മൂന്നാമദ്ധ്യായം

ഉണ്ണീ…. ന്ന്ള്ള ഒരു വിളി കാതിൽ മുഴങ്ങാൻ തുടങ്ങീട്ട് കുറച്ചു ദിവസമായി. മനസ്സിന്‌ ഒരു വിഷമം പോലെ, പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒരു പ്രയാസം.

അയാൾ കണ്ണുകൾ അടച്ച് മനസ്സിനെ ഏകാഗ്രമാക്കാൻ ശ്രമിച്ചു. പിന്നെ പതുക്കെ കണ്ണുതുറന്നു കൈ നീട്ടി റിമോട്ടിലെ ബട്ടണിൽ വിരലമർത്തി. നേർത്ത ശബ്ദത്തോടെ കർട്ടൺ വഴുതി മാറി. പുറത്ത് തിരക്ക് പിടിച്ച വിശാലമായ ലോകം. കെട്ടിടങ്ങളും ആളുകളും വാഹനങ്ങളും എല്ലാം കൂടി ഇഴുകിച്ചേർന്ന് പ്രത്യേക താളത്തിൽ ട്യൂൺ ചെയ്തതു പോലുള്ള ഒരു ദൃശ്യം. ജീവനില്ലാത്തതും ഉള്ളതും തമ്മിലുള്ള അവ്യക്തമായ ഒരാത്മബന്ധം ഈ കാഴ്ചയെ കൂടുതൽ മോടി പിടിപ്പിക്കുന്നതായി അയാൾക്ക് തോന്നി.

വിശേഷണങ്ങൾ ഏറെയുള്ള ഒരു വ്യക്തിത്വമാണ് കഥാനായകന്റേത്. എ സെൽഫ് മേഡ് മാൻ എന്നൊക്കെ വേണമെങ്കിൽ പറയാം. നഗരത്തിലെ ഏറ്റവും പ്രശസ്തമായ മാർക്കറ്റിംഗ് കമ്പനിയുടെ സ്ഥാപകൻ, ഉടമ. നഗരത്തിനകത്തും പുറത്തുമായി ഒന്നിലധികം സ്ഥാപനങ്ങൾ. അൽപമെങ്കിലും കുഴപ്പം പറയാനുണ്ടെങ്കിൽ അത് പേരിൽ മാത്രമാണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ദാമോദരൻ എന്നുള്ളത് ഒരു പഴഞ്ചൻ പേരു തന്നെയാണ്. പേരു മാറ്റിയാലോ എന്നു പോലും പലവട്ടം ആലോചിച്ചതാണ്.

“മിസ്റ്റർ ദാമോദരൻ, യുവർ സക്സസ്സ് ലൈസ് ഇൻ യുവർ നെയിം, നെവർ ചേഞ്ച് ഇറ്റ്”.

പണ്ടേതോ മീറ്റിംഗിനിടയിൽ കണ്ട സെലിബ്രിറ്റി സ്വാമി പറഞ്ഞതാണ്. തന്റെ എല്ലാ വിജയത്തിന്റെയും കാരണം ഈ പഴഞ്ചൻ പേരാണത്രെ. ആ ഒരു കാരണം കൊണ്ടുമാത്രം പേരു മാറ്റാതെ, കൈയ്യൊപ്പ് വലിയ ഒരു ‘ഡി’ യിലൊതുക്കി അയാൾ സമാധാനിച്ചു. ബിസിനസ്സ് സുഹൃത്തുക്കൾക്കിടയിൽ അറിയപ്പെടുന്നത് മിസ്റ്റർ ‘ഡി’ എന്നാണെങ്കിലും നമുക്കിയാളെ ‘ദാമൂ’ ന്നും ദാമോദരൻ എന്നൊക്കെ സൗകര്യപൂർവ്വം മാറ്റി മാറ്റി വിളിക്കാം.

