പശ്ചാത്താപത്തിന്റെ വഴികൾ

വീട്ടിലേക്കുള്ള ബസ് വരാൻ മുപ്പത് മിനിട്ടോളം സമയമുണ്ട്. ഇങ്ങനെ കാത്തുനിൽക്കുന്ന സമയം ഞാൻ ശബ്ദങ്ങൾ ശ്രദ്ധിക്കാനാണ്‌ സാധാരണ വിനിയോഗിക്കുക. പലതരം വാഹനങ്ങളുടെ ശബ്ദം, അവയുടെയെല്ലാം ഹോണുകളുടെ ശബ്ദം, കടല വറുക്കുന്നവർ ചട്ടുകം കൊണ്ട് ഇരുമ്പു ചട്ടിയിൽ തട്ടുന്ന ശബ്ദം, സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ…അവരുടെ കാലടി ശബ്ദങ്ങൾ… നൂറുകണക്കിനു ആളുകൾ ചുറ്റിലുമായി നടന്നു പോകുന്നു, സംസാരിക്കുന്നു. പക്ഷെ ഒന്നും വ്യക്തമല്ല. ശബ്ദങ്ങൾ മാത്രം. അതു ഞാൻ നന്നായി ആസ്വദിക്കാറുണ്ട്. ശബ്ദങ്ങൾ മാത്രമല്ല, വെളിച്ചവും. നിയോൺ ബൾബുകളുടെ പ്രകാശം, ലോട്ടറി ടിക്കറ്റ് വിൽക്കുന്ന കടകളിൽ മിന്നിക്കളിക്കുന്ന അലങ്കാര ബൾബുകളുടെ പ്രകാശം, വാഹനങ്ങളുടെ മുഖത്തുറപ്പിച്ചിരിക്കുന്ന ബൾബുകളിൽ നിന്നുള്ള പ്രകാശം. അങ്ങനെ പലതും. ബസ്സുകളുടെ നെറ്റിയിൽ തെളിഞ്ഞു കത്തുന്ന പ്രകാശത്തിൽ, അവിടെ കാണാവുന്ന വടിവൊത്ത അക്ഷരങ്ങൾ വായിക്കുക ഒരു രസമാണ്‌.

എന്നെ കടന്ന് ഒരുപാട് മുഖങ്ങൾ പോയി. ചിലതെല്ലാം നിത്യവും കണ്ടു പരിചയമുള്ളതാണ്‌. പക്ഷെ ആ മുഖങ്ങളെ നോക്കി ഇതുവരേയും ചിരിച്ചിട്ടില്ല. വർഷങ്ങളോളം നേർക്കു നേർ നടന്നു പോയാലും ഒന്നു ചിരിക്കുക പോലും ചെയ്യാത്ത ഒരേയൊരു സൃഷ്ടി, ദൈവത്തിന്റെ ഏറ്റവും മഹത്തായ സൃഷ്ടിയെന്ന് സ്വയമവകാശപ്പെടുന്ന മനുഷ്യൻ തന്നെ! ശരിക്കും മഹത്തായ സൃഷ്ടി തന്നെ! ആ ചിന്ത ഞാൻ രസിച്ചു വരികയായിരുന്നു അപ്പോഴാണ്‌ താടി വെച്ച ഒരു രൂപം എന്റെ ശ്രദ്ധയിൽ പെട്ടത്. മുഖത്തിന്റെ മുക്കാൽ ഭാഗവും താടിരോമങ്ങൾ അപഹരിച്ചിട്ടുണ്ടെങ്കിലും എനിക്ക് വളരെ പരിചയമുള്ള മുഖമാണതെന്ന്‌ തോന്നി. ഇതു നിത്യവും കണ്ടു പരിചയമുള്ള മുഖമല്ല. ഞാനെന്റെ ഓർമ്മപുസ്തകത്തിലൂടെ മുന്നോട്ടും പിന്നോട്ടും വായിച്ചു പോയി. എവിടെയാണീ മുഖത്തിനു ഞാൻ കൊടുത്തിരിക്കുന്ന വിവരണം? ആ രൂപം അടുത്തു വന്നു കൊണ്ടിരുന്നു. എനിക്ക് മുഖത്തിന്റെ ഉടമയെ നല്ലതു പോലെയറിയാം. എന്നോടൊപ്പം, എന്റെ സുഹൃത്തുക്കളോടൊപ്പം ഇയാളുണ്ടായിരുന്നു. എന്റെ സഹപാഠിയെ തിരിച്ചറിഞ്ഞെങ്കിലും എനിക്ക് പേര്‌ ഓർത്തെടുക്കാൻ സാധിച്ചില്ല. പേരുകൾ എപ്പോഴും എനിക്ക് പിടി തരാതെ വഴുതി മാറുകയാണ്‌ പതിവ്. ഇവിടെയും, അതു തന്നെ സംഭവിച്ചു. ഞാൻ അന്വേഷണം ഊർജ്ജിതമാക്കി. അയാൾ ഇപ്പോൾ എനിക്ക് അവനായിരിക്കുന്നു. ഇത് ശരത്താണ്‌! ശരത്കുമാർ എന്ന ശരത്ത്. പക്ഷെ ഇവനിവിടെ വരേണ്ട കാര്യം? ഇവന്റെ വീട് വളരെ ദൂരെ എവിടെയോ ആണല്ലോ…ദൂരെ…ഏതാണ്ട് ഒരു മണിക്കൂർ ബസ്സിലിരുന്നാണ്‌ അവൻ കോളേജിൽ വന്നിരുന്നത്. ഇനി ഇതവൻ അല്ലെന്നു വരുമോ? എന്റെ നിരീക്ഷണപാടവത്തിനൊരു പരീക്ഷയാണീ മുഖം. ഞാൻ രണ്ടും കൽപ്പിച്ച് അവൻ വരുന്ന വഴിയിൽ കുറുകെ കയറി നിന്നു. അവൻ എന്തൊക്കെയോ ചിന്തിച്ചു കൊണ്ടാണ്‌ വരുന്നത്. ഇത്രയും ഗഹനമായി ചിന്തിക്കാനെന്തു കാര്യമാണ്‌ അവനുള്ളത്? അവൻ നടന്ന് എന്റെ മുന്നിലെത്തി. അപ്പോൾ മാത്രമാണെന്നു തോന്നുന്നു മുന്നിലെ മാർഗ്ഗതടസ്സം അവൻ ശ്രദ്ധിച്ചത്. തലയുയർത്തി നോക്കിയത് എന്റെ കണ്ണുകളിൽ തന്നെ. ഞാനപ്പോഴാണ്‌ അവന്റെ മുഖം ശരിക്കും കാണുന്നത്. അവൻ ക്ഷീണിതനും നിരാശനുമായിരിക്കുന്നു. അവനെ അത്ഭുതപ്പെടുത്താൻ എനിക്ക് ചെറിയ ഒരു പദ്ധതിയുണ്ടായിരുന്നു. അതു ഞാൻ വേണ്ടെന്നു വെച്ചു. പകരം എന്റെ ചോദ്യം ഇങ്ങനെയായി പോയി.
‘ശരത്തെ, നിനക്കെന്തു പറ്റി?’
എന്റെ ആത്മാർഥത നിറഞ്ഞ ചോദ്യം അവനിൽ അമ്പരപ്പ് സൃഷ്ടിച്ചുവെന്നു തോന്നുന്നു. അവൻ എന്നെ മനസ്സിലാകാത്തത് പോലെ നോക്കി നിന്നു, ശൂന്യമായ കണ്ണുകളോടെ.
