ലോകം അവസാനിക്കുന്നില്ല

നിലാവു പൊഴിക്കാത്ത ചന്ദ്രൻ വിളഞ്ഞു കായ്‌ഫലം തൂങ്ങിയ തെങ്ങിന്റെ ചില്ലകൾക്കിടയിൽ എന്തോ പറയാനുണ്ടെന്നവണ്ണം ഒളിച്ചുകളിച്ചു. കള്ളിന്റെ മണം അലർജിയായിരുന്ന ശ്യാമള ഏതോ കാമദേവനെ കണ്ടപോലെ കുറുപ്പച്ചനെ പൂണ്ടടക്കം പിടിച്ചു  അറഞ്ചം പറഞ്ചം ആർത്തിയോടെ വിഴുങ്ങി. ചെന്തെങ്ങു പോലെ വളർന്ന മകളൊരുത്തി വീട്ടിലുണ്ടെന്ന ബോധം പോലുമില്ലാതെ…..,

പതിവുപോലെ മദ്യപിച്ചതിനു ശേഷം മടങ്ങും വഴിയിൽ കുറുപ്പച്ചനെ നോക്കി എന്നും കുരയ്ക്കാറുണ്ടായിരുന്ന കൈസർ കുരച്ചില്ല. പതിവിനുവിപരീതമായി ഒരിയ്ക്കലും തെളിയാത്ത തെരുവു വിളക്കുകൾ  രണ്ടെണ്ണവും പകൽ സൂര്യനെപ്പോലെ പ്രകാശം വിടർത്തി. പരമാവധി കഴിക്കാവുന്ന അഞ്ചു പെഗ്ഗടിച്ചിട്ടും അയാളുടെ കാലുകൾക്കോ ശരീരത്തിനോ ഒരു ചാഞ്ചാട്ടവും ഉണ്ടായിരുന്നില്ല. പ്രകൃതിദുരന്തങ്ങളുടെ ലക്ഷണങ്ങൾ തന്റെ പരിസരം മനസിലാക്കി മുൻകൂട്ടി അറിയാൻ കഴിയുന്നവരാണ് നായകൾ എന്നു പണ്ടെങ്ങാണ്ടു കള്ളൂസഭയിൽ കല്ലൂപ്പാറയിൽ കുഞ്ഞച്ചൻ പറഞ്ഞതു കുറുപ്പച്ചന്റെ ഉള്ളിലൂടെയപ്പോൾ കൊള്ളിയാൻ പോലെ മിന്നി. തന്നെ നോക്കി കുരയ്ക്കുമ്പോൾ ചുമ്മാതാണെങ്കിലും രണ്ടു കണ്ണു പൊട്ടുന്ന ചീത്തയാ മിണ്ടാപ്രാണിയുടെ മുഖത്തു നോക്കി വിളിക്കാറുള്ളതാണ്.  അപ്പോൾ കുറുപ്പിനുണ്ടായിരുന്ന ലഹരി രണ്ടു തൊണ്ണൂറിന്റെതിനും മേലേയായിരുന്നു.

നിലാവു പൊഴിക്കാത്ത ചന്ദ്രൻ, വിളഞ്ഞു കായ്‌ഫലം തൂങ്ങിയ തെങ്ങിന്റെ ചില്ലകൾക്കിടയിൽ എന്തോ പറയാനുണ്ടെന്നവണ്ണം ഒളിച്ചുകളിച്ചു. കള്ളിന്റെ മണം അലർജിയായിരുന്ന ശ്യാമള ഏതോ കാമദേവനെ കണ്ടപോലെ കുറുപ്പച്ചനെ പൂണ്ടടക്കം പിടിച്ചു  അറഞ്ചം പറഞ്ചം ആർത്തിയോടെ വിഴുങ്ങി. ചെന്തെങ്ങു പോലെ വളർന്ന മകളൊരുത്തി വീട്ടിലുണ്ടെന്ന ബോധം പോലുമില്ലാതെ അവരാതം കാണിക്കുന്ന ശ്യാമളയെ മുടിക്കു കുത്തിപ്പിടിച്ചു പിന്നോക്കം മാറ്റിയെങ്കിലും കണ്ണിൽ കത്തുന്ന കാമവുമായി അവൾ മുന്നോട്ടു തന്നെ.കഴിഞ്ഞ മുപ്പത്തിഅഞ്ചു കൊല്ലം കിട്ടാത്ത എന്തിനോ പരതിക്കൊണ്ടവൾ കുറുപ്പച്ചന്റെ ഉരുക്കു ബലത്തിലേയ്ക്കു ഊർന്നിറങ്ങി .

