യാമതീരങ്ങളിലെ അവർ

ട്രീസയെക്കുറിച്ചാണ് ഞാൻ എഴുതാൻ…, അല്ല പറയാൻ തുടങ്ങുന്നത്. അക്ഷരങ്ങളാൽ മോടിപിടിപ്പിച്ചു  കെട്ടുറപ്പാക്കിയ ഒരു കഥയുടെയോ, വിവരണത്തിൻ്റെയോ ഗണത്തിൽ ഇതിനെ നിങ്ങൾ ഉൾപ്പെടുത്തരുത്. മറിച്ച് ഒരു ഭാവനാത്മക ബിംബമായി ഇതിനെ കണക്കാക്കുക.

എനിക്ക് ശരീരമില്ല. സ്വപ്നത്തിലൂടെ നിങ്ങളിലേയ്ക്ക് പകർന്നാടുന്ന അരൂപിയായ നിരാമയനാണു ഞാൻ. അതു കൊണ്ടു തന്നെ ഇതിൻ്റെ സ്ഥലകാലങ്ങളും, പാത്ര രൂപങ്ങളും നിങ്ങളിൽ ആത്മ കല്പിതങ്ങളാണു താനും.

ഞാൻ ട്രീസയെ പരിചയപ്പെടുന്നത് ഒരു രാവറുതിയിലാണ്. രണ്ടു വർഷം മുൻപ് കൊറോണയുടെയും, ലോക്ഡൗണിൻ്റെയും മഹാഭീഷണിയെ മറികടന്ന് എൻ്റെ ബിസിനസ്സ് സ്ഥാപനം വീണ്ടും തുറന്ന നാളുകളിലൊരിക്കലായിരുന്നു അത്. അടുക്കി നിറച്ച ഫർണീച്ചറുകളിൽ ചിതലും, പൂപ്പലും കയറി ബിസിനസ്സ് കനത്ത നഷ്ടത്തിലേയ്ക്ക് നിപതിച്ച്, തികച്ചും പരിക്ഷീണമാക്കപ്പെട്ടതായിരുന്നു അപ്പോൾ എൻ്റെ ജീവിതം.

മനസ്സിനെ ശാന്തമാക്കാൻ അകമേ നിറച്ച മൂന്നു പെഗ്ഗ് വിസ്ക്കിയുടെ നേർത്ത ലഹരിയിൽ, ചാറ്റൽ മഴയുള്ള രാവിനെ അവഗണിച്ച് ബൈക്കുമായി കബാക്കാ സ്ട്രീറ്റ് കടക്കുകയായിരുന്നു ഞാൻ

“അങ്കിൾ… പ്ലീസ് സ്റ്റോപ്പ്… പ്ലീസ്….. “

വിജനമായ സ്ട്രീറ്റിൻ്റെ ഒത്ത നടുവിൽ നിന്ന് എൻ്റെ ബൈക്കിനു നേരെ കൈ വീശുന്ന ഒരു പെൺകുട്ടി.

യാന്ത്രികമായി ഞാൻ വണ്ടിയൊതുക്കിയപ്പോൾ ഓടി അടുത്തെത്തിയ അവൾ തീർത്തും ഭയചകിതയായിരുന്നു. ഇരുഷോൾഡറുകളിലായി പുറകിലേയ്ക്ക് തൂക്കിയ ബാഗിലൂടെയും, യൂണിഫോമിലൂടെയും അവളൊരു സ്കൂൾ കുട്ടിയാണെന്നു ഞാനുറപ്പിച്ചു.

“അങ്കിൾ… എൻ്റെ ബസ്സ് മിസ്സായി. എന്നെ ഒന്നു ജവഹർ നഗറിലാക്കുമോ?” ഭയവും, കിതപ്പും, യാചനയും, പ്രതീക്ഷയും കലർന്നതായിരുന്നു അവളുടെ ചോദ്യം.

“കുട്ടീ ഞാൻ ആ വഴിക്കല്ലല്ലോ. മാത്രമല്ല, ജവഹർ നഗറിലേയ്ക്ക് ഇനിയും അഞ്ചു കിലോമീറ്ററോളം വരില്ലേ?”
അവൾ ഒരു കരച്ചിലിൻ്റെ വക്കിലെത്തിയിരുന്നു.

“അങ്കിൾ… എൻ്റെ മമ്മ വിഷമിക്കും. എന്നെ ഒന്നു ഹെൽപ്പു ചെയ്യുമോ?” എല്ലാം മറന്നുറങ്ങാൻ കൊതിക്കുന്ന എൻ്റെ കണ്ണുകൾ ഊരും പേരുമറിയാത്ത ആ ബാല്യത്തിൻ്റെ നിഷ്കളങ്കതയിലേയ്ക്ക് പതുക്കെ വഴുതി വീണു.
സ്വപ്നം കാണാൻ ഒന്നുമില്ലാത്ത എന്നിലേയ്ക്ക് ഒരു ലക്ഷ്യബോധത്തിൻ്റെ വഴി തുറക്കലായിരുന്നു ഇപ്പോൾ കബാക്കയിൽ നിങ്ങൾ ദർശിച്ചത്.

കബാക്കാ സ്ട്രീറ്റിൻ്റെ രാവുകൾ സാമൂഹ്യ വിരുദ്ധരുടേതാണ്. ലഹരികൾ ഉന്മാദം നിറയ്ക്കുന്ന കബാക്കായ്ക്ക് അവളെ വിട്ടുകൊടുക്കാൻ എനിക്ക് തോന്നിയില്ല. എൻ്റെ കണ്ണുകളിൽ അവൾ കണ്ടെടുക്കുന്ന സുരക്ഷിതത്വത്തിൽ നിന്നും വിമുഖനാവാൻ മനസ്സനുവദിച്ചില്ല.

“കയറൂ.” ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോൾ ഞാൻ പറഞ്ഞു.

“അല്പം അകന്നിരുന്നോളൂ… വിയർപ്പു മണമുണ്ടാവും.”

“അതു സാരമില്ല അങ്കിൾ.”

ആശ്വാസത്തിൻ്റെ തുരുത്തിലെത്തിയതുപോലെയായിരുന്നു അവളുടെ വാക്കുകൾ. എൻ്റെ വലതു തോളിൽ അവളുടെ കൈത്തലം പിടിമുറുക്കിയപ്പോൾ എനിക്ക് അകാരണമായ ഒരു ഞെട്ടലുണ്ടായി. മനസ്സിലിറ്റ മഞ്ഞുതുള്ളി എൻ്റെ കണ്ണുകളിലേയ്ക്ക് പടർന്നു. ആകസ്മികമായി എന്നിൽ നിറഞ്ഞ അജ്ഞാതമായ ഒരു മന്ത്രണത്തിൻ്റെ നനവിൽ ഞാനറിയാതെ അവളെ വിളിച്ചു.

