മനുഷ്യരും കീടങ്ങളും

തണ്ടുതുരപ്പന്‍റെ ആക്രമണത്തില്‍ തളര്‍ന്ന വെണ്ടത്തൈകളുടെയും ഇലചുരുട്ടിപ്പുഴുവിന്‍റെ ശല്യത്താല്‍ വശംകെട്ട തക്കാളിച്ചെടികളുടെയും ചുവട്ടില്‍ ഞാന്‍ വളമിടുന്നതിനിടെ ജനലിലൂടെ ആ വണ്ണാത്തിപ്പുള്ള് അകത്തേക്ക് പറന്നുപോയി. അടുക്കളമേശയുടെ ഓരത്ത് ഉറപ്പിച്ചിരിക്കുന്ന ചിരവനാക്കില്‍ അവശേഷിക്കുന്ന തേങ്ങാപ്പീര കൊത്തിത്തിന്നുക അവന്‍റെ നിത്യവിനോദമാണ്‌. ഞാനും സുമയും അവനാ സ്വാതന്ത്ര്യം അനുവദിച്ചുകൊടുത്തിട്ടുള്ളതിനാല്‍ സിങ്കിനരികില്‍ പറ്റിപ്പിടിച്ചിരിക്കുന്ന വെള്ളം കൂടി കുടിച്ചേ അവന്‍ മടങ്ങിപ്പോകാറുള്ളൂ.

പണ്ട് ഓഫീസില്‍ വെറുതേയിരിക്കുന്ന നേരത്ത് യൂട്യൂബ് തുറന്ന് കാര്‍ഷിക പരിപാടികള്‍ കാണുക എന്‍റെ ശീലമായിരുന്നു. നല്ല കര്‍ഷകരുടെ കൃഷിരീതികള്‍ മനസ്സിലാക്കുകയും മണ്ണും പച്ചപ്പും കണ്ടാസ്വദിക്കുകയും ഒരു സുഖമാണല്ലോ; പ്രത്യേകിച്ചും പ്രവാസലോകത്തിരിക്കുമ്പോള്‍. ആ ആത്മവിശ്വാസത്തിലാണ് നാട്ടിലെത്തി ഞാന്‍ പച്ചക്കറികൃഷിയില്‍ വ്യാപൃതനായത്.

അറുപതാം വയസ്സില്‍ തിരികെയെത്തുന്ന ഒരു പ്രവാസിയുടെയും സര്‍ക്കാര്‍ ജോലിയില്‍ നിന്ന് റിട്ടയര്‍ ചെയ്യുന്ന ഒരു ഉദ്യോഗസ്ഥന്‍റെയും ശേഷജീവിതം തുലനം ചെയ്‌താല്‍ ഒന്നാമന്‍ ബാങ്ക് ബാലസ് കുറയുന്നതിന്‍റെ വേവലാതിയിലും രണ്ടാമന്‍ തലവേദന കഴിഞ്ഞെന്ന സന്തോഷത്തിലും ജീവിക്കുമെന്നാണ് എന്‍റെ നിഗമനം. ഉള്ളിലുള്ള വേവ് മറ്റുള്ളവര്‍ അറിയാതിരിക്കാനുള്ള ആദ്യ നടപടിയെന്നോണമാണ് ഞാനുള്‍പ്പടെയുള്ള പ്രവാസികള്‍ നാട്ടിലെത്തുന്നതിന്‍റെ പിറ്റേന്നുതന്നെ കൃഷിക്കാരാകുന്നത്.

