തൊട്ടാവാടി

ഗുരുവായൂരിൽനിന്ന് യാത്ര തുടങ്ങിയ ട്രെയിൻ തൃശൂർ സ്റ്റേഷനിൽ നിർത്തി വീണ്ടും പുറപ്പെടുന്ന നേരത്താണ് പ്ലാറ്റ്ഫോമിലൂടെ നടന്നകലുന്ന അവളെ ഞാൻ വീണ്ടും ഒരു മിന്നായം പോലെ കാണുന്നത്. അതെ, അവൾ തന്നെ!

വേഷം സാരിയിലേക്ക് മാറിയിട്ടുണ്ട്. ഒന്ന് തിരിഞ്ഞ് നോക്കുന്നതിനും മുൻപ് ട്രൈയിൽ ചൂളം വിളിച്ച് മുന്നോട്ട് കുതിച്ചിരുന്നു. പ്രാചീനമായ ഒരു നോവ് തീവണ്ടിയുടെ ജനലഴികളിലൂടെ ഹൃദയത്തിലേക്ക് ചേക്കേറി. പുറകിലേക്ക് മായുന്ന കാഴ്ചകൾക്കൊപ്പം എൻ്റെ ഓർമ്മകളും പിന്നിലേക്ക് പായാൻ തുടങ്ങി…..

കുന്നംകുളത്തുനിന്നും ‘കോളേജ് സ്പെഷ്യൽ നോട്ട് ബുക്ക്’ എന്ന പേരിൽ പാൻ്റിൻ്റെ പോക്കറ്റിൽ തിരുകാൻ പാകത്തിൽ ചെറിയയൊരു നോട്ട് ബുക്ക് ഇറങ്ങിയിരുന്ന അത്രയും പിന്നിലേക്ക്…!

ബസ്സിൽ കൺസഷൻ കിട്ടാൻ പുസ്തകം നിർബന്ധമായതിനാൽ അങ്ങനെ ഒരെണ്ണം കോളേജിൽ പോകുന്ന സമയത്ത് എന്റെ പോക്കറ്റിലും ഉണ്ടാകുമായിരുന്നു. അതിൻ്റെ വലത് ഭാഗത്ത് ക്ലാസ്സ്നോട്ടുകളും ഇടത് ഭാഗത്ത് പാട്ടുകളുമാണ് എഴുതിയിരുന്നത്.

ഒരുദിവസം കോളേജ് ലൈബ്രറിയുടെ മുന്നിൽ കൂട്ടുകാരോടൊപ്പം സൊറപറഞ്ഞ് നിൽക്കുന്നതിനിടയിൽ ‘ആ ബുക്ക് ഒന്ന് തരാമോ, പാട്ട് എഴുതി എടുക്കാനാ’ എന്ന് ചോദിച്ച് ഒരു പ്രീഡിഗ്രിക്കാരി ഗോവണിപടികൾ ഇറങ്ങി അടുത്തേക്ക് വന്നു. കോളേജ് ക്വയറിലും, ശ്രീകൃഷ്ണവോയിസ് എന്ന ഗാനമേള ട്രൂപ്പിലും പാട്ട് പാടി നാട്ടാരെ മൊത്തം വെറുപ്പിച്ചിരുന്ന കാലം കൂടിയാണ്. അതുകൊണ്ട് തന്നെ പൂജാരിയെ പലർക്കും അറിയാം. പക്ഷെ, പൂജാരി എല്ലാവരെയും അറിഞ്ഞിരുന്നില്ല!

”താൻ പാട്ടൊക്കെ പാടുമോ? ” ഞാൻ ചുമ്മാ ചോദിച്ചു.

“ചെറുതായിട്ട് ” മറുപടിയും വളരെ ചെറുതായിരുന്നു.

“എന്നാ രണ്ട് വരി പാടൂ, എന്നിട്ട് തീരുമാനിക്കാം ബുക്ക് തരണോ വേണ്ടയോ എന്ന് “

ഞാൻ അത് പറയാൻ കാത്ത് നിന്ന പോലെ,
അന്ന് മിൻമിനിയുടെ ഹിറ്റ് ഗാനങ്ങളിൽ ഒന്നായ
”പാതിരാവായി നേരം പനിനീർകുളിരമ്പിളീ….
എൻ‌റെ മനസ്സിൻ‌റെ മച്ചുമ്മേൽ എന്തിനിന്നുറങ്ങാതലയുന്നു…..”
എന്ന ഗാനത്തിൻ്റെ പല്ലവി മാത്രം മനോഹരമായി പാടിക്കൊണ്ട് അവൾ നിർത്തി!