ഓ! ഞാനെന്തൊരു വിഡ്ഢിയാണ്‌! വർഷങ്ങൾക്ക് മുൻപ് കണ്ട് പിരിഞ്ഞ എന്നെ എങ്ങനെയാണ്‌ തിരിച്ചറിയുക? പ്രത്യേകിച്ചും കഷണ്ടി എന്റെ മുൻവശത്തെ മുടിനാരുകളെ മുഴുവൻ ആക്രമിച്ചു കീഴടക്കുകയും, എന്റെ വസ്ത്രധാരണ രീതി പാടെ മാറി പോവുകയും ചെയ്ത സ്ഥിതിക്ക്. എനിക്ക് സ്വയം പരിചയപ്പെടുത്തേണ്ടിയിരിക്കുന്നു.
‘ഇതു ഞാനാണ്‌…നീ എന്നെ മറന്നോ?’
എന്റെ പേരു പറഞ്ഞു. അത് കേട്ടിട്ടും അവന്റെ കണ്ണുകളിൽ പരിചയഭാവം നിറഞ്ഞില്ല. അവിടെ ഇപ്പോഴും ശൂന്യതയാണ്‌.
കോളേജിൽ ഒന്നിച്ചു പഠിച്ചതും ഞങ്ങളുടെ സുഹൃദ്സംഘത്തിലെ ഒന്നു രണ്ടു പേരുടെ പേരുകൾ പറയുകയും ചെയ്തപ്പോൾ അവന്റെ കണ്ണുകൾക്ക് ചെറിയൊരു തിളക്കം വന്നു. ഒരു നേർത്ത ചിരി അവന്റെ ചുണ്ടുകൾക്കിടയിൽ തെളിഞ്ഞു. എനിക്കാശ്വാസമായി. മാർഗ്ഗം തടസ്സപ്പെടുത്തിയത് ഞാനുദ്ദേശിച്ചയാളുടേതു തന്നെ. മാറി പോയിരുന്നുവെങ്കിലോ? ആകെ നാണക്കേടായേനെ. ഒരു വലിയ നാണക്കേടിൽ നിന്നു ഞാൻ രക്ഷപെട്ടിരിക്കുന്നു!
‘നിനക്കെന്തു പറ്റി? നീയെന്താ ഇവിടെ?’
എന്റെയുള്ളിൽ അവനു വേണ്ടിയുള്ള ചോദ്യങ്ങൾ നിറഞ്ഞു.
‘ഞാനിവിടെ…ഒരു ഡോക്ടറെ കാണാൻ വന്നതാ…’ അവൻ എന്നിൽ നിന്ന് ഉത്തരം ഒളിപ്പിക്കണോ വേണ്ടയോ എന്ന സംശയത്തിലാണ്‌. തിരക്കുള്ള ഈ റോഡരികിൽ നിന്ന് സംസാരിക്കുവാൻ അവനിഷ്ടപ്പെടുന്നില്ലെന്നു തോന്നി.
‘നമ്മളെന്തിനാ ഈ റോഡ് സൈഡിൽ നിന്ന് സംസാരിക്കുന്നത്? വാ…നമുക്ക് ആ പാർക്കിൽ പോയി ഇരിക്കാം…’
പാർക്ക് അടുത്ത് തന്നെയാണ്‌. എതാനും മീറ്ററുകൾക്കപ്പുറം. ആൾക്കുട്ടത്തിനിടയിലും തനിച്ചിരിക്കാൻ പറ്റിയ ഇടമാണത്. ഉദ്യാനമെന്ന് പറയാൻ കഴിയില്ലെങ്കിലും അവിടെയുമിടെയും ചില ചെടികളും ചെറുവൃക്ഷങ്ങളുമുണ്ട്. കുട്ടികൾക്ക് കളിക്കുവാൻ ചിലതൊക്കെ ഒരുക്കി വെച്ചിട്ടുണ്ട്. നടുവിലായി ഒരു പ്രതിമയും. ആ പ്രതിമ നോക്കി ഞാനൊരു പാടു നേരമിരുന്നിട്ടുണ്ട്. അതൊരു ചിന്തിക്കുന്ന മനുഷ്യന്റെ രൂപമാണ്‌. മനുഷ്യനും മനുഷ്യൻ മെഞ്ഞെടുത്ത രൂപവും ചിന്തിച്ചു കൊണ്ടേയിരിക്കുന്നു…നിരന്തരം. ചിലപ്പോൾ ആ പ്രതിമയും എന്നെ പോലെ, എന്തിനാണിങ്ങനെ സദാ എന്തെങ്കിലും ചിന്തിച്ചു കൊണ്ടിരിക്കുന്നത് എന്നു ചിന്തിക്കുകയാവും. അല്ലെങ്കിൽ തന്നെ എന്ത്‌ ചിന്തിക്കണം എന്നത് ഒരു സ്വാതന്ത്ര്യമാണ്‌. പ്രതിമയ്ക്കും എന്തും ചിന്തിക്കുവാൻ സ്വാതന്ത്ര്യമുണ്ട്!. വെളിച്ചം അധികം വന്നു വീഴാത്ത ഒരു ഭാഗത്തായി ഞങ്ങളിരുന്നു.