“അലീനാ…. “

“അലീനയോ… അങ്കിളിനെന്തു പറ്റി.? ഞാൻ വീനസ്സാണ്. വീനസ് .കെ. ഇന്ന് എൻ്റെ പ്ലസ് ടു ലാസ്റ്റ് എക്സാമായിരുന്നു. എൻ്റെ ഫ്രണ്ട് മരിയയുടെ കൂടെ അവളുടെ പപ്പയുടെ കാറിൽ ഇവിടെ വരെയെത്തി. പക്ഷേ എൻ്റെ ബസ് മിസ്സായി. ഞാൻ ഫോണെടുത്തില്ല. വൈകിയാൽ മമ്മ വിഷമിക്കും.”

ഒട്ടും സങ്കോചവും, അകൽച്ചയുമില്ലാത്ത അവളുടെ സംസാരം എന്നെ ഏറെ സന്തോഷിപ്പിക്കുകയായിരുന്നു.
അല്ല… എനിക്കവൾ അലീനയാവുകയായിരുന്നു….!

“അല്ല അങ്കിൾ… ആരാണീ അലീന?” ഒരു ചെറു മൗനം കടം കൊണ്ട് പതുക്കെ ഞാൻ പറഞ്ഞു.

“അലീന എൻ്റെ മകളാണ്.”

“അതെയോ… അലീന…. നല്ല പേര്. അലീന എന്തു ചെയ്യുന്നു അങ്കിൾ?” ഞാനൊരു നീണ്ട മൗനത്തിലേയ്ക്ക് വഴിതിരിഞ്ഞപ്പോൾ വീണ്ടും….

“അങ്കിൾ…. വാട്ട് എബൗട്ട് അലീന?” ഒരിക്കലും കേൾക്കാനും, പറയാനുമിഷ്ടപ്പെടാത്ത ഒരു വാക്കാൽ അവളുടെ ചോദ്യത്തിന് ഞാൻ അടിവരയിട്ടു.

“അലീന… അവളിപ്പോൾ ജീവിച്ചിരിപ്പില്ല കുട്ടീ…. ” അതു പറയുമ്പോൾ  ഉൾക്കൊള്ളാനാവാത്ത ഒരു സത്യത്തിൻ്റെ അർത്ഥപൂർണ്ണതയ്ക്കുള്ള കാലം തേടുകയായിരുന്നു ഞാൻ.

പാലയും ഇലഞ്ഞിയും നിലാവും പൂത്ത പാതയോരത്ത് ഡിസംബർ മഞ്ഞിൽ കുളിച്ചു നിൽക്കുന്നു.

എൻ്റെ ചിന്തകളെ മാറ്റിമറിക്കാനാവണം വീനസ് നിർത്താതെ സംസാരിക്കുന്നുണ്ട്. ആത്മഹത്യയെപ്പറ്റി ചിന്തിച്ച് ഉറക്കമിളച്ച രാവുകളോട് എനിക്കിപ്പോൾ പുച്ഛം തോന്നിത്തുടങ്ങിയിരിക്കുന്നു. അകാരണമായ ഒരാനന്ദം എൻ്റെ സിരകളെ ഇപ്പോഴുണർത്തുകയാണ്. വീനസ് പറഞ്ഞ വഴിയിലൂടെ ബൈക്ക് അവളുടെ വീടിൻ്റെ പോർച്ചിലെത്തിയപ്പോൾ സിറ്റൗട്ടിൽ കണ്ട രൂപത്തെ അത്ഭുതത്തോടെ നോക്കി നിന്നു പോയി. ക്രീം കളറുള്ള നൈറ്റ് ഗൗണണിഞ്ഞ മെഴുകു പ്രതിമ പോലെ മനോഹരമായ രൂപം. ഉത്ക്കണ്ഠയ്ക്കറുതി വരച്ച മുഖത്ത് ആശ്വാസത്തിൻ്റെ നേർത്ത പുഞ്ചിരി. മേഘജാലങ്ങൾക്കിടയിൽ നിന്നും ഭൂമിയിലേയ്ക്ക് പറന്നിറങ്ങിയ ഈ മാലാഖയുടെ ചിറകുകൾ നഷ്ടപ്പെട്ടിരിക്കുന്നുവോ….!

സപ്തവർണ്ണങ്ങൾ വാരി നിറച്ച ആകാശച്ചെരുവിൽ നിന്നും ഭൂതലത്തിലെ കനത്ത ഉഷ്ണത്തിലേയ്ക്ക് ഇവളെന്തിനാണ് ഉയിർക്കൊണ്ടത്….. ? കരുണാർദ്രമായ കണ്ണുകളിലൊളിപ്പിച്ച പ്രതീക്ഷയുടെ ജലരേഖകൾ അന്ധകാരനിബിഡമായ എൻ്റെ മനസ്സിനെ തൊട്ടുതലോടുന്നുണ്ടോ…. ?

”മമ്മാ ഇതാണ് ടോം അങ്കിൾ .”

ഞാൻ സ്വപ്നാടനത്തിൽ നിന്നുമുണർന്നു

“ഹലോ ടോം.. താക്സ് എലോട്ട് . ഞാൻ ട്രീസ…. ട്രീസ ഫെർണാണ്ടസ്. വീനസ്സിൻ്റെ മമ്മ. ടോമിനെ എനിക്കറിയാം. എങ്ങനെ പോകുന്നു ബിസിനസ്?”

ആമുഖങ്ങളില്ലാത്ത  സ്വരത്തിൽ ശക്തിയും സൗന്ദര്യവും നിശ്ചയധാർഷ്ട്യവുമുണ്ട്. എൻ്റെ ക്ലാരയെപ്പോലെ….!

“എന്തു പറ്റി ടോമിന്… ഞാനെങ്ങനെ അറിയും എന്നാവും അല്ലേ.? ടോമിനെപ്പറ്റി എനിക്കെല്ലാമറിയാം”
ബൈക്ക് സ്റ്റാർട്ട് ചെയ്ത് പോർച്ച് കടക്കുമ്പോൾ കബാക്കാസ്ട്രീറ്റിൻ്റെ ഈ രാവ് സമ്മാനിച്ച ക്ലാരയുടെയും, അലീനയുടെയും പ്രതിരൂപങ്ങൾ എൻ്റെ ചേതനയെ ഭ്രാന്തമാക്കുകയായിരുന്നു.

