ഭ്രമണം

( ആഗോള വത്ക്കരണത്തിന്‍റെ ഭാഗമായി ലോകത്തിലെ എല്ലാ രാജ്യങ്ങളിലെയും കോര്‍പ്പറേറ്റ് പ്രതിനിധികള്‍ ചേര്‍ന്ന് ഈ ഭൂമിയെ ഇല്ലാതാക്കുകയാണ്. അവരുടെ നിര്‍ദ്ദേശങ്ങളനുസരിച്ച് അവരുടെ പിണിയാളുകള്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ ഭൂമിയുടെ അധിപന്മാരായി എല്ലാം അവരുടെ നിയന്ത്രണത്തിലേക്ക്  കൊണ്ടുവരാന്‍ ശ്രമിക്കുന്നു. പക്ഷേ   അവര്‍ വെറും  വിഡ്ഢിക്കൂട്ടങ്ങള്‍ മാത്രമാണ്. വെറും വിഡ്ഢിക്കൂട്ടങ്ങള്‍.  
ഭൂമിയെ മറന്ന് പുരോഗമനത്തിന്‍റെ വ്യക്താക്കളായി, സാമ്രാജ്യങ്ങള്‍ തീറെഴുതി വാങ്ങാന്‍ കച്ചകെട്ടിയിറങ്ങിയ മനുഷ്യ വര്‍ഗ്ഗത്തിനുള്ള ഒരു മുന്നറിയിപ്പ്. ഭൂമി ചെറുതായ് ഒന്നു ഞൊടിച്ചാല്‍ എല്ലാം തീരും. പിന്നെ, കലയില്ല, രാഷ്ട്രീയമില്ല, മതമില്ല, ഭരണ സംവിധാനമില്ല, ആരുമില്ല, ഒന്നുമില്ല. എല്ലാം അവിടെത്തീരും.ഈ ഒരു ചിന്തയില്‍ നിന്നും കൂടി ഉണ്ടായതാണ് ഈ തിരക്കഥ – ജോഷി മംഗലത്ത്‌ )

സീൻ 1
തെളിഞ്ഞ നീല ആകാശത്തിനു താഴെ, സാവധാനം കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു പടുകൂറ്റന്‍ ഗ്ലോബ്
സീന്‍ വികസിക്കുമ്പോള്‍,
ഒരു കൂറ്റന്‍ ടവറിനു മുകളില്‍ ഉറപ്പിച്ചിരിക്കുന്ന അച്ചുതണ്ട് പോലെയുള്ള ഒരു പ്രത്യേക സംവിധാനത്തില്‍ നിന്നു കൊണ്ട് സ്വയം കറങ്ങുകയാണ് ഗ്ലോബ്. (സമീപ ദൃശ്യം )
ഗ്ലോബില്‍ നിന്നുമുള്ള കാഴ്ചപ്പാടില്‍ –
താഴെ,
പൗരാണികത തോന്നിപ്പിക്കുന്ന ഒരു വലിയ നഗരത്തിന്‍റെ ദൃശ്യങ്ങള്‍.
(ഉയരത്തിൽ നിന്നുള്ള ഒരു വിസ്‌തൃത ദൃശ്യം)
പൌരാണിക കാലത്തിന്‍റെ പ്രതീതി തോന്നിപ്പിക്കുന്ന ചിത്രീകരണം.
ക്യാമറ ദൃശ്യത്തിലേക്കു കൂടുതൽ അടുക്കുമ്പോൾ നമ്മള്‍ കാണുന്നു, വിവിധ രാജ്യക്കാര്‍ ഉള്‍പ്പെടുന്ന  ഒരു വലിയ ആള്‍ക്കൂട്ടം.
അവരുടെ രാജ്യങ്ങള്‍ക്കനുസൃതമായ പഴയ കാലഘട്ടത്തിന്‍റെ വേഷവിധാനങ്ങള്‍.
താഴെ നിന്നും മുകളിലേക്ക് ഗ്ലോബിനെ നോക്കുന്ന ആള്‍ക്കൂട്ടം.
ഗ്ലോബിന്‍റെ സാവധാനത്തിലുള്ള കറക്കം.
അവരുടെ സന്തോഷമുള്ള മുഖങ്ങള്‍.
കണ്ണുകളിലെ തിളക്കം.