‘നിനക്ക്…നല്ല സുഖമില്ലെ?’
‘ഏയ്…അസുഖമൊന്നുമില്ല…എന്റെ കല്ല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ നാല്‌ വർഷത്തോളമായി…’ അവന്റെ ശബ്ദം ദുർബ്ബലമാണ്‌. വളരെ സാവധാനമാണവൻ സംസാരിക്കുന്നത്.
അവൻ തുടർന്നു,
‘പക്ഷെ…ഞങ്ങൾക്കിതു വരെ ഒരു കുട്ടി…ആയില്ല’.
‘ഉം…’ എനിക്കു മൂളാൻ മാത്രമെ കഴിഞ്ഞുള്ളൂ.
അവനെ സമാധാനപ്പെടുത്തണമെന്നു തോന്നി. തികച്ചും സൗജന്യമായി നൽകാവുന്ന ഒരേയൊരു സംഗതി അതാണ്‌.
‘അതു നീ വിഷമിക്കണ്ട…നാലു വർഷമല്ലെ ആയുള്ളൂ…പത്തു വർഷം കഴിഞ്ഞിട്ട് കുട്ടികളുണ്ടാവുന്ന കാര്യമൊക്കെ പത്രത്തിലൊക്കെ വായിച്ചിട്ടില്ലെ?..അതൊക്കെ വഴിയെ ശരിയാകും’
‘ഞാനും വൈഫും…ഒരു പാട് ഡോക്ടർമാരെയൊക്കെ കണ്ടു…ഒരു പാട് ടെസ്റ്റൊക്കെ ചെയ്തു..’
‘..’
‘പക്ഷെ അവരൊക്കെ പറയുന്നത് ഞങ്ങൾ രണ്ടാൾക്കും ഒരു കുഴപ്പവുമില്ലെന്നാണ്‌‘
എനിക്കാപറഞ്ഞത് മനസ്സിലായില്ല. ഭർത്താവിനും ഭാര്യയ്ക്കും കുഴപ്പമില്ല. പക്ഷെ കുഞ്ഞുങ്ങളുണ്ടാവുന്നില്ല.
’അങ്ങനേയും ചിലപ്പോൾ സംഭവിക്കാം എന്നാണ്‌ അവരൊക്കെ പറയുന്നത്..‘
ശരിയാവണം…സയൻസിനും അപ്പുറത്ത് ചില കാര്യങ്ങളുണ്ടല്ലോ. ആർക്കുമിതുവരെ മനസ്സിലാക്കാൻ കഴിയാത്ത എത്രയോ കോടിക്കണക്കിനു കാര്യങ്ങളുണ്ട്…അതു പോലെയാവണം ഇതും.