ഒന്നാം യാമം

ഫർണിഷിംഗ്റൂമിലെ സീറോ ബൾബിൻ്റെ അരണ്ട വെളിച്ചത്തിൽ മേശപ്പുറത്ത് എൻ്റെ മൂന്നാമത്തെ പെഗ്ഗ് വിസ്ക്കി സോഡയോടൊപ്പം ചെറു കുമിളകൾ തീർക്കുന്നു. തൊട്ടടുത്ത ഫ്ലാറ്റിലെ രണ്ടാം നിലയിലെ ഏതോ മുറിയിലിരുന്ന് ഉസ്താത് ഗുലാം അലി പാടുന്നുന്നുണ്ട്. എൻ്റെ കമ്പനിയുടെ അകത്തു നിന്നും ലോക്കുചെയ്ത ഷീൽഡ് ഡോറിനു മുന്നിൽ തല തിരിഞ്ഞു കത്തുന്ന നെയിംബോർഡ് എനിക്കു മുന്നിലെ കണ്ണാടി നേർപടം വരച്ചിരിക്കുന്നു.

ബാരോൺ ട്രേഡേഴ്സ്….!

കരവിരുതിൽ കവിത നെയ്ത് കടൽ വരെ കടന്ന ബാരോൺ  ട്രേഡേഴ്സ്,  ഇന്ന് ഇൻ്റീരിയിർ ഫ്രേയ്മിനു പുറത്താണ്. കടബാധ്യത മനസ്സിനെ അശാന്തമാക്കുമ്പോൾ ബിസിനസ്സ് വിജയം കൊയ്ത പതിനാറു വർഷങ്ങങ്ങളുടെ ഓർമ്മകളെയകറ്റാൻ ഞാനിപ്പോൾ വിസ്കിയുടെ നനുത്ത ലഹരിയിലേയ്ക്ക് ചേക്കേറുന്നു. പക്ഷേ അവിടെ അരുതെന്നു കൈവിലക്കാൻ ഇന്ന് ക്ലാരയില്ല. അവളുടെ പുഞ്ചിരിയോ സ്നേഹസ്പർശമോ ഇല്ല.

പതിനാറു വർഷം എൻ്റെ സ്വപ്നങ്ങളിൽ വർണ്ണക്കൊലുസുകൾ തുന്നിച്ചേർത്ത്, എൻ്റെ പ്രയാണങ്ങളിലൂർജ്ജം പകർന്ന്, എൻ്റെ വാനിൻ്റെ വൈപുല്യങ്ങളിൽ ഒപ്പം പറന്ന്, അവസാനം എനിക്ക് മറക്കാനാവാത്ത ഓർമ്മകളുടെ കരിഞ്ഞ ചീളുകൾ സമ്മാനിച്ച് എൻ്റെ മകൾക്കൊപ്പം ക്ലാരയും എന്നോടു യാത്ര പറഞ്ഞു. മനസ്സ് നിറഞ്ഞൊഴുകുന്നു .

എൻ്റെ കൺതടം നിറയ്ക്കാൻ ഗുലാം അലീ…. താങ്കളെത്തിനാണ് പാടുന്നത്?

പക്ഷേ ഞാൻ താങ്കളെ ഇഷ്ടപ്പെടുന്നു. കാരണം, എന്നിലേയ്ക്ക് നിറയുന്ന ഈ രണ്ടു ലഹരികൾക്കുമിടയിൽ എനിക്ക് ക്ലാരയെയും അലീനയെയും കാണാനാവുന്നു. അത് സുഖദമായൊരു വേദനയാണ്. ഗസൽ ക്ലാരയാവുന്നു. അവൾ എൻ്റെ കണ്ണുകളെ ആർദ്രമായി തലോടുകയാണ്.

        അന്ധാ.. സപ്നേ. ദേഖ് താ ഹെ
        ആയി നേ… മേ ഹോ…….

അടഞ്ഞ കണ്ണുകളിലൂടെ അബോധത്തിലേയ്ക്ക് വഴുതി, കനൽ താണ്ടി നക്ഷത്രരാവിനും, ചാന്ദ്ര ശോഭയ്ക്കുമരികെ ഞാനിപ്പോൾ നിലകൊള്ളുന്നു. അരികിൽ ക്ലാരയുണ്ട്. ക്ലാര മാത്രം.

“ടോം…. എന്തായിത് സ്വപ്നം കാണുകയാണോ?” ഞാൻ കൺ തുറന്നു. വിശ്വസിക്കാനായില്ല. എനിക്ക് മുൻപിൽ ക്രീം കളറുള്ള നൈറ്റ് ഗൗൺ അണിഞ്ഞ മെഴുകു പ്രതിമ ഒരിക്കൽക്കൂടി …..

ട്രീസ…..!

ഞാൻ ചാടിയെഴുന്നേറ്റു. മദ്യത്തിൻ്റെയും നേരിയ മയക്കത്തിൻ്റെയും ആലസ്യത്തിൽ ഒന്നു പതറിയ എൻ്റെ ശരീരത്തെ നിയന്ത്രിക്കാൻ ഒരു കൈ മേശമേൽ താങ്ങി വിറയാർന്ന ശബ്ദത്തിൽ ഞാൻ ചോദിച്ചു.

“നിങ്ങൾ….. നിങ്ങൾ വീനസിൻ്റെ മമ്മയല്ലേ…? ട്രീസ…. ട്രീസ ഫെർണാണ്ടസ്… അല്ല എങ്ങനെ ഇവിടെയെത്തി നിങ്ങൾ? ഞാൻ ഫ്രണ്ട് ഡോർ ലോക്കുചെയ്തിരുന്നുവല്ലോ.                                  

ശരിയാണ് ഞാൻ ലോക്കുചെയ്തിരുന്നു…. “
ട്രീസ ചിരിക്കുന്നു.

“എന്തായിത് ടോം… ലോക്ക് ചെയ്തെന്നോ എങ്കിൽപ്പിന്നെ ഞാനെങ്ങനെ അകത്തു കയറി.? ആട്ടെ എത്ര പെഗ്ഗ് കഴിച്ചു.? ഇന്നും ക്ലാരയും അലീനയും ബാധ്യതകളും ആയിരുന്നു അല്ലേ.?”

ട്രീസ പറഞ്ഞത് ഞാൻ ശ്രദ്ധിക്കുകയുണ്ടായില്ല. അതിനേക്കാളുപരി ഈ അസമയത്ത് എനിക്ക് മുമ്പിൽ അവൾ എന്തിനെത്തപ്പെട്ടു എന്നതായിരുന്നു എൻ്റെ മനസ്സിൽ.