പറഞ്ഞതുവെച്ച് ഞാനൊരു പാടം മുഴുവന്‍ പാട്ടത്തിനെടുത്തു കൃഷി ചെയ്യുകയാണെന്ന് നിങ്ങള്‍ തെറ്റിദ്ധരിക്കരൂത്. എന്‍റെ പത്തു സെന്‍റ് പുരയിടത്തിന്‍റെ പിന്‍വശത്തെ മതിലിനോട് ചേര്‍ന്നുള്ള അടുക്കളത്തോട്ടത്തില്‍ തക്കാളി, പച്ചമുളക്, വെണ്ട, വഴുതന, വെള്ളരി തുടങ്ങിയവ ഞാന്‍ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. ജൈവകൃഷിയേ ചെയ്യൂ എന്ന വാശിയില്‍ പടര്‍ത്തിവിട്ട പാവലും പയറും ഒരിലപോലും അവശേഷിപ്പിക്കാതെ പുഴു തിന്നുകളഞ്ഞു. യൂട്യൂബില്‍ നിദ്ദേശിച്ച വേപ്പില-പുകയില-സോപ്പുവെള്ള കഷായങ്ങള്‍ ഒട്ടുമേ ഏശിയില്ല. അതുകൊണ്ട്, ജൈവമെന്നു പറയുമെങ്കിലും രഹസ്യമായി രാസവളവും കീടനാശിനിയും ഞാനെന്‍റെ കൃഷിയിടത്തില്‍ പ്രയോഗിക്കാറുണ്ട്.

എല്ലുപൊടിയും ഉണക്കച്ചാണകവും വേപ്പിന്‍ പിണ്ണാക്കും പേര് പറയാനാകാത്ത ഒരു രാസനും ചേര്‍ത്തിളക്കിക്കൊണ്ടിരിക്കുമ്പോഴാണ് ‘ഫോണ്‍ അടിക്കുന്നു…’ എന്ന് സുമ വിളിച്ചു പറഞ്ഞത്. വേഗം കൈ കഴുകിത്തുടച്ച് അകത്തേക്ക് പാഞ്ഞു. എന്‍റെ പാച്ചിലു കണ്ടുപേടിച്ച വണ്ണാത്തിപ്പുള്ള് ജനലഴികള്‍ക്കിടെയിലൂടെ ജീവനുംകൊണ്ട് പാഞ്ഞുപോയി.

ഫോണ്‍ എടുത്തപ്പോള്‍ കോള്‍ കട്ടായി. എപ്പോള്‍ മൊബൈലടിച്ചാലും മാട്രിമോണിയില്‍ മോളുടെ വിവാഹപ്പരസ്യം കണ്ട ആരുടെയെങ്കിലും വിളിയാകും എന്ന പ്രതീക്ഷയിലാണ് എടുക്കാറ്. പരസ്യം കൊടുത്തിട്ട് നാളേറെയായെങ്കിലും കാര്യമായ ഗുണമുണ്ടായിട്ടില്ല.

അപരിചിതമായ ആ നമ്പരിലേക്ക് ഞാന്‍ തിരികെ വിളിച്ചു.

‘ഇത് രാജനാണ്. ഓര്‍മ്മയുണ്ടോ… ചിങ്ങം ഒന്നിന് എന്‍റെ വീടിന്‍റെ പാലുകാച്ചലാണ്. ഫാമിലിയേയും കൂട്ടി വരണം. ഡീറ്റെയില്‍സ് ഒക്കെ വാട്ട്സപ്പില്‍ അയച്ചിട്ടുണ്ട്. മറക്കേണ്ട.’

പെട്ടൊന്നൊരു മറുപടി പറയാന്‍ പറ്റാത്തവിധം ഞാന്‍ വല്ലാത്തൊരു ആശയക്കുഴപ്പത്തിലായിപ്പോയി. രാജന്‍… ഏത് രാജന്‍? വീണ്ടും വീണ്ടും ഞാന്‍ ആലോച്ചിച്ചു. പിന്നെ വേഗം, ആ വാട്ട്സപ്പ് നമ്പറിലെ ഫോട്ടോയിലെ മുഖം സൂം ചെയ്തു നോക്കി.