’ഞാൻ വന്നത്… ഇവിടെ അടുത്തുള്ള ഒരു ആശുപത്രിയിൽ ഒരു ഡോക്ടറെ കാണാനാണ്‌. അയാളീ കാര്യത്തിൽ ഒരു എക്സ്പ്പെർട്ടെന്നാണ്‌ പറയുന്നത്..‘
’എന്നിട്ടയാളെന്തു പറഞ്ഞു?‘
’ഇപ്പോ പുതിയ ചില രീതികളുണ്ട്. അതൊന്നു പരീക്ഷിച്ചു നോക്കാനാണ്‌ തീരുമാനം…അതിനും ചില ടെസ്റ്റുകളും മറ്റും…‘ അതു പറഞ്ഞ് നിരാശനെ പോലെ ശരത്ത് അകലേക്ക് നോക്കിയിരുന്നു.
അപ്പോൾ…ഡോക്ടർ പറഞ്ഞ പുതിയ രീതിയിലും അവന്‌ മുഴുവൻ വിശ്വാസമില്ലെന്നു തോന്നുന്നു. ശരിക്കും ഒരു മടുപ്പ് അവന്റെ മുഖത്ത് കാണുന്നുണ്ട്.
’കുഞ്ഞുങ്ങളില്ലാത്ത ദമ്പതികളുടെ ജീവിതം അർത്ഥശൂന്യമായ ഒരു കവിത പോലെയാണ്‌…വെറുതെ ചില വാക്കുകൾ…‘ എവിടെ വായിച്ചതാണത്?…ഞാനോർക്കാൻ ശ്രമിച്ചു.
ഞാൻ പഴയ ശരത്തിനെ…ക്യാമ്പസിലെ ശരത്തിനെ ഓർത്തെടുത്തു. എന്തുത്സാഹമുള്ളവനായിരുന്നു അവൻ!
ഏതു കാര്യത്തിനും മുന്നിട്ടിറങ്ങുന്നവൻ. ക്രിക്കറ്റ് കളിയിൽ അവനൊരു മിടുക്കനായിരുന്നു. ആ വഴിക്ക് പോയിരുന്നുവെങ്കിൽ അവൻ ഉയരങ്ങളിൽ എത്തിച്ചേരുമായിരുന്നു.
അവനെ കുറിച്ചോർക്കുമ്പോൾ മറ്റൊരു മുഖം കൂടി ഓർമ്മയിൽ കയറി വരുന്നുണ്ട്. രേണുക എന്നൊരു പാവം പെൺകുട്ടിയുടെ…അവളെ കാണുന്നതും തുളസി കതിരിനെ കാണുന്നതും ഒരു പോലെയാണെന്ന് ശർമ്മ പറയുമായിരുന്നു. ശരിയാവണം. എന്നും അമ്പലത്തിൽ പോയി, ചെവിയിൽ തുളസിയില തിരുകിയിട്ടാണവൻ വരിക. ഓർമ്മയ്ക്ക് അതു വളരെ നല്ലതാണത്രെ. അവൻ പറഞ്ഞ ഒരോ കാര്യവും എനിക്കിന്നും നല്ല ഓർമ്മയുണ്ട്…അവനെ പോലെ ദിനവും ചെവിയിൽ തുളസിയില തിരുകാറില്ലെങ്കിലും.