എൻ്റെ കൈ അറിയാതെ പോക്കററ്റിലേക്ക്പോയി പാട്ടെഴുതിയ പുസ്തകമെടുത്ത് അവൾക്ക് നേരെ നീണ്ടു. അവൾ പുസ്തകവും കൊണ്ട് നടന്നകന്നു.

ഞാൻ അന്തംവിട്ട് നിൽക്കുന്നതിനിടയിൽ പാട്ടെഴുതാൻ ബുക്ക് വാങ്ങിക്കൊണ്ട് പോയതിലും വേഗത്തിൽ അവൾ തിരിച്ചെത്തി!

“എന്തേ എഴുതിയെടുത്തില്ലെ?” ഞാൻ ചോദിച്ചു.

“ഉം” എന്നൊരു മൂളലോടെ പുസ്തകം എനിക്ക് തന്ന് അവൾ ഗോവണിപ്പടികൾ കയറി ക്ലാസിലേക്ക് തിരിച്ച് നടന്നു.

എന്തോ പന്തിക്കേട് തോന്നി പുസ്തകം പതിയെ മറിച്ച് നോക്കിയപ്പോൾ അതിനകത്ത് ഒരു കുറിപ്പ്!

ഒരു പ്രണയകുരുക്കിൽചുറ്റിപിണഞ്ഞ് നട്ടം തിരിഞ്ഞിരുന്ന സമയമായിരുന്നതിനാൽ പുതിയ ഒരു അപേക്ഷ കൂടി സ്വീകരിക്കാനുള്ള ‘കപ്പാക്കിറ്റി’ എനിക്കന്നില്ലായിരുന്നു. രണ്ടു മൂന്നു വട്ടം വായിച്ചിട്ടും ആ എഴുത്തിലെ വരികളെ ഏത് അർത്ഥത്തിൽ ഉൾക്കൊള്ളണമെന്ന് അറിയാതെ ഞാൻ കുഴങ്ങി.

അങ്ങനെ ഇടയ്ക്കിടെ കണ്ടും മിണ്ടിയും പാട്ടു പാടിച്ചും കൂടെ പാടിയും ആ സൗഹൃദം മുന്നോട്ട് പോകുന്നതിനിടയിൽ കോളേജ് ജീവിതത്തിന് തിരശ്ശീല വീണു. അതോടെ നേരിൽ കാണൽ അസാദ്ധ്യമായി.

പിന്നീടങ്ങോട്ട് ഇന്ത്യൻ തപാൽ സർവീസിന് ഉദാരമായ സംഭാവനകൾ നൽകികൊണ്ട് ഞങ്ങൾ കത്തിടപടുകൾ തുടങ്ങി.

അന്നൊക്കെ എഴുത്തുമായി വന്നിരുന്നത് അടുത്ത വീട്ടിലെ ധർമേട്ടനാണ്. from address ൽ thottavadi എന്ന് ഇംഗ്ലീഷിൽ എഴുതിയത് ധർമേട്ടൻ ‘തോട്ടവടി ‘ എന്നാണ് വായിച്ചിരുന്നത്.

“സുലൈമേട്ടന് തോട്ടവടിയുടെ എഴുത്തുണ്ട് ” എന്നും പറഞ്ഞാണ് എഴുത്തുകൾ കൊണ്ടുവരിക.
ഞാൻ അത് ‘തൊട്ടാവാടി’ എന്ന് തിരുത്താനും പോയില്ല.

പഠിത്തം കഴിഞ്ഞ് കമ്പ്യൂട്ടർ കോഴ്സും, ട്യൂഷൻ ക്ലാസും ജോലിക്കായുള്ള പരക്കം പാച്ചിലിനുമെല്ലാമിടയിൽ പലപ്പോഴും പല എഴുത്തുകൾക്കും മറുപടി അയക്കാനൊനും സമയം കിട്ടിയിരുന്നില്ല. എൻ്റെ മറുപടികൾ നിലച്ചതിനാലാവണം, ഒരു വെള്ളിയാഴ്ച്ച പള്ളിയിൽ പോകാൻ കയ്യാലപ്പുരയുടെ അടുത്തുള്ള ടാപ്പിൽനിന്നും വുളു എടുത്തോണ്ടിരിക്കുമ്പോൾ പ്രായമുള്ള ഒരാളും നമ്മുടെ കഥാ നായികയും കൂടി വീട്ടിലേക്ക് കയറി വരുന്നു!

