കടൽ കടന്നവരുടെ കുടലെടുക്കുന്നവർ

വിരസത വീടകത്തെ വരിഞ്ഞുമുറുക്കിയപ്പോഴാണ് ഒരു ജോലി തേടിയിറങ്ങിയത് . സംസാര പ്രിയ ആയതുകൊണ്ട്‌ അതിനുതകുന്ന ഇടവും അധികം അലച്ചിലില്ലാതെ കണ്ടെത്തി. ദുബായ് വാണിജ്യ നഗരത്തിലെ പ്രമുഖ ബിസിനസ് സമുച്ചയത്തിൽ ആകർഷകമായ ഒരു ഓഫീസ് മുറി. സ്ത്രീകൾ നേതൃത്വം നൽകുന്ന സ്ഥാപനമായതിനാൽ ഉള്ളിലെ നാരീശക്തി ആവേശഭരിതയായി. “ഇമ്മിഗ്രേഷൻ കൺസൾറ്റൻറ് ” അതായിരുന്നു തസ്തികയുടെ ഓമനപ്പേര്. കാനഡ , ഓസ്‌ട്രേലിയ , പോളണ്ട് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള മൈഗ്രേഷൻ കൺസൾട്ടൻസിയെന്ന അവകാശവാദത്തിലാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

ദിവസവും പല തരത്തിലുള്ള ആളുകളുമായും ടെലഫോണിൽ നിരന്തരം സംവദിച്ചു. പഠനം കഴിഞ്ഞിറങ്ങാനായവർ മുതൽ അമ്പത്താറു കഴിഞ്ഞവർ വരെ നാടുവിടാൻ വെമ്പുന്നവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ആദ്യമൊക്കെ തൊഴിൽ വളരെ രസകരമായിരുന്നെങ്കിലും പിന്നീട് പല അനുഭവങ്ങളും എന്നിൽ പുനരാലോചനയുടെ മുള പൊട്ടിച്ചു. എങ്ങനെയെങ്കിലും ഗതി പിടിക്കുക എന്ന ലക്ഷ്യത്തോടെയും കൂടുതൽ പണച്ചെപ്പ് തേടിയും നാടുവിടാനായി കാത്തു നിന്നവരുടെ സ്വപ്നം പൂവണിയുന്നില്ല ! അതായിരുന്നു എന്റെ പുത്തൻ തൊഴിൽ പരിസരത്തെ പൊള്ളിച്ചിരുന്നത്.

തലവര തെളിയുന്ന നാൾ വരുമെന്ന പ്രതീക്ഷയിൽ പണമടച്ചവർ അക്ഷമയോടെ കാത്തിരിക്കുന്നു. പറഞ്ഞ പ്രകാരം പണമടച്ചിട്ടും കുടിയേറ്റത്തിന്റെ വാതിൽ തുറക്കാനുള്ള കാലതാമസത്തിനു ന്യായീകരണമായി സ്ഥാപന നടത്തിപ്പുകാർ കൊടുക്കുന്ന വാക്കുകൾ ചെയ്യുന്ന തൊഴിലിനോട് അവമതിപ്പുണ്ടാക്കി.

സ്വന്തം പേരിലല്ല ആളുകളുമായി ആശയ വിനിമയം നടത്തിയത് എന്നതു തുടക്കം മുതലേ അസ്വസ്ഥത ഉളവാക്കിയിരുന്നു. വ്യക്തിയുടെ സ്വകാര്യത മാനിച്ചാണ് പേരുമാറ്റം എന്നാണ് അതിനു മേലുദ്യോഗസ്ഥരിൽ നിന്നു കിട്ടിയ വിശദീകരണം. ഒരു വ്യക്തി തന്നെ പല പേരുകളും പ്രയോഗിക്കുന്നതായും കണ്ടു. ആൾമാറാട്ടത്തിന്റെ രംഗവേദിയിൽ ആട്ടമറിയാത്ത ഞാൻ ഒറ്റപ്പെട്ട തുരുത്തിലെന്ന പോലെ നിശ്ചലയായി.

‘നിങ്ങൾ അയക്കുന്ന ബയോഡാറ്റ മേലുദ്യോഗസ്ഥർ വിലയിരുത്തി ‘എലിജിബിൾ ‘ ആണെങ്കിൽ മാത്രം തുടർ നടപടികൾ ഉണ്ടാകൂ ‘ എന്നാണ് കൺസൾറ്റൻറ് ആദ്യം അപേക്ഷകരോട് പറയുന്നത്.