ശരത്തും രേണുകയും തമ്മിലുള്ള അടുപ്പം എല്ലാപേർക്കും നല്ലതു പോലെയറിയാമായിരുന്നു. എല്ലാപേർക്കുമെന്നാൽ, ക്യാമ്പസ്സിനുള്ളിൽ എല്ലാപേര്ർക്കും. ഗോവയിലേക്കുള്ള ടൂർ പോകുമ്പോൾ, ബസ്സിനുള്ളിൽ ശരത്തും രേണുകയും ഒരു സീറ്റിൽ തന്നെയാണിരുന്നത്. അവർ ഒന്നിച്ച് ജീവിക്കുവാൻ പരസ്പരം വാഗ്ദാനം ചെയ്തവരാണ്‌. അവരൊന്നിച്ച് ഈയൊരു ബസ് യാത്ര മാത്രമല്ല ചെയ്യുവാൻ പോകുന്നത്. ജീവിതയാത്ര മുഴുവനും ഒന്നിച്ച് സഞ്ചരിക്കാൻ നിയോഗിക്കപ്പെട്ടവരാണ്‌. അതു കൊണ്ട് തന്നെ അവരുടെ അടുത്തുള്ള ഇടപഴകലുകളിലൊന്നും ഒരു അസ്വാഭാവികതയും തോന്നിയിരുന്നില്ല. എന്നാൽ അസ്വാഭാവികത തോന്നിയത് അവർ പിരിഞ്ഞു എന്നു കേട്ടപ്പോഴാണ്‌. അതിനുള്ള കാരണങ്ങൾ അജ്ഞാതമായിരുന്നു. ആർക്കും അതേക്കുറിച്ച് ചോദിക്കുവാൻ മനസ്സുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. കരഞ്ഞു കലങ്ങിയ മുഖവുമായി രേണുക എന്റെയടുത്തും വന്നിരുന്നു. ഞാൻ ചോദിച്ചിട്ട് അവളൊരു മറുപടിയും തന്നതുമില്ല. എന്നാൽ ശരത്ത് അവളെ വേണ്ടെന്നു വെയ്ക്കുകയായിരുന്നു എന്നു ചില സൂചനകൾ കണ്ണീരിനിടയിൽ കൂടി ഇടറി വീണ വാക്കുകളിൽ നിന്ന് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. എനിക്കു മാത്രമല്ല, മറ്റു പലർക്കും. അവസാന വർഷമവസാനിക്കുവാൻ ഏതാനും ആഴ്ച്ചകൾ ബാക്കി നിൽക്കുമ്പോഴായിരുന്നു അത്.

‘നീ…പഴയ നമ്മുടെ ഫ്രണ്ട്സിനെ ആരേയെങ്കിലും കണ്ടോ?’
ശരത്തിന്റെ ചോദ്യമെന്നെ, പ്രതിമയും ചെടികളും നിൽക്കുന്ന പാർക്കിലേക്ക് തിരികെ വലിച്ചിട്ടു.
‘രേണുകയെ കണ്ടു…’
എന്തു കൊണ്ടെന്നറിയില്ല, രേണുകയെ കുറിച്ച് പറയാനാണ്‌ എനിക്കപ്പോൾ തോന്നിയത്. എന്റെ ചിന്തകൾ ശരത്തിനോട് ഒരുതരം പ്രതികാരഭാവം എന്നിൽ നിറച്ചു കഴിഞ്ഞിരുന്നു.
‘എന്നിട്ട്?..അവളിപ്പോഴെവിടെയാണ്‌?’
‘ദുബായിലാണ്‌…അവധിക്ക് വന്നതാണ്‌…ഏതോ കടയിൽ വെച്ചാണ്‌ ഞാൻ കണ്ടത്’
‘എങ്ങനെയിരിക്കുന്നു?’
മുറിവിൽ മുളക് പുരട്ടാൻ ഇതിലും നല്ല അവസരമില്ല. ഞാൻ ക്രൂരതയുടെ അടുത്ത പടിയിലേക്ക് കയറി നിന്നു കൊണ്ട് പറഞ്ഞു.
‘നന്നായിരിക്കുന്നു…ഭർത്താവും രണ്ടു പിള്ളേരും…നല്ല മിടുക്കൻ പിള്ളേര്‌’
അതു പറഞ്ഞ ശേഷം ഞാൻ ശരത്തിന്റെ മുഖത്ത് തന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. ആ മുഖത്തെ ഒരോ മാംസപേശികളുടെ ചലനവും എനിക്ക് കാണണം.