പത്തു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ രാജനും ഞാനും ഒന്നിച്ച് ഷാര്‍ജയില്‍ താമസിച്ചിട്ടുണ്ട്. ഷെയറിംഗ് റൂമില്‍ സഹവസിക്കാന്‍ വിധിയ്ക്കപ്പെട്ട ഞങ്ങള്‍ നാലുപേരില്‍ ഒരാളായിരുന്നു രാജന്‍. ബഷീര്‍ക്കയും ജോസഫുമായിരുന്നു മറ്റു രണ്ടുപേര്‍.

ജോസഫ് കോവിഡ് ബാധിച്ചാണ് മരിച്ചത്. പണ്ടേ ആസ്മ അയാളെ വലച്ചിരുന്നു. പക്ഷേ അവസാനമായൊന്നു കാണാന്‍ പോലും ആ മഹാമാരിയുടെ കാലത്ത് സാധിച്ചില്ല. ക്രിസ്ത്യാനികളുടെ ശവസംസ്കാര ചടങ്ങില്‍ പങ്കെടുമ്പോള്‍ ജീവിച്ചിരിക്കുന്നതിനെക്കാള്‍ മരിക്കുന്നതാണ് അന്തസ് എന്ന് തോന്നും. ആ ആദരവും ഉപചാരങ്ങളും ഒന്നും ഏറ്റുവാങ്ങാതെ യാത്രയായവരില്‍ ഒരാളായി ജോസഫും.

ജീവിതത്തിന്‍റെ വിവിധ ഘട്ടങ്ങളില്‍ കണ്ടുമുട്ടുന്ന മനുഷ്യരില്‍ വിരലിലെണ്ണാവുന്നവരേ മാത്രമേ ഓര്‍മ്മകളിലും വിളികളിലും നാം കൂടെക്കൂട്ടാറുള്ളൂ. മുപ്പത്തഞ്ചു വര്‍ഷത്തെ എന്‍റെ പ്രവാസകാലത്തെ സംബന്ധിച്ച് തുച്ഛമായ ദിവസങ്ങള്‍ മാത്രം ഒപ്പമുണ്ടായിരുന്ന വ്യക്തിയാണ്‌ രാജന്‍. പക്ഷേ, മറന്നുപോകാന്‍ പാടില്ലാത്ത ദിനങ്ങള്‍ സമ്മാനിച്ച മനുഷ്യനാണ്.

ഒരു ദിവസം രാജന്‍ അപ്രത്യക്ഷനായി. ബാത്ത്റൂം ഉപയോഗിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന ക്രമപ്രകാരം രാവിലെ അലാറം വെച്ച് എണീറ്റ്, ഏഴു മണിക്ക് മുന്‍പ് ജോലിക്ക് പോകുകയും രാത്രി എട്ടിനുള്ളില്‍ മടങ്ങിവരികയും വ്യാഴാഴ്ച രാത്രികള്‍ ആഘോഷിക്കുകയും വെള്ളിയാഴ്ചകള്‍ പള്ളിക്കും ഉറക്കത്തിനും സുഹൃത്ത് സംഗമങ്ങള്‍ക്കുമായി മാറ്റിവെയ്ക്കുകയും ചെയ്യുന്ന ശരാശരിക്കാരായിരുന്നു ഞങ്ങള്‍. എങ്കിലും കൂട്ടത്തില്‍ ഒരാള്‍ വരാന്‍ വൈകിയാല്‍ വിളിച്ച് അന്വേഷിക്കുമെന്ന കരുതല്‍ അന്യോന്യമുണ്ടായിരുന്നു.