എൻ്റെ അടിവയറ്റീന്ന് ഒരു കാളിച്ച വന്ന് നെറുകും തലയിൽ കനംവച്ച് നിന്നു. കൊപ്ലിക്കാൻ വായിൽ കൊടുത്ത വെള്ളം അപ്പാടെ വയറ്റിലേക്ക് ഇറങ്ങി. എങ്കിലും ഒന്നും അറിയാത്ത പോലെ,
“അ.. അ…ആ….രാ?” എന്ന് ഞാൻ വീട്ടുകാർ കേൾക്കെ ഉറക്കെ ചോദിച്ചു.

എൻ്റെ പരിഭ്രമം കണ്ട് അവൾ എൻ്റെനേരെ കണ്ണിറുക്കി കൊണ്ട് പറഞ്ഞു. “ഞങ്ങൾ LIC യിൽ നിന്നാണ്. നല്ല കുറച്ച് പോളിസി പരിചയപ്പെടുത്താനായി വന്നതാ”

തരിപ്പിൽ കയറിനിന്ന എൻ്റെ ശ്വാസം സോഡാ കുപ്പിയിലെ ഗോലി പോലെ താഴെ വീണു !

ഉമ്മ അവർക്ക് കോലായത്തേക്ക് കസേര നീക്കിയിട്ടുകൊടുത്തു. അയാൾ കസേരയിൽ ഇരുന്നു. അവൾ തിണ്ണയിലും.

“LIC യിലൊന്നും എനിക്ക് വലിയ താത്പര്യമില്ല. മാത്രമല്ല പള്ളിയിൽ നമസ്കാരത്തിനുള്ള സമയമായതിനാൽ ഇപ്പോൾ അതേ പറ്റി കൂടുതൽ കേൾക്കാനും നേരമില്ല. നിങ്ങൾ ഇരിക്കൂ. ഞാൻ നമസ്കരിച്ചിട്ട് വരാം” എന്നും പറഞ്ഞ് ഞാൻ വേഗം പള്ളിയിലേക്ക് നടന്നു.

സ്വന്തമായി ഒരു മെട്ട സൈക്കിൾ ഒക്കെ അന്ന് ഉണ്ടായിരുന്നെങ്കിലും പള്ളിയിലേക്ക് നടന്നാണ് ഞാൻ പോവാറ്. കൃഷ്ണേട്ടൻ്റെ വീടിന് മുന്നിലൂടെ മൂസാക്കാടെ അതിലെ പാടം ഇറങ്ങികയറി ഹാജിയാരെ പറമ്പിലൂടെ നേരെ പള്ളിക്കാട്ടിലൂടെയാണ് പള്ളിയിലേക്കുള്ള യാത്ര. പൊതുവെ, കാടുപിടിച്ച് കിടക്കുന്ന പള്ളിക്കാടിൻ്റെ പരിസരത്തേക്ക് എത്തുമ്പോഴേക്ക് തന്നെ ഒരു മരണഭയവും ഭക്തിയും ഒക്കെ എന്നെ പിടികൂടാറുണ്ട്. പക്ഷെ അന്ന് മനസ്സിന് എന്തോ ഒരു മരവിപ്പാണ് അനുഭവപ്പെട്ടിരുന്നത്.

പള്ളിക്കുളത്തിൽനിന്ന് ഒന്നുകൂടി വുളു എടുത്തു. നേരത്തെ വീട്ടിൽനിന്നും എടുത്തത് പൂർണ്ണമായില്ലെന്ന് ഒരു സംശയം!