ആ കണ്ണുകൾ വലുതാവുന്നതും ശേഷം, നിരാശ നിറഞ്ഞ് അവന്റെ മുഖം കുനിഞ്ഞു പോകുന്നതും ഞാനാസ്വദിച്ചു.
‘നിനക്ക്‌ രേണുകയെ ഇപ്പോഴും നല്ലതു പോലെ ഓർമ്മയുണ്ടോ?’
അവൻ മറുപടി തരാതെ, മുഖമുയർത്താതെയിരുന്നു.
അവനെങ്ങനെ മുഖമുയർത്തും? എങ്ങനെ എന്റെ ചോദ്യത്തിനു മറുപടി നല്കും? വഞ്ചകനാണിവൻ.
ഇപ്പോഴവന്റെ നെഞ്ച് നീറുകയാവും. നീറട്ടെ, ഒരു പാവം പെണ്ണിനെ…
അവന്റെ മൗനം എനിക്ക് കൂടുതൽ ഊർജ്ജവുമുത്സാഹവും പകർന്നു.
‘നിനക്കെങ്ങനെ മറക്കാൻ കഴിയും?…നീ അവളെ ഓർക്കും…ഈ ആയുസ്സ് മുഴുവനും…നിങ്ങളു രണ്ടു പേരും ഒരുമിച്ചു ജീവിക്കുന്നത് കാണാൻ കൊതിച്ച കൂട്ടത്തിൽ ഒരാളാ ഞാനും…എന്നിട്ട് അവസാനം…എത്ര നിസ്സാരമായിട്ടാണ്‌ നീയവളെ ഒഴിവാക്കിയത്’

ശരത്ത് മൗനം തുടർന്നു. അതെന്നെ കൂടുതൽ അരിശത്തോടെ ആക്രമിക്കുവാൻ പ്രേരിപ്പിച്ചു.

‘നിന്നെ കൂടുതൽ വെറുത്തത് അപ്പോഴൊന്നുമല്ല, നിന്റെ കൂടെ പഠിച്ചിരുന്ന സുമയുടെ അടുത്ത് നീ കല്ല്യാണമാലോചിച്ച് ചെന്നു എന്നു കേട്ടപ്പോഴാണ്‌…രേണു നിന്നെ അപ്പോഴും വെറുത്തിട്ടുണ്ടാവില്ല…അവൾക്ക് വെറുക്കാൻ അറിയില്ലല്ലോ…അതാണല്ലോ നീ മുതലാക്കിയതും’ എനിക്കെന്റെ നാവിനെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഒരാളെങ്കിലും ഇതും പറയണം…ഇത്‌ ഇവൻ കേൾക്കാനുള്ളതാണ്‌. ഇവൻ ഈ വാക്കുകൾ അർഹിക്കുന്നുണ്ട് അത്രയ്ക്കും.

‘ഇപ്പോൾ നിന്റെ പുരുഷത്വത്തെ കുറിച്ച് എന്തു തോന്നുന്നു?…ജയിച്ചെന്നു വിചാരിച്ച് നീ ഇത്ര നാളും ജീവിച്ചില്ലേ?…ഇപ്പോഴോ?..’
ക്രൂരതയുടെ ആൾരൂപമായി മാറി ഞാൻ ഒരു നിമിഷം.

ഇത്രയൊക്കെ പറഞ്ഞിട്ടും ശരത്ത് ഒരു വാക്ക് പോലും മിണ്ടാതെ മുഖം കുനിച്ചിരിക്കുകയായിരുന്നു.