നഗരത്തിലെ എറ്റവും പ്രധാനപ്പെട്ട സ്ഥലത്തു തന്നെ ഓഫീസ് സ്ഥാപിക്കുമ്പോൾ ദാമോദരന് ചില നിർബന്ധങ്ങളുണ്ടായിരുന്നു. തിരക്കും വെളിച്ചവും കൊണ്ട് എപ്പോഴും ജീവൻ തുടിച്ചു നിൽക്കുന്ന ഓഫീസും പരിസരവും, ആധുനിക രീതിയിലുള്ള ഡിസൈൻ അങ്ങനെ മറ്റു പലതും. കുറച്ചു കൂടി ചിലവു കുറച്ച് നഗരത്തിനു പുറത്തുള്ള ഒരോഫീസായിരിക്കും നല്ലത് എന്ന് പലരും ഉപദേശിച്ചതാണ്. പക്ഷെ ചില കാര്യങ്ങളിൽ അയാൾ അങ്ങനെയാണ്. മനസ്സു പറഞ്ഞത് മാത്രമെ ചെയ്യൂ, അവിടെ കണക്കുകൂട്ടലുകളില്ല, മാനേജ്മെന്റെ പാഠങ്ങളില്ല, തന്റെ തോന്നലുകൾ മാത്രം.

ഡയറി തുറന്ന് അടുത്ത ആഴ്ചക്കുള്ള പ്രോഗ്രാമിലൂടെ കണ്ണോടിക്കുകയായിരുന്നു മിസ്റ്റർ ഡി. പെട്ടെന്നാണ് ഡോർ തുറന്ന് ശ്യം അകത്തേക്കു കയറി വന്നത്. ശ്യാം അയാളുടെ ബിസിനസ്സ് ഡവലപ്മെന്റ് മാനേജരാണ്. ബിസിനസ്സ് തുടങ്ങിയ കാലത്ത് കൂടെ കൂട്ടിയതാണ് ശ്യാമിനെ, ഇപ്പൊ സ്വന്തം അനുജനെപ്പോലെ. തന്റെ പേരു പോലെ ശ്യാമും തന്റെ ഉയർച്ചക്ക് കാരണമാണെന്ന് അയാൾ ഉറച്ചു വിശ്വസിക്കുന്നു. പടിപടിയായി ബിസിനസ്സ് വളർന്നു, ദാമോദരനും, കൂടെ ശ്യാമും, ശ്യാമിനോടുള്ള വിശ്വാസവും.

രണ്ടു മൂന്ന് ഒഫീഷ്യൽ മീറ്റിംഗ് ചാർട്ട് ചെയ്ത്, ഡയറിയിൽ രേഖപ്പെടുത്തി ശ്യാം മടങ്ങി. സമയം ഒരു മണി. രണ്ടരക്ക് ശ്യാം വീണ്ടും വരും പുതിയ ക്ലയന്റുമായി. അവസാനത്തെ ആണിയടി ഇപ്പഴും തന്റെ കൈയ്യിൽ തന്നെ. അതിനു മുമ്പ് ഒരു സാൻഡ്വിച്ച്, പിന്നെ ഒരു പത്തു മിനുട്ട് മയക്കം. ഉച്ചക്ക് ഭക്ഷണം കഴിഞ്ഞുള്ള ഈ മയക്കം ഒരു ശീലമായിരിക്കുന്നു. അതു തരുന്ന ഉൻമേഷം ഒന്നു വേറെ തന്നെ.

ലഞ്ച് പെട്ടെന്ന് കഴിച്ചെന്നു വരുത്തി, പതുക്കെ കണ്ണുകളടച്ചു.

ഉണ്ണീ… ന്ന്ള്ള വിളി വീണ്ടും മുഴങ്ങിയോ..! ശബ്ദത്തിനു പിറകിൽ നിന്നും അവ്യക്തമായ ഒരു രൂപം പതുക്കെ തല പൊക്കുന്നതുപോലെ.. ഉണ്ണീ.. അയാൾ ഞെട്ടിയുണർന്നു…. മൈ ഗോഡ്, ശ്വാസം മുട്ടുന്നതു പോലെ… ആകെ വിയർത്തിരിക്കുന്നു. ഇന്റെർ കോം റിംഗ് ചെയ്യുന്ന്ണ്ട്. സെക്രട്ടറി മേരിയാണ്.