“ടോം പേടിക്കേണ്ട. ഇപ്പോൾ എന്തായാലും ഞാൻ ടോമിനെ ഉപദ്രവിക്കാൻ വന്നതല്ല. ഇതിലേ വന്നപ്പോൾ അകത്ത് ലൈറ്റ് കണ്ടു. അപ്പോൾ കയറണമെന്നു തോന്നി. “

ട്രീസ പറയുന്നത് സത്യമല്ലെന്ന് എനിക്കു ബോധ്യമായി. ഫർണിഷിംഗ് റൂമിലെ ഈ ചെറിയ വെളിച്ചം ഒരിക്കലും പുറത്തേയ്ക്ക് കാണാനാവില്ല. ട്രീസ എന്നെക്കാണാൻ വേണ്ടി മാത്രമാണിവിടെ എത്തിച്ചേർന്നിരിക്കുന്നത്. പക്ഷേ എന്തിന്?

“ഓ.കെ. ശരിയാണ്. ഞാനൊരു നുണ പറഞ്ഞു…. സമ്മതിച്ചു…. “

“ട്രീസ.. പ്ലീസ് സ്റ്റോപ്പ് …”

എൻ്റെ മനോഗതങ്ങൾക്ക് മറുപടി പറയുന്ന ട്രീസയ്ക്കു മുൻപിൽ ഞാൻ അലറുകയായിരുന്നു.

ഫ്ളാറ്റിലെ മുറിയിൽ ഗസൽ ഗാനം നിലച്ചു. നിശബ്ദതയിൽ ട്രീസയുടെ തേങ്ങൽ കേട്ടു.

“സോറി ട്രീസാ…സോറി…..ഇരിക്കൂ.”

തൊട്ടടുത്ത സെറ്റിയിൽ എനിക്കഭിമുഖമായി ട്രീസ ഇരുന്നു. മുഖം തുടച്ച് എനിക്കൊരു ചെറു ചിരി പകർന്നശേഷം മേശപ്പുറത്തെ നിറഞ്ഞ വിസ്ക്കി ഗ്ലാസിലേയ്ക്ക് ചൂണ്ടി അവൾ ചോദിച്ചു.

“ടോം… കാൻ ഐ ഡ്രിങ്ക് റ്റ്?

ഞാൻ ആംഗ്യ ഭാഷയിൽ തലയാട്ടി.

ഒറ്റ ശ്വാസത്തിൽ ഗ്ലാസ് കാലിയാക്കി ഭാവഭേദമില്ലാതെ ചിറി തുടച്ച ട്രീസയെ ഞാൻ അത്ഭുതത്തോടെ നോക്കി.

ട്രീസചോദിച്ചു. “ടോമിനു പേടിയുണ്ടോ?”

കാലം എൻ്റെ മനസ്സിൽ പകർന്ന മുറിവുകളെ തലോടി ഞാൻ പറഞ്ഞു “എന്തിന്… ഇപ്പോൾ എനിക്ക് മുൻപിൽ ക്ലാരയില്ല, അലീനയില്ല. ഗസലിൻ്റെ നേർത്ത സംഗീതമില്ല. തരളിതമല്ല ഇപ്പോൾ എൻ്റെ മനസ്സ്. ജീവിതത്തിൻ്റെ യുദ്ധക്കളത്തിൽ തോറ്റു പിന്തിരിഞ്ഞവനാണു ഞാൻ. എൻ്റെ ഭാര്യയെയും മകളെയും ക്രൂരമായി കൊല ചെയ്തവരെ നിയമത്തിൻ്റെ മുൻപിൽ എത്തിക്കാൻ കഴിയാതെ തോറ്റു പോയവൻ. ഇനി ഞാനാരെ പേടിക്കണം.?”

കുറച്ചു നിമിഷങ്ങൾ ഇരുവരും മൗനം പൂണ്ടു. വിൻഡോ കർട്ടനിടയിലൂടെ അകത്തേയ്ക്ക് ചേക്കേറിയ കുളിർക്കാറ്റ് ട്രീസയുടെ മുടിയിഴകളെ തൊട്ടുഴിഞ്ഞു. കടുത്ത മഞ്ഞിനെ കരിമ്പടമണിയിച്ച് രാവ് പുതിയ യാമത്തിൻ്റെ സ്വപ്നം കൊരുക്കുന്നു. മനസ്സിൻ്റെ ഡിസംബർ നഷ്ടങ്ങളുടെ കണക്കുപട്ടിക തിരയുകയാണോ? നിശബ്ദതകളെ ട്രീസ വാക്കുകൾ കൊണ്ടു മുറിച്ചു.

“ടോം. തെളിവുകൾ തുന്നിപ്പിടിപ്പിച്ച് ഒരു സത്യത്തെ അസത്യമാക്കാനും, കുറ്റവാളിയെ സംരക്ഷിക്കാനും നമ്മുടെ നിയമ വ്യവസ്ഥകൾക്കായേക്കും. അതു കൊണ്ടു തന്നെ പറയട്ടെ…. പരാജിതനായവനല്ല നിങ്ങൾ. സത്യത്തിനുമേലുള്ള ആധിപത്യങ്ങളെല്ലാം താത്ക്കാലികമാണ്. ഭയപ്പെടുത്തുന്നവ പലതും ഇനിയും  ടോമിനെ കാത്തിരിക്കുന്നു.

ട്രീസ പതുക്കെ എഴുന്നേറ്റു. എനിക്ക് പുറം തിരിഞ്ഞ് വിൻഡോ കർട്ടൻ നീക്കി. പുറത്തേയ്ക്ക് നോക്കി നിന്നുകൊണ്ട് ഉറച്ച ശബ്ദത്തിൽ അവൾ ചോദിച്ചു.

“ടോം …. നിങ്ങൾക്ക് മറക്കാനാവുമോ ബാവാ സക്കറിയയെ….?

ഞാൻ നിർവ്വികാരനായിരുന്നു. ട്രീസ എൻ്റെ വ്രണങ്ങളെ വീണ്ടും കീറി മുറിക്കുകയാണോ?

“ബാവാ സക്കറിയ…. അയാളുടെ ഇംഗിതത്തിനു വഴങ്ങാത്ത നിങ്ങളുടെ ഭാര്യയെയും, തടയാൻ ശ്രമിച്ച പതിനഞ്ചു വയസ്സുള്ള നിങ്ങളുടെ മകളെയും ക്രൂരമായി കൊല ചെയ്തവൻ… ടോം… അയാൾ പിന്നിട്ട അതേ വഴികൾ ഇപ്പോൾ നിങ്ങൾക്കു മുമ്പിൽ തുറന്നു കിടക്കുന്നു. നിങ്ങൾക്ക് പ്രതിഷേധിക്കാൻ… പ്രതികാരം ചെയ്യാൻ….!