തൊട്ടടുത്ത ദിവസം തന്നെ എലിജിബിൾ ആണെന്ന മെയിലും വിളിയും വരുന്നു. ഓരോ രാജ്യത്തേക്കും വ്യത്യസ്ത മാനദണ്ഡങ്ങൾ ആണെങ്കിലും ബയോഡേറ്റ കൊടുത്ത എല്ലാവരും എലിജിബിൾ ആയിരിക്കും . കയ്യിൽ പണം ഉണ്ടായാൽ മാത്രം മതി . എല്ലാ അപേക്ഷകരും പണമടക്കേണ്ടത് ഒരുപോലെയല്ല . മൂവായിരം ദിർഹമിൽ കുറയാത്ത ഏതു തുകയും കൺസൾട്ടന്റിനു തീരുമാനിക്കാം. നിങ്ങളുടെ സാമ്പത്തിക അവസ്ഥയും സ്വപ്നഭൂമിയിലെത്താനുള്ള ആവേശത്തിന്റെ തോതും അനുസരിച്ചായിരിക്കും നിരക്ക് നിശ്ചയിക്കുന്നത്.

ഒരു വർഷത്തിനകം ജോലി ലഭിച്ചില്ലെങ്കിൽ പണം തിരിച്ചു കിട്ടുമെന്നു കൂടി തട്ടിവിട്ടാണ് താൽപര്യമുള്ളവരിലേക്ക് ‘ചൂണ്ട ‘എറിയുക. എഗ്രിമെന്റും റെസിപ്പ്റ്റും ലഭിക്കുമെങ്കിലും അടച്ച പണം തിരികെ കൊടുക്കാറില്ല . വളരെ ചുരുക്കം ആളുകളെ റീഫണ്ട് ആവശ്യപ്പെടാറുള്ളൂ എന്നതാണ് യാഥാർഥ്യം . പോയ പണത്തിനു പിറകെ പോകാതെ വിധിയെ പഴിക്കുകയാകും അവർ. മനുഷ്യരുടെ നിസ്സഹായതയും നിർവികാരതയും ചൂഷണം ചെയ്താണ് തട്ടിപ്പുകാർ തിടം വയ്ക്കുന്നത്.

ഉദ്യോഗാർത്ഥി നൽകുന്ന ബയോഡേറ്റ അന്താരാഷ്ട്ര നിലവാരത്തിലേക്കുയർത്തുകയും അസ്സോസിയേറ്റ്സ് വഴി നേരിട്ട് കമ്പനികളുടെ ശ്രദ്ധയിലേക്ക് എത്തിക്കുകയുമാണ് ചെയ്യുന്നതു എന്നാണ് പറയപ്പെടുന്നത്. യഥാർത്ഥത്തിൽ ഇൻഡീഡ്(indeed ) പോലുള്ള ജോബ്‌ പോർട്ടലുകളിൽ അപ്‌ലോഡ് ചെയ്യുക മാത്രമാണ് ചെയ്യുന്നത്‌. ഇതു ഓരോരുത്തർക്കും സ്വന്തമായി തന്നെ ചെയ്യാവുന്നതേയുള്ളൂ എന്നതാണ് പരമ യാഥാർഥ്യം!

ലോണെടുത്തും വസ്തു വിറ്റും കടം വാങ്ങിയും കെട്ടുതാലി പണയപ്പെടുത്തിയും ആളുകൾ മുൻപിൻ നോക്കാതെ പണമടക്കുന്നു . രണ്ടു തവണ വഞ്ചിക്കപ്പെട്ടിട്ടും ഭാര്യാ സഹോദരിയുടെ ആഭരണങ്ങൾ പണയം വെച്ചു വീണ്ടുമൊരു പരീക്ഷണത്തിനൊരുങ്ങിയ ആൾക്ക് തന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെടുമെന്നതിൽ സംശയമേ ഉണ്ടായിരുന്നില്ല. കണ്ണടച്ച് വിശ്വസിക്കുന്ന നിഷ്കളങ്കരുടെ ലോകത്തെ കപടൻമാരാണ് നയിക്കുന്നതെന്നറിയാൻ അകക്കണ്ണാണ് വേണ്ടത്.

ഉള്ള പറമ്പു വിറ്റ് വിദേശത്ത് എത്താൻ മുൻപ് പണം കൊടുത്തു കബളിപ്പിക്കപ്പെട്ട വ്യക്തി രക്ഷപ്പെടണമെന്ന തീവ്രമോഹത്തിലാണ് പുതിയ ഏജൻസിയെ തേടിയെത്തിയത് . എഞ്ചിനീയർ, നേഴ്സ് , ടാക്സി ഡ്രൈവർ തുടങ്ങി എന്തു ജോലി ചെയ്താലും വേണ്ടില്ല എത്ര പണം മുടക്കിയാലും സാരമില്ല, നാടുവിട്ടാൽ മതിയെന്ന് പലവുരു പരിതപിക്കുന്നവരും ധാരാളം . ഖത്തറിൽ നിന്നുള്ള മലയാളികളാണ് കൂടുതലും അന്വേഷണവുമായെത്തുന്നത് .