അറുത്ത കൈക്കു ഉപ്പു തേക്കാത്ത ഒളശ്ശ മുതലാളി കൊടുത്തു വിട്ട നെല്ലിൽ വാറ്റിയ പട്ടച്ചാരായം അന്നനാളത്തിലൂടെ കത്തി ഇറങ്ങുമ്പോൾ കുറുപ്പച്ചൻ അതുറപ്പിച്ചു. ഇന്നു നേരം പുലരും മുൻപു പ്രളയമുണ്ടാകും. അല്ലെങ്കിൽ കിഴക്കൻ മല പൊട്ടിയൊലിച്ചു താഴേയ്ക്കിറങ്ങും. കോന്നൻകുളങ്ങര ദേവി ശരീരത്തു കേറുമ്പം മീനാക്ഷിയമ്മ പ്രവചനം പോലെ പറഞ്ഞ കാര്യം.! ആറു ദേശങ്ങളും ആറു പുഴകളും കടന്നൊരാൾ ഇന്ദുമതിയെ വേൾക്കാൻ കുതിരപ്പുറത്തു വരുന്നു. രാജാധികാരം നഷ്ട്ടപ്പെട്ടില്ലായിരുന്നെങ്കിൽ പടക്കുറുപ്പനാകേണ്ടിയിരുന്ന അപ്പന്റെ മകളാണവൾ .അഷ്ടിക്ക് വകയില്ലാത്ത തന്റെ മകളെത്തേടി കുതിരപ്പുറത്തു വരുന്ന അയാളെ കുറുപ്പച്ചൻ വിടർന്ന കണ്ണുകളോടെ നോക്കി. ഒറ്റനോട്ടത്തിൽ തന്നെ കുറുപ്പച്ചനായാളെ ബോധ്യമായി. തന്റെ മകൾക്കു സർവ്വഥാ യോഗ്യനായ അരോഗദൃഢഗാത്രനാണിവൻ. ചീറി പാഞ്ഞു വന്ന കുതിരയുടെ കടിഞ്ഞാൺ ഒന്നു ചിണുക്കി പിറകോട്ടു വലിച്ചു അവൻ. വെകിളിപിടിച്ച പോലെ ശബ്ദമുണ്ടാക്കി തല മുന്നോട്ടും പിന്നോട്ടും വായുവിൽ ഉഴറ്റി കുതിര ലാടം പതിപ്പിച്ച കാലുകൾ പൂഴിമണ്ണിൽ ആഴ്ത്തിനിന്നു. മാതുലനെ പുറകിലേറ്റി മംഗല്യപന്തലിലേയ്ക്കു വരനും സംഘവും പുറപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

ശ്യാമളയും ഇന്ദുമതിയും വലിയവായിൽ കരഞ്ഞു കൊണ്ടു ആശുപത്രി വരാന്തയിലൂടെ ഓടി നടന്നു. ആംബുലൻസുകളുടെ ചീറിപ്പായുന്ന ശബ്ദത്തിനും മീതെ വേണ്ടപ്പെട്ടവരുടെ വിലാപങ്ങൾ ഒഴുകി നടക്കുന്നു . കോന്നൻ കുളങ്ങരയിലുണ്ടായ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം ഇരുപതു കഴിഞ്ഞാതായി ആശുപതിയുടെ വരാന്തയിൽ സ്ഥാപിച്ചിരിക്കുന്ന ടി വിയിലെ പെൺകൊച്ചു കരഞ്ഞു കരഞ്ഞില്ല എന്ന മട്ടിൽ അലറി വിളിക്കുന്നു. എനിമ കഴിഞ്ഞിറക്കിയതും കുറുപ്പച്ചൻ മകൾ ഇന്ദുമതിയെ കാണണമെന്ന നിർബന്ധത്തിൽ കൊച്ചു കുഞ്ഞിനെപ്പോലെ വാവിട്ടു കരഞ്ഞു. ആരൊക്കെയോ ചേർന്ന് തൂക്കി കൊണ്ടു വന്ന അറുപതു പേരിൽ തൂറിയും ശർദ്ദിച്ചും കിടക്കുന്ന നിഷ്കളങ്കരായ കുടിയന്മാരുടെ രോദനങ്ങൾക്കിടയിൽ കുറുപ്പച്ചന്റെ രോദനം ഒരു മാലാഖയും ചെവികൊണ്ടില്ല.