ടോം ….  നിങ്ങൾ അലീനയെപ്പോലെ സ്നേഹിക്കുന്ന വീനസിൻ്റെ പപ്പയാണയാൾ. അതെ.. ഞാൻ ബാവാ സക്കറിയയുടെ ഭാര്യയാണ്. പേരിനൊപ്പം ഭർത്താവിൻ്റെ നാമം കടം കൊള്ളാനിഷ്ടപ്പെടാത്ത ട്രീസ ഫെർണാണ്ടസ് .”

ആർത്തമായ ഒരു ഇടി മുഴങ്ങിയിരുന്നു. ബാരോൺട്രേഡേഴ്സ് നിലംപൊത്തുകയാണോ? പക്ഷേ ഞാൻ മുഖമുയർത്തുകയുണ്ടായില്ല. എൻ്റെ കവിൾത്തടങ്ങൾ കനത്ത പേമാരിയാൽ നനഞ്ഞിരുന്നു. എൻ്റെ മുമ്പിൽ കുനിഞ്ഞിരുന്ന ട്രീസ കരയുകയാണ്.

“ടോം  എനിക്ക് നിങ്ങളെ മനസ്സിലാക്കാനാവുന്നില്ലല്ലോ …. !”

ഞാൻ മുഖമുയർത്തിയില്ല.

“ട്രീസ പൊയ്ക്കൊള്ളൂ….. വീനസ്… ഒറ്റയ്ക്കായിരിക്കില്ലേ അവൾ… “

ട്രീസ അലറിയകലുന്നു, “അതെ.. എൻ്റെ മകൾ.. അവൾ ഒറ്റയ്ക്കാണ്.

രാവിനെ നയിക്കാൻ വിസ്ക്കി ബോട്ടിലിൽ പാതിയോളം രമസമുകുളങ്ങൾ കാത്തിരിക്കുന്നു . പുതിയ യാമത്തെ ഗ്രഹിക്കുവാൻ രാവ് മഞ്ഞിൻ്റെ മടിത്തട്ടിലേയ്ക്ക് വീണ്ടും  മയങ്ങി വീണു.

രണ്ടാം യാമം

ഇത് ഡിസംബറിൻ്റെ അവസാന രാവ്.
പുതിയ വത്സരത്തിൻ്റെ ആരവങ്ങൾ അകലെയെവിടെയോ ഉയരുന്നുണ്ട്. ബാരോൺട്രേഡേഴ്സിൻ്റെ ഫ്രണ്ട് ഷട്ടർ താണു. കട്ടപിടിച്ച മഞ്ഞിനൊപ്പം നടകൊണ്ട അദൃശ്യരൂപിയായ കാറ്റ് മന്ത്രിച്ചു. അകത്ത് ക്ലാരയുടെയും അലീനയുടെയും ഓർമ്മകൾക്കൊപ്പം ടോമുണ്ടാവും അതെ, നഷ്ടപ്പെടാത്ത ജീവൻ്റെ ചേതനയാണ് ഓർമ്മകൾ.

ഷട്ടർ ലോക്ക് ചെയ്ത് ഫർണീഷിംഗ് റൂമിലേയ്ക്ക് കടക്കുമ്പോൾ ക്ലാര ചോദിക്കുന്നുണ്ട്.

“ടോം ഇന്നും വീട്ടിലേയ്ക്കില്ലല്ലേ..?”

അവളുടെ പരിഭവത്തിലേയ്ക്ക് ചെറുചിരിയുഴിഞ്ഞ് ഞാൻ മന്ത്രിക്കുന്നു. “ക്ലാരാ… പ്ലീസ്.. ഈ രാവു കൂടി….. നിനക്കോർമ്മയില്ലേ….. മറഞ്ഞു പോവുന്ന ഡിസംബറിനെ നോക്കി, പോയ കാലത്തിൻ്റെ മഞ്ഞു ബാഷ്പങ്ങളെ ചുംബിച്ച് നാമുറങ്ങാതെ കാത്തിരുന്നത്. അപ്പോഴൊക്കെ പ്രകൃതിയിൽ കവിത കോർക്കുന്ന നിൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നു. പുനരാവർത്തനങ്ങളുടെ ഈ രാവ് കൂടി നിൻ്റെ ഓർമ്മകൾക്കുള്ളതാണ്‌. സ്ഫടിക പാത്രത്തിലേയ്ക്ക് ഞാൻ പകരുന്ന ഈ ലഹരിക്ക്, ഇന്ന് മറ്റൊരർത്ഥം കൂടിയുണ്ട്. മസ്ജിത് സ്ക്വയറിലെ പതിനേഴു വില്ലകളിലേയ്ക്കുള്ള ഇൻ്റീരിയർ പ്രോപ്പർട്ടിയുടെ ഓർഡർ നമ്മുടെ കമ്പനിക്കാണ്. എട്ടു വർക്കേഴ്സും ഒരു സൂപ്പർവൈസറും അടുത്തയാഴ്ച ബാരോണിൽ ജോയിൻ ചെയ്യുന്നു. അത് എനിക്കൊരു ചെറു സാന്ത്വനമാണ്. “

“പക്ഷേ അതിനേക്കാൾ വലിയ സാന്ത്വനവും, ഒരു ശാശ്വതമായ ആനന്ദവും നിങ്ങളെ കാത്തിരിക്കുന്നു ടോം.. ‘

ഞാൻ ഞെട്ടിത്തിരിഞ്ഞു.

ട്രീസ…..!

മൂന്നു ദിവസം മുൻപ് കണ്ട അതേ വേഷത്തിൽ അതേ പുഞ്ചിരിയിൽ ഇവിടെ വീണ്ടും എനിക്കു മുന്നിൽ. എന്നിൽ അവിശ്വസനീയത നിറയുന്നു.

“ട്രീസാ… നിങ്ങളെങ്ങനെ….?”

”എങ്ങനെ അകത്തു കടന്നു എന്ന് അല്ലേ.?” ട്രീസ ചിരിക്കുന്നു

“ടോം ശ്രദ്ധിച്ചിരിക്കയില്ല. എത്രയോ നേരമായി ഞാനിവിടെയാണ്. വീണ്ടും ചോദിക്കട്ടെ… ടോമിന് പേടി തോന്നുന്നുണ്ടോ? “

“ഇല്ല.പക്ഷേ പ്രതീക്ഷിക്കാത്തതും വിശ്വസിക്കാനാവാത്തതും സംഭവിക്കുമ്പോൾ …..”