അവര്‍ പരസ്പരം ആസന്തോഷം പങ്കുവയ്ക്കുന്നു.
ആ ഫ്രെയിം ഒരു വശത്തു നിന്നും മങ്ങി  ആയി പുതിയ സീന്‍ തെളിഞ്ഞു വരുന്നു.
സീൻ 2
നഗരം/ പകൽ / പുറം ദൃശ്യം
അതേ വേഗതയില്‍ സാവധാനം കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്ലോബ്.
ഗ്ലോബില്‍ നിന്നുള്ള കാഴ്ചപ്പാടില്‍ –
കുറച്ചു കൂടി പുതിയ ഒരു  കാലം.
പുതിയ ആള്‍ക്കാര്‍, പുതിയ അന്തരീക്ഷം,
പൗരാണികതയില്‍ നിന്നും പുരോഗതിയിലേക്കുള്ള കാലത്തിന്‍റെ ഒരുതുടക്കമാണത്..
സീന്‍ പഴയ പോലെ തുടരുന്നു.
പുതിയ കാലത്തിന്‍റെ വേഷവിധാനവുമായി നില്‍ക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ മുഖങ്ങള്‍.
ഗ്ലോബിലേക്ക് തന്നെ നോക്കി നില്‍ക്കുന്ന അവരുടെ മുഖത്ത് അസംതൃപ്തി. അവരതു പരസ്പരം പങ്കുവയ്ക്കുന്നു.
ആഗ്യ,ഭാവാദി ചലനങ്ങളിലൂടെ അത് വ്യക്തമാണ്.
ഒരു വിഡ്ഢിക്കൂട്ടമാണത് എന്ന് തോന്നിക്കുന്ന രീതിയിലുള്ള ചലനങ്ങളാണത്.
മുഖം വക്രിച്ചും, കോട്ടിയുമൊക്കെ അവരത് പ്രകടമാക്കുന്നു.
വിഡ്ഢി സംഘത്തിന്‍റെ നേതാവായ കൂട്ടത്തില്‍ ഏറ്റവും തലയെടുപ്പുള്ള ഒരാള്‍ അവരെ നോക്കി “ഞാന്‍ ശരിയാക്കാം” എന്ന മട്ടില്‍ ഒരു ആംഗ്യത്തോടെ  അവിടെ നിന്നും മുന്നോട്ടു നടക്കുന്നു.
ദൃശ്യം  മാറുന്നു
എഞ്ചിൻ റൂം/ പകൽ/അകം
ഒരു കൂറ്റന്‍ പല്‍ച്ചക്രത്തിന്‍റെ ഹാന്‍ഡില്‍ പിടിച്ചു ബലമായി കറക്കിക്കൊണ്ടിരിക്കുന്ന ബലിഷ്ഠമായ ഒരു കൈ.
സീന്‍ വികസിക്കുമ്പോള്‍ വിചിത്രമായ വേഷവിധാനങ്ങളോടെ പൈശാചിക രൂപ ഭാവങ്ങളുള്ള ആജാനുബാഹുവായ ഒരു മനുഷ്യന്‍.
ഒരു കഴുകന്റെ പ്രകൃതമാണ് അയാൾക്ക്‌.
അയാള്‍ പല്‍ച്ചക്രം കറക്കിക്കൊണ്ടിരിക്കുകയാണ്.
(ഗ്ലോബിന്‍റെ ചലനം നിയന്ത്രിക്കുന്ന കണ്ട്രോളിങ്ങു് റൂം ആണത്.
വളരെ പുരാതനമായ കൂറ്റന്‍ യന്ത്ര ഭാഗങ്ങള്‍ക്കൊണ്ട് മുറിയുടെ മുക്കാല്‍ ഭാഗവും നിറഞ്ഞിരിക്കുന്നു.)
വിചിത്ര വേഷധാരിയുടെ അടുത്തു നിന്ന് അയാള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന നേരത്തെ കണ്ട സംഘത്തലവന്‍.
വിചിത്ര വേഷധാരി വളരെ ആയാസത്തോടെ പ്രവൃത്തി തുടരുകയാണ്.
ഇടയ്ക്കിടെ ക്ഷീണത്തോടെ നിര്‍ത്തി, സംഘത്തലവനെ നോക്കുന്നു.