മോർച്ചറിയിൽ അലഞ്ഞിട്ടും കിട്ടാത്ത മൃതദേഹം വാർഡിലുണ്ടെന്ന ധാരണയിൽ ശ്യാമള കരച്ചിലിനൊരു വെടി നിർത്തൽ പ്രഖ്യാപിച്ചു രണ്ടാം മുണ്ടും തെറുത്തു കയറ്റി വാർഡിലെ കട്ടിലിനരികിലൂടെ തന്റെ എല്ലാമെല്ലാമായ കോന്തൻ കുറുപ്പച്ചന്റെ മോന്തായം അന്വേഷിച്ചു നടന്നു. പതിനാലാം വാർഡിലെ 323 ആം നമ്പർ കട്ടിലിൽ അല്പ്പപ്രാണൻ മാത്രമായ പ്രാണപ്രിയന്റെ അടുത്തെത്തിയതും ശ്യാമള “ത്ഫൂ” എന്നൊരാട്ടാട്ടി. മയക്കത്തിന്റെ നാലാം യാമത്തിലായിരുന്നിട്ടും മുഖത്തടിച്ച വളിച്ച ശ്വാസം കഴിഞ്ഞ മുപ്പത്തിഅഞ്ചു കൊല്ലമായി താൻ ശ്വസിക്കുന്ന തന്റെ ശ്വാസം തന്നെയെന്നയാൾ തിരിച്ചറിഞ്ഞിരിക്കുന്നു.
വെളുത്ത പടലങ്ങൾ മൂടിക്കെട്ടിയ കണ്ണു വലിച്ചു തുറക്കാൻ അയാൾ ശ്രമിച്ചു കൊണ്ടേയിരുന്നു. മുന്നിൽ നിൽക്കുന്ന പ്രിയപ്പെട്ടവരുടെ മുഖം തന്റെ മനസിന്റെ ഭിത്തിയിൽ നിന്നും റെറ്റിനയിലേയ്ക്കു പറിച്ചു നടാൻ അയാളൊരു വൃഥാ ശ്രമം നടത്തി.

ഇപ്പോൾ അയാളുടെ കാതിൽ ശ്യാമളയുടെ ശകാരവും, ഇന്ദുമതിയുടെ കരച്ചിലും, കൈസറിന്റെ കുരയും ഒളശ്ശ മുതലാളിയുടെ ചിരിയും വ്യക്തമായി കേൾക്കാം. തെരുവു വിളക്കുകളിലെന്നല്ല, തനിക്കു ചുറ്റും പ്രകാശത്തിന്റെ ഒരു തരി പോലുമില്ല. !!

ലോകം ഇന്നും നാളെയും മറ്റന്നാളും അവസാനിക്കാൻ പോകുന്നില്ല ബോധ്യത്തിൽ അയാൾ ഉറക്കെ അലമുറയിട്ടു കരഞ്ഞു …..

ആലപ്പുഴ ജില്ലയിലെ കറുകയിൽ സ്വദേശി . കഴിഞ്ഞ ഇരുപതു വർഷമായി ഷാർജയിൽ പ്രവാസ ജീവിതം നയിക്കുന്നു. 2017 ലെ അക്ഷരതൂലികാ പുരസ്കാരം നേടിയിട്ടുണ്ട് .