“ശരിയാണ്… എങ്കിൽ ഞാൻ പറയട്ടെ. കഴിഞ്ഞ മുന്നു ദിവസങ്ങളായി ഞാനിവിടെത്തന്നെയുണ്ട്. “

“നോ… നെവർ… ഭ്രാന്തു പറയാതിരിക്കൂ ട്രീസാ…. “

അഭൗമമായ ഒരു പ്രകാശവലയത്തിൽ ജ്വലിച്ചു നിൽക്കുന്ന ട്രീസയെ ഞാൻ നോക്കി. ചിരി മാഞ്ഞ കണ്ണുകളിൽ നിറയുന്ന തീക്ഷ്ണത എന്നെ അലോസരപ്പെടുത്തി. ഒഴുകിയെന്നോണം ജന്നാലയ്ക്കരികിൽ നിന്നു കൊണ്ട് മണ്ണിലേയ്ക്കരിച്ചിറങ്ങുന്ന മഞ്ഞുകണങ്ങളെ നോക്കി ട്രീസ ചോദിച്ചു.

“ടോമിനോട് ഞാനൊരു കഥ പറയട്ടെ?” എൻ്റെ അനുവാദത്തിനു കാക്കാതെ ട്രീസ പറഞ്ഞു തുടങ്ങി.

“സ്വന്തം കുഞ്ഞിൻ്റെ വിശപ്പടക്കാൻ മോഷണം നടത്തേണ്ടി വന്ന ഒരു നാടോടിയെ ക്രൂരന്മാരായ കുറെ സദാചാര വാദികൾ ചേർന്ന് ആക്രമിക്കാനൊരുങ്ങി. ഭീകരമായ മർദ്ദനങ്ങളെയും അതിനു ശേഷം ഭരണകൂടം വിധിക്കുന്ന കടുത്ത ശിക്ഷയെയും ഭയന്ന് അയാൾ ഓടിയൊളിക്കാൻതുടങ്ങി. അവസാനം, തന്നെ അനുഗമിക്കുന്നവരിൽ നിന്നും രക്ഷപ്പെടാൻ അയാൾ കടലിൽ ചാടി ആത്മഹത്യ ചെയ്തു. ക്രൂരന്മാരും, വിഡ്ഢികളുമായ സദാചാര വർഗ്ഗത്തേയും ഭരണകൂടത്തേയും തൻ്റെ ആത്മഹത്യയിലൂടെ അയാൾ പരിഹസിക്കുകയാണു ചെയ്തത്. ഇപ്പോൾ എൻ്റെ നാടിൻ്റെ കാലഹരണപ്പെട്ട നിയമ വ്യവസ്ഥകളെ നോക്കി ഞാനും പരിഹാസം കൊള്ളുന്നു”.

എൻ്റെ കൈകാലുകൾ വിറച്ചു.

“ട്രീസാ….നോക്കൂ…. എനിക്കറിയാം…നിങ്ങൾ നുണ പറയുന്നു.

“ഒരിക്കലുമല്ല ടോം. സത്യമാണ്-കബാക്കായിലെ സിറിയൻ ചർച്ചിൻ്റെ കല്ലറയിൽ നിന്നും മണ്ണിലേയ്ക്ക് അളിഞ്ഞമരും മുൻപ് എൻ്റെ ആത്മാവ് ഈ ശരീരത്തെ വീണ്ടെടുത്തത്‌ നിങ്ങൾക്കു വേണ്ടിയാണ്. അല്ല… എൻ്റെ മകൾ വീനസ്സിനു വേണ്ടിയാണ്.”

പുറത്തെ മഞ്ഞുകണങ്ങൾ ഒരു ചിതൽപ്പുറ്റുപോലെ എന്നെ പൊതിയുകയാണെന്നു തോന്നി. ഞാൻ വിറയ്ക്കുന്നുണ്ട്

“ടോം പേടിക്കണ്ട. ആത്മാവു നഷ്ടപ്പെട്ടവർ നിഷ്ക്രിയരാണ്. അല്ലെങ്കിൽ ബാവാ സക്കറിയയുടെ ശിക്ഷ നടപ്പാക്കാൻ ഞാൻ ടോമിനെത്തേടി എത്തുകയില്ലായിരുന്നു.. ടോം.. ബുദ്ധി കൊണ്ടും, ശക്തി കൊണ്ടും അധികാരികളടക്കമുള്ളവരുടെ പിൻബലം കൊണ്ടും പ്രബലമാണ് ബാവാ സക്കറിയുടെ ലോകം. എനിക്കോ നിങ്ങൾക്കോ അയാളെ ജയിക്കാനാവില്ല.

ഒരു ചെറുചിരിയോടെ തിരിഞ്ഞ് എന്നെ നോക്കി ട്രീസ വീണ്ടും പറഞ്ഞു ”ടോം… ഇനി ഞാനൊരു മരണാനന്തര സത്യം പറയട്ടെ ?”

ഞാൻ നിശബ്ദനായിരുന്നു.

”കുറ്റകൃത്യങ്ങളാൽ കുബേരരായ പാപികൾക്കായി ദൈവം പതിച്ചു കൊടുത്തതാണീ ഭൂമി. നഷ്ടപ്പെട്ട നമ്മുടെ സ്നേഹഭാജനങ്ങൾ ദൈവസന്നിധിയിലുണ്ട്. കരുണയും, നന്മയും, പ്രതീക്ഷയുമായി അവർ നമ്മെ കാത്തിരിക്കുന്നു .”

ട്രീസയുടെ അണമുറിയാത്ത വാക്കുകൾ എന്നെ അവളിലേയ്ക്ക് അടുപ്പിക്കുന്നു. ചില സത്യങ്ങളെ പുറന്തള്ളാനാവുന്നതല്ല. മറ്റുള്ളവരുടെ വിശ്വാസ്യതയിലേയ്ക്ക് പകുത്തു നൽകാനാവാത്തതാണത്.
ഇപ്പോൾ ഞാൻ പരിഭ്രമിക്കുന്നില്ല. വിസ്കിയുടെ ബോട്ടിൽ തുറന്ന് രണ്ടു ഗ്ലാസ്സിലേയ്ക്കാണ് ഞാനത് പകർന്നത്. ആദ്യത്തെ പെഗ്ഗിൽ സോഡ നിറയുമ്പോൾ ട്രീസ പറഞ്ഞിരുന്നു.