“സർ, മിസ്റ്റർ ശ്യാം ഈസ് ഹിയർ വിത്ത് സം ഗസ്റ്റ്സ്”. ദെ ഹാവ് ആൻ അപ്പോയിന്റ്മെന്റ് വിത്ത് യു”. ശ്യാം അങ്ങനെയാണ്, എല്ലാം വെൽ പ്ലാന്ഡ്. ക്ലയന്റ് കൂടെയുള്ളപ്പോൾ ഔപചാരികതയുടെ ആൾരൂപം….

“പ്ലീസ് സെർവ് ദെം ടീ / കോഫി ആന്റ് ഗൈഡ് ദെം ഇൻ ആഫ്റ്റർ ടെൻ മിനുട്സ്.” പെട്ടെന്ന് മുഖം കഴുകി മിസ്റ്റർ ഡി റെഡിയായി.

മീറ്റിംഗ് പെട്ടെന്ന് കഴിഞ്ഞു. എന്തോ പ്രത്യേകിച്ച് ഒരുത്സാഹവും ഇല്ലാത്തതു പോലെ. അതിഥികൾക്ക് കൈ കൊടുത്തു പിരിയുമ്പോൾ, പതിവു പോലെയുള്ള വിജയാഹ്ളാദമോ അഭിമാനമോ തോന്നിയില്ല. മനസ്സ് ശൂന്യമായതുപോലെ, എന്തോ ഒരു മരവിപ്പ്. എന്നാൽ അത് മുഖത്ത് കാണിക്കാതിരിക്കാൻ മിസ്റ്റർ ഡി പ്രത്യേകം ശ്രദ്ധിച്ചു.

കസ്റ്റമേർസിനെ യാത്ര അയക്കാൻ പോയ ശ്യാം പതിവിന് വിപരീതമായി വാതിൽ തള്ളിത്തുറന്ന് അകത്തു കയറി വന്നു.

“ഏട്ടാ, എന്തെങ്കിലും കുഴപ്പം?” ശ്യാം അങ്ങനെയാണ്, പെട്ടെന്നാണ് മാനേജറിൽ നിന്നും അനിയനായി മാറുക.

“ഇല്ല ശ്യാം, ചെറിയ ഒരു തലവേദന” അയാൾ പറഞ്ഞൊഴിയാൻ ശ്രമിച്ചു.

“എട്ടാ ഞാൻ വൈകീട്ട് വീട്ടിലേക്ക് വരാം, ചേച്ചിയേയും കുട്ടികളേയും കണ്ടിട്ട് കുറേ ദിവസമായി”. ശ്യാമിൽ നിന്നും ഒളിപ്പിക്കാൻ ബുദ്ധിമുട്ടാണ്. കാര്യങ്ങൾ എങ്ങനെ ഡീൽ ചെയ്യണമെന്ന് ആരും പറഞ്ഞു കൊടുക്കേണ്ട. പിന്നെ അയാളൊന്നും പറയാൻ പോയില്ല.

പതിവിന് വിപരീതമായി അന്ന് ക്ലബ്ബിലേക്ക് പോയില്ല. നേരെ വീട്ടിലേക്ക് വെച്ചു പിടിച്ചു. ഗേറ്റ് തുറന്നതും മിലോ ദേഹത്തോട്ട് ചാടിക്കയറി. നായ്ക്കൾക്കാണ് ഇപ്പോൾ വീട്ടുകാരേക്കാൾ സ്നേഹം, അവന്റെ തലയിലും കഴുത്തിലും തടവി അയാൾ അകത്തേക്കു കയറി. പൂമുഖ വാതിൽക്കൽ സ്നേഹം വിടർത്തുന്ന പൂന്തിങ്കളാണ് മിലോ എന്ന് പാടാനാണയാൾക്ക് പെട്ടെന്ന് തോന്നിയത്. പതിവു പോലെ പിള്ളേർ രണ്ടും ഫോണിൽ മുഖം പൂഴ്ത്തിയിരിക്കുന്നു. ഒറിജിനൽ പൂന്തിങ്കൾ ഏതോ ഓൺ ലൈൻ മീറ്റിംഗിൽ ബിസിയാണെന്ന് തോന്നുന്നു.