ഇവൻ മനസ്സു കൊണ്ട് കുമ്പസരിക്കുകയാണ്‌…ഒരു പക്ഷെ മൗനമായി പശ്ചാത്തപിക്കുന്നുണ്ടാവും. എന്നെ പോലെ ഒരാളുടെ വായിൽ നിന്ന്‌ ഇതു പോലെ ചിലത് കേൾക്കാൻ ഇവൻ ഒരുപാട് നാൾ കാത്തിരിന്നിട്ടുണ്ടാവും. കഴിഞ്ഞു പോയ, പരിഹരിക്കാൻ കഴിയാത്ത തെറ്റുകൾ…അതിനു പ്രായശ്ചിത്തം മാത്രമേ ഒരേയൊരു വഴിയെന്ന് അവൻ മനസ്സിലാക്കിയിട്ടുണ്ടാവണം. എന്റെ വാക്കുകൾ ഒരു ബലിമൃഗത്തിനെ പോലെ തലകുനിച്ചിരുന്നു കേട്ടത്…ഒരു പക്ഷെ അതൊരു ശിക്ഷയായിട്ടെങ്കിലും സ്വീകരിക്കുവാൻ തയ്യാറെടുത്തത് കൊണ്ടാവണം.

കൈകൾ മുട്ടിലൂന്നിക്കൊണ്ട്, എന്നോട് ഒരു വാക്കു പോലും പറയാതെ അവനെഴുന്നേറ്റു. എന്റെ നേരെ മുഖമുയർത്തി ഒരു വട്ടം കൂടി നോക്കാതെ ഇരുട്ടു വീണുകിടന്ന സിമന്റ് പാതയിലൂടെ പാർക്കിനു പുറത്തേക്കുള്ള വഴിയിലേക്ക് നടന്നു. അവനപ്പോഴും തലയുയർത്തിയിരുന്നില്ല.

ഞാനെഴുന്നേറ്റ്, നിരാശയുടെ ആ രൂപം നടന്നകന്ന് പോകുന്നത് നോക്കി നിന്നു.
‘ശരത്ത്…’ ഞാൻ പിറകേന്ന് വളരെ ദുർബ്ബലമായ ശബ്ദത്തിൽ വിളിച്ചു. അതവൻ കേട്ടിട്ടുണ്ടാവില്ല.

പരാജിതന്റെ തല കുനിച്ചുള്ള പോക്ക് കണ്ട് എനിക്ക് പശ്ചാത്താപമുണ്ടായി. വേണ്ടായിരുന്നു…
എത്ര ക്രൂരനാണ്‌ ഞാൻ…ഹൃദയം തുറന്ന് സംസാരിക്കാൻ തയ്യാറായി അവൻ വന്നതാവും…സമാധാനിപ്പിക്കുന്നതിനു പകരം…അവന്റെ മുറിവിൽ…ഇപ്പോൾ ശരിക്കും ഇരുട്ടിലാണ്‌ ഞാൻ നിൽക്കുന്നത്..
‘നിനക്ക്…കുഞ്ഞുങ്ങളുണ്ടാവട്ടെ…ഒരുപാട് കുഞ്ഞുങ്ങളുണ്ടാവട്ടെ… ഞാനാരോടെന്നില്ലാതെ മന്ത്രിച്ചു.
എന്റെ മനസ്സ് ആകെ കുഴഞ്ഞു പോയിരിക്കുന്നു. എന്തൊരു മോശം ദിവസമാണ്‌…
ഞാൻ ശരത്തിനെ കണ്ടതും, ഈ പാർക്കിൽ വന്നിരുന്നതും, സംസാരിച്ചതുമെല്ലാം ഒരു സ്വപ്നമായിരുന്നെങ്കിൽ…
എന്റെയുള്ളിൽ എത്രയെത്ര മൃഗങ്ങളാണ്‌…ലജ്ജ കൊണ്ടെന്റെ തല കുനിഞ്ഞു പോകുന്നു. തല കുനിച്ചിരുന്ന് ചിന്തിക്കുന്ന പ്രതിമ പോലെയായിരിക്കുന്നു ഞാനും.

നിയോഗങ്ങൾ ,ഉടൽദാനം എന്നീ എന്ന കഥാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. രസതന്ത്രത്തിൽ ബിരുദവും കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ഡിപ്ലോമയും. ന്യൂസീലാന്റിൽ താമസം.