രാജനെപ്പറ്റി യാതൊരു വിവരവുമില്ലാതെ വന്നപ്പോള്‍ മറ്റു നിര്‍വ്വാഹമില്ലാതെ അയാളുടെ കമ്പനിയിലും ഞങ്ങള്‍ അന്വേഷിച്ചു. അവിടെ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായിരുന്നു. സെയില്‍സ്മാനായിരുന്ന രാജന്‍റെ തിരോധാനം ഞങ്ങളെക്കാള്‍ അവര്‍ക്കായിരുന്നു കൂടുതല്‍ തലവേദന സൃഷ്ടിച്ചത്. സ്വീകരിച്ച ഓര്‍ഡറുകള്‍ കൃത്യമായി ഡെലിവറി ചെയ്യാത്തതും, ഇന്‍വോയിസുകള്‍ ക്ലിയര്‍ ചെയ്യാത്തതും ക്വട്ടേഷനുകള്‍ക്ക് മറുപടി നല്‍കാത്തതും ഉള്‍പടെ അയാള്‍ ഇടപെട്ടിരുന്ന ബിസിനസ്സ് മുഴുവന്‍ അലങ്കോലമായി. അയാള്‍ മൂലം കമ്പനിയുടെ സല്‍പേര് കളങ്കപ്പെട്ടു. രണ്ടാഴ്ച്ചക്ക് ശേഷം പോലീസ് സ്റ്റേഷനില്‍ നിന്നും ഞങ്ങള്‍ക്ക് വിളി വന്നു.

ഒറ്റപ്പെട്ട റോഡരികില്‍ എവിടെയോ കാറ് ഉപേക്ഷിച്ച്, മരുഭൂമിയുടെ വലിയ ഒറ്റപ്പെടലിലേക്ക് അയാള്‍ നടന്നു പോകുകയായിരുന്നു. അപ്രകാരമൊരു തോന്നല്‍ ഉരവംകൊണ്ട നിമിഷാര്‍ദ്ധത്തില്‍, മുന്‍പില്‍ കടലായിരുന്നെങ്കില്‍ അയാള്‍ തിരമാലകളെ വകഞ്ഞു മാറ്റിയും നടന്നേനെ! അങ്ങനെയായിരുന്നെങ്കില്‍ ഉപ്പുവെള്ളം കുടിച്ചാവും അയാള്‍ മരിക്കുക. പക്ഷേ മരുക്കാറ്റില്‍ വിയര്‍ത്ത്, തൊലിപ്പുറത്ത് ഉപ്പുണങ്ങി, ഉമിനീര് വറ്റി, ഒരൊറ്റയാന്‍ ഘാഫ് മരത്തിന്‍റെ ചുവട്ടില്‍ അയാള്‍ ബോധമറ്റ് കിടക്കുകയായിരുന്നു.

തിരികെ റൂമില്‍ കൊണ്ടുവന്നിട്ടും രാജനൊന്നും മിണ്ടിയില്ല. ഞങ്ങളാരും ചോദ്യങ്ങള്‍ ചോദിച്ച് അയാളെ ബുദ്ധിമുട്ടിച്ചില്ല. കമ്പനി കാറും ഫോണും തിരികെയെടുത്തതുകൊണ്ട് ശല്യമേതുമില്ലാതെ മുഴുവന്‍ സമയവും അയാള്‍ ഉറങ്ങി. ആഹാരം കഴിക്കാതെ നാള്‍ക്കുനാള്‍ ക്ഷീണിച്ചു വന്നു.

ഓരോ മനുഷ്യരെക്കുറിച്ചും ദൈവത്തിനൊരു പദ്ധതിയുണ്ടെന്ന് പറയാറുണ്ട്‌. പക്ഷേ മനുഷ്യര്‍ ഉള്ളില്‍ പേറുന്നതും ചിന്തിച്ചു കൂട്ടുന്നതും എന്താണെന്ന് ദൈവത്തിനോ ശാസ്ത്രത്തിനോ ഇതുവരെ കണ്ടെത്താനായിട്ടില്ല. അങ്ങനെയൊരു ദിവസം അയാള്‍ ഞങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിന്‍റെ രണ്ടാം നിലയില്‍ നിന്നും താഴേക്ക് ചാടി.