കുളി കഴിഞ്ഞ് ഫ്രെഷായി കൈയ്യിൽ ഒരു ഗ്ലാസും പിടിപ്പിച്ച് ലോണിലിരുന്നപ്പോഴേക്കും ശ്യാമെത്തി. പിള്ളേര് രണ്ടും ഉഷാറായി, ശ്യാമിന്റെ കൈയ്യിൽ തൂങ്ങി. അപ്പോഴേക്കും ശ്രീമതിയുമെത്തി. ശ്യാമങ്ങനെയാണ്, ആർക്കും ഇഷ്ടപ്പെടുന്ന ഒരു വിരുന്നുകാരൻ, ഔപചാരികതകളില്ല… വീട്ടിലെ ഒരംഗത്തെപ്പോലെ.

“ശ്യാം, ഒരു പെഗ്ഗെടുക്കട്ടെ…., വീക്കെൻഡല്ലേ?”

“ഓ അതിനെന്താ ഏട്ടാ രണ്ടെണ്ണം ആയിക്കോട്ടെ.” ശ്യാം റെഡിയായി.

അയാൾ ഗ്ലാസ്സുകളിലേക്ക് ബ്ലാക്ക് ലേബൽ പകർന്നു. അല്പം വെള്ളം ഒഴിച്ച് രണ്ട് ഐസ് ക്യൂബുകൾ കൂടി ഇട്ടപ്പോഴേക്കും ഡ്രിങ്ക് റെഡിയായി. അപ്പോഴാണ് ഓർത്തത് കുറച്ച് നാളായി ശ്യാമിന്റെ കൂടെ ഇങ്ങനെയൊന്ന് കൂടിയിട്ട്.

ഗ്ലാസ്സിലെ ഐസ് ക്യൂബുകൾ അലിഞ്ഞു തുടങ്ങി. കൂടെ ആർക്കുമറിയാത്ത അയാളുടെ ഭൂത കാലത്തിന്റെ കെട്ടുകളും പതുക്കെ അഴിയുകയായിരുന്നു. കെട്ടഴിയുന്നതും നോക്കി ശ്യാമും. കാതിൽ മുഴങ്ങുന്ന ശബ്ദവും, ശബ്ദത്തിനു പുറകിലുള്ള രൂപവും ഇപ്പോൾ വളരെ വ്യക്തം. മനസ്സിൽ പേടിയില്ല, വിഷമമില്ല,

വെറും ഓർമകൾ മാത്രം. അതെ, ഓർമകൾ ഉണരുകയാണ്…..

കുന്നിൻ ചെരിവിലുള്ള ഒരു ചെറിയ ഗ്രാമം. ഗ്രാമത്തിന് നടുവിലൂടെ ടാറിടാത്ത റോഡ്. നിരപ്പലകകളിട്ട ഒരു അനാദി കട, കുറച്ചു മാറി ഗോപാലേട്ടന്റെ ചായപ്പീടിക, തൊഴിലില്ലാ പണ്ടാരങ്ങൾക്ക് ഇരിക്കാൻ പാകത്തിൽ ഒരു കലുങ്ക്, വല്ലപ്പോഴും വന്നു പോകുന്ന കാളവണ്ടികൾ, അല്പം കൃഷിയിടവും കാടും, പിന്നെ കുന്നിന്റെ മുകളിലായി ഒരമ്പലവും മുകളിലേക്ക് കയറാൻ വളഞ്ഞു പുളഞ്ഞ ദുഷ്കരമായ ഒരു വഴിയും.

സൂര്യനസ്തമിച്ചാൽ ഗ്രാമം പേടിപ്പെടുത്തുന്ന ഇരുട്ടിന് വഴി മാറുകയായി. ഇടുങ്ങിയ ഇടവഴികളും, ആളൊഴിഞ്ഞ കവലകളും ഇരുട്ടിനെ കൂടുതൽ കറുപ്പിക്കുന്നതു പോലെ. പ്രേതങ്ങൾക്കും യക്ഷികൾക്കും അന്ധവിശ്വാസങ്ങൾക്കും വളരാൻ പറ്റിയ വളക്കൂറുള്ള മണ്ണ്.

“ഉണ്ണീ….” ഓ മുത്തശ്ശി വീണ്ടും വിളി തുടങ്ങി.