സംഘത്തലവന്‍റെ തൃപ്തി വരാത്ത മുഖഭാവം.
ഒടുവില്‍സര്‍വ്വശക്തിയും സംഭരിച്ച് രണ്ടു കയ്യും ചേര്‍ത്തു പിടിച്ച്, അയാള്‍ വേഗത്തില്‍ പല്‍ച്ചക്രം കറക്കുന്നു.
സംഘത്തലവന്‍റെ സന്തോഷിക്കുന്ന മുഖത്ത് ഒരു വിഡ്ഢിച്ചിരിപടരുന്നു.
ദൃശ്യം  മാറുന്നു
വേഗത്തില്‍ കറങ്ങുന്ന ഗ്ലോബ് (നേർക്ക് നേർ കാണുന്ന ദൃശ്യം )
ദൃശ്യം  മാറുന്നു
എഞ്ചിൻ റൂം ബാൽക്കണി (ഗ്ലോബിന്റെ അടിഭാഗം)/ പകൽ/പുറം
 കറങ്ങുന്ന ഗ്ലോബിന്‍റെ അടിവശത്തെമെഷീന്‍ റൂമിനോടു ചേര്‍ന്ന ബാല്‍ക്കണി പോലുള്ള ഭാഗത്തുനിന്നും കറങ്ങിക്കൊണ്ടിരിക്കുന്ന ഭീമാകാരമായ ഗ്ലോബിന്‍റെ അടിഭാഗത്തേക്ക് നോക്കുന്ന സംഘത്തലവന്‍.
അയാളുടെ കാഴ്ചപ്പാടിലെ കറങ്ങുന്ന ഗ്ലോബിന്‍റെ അടിവശം.
(അയാള്‍ക്ക്‌ അവിടെ നിന്നും നോക്കിയാല്‍ ആ വശമേ കാണുവാന്‍ കഴിയൂ)
വലിയ ഗ്ലോബിന്‍റെ അടിയില്‍ നില്‍ക്കുന്ന ഒരു ചെറിയ മനുഷ്യന്‍.
ഗ്ലോബില്‍ നിന്നും നോട്ടം പിന്‍വലിച്ചു്, ഇത്രവും വലിയ ഗ്ലോബിന്‍റെ ചലനം താന്‍  കണ്ട്രോള്‍ ചെയ്യുന്നു എന്ന ഭാവത്തോടെ സ്വയം അഭിമാനിതനായി,താഴെ നില്‍ക്കുന്ന പുരുഷാരത്തെ നോക്കി അയാള്‍ കൈ ഉയർത്തി കാണിക്കുന്നു.
സന്തോഷത്തോടെ അയാളുടെ പ്രവര്‍ത്തികള്‍ അംഗീകരിച്ചെന്ന  പോലെ അയാളെ നോക്കികൈ ഉയര്‍ത്തിക്കാണിച്ചു് ചിരിക്കുന്ന വിഡ്ഢിക്കൂട്ടം.
അവരുടെ വിഡ്ഢിച്ചിരികളുടെ അലകള്‍ പ്രതിധ്വനിയാകുന്നു.
കറങ്ങുന്ന ഗ്ലോബിന്‍റെ മുകളിലേക്ക് വന്നു വീഴുന്ന ചിരിയുടെ അലകള്‍.
ആ ചിരികള്‍ക്കു മുകളില്‍ സ്ക്രീന്‍ വൈറ്റ്‌ ബ്ലീച്ച് ആകുന്നു
മൊണ്ടാഷ് ദൃശ്യങ്ങൾ
നേരത്തെ സീനില്‍ കണ്ട പ്രവൃത്തികള്‍,മാറി മാറി വരുന്ന  കാലഘട്ടങ്ങളിലെ പുതിയ, പുതിയ മനുഷ്യരില്‍ക്കൂടി അതേ വിഡ്ഢി ചലനങ്ങളില്‍ക്കൂടി പലവട്ടം ആവര്‍ത്തിക്കപ്പെടുന്നു.