അതിനു മുന്‍പും അയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടോ എന്ന് എനിക്ക് സംശമുണ്ടായിരുന്നു. ഒരു ദിവസം ഉച്ചനേരത്ത് അപ്രതീക്ഷിതമായി ഞാന്‍ റൂമില്‍ എത്തിയപ്പോള്‍ കിടക്കയില്‍ രാജനെ കണ്ടില്ല. ബാത്ത്റൂമിന്‍റെ വാതില്‍ കുറ്റിയിട്ടിരുന്നു. എന്നാല്‍ ബാത്ത്റൂം ഉപയോഗിക്കുന്നത്തിന്‍റെ യാതൊരുവിധ ലക്ഷണവുമില്ല. ഞാന്‍ വാതിലില്‍ ശക്തിയായി മുട്ടി. അല്‍പനേരത്തിനു ശേഷം ഫ്ലഷ് അടിക്കുന്ന ശബ്ദം കേട്ടു. പുറത്തുവന്ന രാജന്‍ എനിക്ക് മുഖം തരാതെ നേരേ കിടക്കയിലേക്ക് ചാഞ്ഞു. ബാത്ത്‌റൂമിന്‍റെ മുകളിലത്തെ സീലിങ്ങില്‍ ഒരു ബോര്‍ഡ് ഇളക്കി മാറിയിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു. മുകളിലെ പൈപ്പ് ലൈനില്‍ കൈലിമുണ്ട് കെട്ടി തൂങ്ങിമരിക്കാനുള്ള ഉദ്ദേശമായിരുന്നിരിക്കണം. വെറുതേ സംശയം പറഞ്ഞു പുലിവാല് പിടിക്കേണ്ടന്നു കരുതി ഞാനതാരോടും മിണ്ടിയില്ല. എന്നാല്‍ അയാളെ അഡ്മിറ്റ് ചെയ്ത ആശുപത്രിയില്‍ വെച്ച് ഞാനെന്‍റെ സംശയം ബഷീറിക്കയോട് പറഞ്ഞു.

രാജന്‍റെ ഭാര്യ മാറ്റാരുടെയോ കൂടെ ഒളിച്ചോടിപ്പോയെന്നും മക്കള്‍ വൃദ്ധരായ മാതാപിതാക്കള്‍ക്കൊപ്പമാണെന്നും ഞാനറിയുന്നത് പിന്നീടാണ്. അരയ്ക്കുതാഴെ തളര്‍ന്ന ശരീരവുമായി ഏറെനാള്‍ ആശുപത്രിയില്‍ കഴിഞ്ഞ അയാള്‍ക്ക് നിരവധി ഓപ്പറേഷനുകള്‍ വേണ്ടിവരുമെന്നും നാട്ടിലേക്ക് കൊണ്ടുപോകുകയാണ് ഉചിതം എന്നും അഭിപ്രായങ്ങളുണ്ടായി. ഒടുവില്‍ ഞങ്ങള്‍ സമാഹരിച്ചതും അയാളുടെ കമ്പനിയില്‍ നിന്ന് കിട്ടിയതും ചേര്‍ത്ത് ടിക്കറ്റ് എടുത്ത് രാജനെ ഞങ്ങള്‍ നാട്ടിലേക്ക് കയറ്റി വിട്ടു.

അതിനുശേഷമിന്നോളം എന്‍റെ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പോലും ഞാന്‍ രാജനെക്കുറിച്ച് അന്വേഷിക്കുകയോ കേള്‍ക്കുകയോ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.