പള്ളികുളത്തിൻ്റെ പടവുകൾ കയറുമ്പോൾ ഇടത്തെ കണ്ണ് ഞാൻ എന്നും അടച്ചു പിടിക്കും. കയറി വരുന്നതിൻ്റെ ഇടത്തെ ഭാഗത്തെ ഇടനാഴികയിലാണ് മയ്യത്ത് കട്ടിൽ ഇരിക്കുന്നത്. എനിക്കത് കാണുന്നതെ പേടിയാണ്. അതുകൊണ്ട് തന്നെ ആ ഭാഗത്തേക്ക് നോക്കാതെയാണ് പള്ളിയിലേക്ക് കയറി പോവുക. അന്ന് ഇടത്തേ കണ്ണ് അടച്ചു പിടിക്കാനും മറന്ന് പോയി! അല്ലെങ്കിൽ തന്നെ ആകെ മുങ്ങിയവന് എന്ത് കുളിര് !?

അന്നത്തെ ഖുതുബയ്ക്കും നമസ്കാരത്തിനുമെല്ലാം പതിവിലേറെ ദൈർഘ്യമുള്ളതായി തോന്നി. വീട്ടിൽ ഇപ്പോൾ എന്തായിരിക്കും നടക്കുന്നത്, അവൾ എന്തായിരിക്കും അവിടെ പറഞ്ഞിട്ടുണ്ടാവുക എന്നെല്ലാം ഓർത്ത് മനസ്സ് അസ്വസ്ഥമാണ്.

പള്ളി കഴിഞ്ഞ് ഞാൻ വേഗം വീട്ടിലേക്ക് നടന്നു. അടുക്കള വഴിയാണ് വീട്ടിലേക്ക് കയറിയത്. ഉമ്മ എന്തോ പാചകം ചെയ്ത് നിൽപ്പുണ്ട്. എന്തെങ്കിലും പന്തികേട് ഉണ്ടെങ്കിലോ ദേഷ്യപ്പെട്ടാലോ മാത്രമെ ഞാൻ ഉമ്മയെ ഉമ്മാ എന്ന് വിളിക്കാറുള്ളൂ. അല്ലാത്തപ്പോഴൊക്കെ പേര് മത്രമേ വിളിക്കൂ. ഉമ്മാക്കും അതായിരുന്നു ഇഷ്ടം.

ഞാൻ പതിയെ പുറകിലൂടെ ചെന്ന് “ഉമ്മാ…” എന്ന വിളിയോടെ ഉമ്മാടെ കണ്ണ് പൊത്തി.
ഉമ്മയുടെ കണ്ണ് നനഞ്ഞിരിക്കുന്നു! ഉമ്മയുടെ കണ്ണുനീരിൽ എൻ്റെ കൈകൾ പൊള്ളുന്നത് പോലെ തോന്നി!

എന്തുപറ്റി എന്ന് ചോദിക്കാൻ പോലും എൻ്റെ ശബ്ദം പുറത്ത് വന്നില്ല. ഞാൻ വേഗം പെങ്ങളുടെ അടുത്തേക്ക് ചെന്നു. അവളുടെ മുഖവും സങ്കടത്തിലാണ്.

“എന്തു പറ്റി എന്താ ഉണ്ടായത്?” ഞാൻ തിടുക്കപ്പെട്ട് ചോദിച്ചു.

“എന്തുണ്ടാവാൻ, ഒന്നുമുണ്ടായില്ല. അയാൾ LIC പോളിസികളെ കുറിച്ച് കുറേ എന്തൊക്കെയോ പറഞ്ഞു. കുറേനേരം ഇക്കാനെ കാത്തിരുന്നു. പിന്നെ ആ കുട്ടി അകത്തേക്ക് വന്ന് എന്നോട് കുറച്ച്നേരം ഇരുന്ന് സംസാരിച്ചു. അതാണ് ഉമ്മാക്ക് സംശയമായത്. ഉമ്മ ചോദിച്ചപ്പോൾ അത് ഇക്കാടെ കോളേജിൽ പഠിച്ചിരുന്ന കുട്ടിയാണ് എന്നും ഇക്കാടെ സുഹൃത്താണ് എന്നും എനിക്ക് പറയേണ്ടി വന്നു!”

“ഉമ്മാട് അതൊന്നും പറയേണ്ടിയിരുന്നില്ല. എനിക്ക് വരുന്ന എല്ലാ എഴുത്തുകളും നീ വായിക്കാറുള്ളതല്ലെ? ഇങ്ങനെ മുന്നറിയിപ്പില്ലാതെ ഇടിച്ച് കയറി വീട്ടിലേക്ക് തിരക്കി വരും എന്നൊന്നും ഞാനും കരുതിയില്ല”
ഞാൻ പറഞ്ഞു.