“വിളക്ക് കത്തിക്കുണ്ണീ… സന്ധ്യയായില്ലേ. മുത്തശ്ശിക്ക് കൊറച്ച് മുറുക്കാൻ വാങ്ങിക്കൊണ്ട്ത്തരണം”

പരിചയമുള്ളവരെല്ലാം ദാമൂന്നാ വിളിക്കുന്നതെങ്കിലും മുത്തശ്ശി ഉണ്ണീന്നേ വിളിക്കൂ.

ഗ്രാമത്തിന്റെ ഒരു കോണിൽ ഓല മേഞ്ഞ പഴയ വീട്. വീട്ടിൽ മുത്തശ്ശിയും ദാമുവും പിന്നെ മടുപ്പിക്കുന്ന ഏകാന്തതയും. അച്ഛനെയും അമ്മയെയും കണ്ടതായി അവനോർമ്മയില്ല.

“മുത്തശ്ശി ഇന്നൊരു ദിവസം മുറുക്കാൻ തിന്നണ്ട, നാള രാവില പോവാ..”

പീടികേൽ പോകാൻ ദാമൂന് പേടിയാണ്, പ്രത്യേകിച്ചും രാത്രി ആയാൽ. പേടിപ്പെടുത്തുന്ന ഇരുട്ടാണ്. വഴീലൊക്കെ പ്രേതങ്ങൾ ഒളിച്ചിരിക്കുന്ന പോലെ.

“മുത്തശ്ശീന്റെ കുട്ട്യല്ലെ, ഓടിപ്പോയി വാങ്ങിറ്റ് വാ.”

“എനിക്ക് പേട്യാ മുത്തശ്ശി…”

“മോൻ ആങ്കുഞ്ഞിയല്ലേ, ആൺകുട്ട്യോള് ഇങ്ങനെ പേടിക്കാൻ പാടുണ്ടോ?. പേടി വന്നാ ഉണ്ണി കുന്നിന്റെ മേലെ നോക്കി പ്രാർത്ഥിച്ചോ. ദേവി മോന കാത്ത് രക്ഷിക്കും. ഒരാപത്തും വരുത്തൂല”.

ഇനി രക്ഷയില്ല പോവ്വെന്നെ, ദാമു റെഡിയായി. കണ്ണും തുറന്ന് പിടിച്ച്, ദേവീന്നും വിളിച്ച് ഒറ്റ ഓട്ടം. ഭാഗ്യം പ്രേതങ്ങളൊന്നും പിടിക്കാൻ വന്നില്ല, അത്ര സ്പീഡിലായിരുന്നു ഓട്ടം.. ദേവി കാത്തു. പിന്നീട് എത്രയോ ഓട്ടങ്ങളിൽ മല മുകളിലെ ദേവി ദാമുവിന് കൂട്ടുനിന്നു.

“മുത്തശ്ശീ നമ്മക്കൊരു ദൂസം മലേന്റെ മേലക്കേറണം.” കുഞ്ഞു ദാമുവിന്റെ മനസ്സിൽ ഒരു കൊച്ചു മോഹം തുടങ്ങുകയായിരുന്നു.

“മുത്തശ്ശിക്കാവ്വോ ഉണ്ണി വലിഞ്ഞ് കയറാൻ. ന്റെ കുട്ടി പേടിക്കണ്ട, ഒരു ദിവസം മുത്തശ്ശിയെന്നെ ഉണ്ണിക്ക് വഴി കാണിക്കും.”

അങ്ങനെ കുഞ്ഞു ദാമുവിന്റെ കുഞ്ഞു മോഹം അവിടെ അവസാനിച്ചു.

വിരസമായ ജീവിതം, കളിക്കാൻ കൂട്ടുകാരില്ല, രാത്രിയായാൽ എന്നും പേടിപ്പിക്കുന്ന ഇരുട്ട്. അവൻ വെറുത്തു തുടങ്ങുകയായിരുന്നു ആ ഏകാന്തതയെ, ആ ഗ്രാമത്തെയും. ദാമുവിന്റെ വിരസമായ ജീവിതത്തെ ഒന്നു കൂടി വിഷമത്തിലാക്കിക്കൊണ്ട് മുത്തശ്ശി കിടപ്പിലായി. ആ കിടപ്പ് അധികം നീണ്ടില്ല, മൂന്നാം ദിവസം മുത്തശ്ശി കണ്ണടച്ചു. കൊച്ചു ദാമുവിന്റെ ജീവിതത്തിലെ ഒരദ്ധ്യായം അവിടെ അവസാനിക്കുകയായിരുന്നു.