ചിങ്ങം ഒന്നിന് വാട്ട്സപ്പിലെ അഡ്രസ്സിന്‍റെ പിന്തുണയോടെ ഞാന്‍ രാജന്‍റെ വീട്ടിലെത്തി. അതിമനോഹരമായ ഒരു ഇരുനില വീട്. മുറ്റം കരിങ്കല്ലുപാകി പുല്ലുപിടിപ്പിച്ചിരിക്കുന്നു. പ്രവാസ ജീവിതത്തിന്‍റെ സ്മാരകമെന്നോണം പുല്‍ത്തകിടിയില്‍ രണ്ട് ഈന്തപ്പനകള്‍. അപരിചിതരായ ആളുകള്‍ക്കിടയിലൂടെ ഗിഫ്റ്റ് ബോക്സില്‍ ഒരു നോണ്‍സ്റ്റിക്ക് പാത്രവുമായി ഞാന്‍ അകത്തേക്ക് നടന്നു. വിശാലമായ ഹാളിന്‍റെ നടുവിലെ വലിയ തൂക്കുവിളക്കിന്‍റെ പ്രഭ തൂവെള്ളനിറമുള്ള ഫ്ലോറില്‍ പടര്‍ന്നൊഴുകിക്കിടക്കുന്നു.

ഷോപ്പിംഗ്‌ മാളുകളില്‍ കുട്ടികള്‍ ഓടിച്ചു കളിക്കുന്ന കാറിലെന്നപോലെ ഒരു ഇലക്ട്രിക് വീല്‍ചെയറില്‍ പാഞ്ഞു നടന്ന് രാജന്‍ അതിഥികളെ സ്വീകരിക്കുന്നു! പിങ്ക് നിറത്തിലെ ഷര്‍ട്ടും പിങ്ക് കരയുള്ള മുണ്ടും സ്വര്‍ണ നിറമുള്ള കണ്ണടയും ധരിച്ച സുമുഖന്‍. അയാള്‍ കൂടുതല്‍ വെളുത്തും തടിച്ചുമിരിക്കുന്നു.

കൊഴിഞ്ഞ മുടിയും ഡൈ ചെയ്യാത്ത മീശയുമുള്ള എന്നെ രാജന് മനസിലാകുമോ എന്ന സംശയം അസ്ഥാനത്തായിരുന്നു. അതിശയമെന്നോണം എന്നെ കണ്ടമാത്ര വീല്‍ചെയറില്‍ വെട്ടിത്തിരിഞ്ഞ്, പാഞ്ഞുവന്നെന്‍റെ കരം പിടിച്ചു.

വെള്ളയില്‍ ചാരപ്പൂക്കളുള്ള, സില്‍ക്ക് സാരിയുടുത്ത സുന്ദരിയായൊരു സ്ത്രീയെ രാജന്‍ ഉറക്കെ വിളിച്ചു.

‘ഷീലേ..ദാ. ഇവിടെ’.

ആ സ്ത്രീ എന്‍റെ അടുത്തേക്ക് ഒഴുകിവന്നു. അവള്‍ പ്രസന്നവദനയും എന്നെക്കാള്‍ ഉയരം കൂടിയവളുമായിരുന്നു.

‘ഞങ്ങള്‍ ഷാര്‍ജയില്‍ ഒരുമിച്ചുണ്ടായിരുന്നു.’ രാജന്‍ പരിചയപ്പെടുത്തി.

രാജന്‍റെ ഭാര്യ ചെറിയ ഡിസ്പോസിബിള്‍ ഗ്ലാസ്സിലെ കാച്ചിയ പാലില്‍ ഒന്നെനിക്കു നീട്ടി.

‘ഫാമിലിയെ കൊണ്ടുവന്നില്ലേ?’

‘ഇല്ല’ എന്നാഗ്യേന ഞാന്‍ തലയാട്ടി.

‘ഒരു സര്‍പ്രൈസ് ഉണ്ട് വാ..’ രാജന്‍ പറഞ്ഞു.