(സംഗീതത്തിന്റെ അകമ്പടിയോടെ ചാർളി ചാപ്ലിൻ ചിത്രങ്ങളിലേതു പോലെ ദൃദഗതിയിലുള്ള ചലനങ്ങൾ )
 സീന്‍ മാറുന്നതോടൊപ്പം, കണ്ട്രോള്‍ ടവറിലെ  യന്ത്രങ്ങളുടെ രൂപത്തിലും, സംവിധാനങ്ങളിലുമൊക്കെ ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
ഒടുവിലവയുടെ വലിപ്പം കുറഞ്ഞ്, കുറഞ്ഞ്ഇലക്ട്രോണിക് സിസ്റ്റത്തിലേക്ക് എത്തിച്ചേരുന്നു.
ഓരോ കാലഘട്ടത്തിലെയും ആള്‍ക്കാരുടെ താത്പര്യങ്ങളനുസരിച്ച്സംഘത്തലവന്മാര്‍ നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നു.
രക്ഷസീയ രൂപമുള്ള വിചിത്ര വേഷധാരികള്‍  അതു പ്രാവര്‍ത്തികമാക്കുന്നു.
ഗ്ലോബിന്‍റെ വേഗത കൂടിക്കൊണ്ടേയിരിക്കുന്നു.
മാറ്റങ്ങള്‍ക്കനുസൃതമായി വിചിത്ര വേഷധാരികളുടെ ജോലിയും ‘റിലാക്സ്ഡ്’ ആകുന്നു.
മാറി മാറി വരുന്ന വിഡ്ഢിക്കൂട്ടങ്ങളുടെ സന്തോഷം.
വിഡ്ഢിച്ചിരികളുടെ അലകള്‍
മൊണ്ടാഷ് ദൃശ്യങ്ങൾ അവസാനിക്കുന്നു
സീൻ 3
നഗരം/ പകൽ / പുറം ദൃശ്യം
വേഗത്തില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന ഗ്ലോബ്.
ഇപ്പോള്‍ സമാന്യം നല്ല സ്പീഡില്‍ തന്നെ കറങ്ങുകയാണ്.
ഗ്ലോബില്‍ നിന്നും താഴേക്കുള്ള ദൃശ്യം.
(ഉയരത്തിൽ നിന്നുള്ള ഒരു വിസ്‌തൃത ദൃശ്യം)
നഗരത്തിന്‍റെ ദൃശ്യങ്ങള്‍.
അത്യന്താധുനിക കാലഘട്ടത്തിന്‍റെ പുതിയ നഗരവും, തലമുറയും.
കെട്ടിലും, മട്ടിലും മാറിക്കഴിഞ്ഞ നഗരം.
ക്ലോക്ക് ടവറിന്‍റെ രൂപത്തിലും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.
ഗ്ലോബിനു മാത്രം മാറ്റമില്ല.
അത്യന്താധുനികമായ എല്ലാ സംവിധാനങ്ങളുമുള്ള ഹൈടെക് നഗരത്തിന്‍റെ സമഗ്ര ദൃശ്യം.
നഗരം ഇപ്പോള്‍ അംബര ചുംബികളായ കെട്ടിടങ്ങൾ  കൊണ്ട് നിറഞ്ഞിരിക്കുന്നു.
നേരത്തെ കണ്ട സീനിലെ പ്രവൃത്തികള്‍ ആവൃത്തിക്കപ്പെടുന്നു.
വിവിധ രാജ്യങ്ങളിലെ ആള്‍ക്കാര്‍ ഉള്‍പ്പെട്ട ജനക്കൂട്ടം വീണ്ടും താഴെ…
ഏറ്റവും പുതിയ കാലഘട്ടത്തിന്‍റെ  വേഷവിധാനങ്ങളാണ്. ഭൂരിഭാഗം പേരുടെയും കയ്യില്‍ മൊബൈൽ പോലുള്ള  ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങൾ എല്ലാമുണ്ട്
ചുരുട്ടു വലിക്കുന്നവര്‍. മദ്യപിക്കുന്നവര്‍ എല്ലാവരും ഉണ്ട് അവരുടെ ഇടയില്‍.
അവരുടെ മുകളിലേക്കുള്ള നോട്ടം.
കറങ്ങുന്ന ഗ്ലോബ്
ആള്‍ക്കൂട്ടത്തിന്‍റെ പുച്ഛവും, അസംതൃപ്തിയും കലര്‍ന്നനോട്ടം വീണ്ടും.
അസംതൃപ്തി അവര്‍ പരസ്പരം പങ്കുവയ്ക്കുന്നു.