അയാൾ സൈഡ് ഗ്ലാസ്സിലൂടെ പുറത്തേക്ക് നോക്കി. ഇനി ഒരരമണിക്കൂർ കൂടി കഴിഞ്ഞാൽ ടൗണിലെത്തും എന്ന് തോന്നുന്നു. ഇരുപത് കിലോമീറ്റർ എന്നെഴുതിയ മൈൽക്കുറ്റി കണ്ടിട്ട് അഞ്ച് മിനുട്ട് ആയതേ ഉള്ളൂ. ഡ്രൈവർ മിടുക്കനാണ്, തീരെ കുലുക്കം അറിയിക്കാതെയുള്ള ഡ്രൈവിംഗ്‌. റോഡും നല്ലതായിരിക്കണം.

കഥ മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ ശ്യാം തന്നെയാണ് സജസ്റ്റ് ചെയ്തത്, ഭൂതകാലത്തിലേക്കുള്ള ഈ യാത്ര. എല്ലാരും കൂടി ഒന്നിച്ചു വരാനായിരുന്നു പ്ലാൻ. എന്നാൽ തനിച്ചു മതി എന്നുള്ളത് അയാളുടെ മാത്രം തിരുമാനമായിരുന്നു. എപ്പോഴും ചില തിരുമാനങ്ങൾ അയാളുടേത് മാത്രമായിരുന്നു.

“സാറേ, ടൗണെത്തി, ഇവിടെ നല്ല ഊണ് കിട്ടും, കയിച്ചിറ്റ് പോയാലോ…” ഡ്രൈവറാണ്, അയാൾക്ക് നന്നായി വിശക്കുന്നുണ്ടെന്ന് തോന്നുന്നു. കാർ ഏതോ ഹോട്ടലിന്റെ മുന്നിൽ നിർത്തി. എന്തോ കഴിച്ചെന്നു വരുത്തി അയാൾ കാറിലേക്ക് മടങ്ങി. പിന്നെയും ഒരു പത്തു മിനുട്ടു കൂടി എടുത്തു ഡ്രൈവർ തിരിച്ചു വരാൻ. കാർ മുന്നോട്ട് നീങ്ങിത്തുടങ്ങി. ഭൂത കാലത്തിന്റെ വാതിലുകൾ തള്ളിത്തുറന്നുവന്ന ഓർമ്മകൾ വീണ്ടും അയാൾക്കു ചുറ്റും വട്ടമിട്ടു.

മുത്തശ്ശിയുടെ ചിതയെരിയുമ്പോൾ തുടങ്ങിയ ഓട്ടമാണ്. യാത്രയിൽ ഒരു പാട് പേരെ കണ്ടുമുട്ടി. സഹായിച്ചവരായിരുന്നു കൂടുതലും. പല മുഖങ്ങൾ മനസ്സിലൂടെ കടന്നുപോയി. ബസ്സു യാത്രയിൽ ടിക്കറ്റില്ലാതിരുന്നിട്ടും തള്ളിപ്പുറത്താക്കാതിരുന്ന കണ്ടക്ടർ മുതൽ അനാഥാലയത്തിലേക്ക് വഴി കാട്ടിയ മനുഷ്യനും, അറിവിന്റെ അക്ഷരങ്ങൾ നുകരാൻ സഹായിച്ച അജ്ഞാതനായ സ്പോൺസറും, ഗുരുക്കൻമാരും മറ്റനവധി പേരും ഒരു നിമിഷം മനസ്സിലൂടെ മിന്നിമറഞ്ഞു.

