുട്ടിപ്പിടിച്ചുകൊണ്ട് ചോദിച്ചു,
“നീ വന്നിട്ടൊന്നും കൈച്ചിറ്റില്ലല്ലൊ; നല്ല വെള്ളയപ്പൊം മീങ്കറീം ഒണ്ട്”
കൂടുതലൊന്നും പറയാതെ അകത്തേക്ക് പോയ ഉമ്മ, ഒരു പ്ലെയിറ്റിൽ മത്സ്യക്കറി ഒഴിച്ച വെള്ളയപ്പവുമായി വന്നിരുന്ന് പറയാൻ തുടങ്ങി,

“ന്റെ മോനിതൊന്ന് തിന്നിട്ട് ബെശപ്പ് മാറ്റിയാട്ടെ; ഞാനാ സരസൂന്റെ പൊരേല് പോയിവരുന്നതാ. ആശൂത്രീന്ന് അവര് രാവിലെതന്നെ വന്നു. ഈ കടലാസിലുള്ളതെല്ലാം ഞാനാടെന്ന് കണ്ടതാ. ഓരെ കാണാൻ നേതാക്കന്മാരൊക്കെ വന്നിട്ടിണ്ട്, ആ ചെക്കന് സമ്മാനം കൊടുക്കുന്നുണ്ട് പോലും”
“എന്നിട്ട് ഉമ്മയൊന്നും പറഞ്ഞില്ലെ?”
“ഞാനെന്ത് പറയാനാ? സരസു എന്നെ കണ്ടപ്പൊത്തന്നെ അടുക്കളപ്പൊറത്ത് വിളിച്ച് കൊറേ കരഞ്ഞിട്ട് പറഞ്ഞു. പണ്ടത്തെപ്പോലെയല്ല, ഇത് കാലം ബെടക്കാ മോനേ….  നീയൊരുത്തൻ മുങ്ങിച്ചാകാൻ പോന്ന പെണ്ണിനെ കെണറ്റിന്ന് പൊറത്തെടുത്ത്‌ന്ന് പറഞ്ഞാൽ ഓളെകെട്ടാൻ ആരെങ്കിലും ഉണ്ടാവോ ? അത്‌കൊണ്ട് സരസു ആ ചെക്കന്റെ പേര് പറഞ്ഞതാ.. ‘അയിന് നിനക്ക് ബെസമം തോന്നണ്ട’ എന്ന് അന്നോട് പറയാമ്പറഞ്ഞിന്”
“എന്നാലും ഉമ്മാ വെള്ളത്തിലെറങ്ങാത്തോന്റെ പേരല്ലേ ഓറ് പറഞ്ഞത്!”
“അന്റെ ബിചാരം എന്തോന്നാ? പണ്ടൊരു തമ്പ്രാട്ടിക്കുട്ടി പൊഴേല് വീണപ്പം ഓളെ എടുത്ത് രക്ഷപ്പെടുത്തിയ ചെക്കന്, ബീവീനെം ഒപ്പം നാടും കൊട്ടാരോം കിട്ടി. അതുപോലെയാണോ ഇപ്പോൾ?”
“അങ്ങനെയൊന്നുമല്ല ഉമ്മാ,,”
“ഇന്നത്തെ കെട്ട കാലത്ത് നീ കെണറ്റ്‌ന്ന് ആ പെങ്കുട്ടീനെ എടുത്ത് രക്ഷപ്പെടുത്തിന്ന് അറിഞ്ഞാല്, ഈടത്തെ പെരാന്ത് പിടിച്ച നാട്ടുകാര് എന്താ ചെയ്യാന്നറിയാ? അയിന്റെ പേരും‌ പറഞ്ഞ് മനുഷ്യന്മാര് അങ്ങോട്ടും ഇങ്ങോട്ടുമായി അടിയും കുത്തും നടത്തീട്ട് നാട്ടില് ചോരപ്പുഴ ഉണ്ടാക്കും. അന്റെ മോൻ കൊയപ്പത്തിനൊന്നും പോകാതെ വെള്ളയപ്പം തിന്നാട്ടെ”

കണ്ണൂർ ജില്ലയിലെ ഇരിവേരി സ്വദേശി ആണ്. 32 വർഷം അദ്ധ്യാപിക ആയിരുന്നു. കാർഷികം, ചെറുകഥ, ഹാസ്യം, ബാലസാഹിത്യം എന്നിവയിൽ ഉൾപ്പെട്ട 11 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ എഴുതുന്നതു കൂടാതെ ഫോട്ടോഗ്രാഫിയും ചെയ്തുവരുന്നു.