പുതിയ കാലത്തിന്‍റെ പുതിയ വിഡ്ഢികള്‍.
പുതിയ സംഘ നേതാവ്  എല്ലാവരേയും നോക്കി പഴയതു പോലെ “ഇപ്പം ശരിയാക്കാം” എന്ന ഭാവം  കാണിച്ച് മുന്നോട്ടു നടക്കുന്നു.
ദൃശ്യം  മാറുന്നു
വളരെ ചെറിയ ഒരു ഇലക്ട്രോണിക് കണ്ട്രോള്‍ പാനലിന്‍റെ ടച്ച്‌ സ്ക്രീനില്‍ വിരലുകളമര്‍ത്തുന്ന ഈ കാലഘട്ടത്തിന്‍റെ വിചിത്ര വേഷധാരി.
കണ്ട്രോള്‍ പാനലിലെ സ്ക്രീനില്‍ ലൈറ്റുകള്‍ തെളിയുന്നു.
ആർ പി എം  എഴുതിക്കാണിക്കുന്ന അക്കങ്ങള്‍ മിന്നി മറയുന്നു.
അതു ശ്രദ്ധിക്കുന്ന സംഘ നേതാവും, വിചിത്ര വേഷധാരിയും.
അവര്‍ പരസ്പരം നോക്കി ചിരിക്കുന്നു.
ദൃശ്യം  മാറുന്നു
കറങ്ങുന്ന ഗ്ലോബ്.
സ്പീഡ് കൂടിക്കൂടി വരുന്നു
ദൃശ്യം  മാറുന്നു
ഗ്ലോബ് ടവറിന്‍റെ അടി വശത്തു നിന്നും ഗ്ലോബിന്‍റെ വേഗത്തിലുള്ള കറക്കം ശ്രദ്ധിക്കുന്ന സംഘത്തലവന്‍. സ്പീഡ് കൂടുന്നതനുസരിച്ച് അയാള്‍ അത്യധികം ആഹ്ലാദവാനാകുന്നു, ഹിസ്റ്റീരിയ  ബാധിച്ചവനെപ്പോലെ പൊട്ടിച്ചിരിക്കുന്നു.
ഗ്ലോബില്‍ നിന്നുള്ള നോട്ടം പിന്‍വലിച്ചു  താഴേക്ക് നോക്കുന്ന സംഘത്തലവന്‍.
അയാള്‍ ആള്‍ക്കൂട്ടത്തെ നോക്കി കൈ കാണിക്കുന്നു, പൊട്ടിച്ചിരിക്കുന്നു.
ഇരമ്പിയാര്‍ക്കുന്ന ജനം താഴെ. അവര്‍ ഇളകി മറിയുന്നു.
 ദൃശ്യം  മാറുന്നു
കണ്ട്രോള്‍ പാനലിലെ അക്കങ്ങള്‍ ദ്രുതഗതിയില്‍ മാറി മറയുന്നു.
ദൃശ്യം  മാറുന്നു
കറങ്ങുന്ന ഗ്ലോബ്. സ്പീഡ് വീണ്ടും, വീണ്ടും കൂടുന്നു.
പശ്ചാത്തല സംഗീതം ഉയരുന്നു
ഗ്ലോബിന്‍റെ കറക്കത്തില്‍ക്കൂടി ആ സീന്‍മങ്ങി  ആള്‍ക്കൂട്ടത്തിന്‍റെ നൃത്തം ചെയ്യുന്ന കാലുകളിലേക്ക്. ഗ്ലോബിന്‍റെ കറക്കം പോലെ തന്നെ അവരും കറങ്ങിക്കൊണ്ട് നൃത്തം ചെയ്യുകയാണ്. അവര്‍ ഒന്നിച്ച്, ഒരു മനസ്സായിഒരേ താളത്തില്‍, ഒരേ വേഗത്തില്‍
നൃത്തം ചെയ്യുന്നു.
ദ്രുതതാള സംഗീതം ഉയരുന്നു.
അതോടൊപ്പം ഗ്ലോബിന്‍റെ സ്പീഡും ക്രമാനുഗതമായി കൂടിക്കൊണ്ടേയിരിക്കുന്നു.
സംഗീതം ഉച്ചസ്ഥായിയിലേക്കു.  ചടുലത ഏറുന്ന നൃത്തച്ചുവടുകള്‍.