രാജന്‍റെ വണ്ടി ഹാളിനു നടുവിലൂടെ ഓടി ഊണുമുറിയും കടന്ന് ഇടനാഴിയില്‍ വന്നു നിന്നു. ചുമരിലുള്ള ബട്ടണ്‍ അമര്‍ത്തിയപ്പോള്‍ ലിഫ്റ്റിന്‍റെ വാതില്‍ തുറന്നു. മുകളിലേക്ക് പോകും വഴി രാജന്‍ പറഞ്ഞു.

‘സെക്കന്‍ഡ് ഫ്ലോര്‍ റൂഫ് ടോപ്പിലാണ് ബുഫേ സെറ്റ് ചെയ്തിരിക്കുന്നത്.’

മുകളിലെത്തിയപ്പോള്‍ ശീഘ്രം ലിഫ്റ്റിറങ്ങി രാജന്‍ ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെട്ട് നില്‍ക്കുന്ന ഒരാളെ തട്ടി വിളിച്ചു.

ബഷീര്‍ക്ക! ഞങ്ങളുടെ റൂംമേറ്റ്. എനിക്ക് അത്ഭുതം തോന്നി.

‘നിങ്ങള്‍ സംസാരിച്ചു നില്‍ക്ക് ഞാനിതാ വരുന്നു’.

രാജന്‍ വീണ്ടും അതിഥി സത്ക്കാരത്തിന്‍റെ തിരക്കിലേക്ക് ഊളയിട്ടു.

ആദ്യമായി ഗള്‍ഫില്‍ വിമാനമിറങ്ങി, ആ മഹാനഗരത്തെ അമ്പരപ്പോടെ നോക്കിനിന്ന രണ്ടു കുട്ടികളെപ്പോലെ ബഷീര്‍ക്കയും ഞാനും അന്യോന്യം നോക്കി. എന്‍റെ മനോവിചാരങ്ങള്‍ തന്നെയാണ് ബഷീര്‍ക്കക്കും എന്ന് ഒറ്റനോട്ടത്തിലേ മനസ്സിലായി.

ബഷീര്‍ക്കാ… അപ്പോള്‍ രാജന്‍റെ ഭാര്യ?

അയാള്‍ വീണ്ടും വിവാഹം കഴിച്ചു.

മക്കള്‍?

മകളുടെ കല്യാണം കഴിഞ്ഞ് അമേരിക്കയിലാണ്. മകന്‍ പി.ജി ചെയ്യാന്‍ കഴിഞ്ഞ മാസം യു.കെയ്ക്ക് പോയി.

നമ്മള്‍ സ്ട്രച്ചറില്‍ കയറ്റിവിട്ട രാജന്‍ തന്നെയല്ലേ ഇത് ബഷീറിക്കാ ? അയാള്‍ക്ക് ലോട്ടറി അടിച്ചോ?

അസൂയനിറഞ്ഞതും ഒട്ടും മര്യാദയില്ലാത്തതുമായ ചോദ്യമാണെങ്കിലും തീര്‍ത്തും നിരാശ്ശനും ബലഹീനനുമായൊരു മനുഷ്യന്‍റെ ഉള്ളില്‍നിന്നുയര്‍ന്ന രോദനമാണതെന്നു ബഷീറിക്കക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

ഇല്ലെടോ, സന്നദ്ധസംഘടനകളും സ്കൂള്‍ കോളേജ് ഗ്രൂപ്പുകളും പള്ളികളും എല്ലാം കൂടി സഹായിച്ചതാണ്. അയാളുടെ മക്കളുടെ പഠിപ്പും കല്യാണവുമെല്ലാം മനുഷ്യര് മനസ്സറിഞ്ഞു കൊടുത്ത കാശുകൊണ്ട് നടത്തിയയതാ. പിന്നെ, ഇപ്പോള്‍ അയാള്‍ക്ക് അത്യാവശ്യം നടക്കാനും പറ്റും.

എന്നിട്ടും വീല്‍ചെയര്‍…?

നിസംഗതയോടെ എന്നെ നോക്കുക മാത്രമായിരുന്നു അതിനുള്ള ബഷീറിക്കയുടെ മറുപടി.