“എനിക്ക് വേണ്ട. ടോം കഴിച്ചോളൂ കുറച്ചു കൂടി എനിക്കു സംസാരിക്കണം. ടോമിൻ്റെ സഹായം തേടിയാണ് ഞാനിവിടെ വീണ്ടുമെത്തിയത്. എനിക്കു വേണ്ടി…. അലീനയെപ്പോലെ ടോം ഇഷ്ടപ്പെടുന്ന എൻ്റെ മകൾ വീനസിനു വേണ്ടി ടോമിനു മാത്രം ചെയ്യാനാവുന്ന ഒരു പുണ്യകർമ്മം…. താങ്കൾക്ക് ഈ വിസ്കി പകർന്നു തരുന്ന ഒരു ലഹരിയുണ്ടതിന്ന്.”

ട്രീസ എന്തായിരിക്കും പറഞ്ഞു വരുന്നത്.

“ടോമിനറിയുമോ.. വീനസിന് പതിനേഴു തികയുന്നു. അവളുടെ പപ്പ ഒരു വിധത്തിലും മരണത്തിലേയ്ക്ക് അവളെ തള്ളിവിടില്ല. കാരണം അയാൾക്കവളെ ആവശ്യമുണ്ട്. ഉള്ളിൽ മൃഗീയത നിറച്ച ക്രൂരനാണയാൾ… എൻ്റെ മകൾ. എനിക്കവളെ വേണം. കഴിയുമോ ടോമിന്…… എനിക്ക് വേണ്ടി അവളെ കൊല്ലാൻ ടോമിനു കഴിയുമോ.? നീചമായ ഈ ലോകത്തു നിന്നും എൻ്റെ മടിത്തട്ടിലേയ്ക്ക് അവളെ എനിക്ക് വിട്ടുതരുമോ?”
ഒരു ഞെട്ടലിൽ എൻ്റെ കയ്യിലിരുന്ന വിസ്കി ഗ്ലാസ്സ് താഴെ വീണു ചിതറി. അതിൻ്റെ ചീളുകൾ എൻ്റെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി.

“ട്രീസ എന്താണീപ്പറയുന്നത്… ജീവിതത്തിൽ ഒരിക്കൽപ്പോലും ഒരാളെയും വേദനിപ്പിക്കാത്ത എനിക്കെങ്ങനെ എൻ്റെ അലീനയെപ്പോലുള്ള ആ കുഞ്ഞിനെ കൊല്ലാനാവും? സാധ്യമല്ല ട്രീസ.. . ട്രീസ പൊയ്ക്കോളൂ.”

എന്നിലേയ്ക്കടുത്ത ട്രീസയുടെ കണ്ണുകൾ ജ്വലിച്ചു. ഉഗ്രമായ അതിൻ്റെ കനലിൽ എൻ്റെ ഉടൽ വേവുകയാണ്.

“ട്രീസ…. നോ…..”

“എങ്കിൽ …യു ഷുഡ് ഡു….. അവസാന യാമം വരെ ഭൂമിയിൽ അവളുറങ്ങട്ടെ. ശേഷം ഒരു സ്വപ്നാടനം പോലെ അവൾ ടോമിൻ്റെ അരികിലെത്തും. എന്നിട്ട് ഈ മഞ്ഞു പോലെ ആർദ്രമായ നിങ്ങളുടെ സ്നേഹ ബാഷ്പങ്ങൾ പകർന്ന് രാക്കിളികളുടെ വിലാപങ്ങളറിയിക്കാതെ വേദനകളിലൊരു സുഖദമായി പതുക്കെ ഒരു തൂവൽപ്പുതപ്പിലാക്കി എൻ്റെ മടിത്തട്ടിലേയ്ക്ക് കിടത്തണം. സ്വർഗീയമായ ഒരാനന്ദത്തിലേയ്ക്ക് ഞങ്ങളെ നയിക്കാൻ അവസാന യാമത്തിൽ ടോമുണ്ടാവും. എനിക്കുറപ്പാണ്.”

ട്രീസ അപ്രത്യക്ഷയായിരിക്കുന്നു. ഫർണിച്ചറുകൾക്കിടയിലും, വിസിറ്റിംഗ് റൂമിലും, വർക്ക് ഷോപ്പിലും,  ബാത്ത്റൂമിലും ഞാനവളെ തിരഞ്ഞു, കാണാനായില്ല. ട്രീസയ്ക്കായി പകർന്ന ഡ്രിങ്കിലേയ്ക്ക് ഞാൻ ഭീതിദമായി നോക്കി. എവിടെ നിന്നോ ഇലഞ്ഞിപ്പൂക്കളുടെ തീവ്രഗന്ധമുയരുന്നു. ഫർണിഷിംഗ് റൂമിലെ സീറോ ബൾബ് പെട്ടെന്ന് ഇരുളിലേയ്ക്കലിഞ്ഞു ചേർന്നു.

മൂന്നാം യാമം

വീനസിൻ്റെ കണ്ണുകൾ തോർന്നിട്ടില്ല.
എൻ്റെ കമ്പനിയിലെ വർക്ക്ഷോപ്പിനുള്ളിൽ കൊത്തുപണികളാൽ  മോടിപിടിപ്പിച്ച ഡൈനിംഗ് ടേബിളിനോട് ചേർന്ന കസേരകളിലൊന്നിൽ, എൻ്റെ ഇടതു ചുമലിൽ ചാരി എത്രയോ നേരമായി അവളിരിക്കുന്നു. കരവിരുതിൻ്റെ മായികത തീർത്ത് കടൽ കടന്നു പോയ ഒരുപാട് ചാരുനിർമ്മിതികൾക്ക് സാക്ഷ്യം നിന്ന ഈ വർക്ക്ഷോപ്പ് മുറിയിൽ മൂന്നാം യാമത്തിൻ്റെ തിരശ്ശീല താഴുവാൻ ഞാൻ കാത്തിരിക്കുന്നു. എൻ്റെ മനസ്സിലിപ്പോൾ ക്ലാരയും അലീനയും മാത്രം.

സുരക്ഷിതത്വത്തിൻ്റെ കരം ഗ്രഹിച്ച് ഈ ചുമലിൽ പാതിമയക്കം കൊള്ളുന്നത് എൻ്റെ അലീന തന്നെയാണ്. കാലത്തിനു കൊത്തിപ്പറിക്കാൻ കൊടുക്കാതെ ഒരു ശാശ്വത നിദ്രയിലേയ്ക്ക് എനിക്കിവളെ യാത്രയാക്കേണ്ടിയിരിക്കുന്നു .

“വീനസ്… എന്തായിത്… സമയമാവുന്നു. എഴുന്നേൽക്കുന്നില്ലേ നീ…..?”

പാതി മയക്കത്തിൽ അസ്പഷ്ടമായി അവൾ പുലമ്പുന്നു.