ദൃശ്യം  മാറുന്നു
ടവറില്‍ ഒറ്റക്കു നിന്ന് നൃത്തം ചെയ്യുന്ന സംഘത്തലവന്‍.
ദൃശ്യം  മാറുന്നു
കണ്ട്രോള്‍ പാനലില്‍ ദ്രുതഗതിയില്‍ മാറുന്ന അക്കങ്ങള്‍.
ദൃശ്യം  മാറുന്നു
ഗ്ലോബിന്‍റെ വേഗം കൂടിക്കൂടി അനിയന്ത്രിതമാകുന്നു.
ദൃശ്യം  മാറുന്നു
ഒടിഞ്ഞു തകരുന്ന അച്ചുതണ്ട്.
സ്പീഡ്‌ കൂടിയ ഗ്ലോബ് വലിയൊരു ഹുങ്കാര ശബ്ദത്തോടെഒരു പമ്പരം കറക്കി വിട്ടതു പോലെ കറങ്ങിക്കൊണ്ടു തന്നെ അതേ ആയത്തില്‍ താഴേക്ക്.
ആദ്യം ടവറില്‍ നില്‍ക്കുന്ന സംഘത്തലവന്‍റെ മുകളിലേക്ക്, ഞെരിഞ്ഞമരുന്ന  സംഘത്തലവന്‍ക റക്കത്തിന്‍റെ ആയത്തില്‍ പുറത്തേക്ക് തെറിക്കുന്നു.
കറങ്ങിക്കൊണ്ടുതന്നെ കണ്ട്രോള്‍ റൂമിലേക്കിടിക്കുന്ന ഗ്ലോബ്.
തകരുന്ന കണ്ട്രോള്‍ റൂമും, ടവറും. ചിതറിത്തെറിച്ച ടവര്‍ കഷണങ്ങള്‍ക്കിടയില്‍ വിചിത്ര വേഷധാരിയും താഴേക്ക്.
ഗ്ലോബ് താഴേക്ക് ആള്‍ക്കൂട്ടത്തിന് നേരെ. താഴേക്കുള്ള ആ വീഴ്ച്ചയുടെ ഒരു ദൃശ്യം.
അന്ധാളിപ്പോടെ മുകളിലേക്ക് നോക്കുന്ന ആള്‍ക്കൂട്ടത്തിന്‍റെ വികൃതമായ മുഖങ്ങള്‍.
ആ മുഖങ്ങളുടെ നേര്‍ക്ക്‌ കറങ്ങിക്കൊണ്ടു തന്നെ പാഞ്ഞടുക്കുന്ന ഗ്ലോബ്.
അത് അവരുടെ മേലേക്ക് തന്നെ പതിക്കുന്നു. ഞെരിഞ്ഞമരുന്ന ആള്‍ക്കൂട്ടം.
രക്ഷപെട്ടവര്‍ നാലു പാടും പരിഭ്രാന്തിയോടെ ചിതറി ഓടുന്നു.
ഭീമാകരമായ ഗ്ലോബ്, ജീവന്‍ വച്ചതു പോലെ അവരുടെ പുറകേ വളരെ വേഗത്തില്‍ ഉരുളുന്നു. മുന്നോട്ടോടുന്ന ആള്‍ക്കൂട്ടം. ഭയചകിതരായ ആള്‍ക്കാരുടെ നിലവിളിക്കുന്ന മുഖം. ഉരുണ്ടു വരുന്ന ഭീമാകാരമായ ഗ്ലോബിന്‍റെ ഭീതിപ്പെടുത്തുന്ന ഒരു ദൃശ്യം. ഗ്ലോബിനു മുകളിലെ രാജ്യങ്ങള്‍ മാറി മറിയുന്നതു സമീപ ദൃശ്യം.
അലറി വിളിച്ചു കൊണ്ട് ഓടുന്നആള്‍ക്കൂട്ടം.
ദൃശ്യം  മാറുന്നു
വളരെ ഉയരത്തില്‍ മുകളിലേക്ക് പോകുന്ന ധാരാളം പടികള്‍.
(ഗ്രൌണ്ട് ലെവലില്‍ നിന്നും മുകളിലേക്ക് ഒരു ചരിഞ്ഞ ദൃശ്യം )
താഴത്തെ പടിയില്‍ നിന്നും മുകളിലേക്ക് ക്യാമറ വേഗത്തില്‍ സഞ്ചരിക്കുന്നു.