തന്റെ ഇന്നത്തെ ജീവിതത്തിന് ഒരു പാട് പേരോട് കടപ്പെട്ടിരിക്കുന്നതായി ദാമുവിന് തോന്നി. താനാർക്കെങ്കിലും അറിഞ്ഞു കൊണ്ട് ഒരു സഹായമായിട്ടുണ്ടോ, ഒരു നിമിഷം അയാൾ ചിന്തിച്ചു. ഒരുപാടു പേർക്ക് ജോലി കൊടുത്തിട്ടുണ്ട്, പക്ഷെ അതെല്ലാം തന്റെ ലാഭത്തിന് വേണ്ടി മാത്രമായിരുന്നു. കഴിവില്ലാത്തവരെ നിഷ്കരണം പറഞ്ഞുവിട്ടിട്ടുമുണ്ട്. താനെന്തെല്ലാമോ ആണെന്നുള്ള മൗഡ്യം അലിഞ്ഞില്ലാതാകുന്നതു പോലെ. പ്രതിസന്ധികൾ ഒരു പാടുണ്ടായിട്ടുണ്ട് ജീവിതത്തിൽ, എന്നാൽ ഒന്നും തന്റെ വഴി മുടക്കിയിട്ടില്ല. പണ്ട് ഇരുട്ടിൽ കൂട്ടിരുന്ന ദൈവം അദൃശ്യനായി എന്നും തന്റെ കൂടെ ഉണ്ടായിരുന്നിരിക്കണം. ചിന്തകൾ എപ്പൊഴോ അയാൾ പോലുമറിയാതെ നിദ്രക്ക് വഴിമാറി.

ഡ്രൈവർ ആരോടോ സംസാരിക്കുന്നത് കേട്ടാണ് അയാൾ ഉറക്കത്തിൽ നിന്നുണർന്നത്. വഴി ചോദിക്കുകയാണെന്ന് തോന്നുന്നു. കണ്ണു തുറന്ന് പുറത്തേക്ക് നോക്കി, പിന്നെ പതുക്കെ ഡ്രൈവറുടെ ചുമലിൽ തട്ടി, ഇതു തന്നെ സ്ഥലം. ഗ്രാമത്തിന് വലിയ മാറ്റമൊന്നുമില്ല. വൈദ്യുതി എത്തിയിട്ടുണ്ടെന്നു തോന്നുന്നു. റോഡ്, ടാർ ചെയ്തിട്ടുണ്ട്. റോഡിനിരുവശത്തും വഴി വിളക്കുകൾ കാണാം. കുറച്ചു കെട്ടിടങ്ങൾ പുതുതായി വന്നിട്ടുണ്ട് എന്ന തൊഴിച്ചാൽ ഏറെക്കുറെ പഴയതു പോലെത്തന്നെ.

ഇനി എന്തു വേണം, പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ല. എന്തിനാണിവിടെ വന്നതെന്നു പോലുമറിയില്ല. ഇതുവരെ എത്തിച്ച മുത്തശ്ശി തന്നെ വഴി കാണിക്കട്ടെ. ദാമു കാറിൽ നിന്നും പതുക്കെ ഇറങ്ങി നടന്നു. ആ നടത്തം നിന്നപ്പോൾ എത്തിപ്പെട്ട സ്ഥലം അയാളെ അത്ഭുതപ്പെടുത്തി. പണ്ടു തന്റെ വീടു നിന്ന സ്ഥലത്ത് ഇപ്പോൾ രണ്ടു മൂന്ന് ഓടിട്ട വീടുകൾ കാണാം. തന്റെ നേർക്കു നീണ്ടു വന്ന കണ്ണുകളെ അവഗണിച്ചു കൊണ്ട് ദാമു അതേ നിൽപു തുടർന്നു. ഇപ്പോൾ മുത്തശ്ശിയുടെ അജ്ഞാതമായ സാന്നിധ്യം ശരിക്കും അനുഭവിക്കാൻ പറ്റുന്നുണ്ട്. മുത്തശ്ശിക്കൊരിക്കലും ഈ സ്ഥലം വിട്ടു പോകാൻ പറ്റുമെന്ന് തോന്നില്ല. കാഴ്ചകളെ മറച്ചു കൊണ്ട് കണ്ണുകൾ ഈറനണിഞ്ഞപ്പോൾ അയാൾ തിരികെ നടന്നു.