സമ്മാനപ്പൊതികളുടെ കൂമ്പാരങ്ങള്‍ക്കിടെയിലേക്ക് എന്‍റെ ചെറിയ പൊതി ഒളിപ്പിച്ചു വെച്ചശേഷം സ്ഥലംവിടാനുള്ള വെമ്പലായിരുന്നു ഉള്ളില്‍. എന്തോ ഒന്നും കഴിക്കുവാന്‍ തോന്നിയില്ല.

ആകാശത്തേക്ക് ചിറകുകള്‍ വിരിച്ച വാകമരത്തിന്‍റെ ചുവട്ടില്‍ ബസ്സ്റ്റാന്‍റിലേക്കുള്ള ഓട്ടോ കാത്തുനില്‍ക്കുമ്പോള്‍ ബുധനാഴ്ച സുമയെ ഡയാലിസിസിനു കൊണ്ടുപോകേണ്ടതും കിണറ്റിലെ മോട്ടര്‍ വെള്ളമെടുക്കാത്തതെന്തെന്നും ഞാന്‍ ആലോചിച്ചു. ഇലകൾക്കിടെയിലൂടെ അരിച്ചിറങ്ങുന്ന വെളിച്ചത്തിന്റെ നിരവധി സൂചിമുനകൾ എന്നിൽ ആഴ്ന്നിറങ്ങി. നെറ്റിയിലെ വിയർപ്പ് തുടച്ചുകൊണ്ട് മുകളിലേക്ക് നോക്കിയപ്പോൾ ഇലകളാകെ പുഴുക്കളായി മാറുന്നതും വെളിച്ചത്തിനിടയിലൂടെ അവ നുരയ്ക്കുന്നതും കണ്ടു.

കടുത്ത മുഞ്ഞ ശല്യമുള്ളതിനാല്‍ വീട്ടിലെ പച്ചക്കറിത്തോട്ടത്തില്‍ കട്ടികൂടിയ വിഷം തന്നെ അടിക്കുവാൻ ഞാന്‍ തീരുമാനിച്ചു. ചിന്തകൾക്കിടെയിലൂടെ പെട്ടന്ന് പാഞ്ഞുവന്നൊരു കാലി ഓട്ടോയ്ക്ക് ഞാൻ കൈകാണിച്ചെങ്കിലും അത് നിർത്താതെ എന്നെ കടന്നുപോയി.

ചെറുകഥാകൃത്തും സിനിമ തിരക്കഥാകൃത്തും. ടൈപ്പ്റൈറ്റർ (കഥാസമാഹാരം ) പുഞ്ചപ്പാടം കഥകൾ​ (ഹാസസാഹിത്യം),​സൂപ്പർ ജംഗിൾ റിയാലിറ്റി ഷോ​ (ബാലസാഹിത്യം), ഇഷാൻ എന്ന കുട്ടി(നോവൽ) എന്നീ പുസ്തകങ്ങളുടെ രചയിതാവ്‌. കുട്ടൻപിള്ളയുടെ ശിവരാത്രി എന്ന മലയാള ചലച്ചിത്രത്തിന് തിരക്കഥയും സംഭാഷണങ്ങളും എഴുതി. പതിനാലു വർഷം ദുബായിൽ സിവിൽ എഞ്ചിനിയറായി ജോലിചെയ്തു. ഇപ്പോൾ സ്വദേശമായ കുട്ടനാട്ടിലെ ചങ്ങങ്കരിയിൽ താമസം. ആർക്കിടെക്റ്റ് കൺസൽട്ടൻറ് ആയി പ്രവർത്തിക്കുന്നു. പാം അക്ഷരതൂലിക പുരസ്കാരം, പ്രവാസി ബുക്ക് ട്രസ്റ്റ് അവാർഡ്, എന്നിവ ലഭിച്ചിട്ടുണ്ട്.