“എന്നെ പറഞ്ഞു വിടല്ലേ അങ്കിൾ… ഞാനിവിടെ നിന്നുകൊള്ളാം. എനിക്കുപേടിയാണ്.”

“ഓ.കെ.സമ്മതിച്ചു. നീ പോവണ്ട. അത്താഴത്തിന്  കരുതിവച്ച അങ്കിളിൻ്റെ ടിഫിൻ കാത്തിരുന്നു മടുത്തു കാണും നമുക്ക് രണ്ടു പേർക്കും ചേർന്നത് കഴിക്കണം. വീനസ്…. അതിനു മുമ്പ് നീ അങ്കിളിൻ്റെ ഈ കൊട്ടാരത്തിനുൾവശം നോക്കിക്കാണണം. പുരാവസ്തു മുതൽ ജർമ്മൻ ആർക്കിടെക്റ്റുകളുടെ വരെ കയ്യൊപ്പുപതിഞ്ഞ ശില്പചാരുതകളുണ്ടതിൽ. ചരിത്ര നിർമ്മിതിക്കായി കൺ കഴുകി അതിൽ ഉദകം തളിക്കണം. ശേഷം, കാടാറുകൾ കടന്ന് നഗരരാവുകളുടെ സംഗീതം കേട്ട് മാലാഖമാരുടെ മടിത്തട്ടിലേറി ആകാശച്ചെരുവിലൂടെ ഒരു നിതാന്ത നിദ്രയിലേയ്ക്ക് നാം പറന്നിറങ്ങും. മേഘജാലങ്ങൾ പരവതാനി വിരിച്ചു കാത്തിരിക്കുന്ന വാനപടത്തിൽ ഒരു നീല നക്ഷത്രമായി നമുക്ക് ചിരി നിറയ്ക്കണം. എഴുന്നേൽക്കൂ വീനസ്….”

വീനസ് അലസതയോടെ എഴുന്നേറ്റു.

വാഷ് റൂമിൽ നിന്നും കയ്യും മുഖവും കഴുകി വന്ന അവൾക്കു വേണ്ടി ഞാൻ സീരിയൽ ബൾബുകൾ സ്വിച്ച് ഓൺ ചെയ്തു. കൊട്ടാരസദൃശ്യമായ ബാരോൺട്രേഡേഴ്സിനുള്ളിലെ ഫർണീച്ചറുകളിൽ വിരിഞ്ഞു നിൽക്കുന്ന ശില്പചാരുതയെ നോക്കിക്കാണുകയാണ് അവളിപ്പോൾ.

ഡൈനിംഗ് ടേബിളിനു മുകളിലെ കൽഭിത്തിയിൽ ക്രിസ്തു ശിഷ്യഗണത്തോടൊപ്പം അവസാന അത്താഴത്തിനൊരുങ്ങുന്നു.

അതിനടുത്ത ഷോക്കേയ്സിലെ രഹസ്യ അറയിൽ നിന്നും തവിട്ടു നിറത്തിലുളള ചെറിയ ബോട്ടിൽ ഞാൻ കൈയെത്തിയെടുത്തു.

എൻ്റെ കണ്ണുകൾ ഇപ്പോൾനിറഞ്ഞു തുളുമ്പുന്നുണ്ട്.

ബിസിനസ്, പരാജയത്തിൻ്റെ പടുകുഴിയിലേയ്ക്കമർന്ന ആദ്യനാളുകളിൽ ആത്മഹത്യയെക്കുറിച്ച് ഉറക്കമിളച്ചു ചിന്തിച്ചു ശേഖരിച്ച ഒരു നിത്യ മയക്കത്തിലേയ്ക്കുള്ള അമൃതമാണിത്. ടിഫിൻ ബോക്സിലേയ്ക്ക് അതു പകർന്ന്, കൽഭിത്തിയിലെ തിരുവത്താഴത്തിൽ മനസ്സർപ്പിച്ച് കണ്ണിൽ കുരിശു മെനയുമ്പോൾ, അനന്തതയിലിരുന്ന് പുതിയ പ്രവാചകൻ മന്ത്രിക്കുന്നു.

“ഇത് എൻ്റെ ശരീരവും രക്തവുമാണ്… കൊടിയ സിംഹാസനത്തിലേയ്ക്കുള്ള നിൻ്റെ പ്രയാണമുറപ്പിക്കാൻ നീയിതു ഭക്ഷിക്കുക… “

അരികിലിരിക്കുന്ന വീനസ്സിന് അന്നം പകുക്കുമ്പോൾ ഞാനൊന്നു വിതുമ്പിയിരുന്നു. പിന്നീട് അവളെ ചേർത്തിരുത്തി നെറുകയിൽ എൻ്റെ ഹൃദയമർപ്പിച്ചു.

”അലീനാ …..”  അവൾ വിളി കേൾക്കുന്നു. അവൾക്കറിയാം, എന്നിൽ അലീന ആയാണവൾ ജീവിക്കുന്നതെന്ന്.

നിറയുന്ന എൻ്റെ കണ്ണുകൾ ചിതറിയ ഒരു നിഴൽച്ചിത്രമായി മുന്നിൽ ചിരി വിതറി നിൽക്കുന്ന ട്രീസയെ കാണുന്നുണ്ട്. വീനസ്സിനെ വാരിപ്പുണരാൻ അവൾ ഇരു കൈകളും നീട്ടി നിൽക്കുന്നു.

“വീനസ്സ്… ഒട്ടും ബാക്കി വയ്ക്കാതെ നമുക്കിത് കഴിക്കണം. കാരണം, ഇത് അനേകർക്കു വേണ്ടി പാപമോചനത്തിനായി ചീന്തപ്പെടുന്നതും, ഉടമ്പടിയുടേതുമായ നമ്മുടെ രക്തമാണ്. “

ഇപ്പോൾ മേഘപ്പരപ്പുകൾ മറനീക്കുന്നത് എന്നിലേയ്ക്ക് രണ്ടു നക്ഷത്രങ്ങളെ ജ്വലിപ്പിക്കുവാനാണ്. നഖക്ഷതങ്ങളേറ്റുവിതുമ്പി, നിത്യരാവിലേയ്ക്ക് വഴുതി വീഴുന്ന ഭൂമിയെ കാണാൻ ഇനി അഞ്ചു താരകങ്ങൾകൂടിയുണ്ട്.

എറണാകുളം ജില്ലയിലെ വെളിയനാട് സ്വദേശി. സ്വന്തമായി ബിസിനസ് ചെയ്യുന്നു. നവ മാധ്യമങ്ങളിൽ സജീവം.