ഇനിയെന്ത്? ചോദ്യത്തിനുത്തരമെന്ന പോലെ മലമുകളിൽ നിന്നും ദേവീസ്തുതി മൈക്കിലൂടെ ഒഴുകിയെത്തി. അതെ, പണ്ട് മനസ്സിൽ അടച്ചു വെച്ച ഒരു മോഹം ഇന്ന് സഫലമാക്കണം. ആരോ തള്ളി മല കയറ്റുന്നതു പോലെ. മേലെ എത്തിയപ്പോഴേക്കും ആകെ തളർന്നിരുന്നു. ജിമ്മിലെ ട്രെഡ്മില്ലിൽ ഓടുന്നതു പോലെയല്ല മല കയറ്റം, അയാൾ മനസ്സിലോർത്തു. മുകളിലുള്ള കൈവരിയിൽ പിടിച്ച് താഴേക്കു നോക്കി കുറച്ചു സമയം നിന്നു. അന്നാദ്യമായി പച്ചപ്പിൽ കുളിച്ചു നിൽക്കുന്ന ഗ്രാമത്തിന്റെ നിഷ്കളങ്കത അയാൾ ആസ്വദിക്കുകയായിരുന്നു.

ദിപാരാധനക്ക് നട അടച്ചിരിക്കുകയാണെന്ന് തോന്നുന്നു. ചെണ്ടയുടെ ശബ്ദം, കൂടെ ഇടവിട്ടിടവിട്ട് മണിയടിയും.. മനസ്സിൽ ഭക്തി നിറയുന്നതു പോലെ. എന്നാണ് താൻ അവസാനമായി അമ്പലത്തിൽ പോയത്, അയാൾ വെറുതെ മനസ്സിലാലോചിച്ച് ബുദ്ധിമുട്ടി. പിന്നെ നേരെ നടയിൽ ചെന്ന് കണ്ണുകളടച്ച് കൈകൂപ്പി. എത്ര സമയം നിന്നെന്നോർമ്മയില്ല.

“നട തുറന്നു”, ആരോ പുറത്ത് തട്ടി പറഞ്ഞു…

മുന്നിൽ ദീപപ്രഭയിൽ കളഭം ചാർത്തിയ ദേവിയുടെ മുഖം. നോക്കി നിൽക്കുമ്പോൾ തൂക്കുവിളക്കുകളുടേയും നിലവിളക്കുകളുടേയും നാളങ്ങൾക്ക് നീളം വെക്കുന്നതു പോലെ, ആ ദീപങ്ങൾക്കിടയിൽ ഒരു പാട് മുഖങ്ങൾ തെളിയുന്നു. മുത്തശ്ശിയുടെ മുഖം, പിന്നെ കുറച്ചു മുമ്പ് ഓർത്ത ഒട്ടനവധി മുഖങ്ങൾ, പിന്നെ എല്ലാ മുഖങ്ങളുമൊന്നായി വീണ്ടും മനോഹരമായ ദിവ്യ രൂപം.

“പ്രസാദം” പൂജാരിയുടെ ശബ്ദം അയാളെ ഉണർത്തി.

തിരിച്ച് മലയിറങ്ങുമ്പോൾ മനസ്സ് ശാന്തമായിരുന്നു. അയാളുടെ മനസ്സിൽ വ്യക്തമായ ചില പദ്ധതികൾ രൂപമെടുക്കുകയാണ്. ഇപ്പോൾ എല്ലാം വളരെ വ്യക്തം. ദാമോദരന്റെ ജീവിതം കൃത്യമായ ലക്ഷ്യങ്ങളോടെ ഒരു പുതിയ അദ്ധ്യായത്തിലേക്ക് കാലെടുത്ത് വെക്കുകയാണ്…….

മൂന്നാമദ്ധ്യായം.

കണ്ണൂർ കല്യാശ്ശേരി സ്വദേശി, എഞ്ചിനീയർ. കഴിഞ്ഞ പതിനേഴ് വർഷമായി ഒമാനിലെ മസ്കറ്റിൽ സീനിയർ മാനേജർ ആയി ജോലി ചെയ്യുന്നു. കഥകളിലും കവിതകളിലും താല്പര്യം.