അറ്റമില്ലാതെ മുകളിലേക്ക് കയറിപ്പോകുന്ന പടികള്‍. ഒടുവില്‍ അത് മുകളിലെ ആദ്യ പടിയിലെത്തി നില്‍ക്കുന്നു. ക്യാമറ അവിടെ എത്തുന്ന നിമിഷത്തില്‍ തന്നെ അവിടേക്ക് എന്‍ട്രി ആകുന്ന ഒരു കാല്‍. അതു പിന്നെ കാലുകളുടെ ഒരു കൂട്ടമായി മാറുന്നു. ആള്‍ക്കൂട്ടം പടവിറങ്ങി താഴേക്കോടുന്നു.
തിക്കിത്തിരക്കി ഓടുന്നവര്‍. അവരുടെ കാലുകള്‍. തിരക്കില്‍പ്പെട്ട് പടവിലേക്ക് വീഴുന്ന ആള്‍ക്കൂട്ടം. അവരുടെ മുകളില്‍ക്കൂടി, അവരെ ചവിട്ടി മെതിച്ചു കൊണ്ട്, താഴേക്കുള്ള പടവിലേക്ക് ഓടുന്നവര്‍, ഏതോ സുരക്ഷിതമായ  ദൂരേക്ക്‌ പ്രാണരക്ഷാര്‍ത്ഥം ഓടുകയാണവര്‍.
(ഇത് മനുഷ്യാവസ്ഥയുടെ ഒരു പ്രതീകം കൂടിയാകുന്നു. ഉയര്‍ച്ചയില്‍ നിന്നും താഴേക്കു് ആര്‍ത്തിപൂണ്ട മനുഷ്യരുടെ  വീഴ്ച്ച.)
 ദൃശ്യം  മാറുന്നു
മുകളിലെ ആദ്യത്തെ പടിയിലേക്കെത്തുന്ന ഗ്ലോബ് (ക്ലോസ് ഷോട്ട്)
പടിക്കെട്ടിലെ ഓടുന്ന ആള്‍ക്കാരുടെ മുകളില്‍ക്കൂടി ചാടിച്ചാടി തെന്നിയിറങ്ങുന്ന ഗ്ലോബ്.
ഭീമാകാരമായ ഗ്ലോബിന്നടിയില്‍പ്പെട്ട് ചതഞ്ഞരയുന്ന ആള്‍ക്കൂട്ടം. അലറി വിളിക്കുന്നവര്‍. അവരെ ചതച്ചരച്ചുകൊണ്ട്, ഒരു പോറല്‍ പോലും ഏല്‍ക്കാതെ ഗ്ലോബ് താഴേക്കുരുളുന്നു. താഴെ വിശാലമായ സമതലത്തിലേക്ക് എത്തിച്ചേരുന്ന ഗ്ലോബ് വേഗം കുറഞ്ഞ്, കുറഞ്ഞ്, ആകാശത്തിന്‍റെ അതിരുകള്‍ക്കടുത്തേക്ക്. പതുക്കെ ഉരുളുന്ന ഗ്ലോബ്. ഗ്ലോബ് അവിടെ ഫ്രീസ് ആയി നില്‍ക്കുന്നു. ഫ്രെയിമില്‍ ഇപ്പോള്‍ തെളിഞ്ഞ നീല ആകാശവും ഗ്ലോബും മാത്രം.
ഫ്രെയിമിനു മുകളില്‍
മനുഷ്യനാൽ നിയന്ത്രിക്കപ്പെടേണ്ടതല്ല ഭൂമിയുടെ ഭ്രമണം
എന്ന വാക്യം തെളിയുന്നു.
ഒറ്റാൽ എന്ന സിനിമയിലൂടെ തിരക്കഥയ്ക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌ക്കാരം നേടി. ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയെ ഉപജീവിച്ച്‌ ഒറ്റാൽ രചിച്ചത്. രവീന്ദ്ര നാഥ ടാഗോറിന്റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് പുതിയ സിനിമയ്ക്കുള്ള തിരക്കഥ പൂർത്തിയാക്കിയിരിയ്ക്കുന്നത്. ആനുകാലികങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതുന്നു.