അപ്പോഴേക്കും ഉമ്മ ഭക്ഷണം വിളമ്പിവച്ച് വിളിച്ചു. വെള്ളിയാഴ്ച്ചകളിൽ മീൻ കിട്ടാത്തതിനാൽ മുരിങ്ങയിലക്കറിയും ഉണക്ക മീൻ പൊരിച്ചതും അച്ചാറും പപ്പടവും ഒക്കെയാണ് വിഭവങ്ങൾ.
എനിക്ക് ഏറെ ഇഷ്ടമുള്ളവ ആയിട്ടും ഉമ്മാടെ മുഖത്ത് നോക്കുമ്പോൾ ഭക്ഷണം ഇറങ്ങാതെ ഞാൻ പാടുപ്പെട്ടു.

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ ഞാൻ ഉമ്മയോട് ചോദിച്ചു.

“എന്തിനാ ഉമ്മ കരഞ്ഞത്?”

“ഉമ്മ കരഞ്ഞിട്ടില്ല. കണ്ണ് നിറഞ്ഞതെയുള്ളൂ. ഉമ്മാനെ കരയിക്കാതിരിക്കേണ്ടത് നീയാണ്.
എത്ര അടുത്ത സുഹൃത്താണെങ്കിലും ഒരു പെൺകുട്ടി വീട്ടിലേക്ക് തിരക്കി വരിക എന്നത് തികച്ചും നാട്ടിൻപുറമായ നമ്മുടെ ചുറ്റുവട്ടമൊക്കെ അറിഞ്ഞാൽ ഏത് അർത്ഥത്തിലാവും എടുക്കുക എന്ന് ആലോചിച്ചു നോക്കൂ “

അത് പറയുമ്പോഴും ഉമ്മയുടെ ശബ്ദം ഇടറിയിരുന്നു.

പിന്നെ ഞാൻ ഒന്നും അതേ പറ്റി പറഞ്ഞില്ല.

ഭക്ഷണം കഴിച്ച് കഴിഞ്ഞ് ഉമ്മറകോലായത്തെ പടിഞ്ഞാറെ തിണ്ണയിൽ ചെന്ന് നീണ്ട്നിവർന്ന് ഒന്നു കിടന്നു. വിവരങ്ങൾ വച്ച് അവൾക്ക് രണ്ട് വരി എഴുതി വിടണം എന്നുണ്ടായിരുന്നു. പക്ഷെ ഒന്നും എഴുതാൻ കഴിഞ്ഞില്ല. മനസ്സ് അനുവദിച്ചില്ല എന്ന് പറയുന്നതാവും ശരി.

കുറേ നാളുകൾക്ക് ശേഷം അവസാനമായി അവളുടെ ഒരു പോസ്റ്റൽ കാർഡുമായി ധർമ്മേട്ടൻ വീണ്ടും വീട്ടിൽ വന്നു. അതിൽ ഇങ്ങനെ എഴുതിയിരുന്നു.

“താങ്കളെ പോലൊരാളുടെ വിലയേറിയ സ്നേഹം നഷ്ടപ്പെടുന്നതിൽ അതിയായ ദുഖം മറച്ചുവയ്ക്കാൻ കഴിയുന്നില്ല സുഹൃത്തെ. ഒരു പക്ഷെ ഈ വരികളിലൂടെ താങ്കൾക്കത് ഒട്ടും മനസ്സിലായെന്ന് വരില്ല!”
എന്ന്, സ്വന്തം
തൊട്ടാവാടി.

“മഞ്ഞു പൊതിഞ്ഞ മോഹം മിഴി മൂടിയ നാണം
എന്നിൽ ഒതുങ്ങി നിന്നെ എന്നെ ഞാനും മറന്നേ
ഗോവണി താഴത്തു വന്നേ ദാവണി സ്വപ്നവും കണ്ടേ
ഗോവണി താഴത്തു വന്നേ ദാവണി സ്വപ്നവും കണ്ടേ
നിന്നെയുറക്കാൻ ഞാനുണർന്നീ രാവിനു കൂട്ടിരുന്നേ… “

ട്രെയിൻ യാത്ര അവസാനിക്കുമ്പോഴും അന്ന് അവൾ ആദ്യമായി പാടിക്കേട്ട പാട്ടിൻ്റെ ചരണം ഹൃദയം പാടിക്കൊണ്ടേയിരുന്നു.