രണ്ടര വയസ്സുള്ള കുഞ്ഞിനെ ഭർത്താവിനെ ഏല്പിച്ചു അറബ് നാട്ടിൽ ജോലി ചെയ്യുന്ന നേഴ്സ് ആയ വനിത ഇടയ്ക്കിടക്ക് ചോദിക്കുമായിരുന്നു ” മാഡം , ഇതു ഫേക്ക് അല്ലല്ലോ”എന്ന്. കഴുത്തിൽ ചുറ്റിയ വിഷപ്പാമ്പിനോട് കടിക്കുമോ എന്നു ചോദിക്കുന്ന അവസ്ഥ. വർഷങ്ങളായി കുടുംബത്തെ പിരിഞ്ഞുള്ള ജീവിതം അവരെ വല്ലാതെ തളർത്തിയിരുന്നു. എന്റെ ആദ്യത്തെ ക്ലയന്റ് ആയിരുന്നു അവർ. ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നും ഒരാളു പോലും വിദേശത്തു എത്തിയിട്ടില്ലെന്ന് ബോധ്യമായതോടെ ആ അമ്മയുടെ വാക്കുകൾ എന്നെ വല്ലാതെ നൊമ്പരപ്പെടുത്തി. അവരുടെ ദയനീയ സ്വരം ഹൃത്തടത്തെ വിടാതെ വേട്ടയാടി. തൊട്ടടുത്ത ദിവസം തന്നെ ആ തട്ടിപ്പ്താവളത്തിൽ നിന്നും ഇറങ്ങുകയായിരുന്നു .

ഒരിക്കൽ ഓസ്ട്രേലിയയിലേക്കുള്ള പി.ആർ (Permanent Residency) മോഹവുമായി മധ്യവയസ്സു പിന്നിട്ട ഒരാൾ അന്വേഷണവുമായെത്തി. IELTS സ്കോറോ അടിസ്ഥാന ഇംഗ്ലീഷ് പരിജ്ഞാനം കാണിക്കാനുതകുന്ന മറ്റു രേഖകളോ ഹാജരാക്കാൻ കഴിയില്ലായിരുന്നു. ഒറ്റ നോട്ടത്തിൽ തന്നെ അയോഗ്യവാനായ ആ വ്യക്തിയ്ക്ക്‌ അപ്രൂവൽ അയക്കാനും പേയ്മെന്റ് വാങ്ങിക്കാനുമാണ് എനിക്ക്‌ നിർദേശം കിട്ടിയത്. എന്നോടിത് പറയുമ്പോൾ ഭാവവ്യത്യാസമൊന്നും ഉത്തരേന്ത്യക്കാരിയായ ആ മാഡത്തിന് ഇല്ലായിരുന്നു. ആരുടെ വിയർപ്പൂറ്റിയും വയർ നിറയ്ക്കാൻ പാകപ്പെട്ടവരായിരുന്നു അവരെല്ലാം. പണത്തോടുള്ള മതിഭ്രമം ബാധിച്ചവരിൽ നിന്നും കുടിയിറങ്ങുന്നത് ദൈന്യതയായിരിക്കും.

അൽപം മടിച്ചാണെങ്കിലും അതുപോലെ ചെയ്തു. പക്ഷേ ,ദൈവത്തിന്റെ ഒരു ഇടപെടലെന്നോണം ആ സന്ദേശത്തിൽ ചില ഭാഗങ്ങൾ എഡിറ്റ് ചെയ്യാൻ വിട്ടു പോയിരുന്നു. അവരത് കണ്ടെത്തുകയും ചെയ്തു.

ഇതിനിടക്ക് ജോലി ചെയ്യുന്ന സ്ഥാപനമറിയാതെ തൊഴിലന്വേഷകരിൽ നിന്ന് നേരിട്ട് പണം കൈപ്പറ്റുന്ന വിരുതന്മാരുമുണ്ട്. “ഒരു കൂട്ടർ പാവങ്ങളിൽ നിന്നു പണം കവരുന്നു മറ്റൊരു കൂട്ടർ അവരറിയാതെ അതു കൈക്കലാക്കുന്നു. പണം പാവങ്ങളിൽ നിന്ന് പാവങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു” . ഒരു സരസൻ ഇതേ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

വർഷങ്ങളായി ഈ മേഖലയിൽ തട്ടിപ്പുകൾ നടന്നു കൊണ്ടിരിക്കുന്നു. ആളുകൾ അതിനെ കുറിച്ച് ബോധവാന്മാരുമാണ് . എങ്കിലും ഏതു വിധേനയും മനുഷ്യരെ വശത്താക്കാൻ വാചാലരായ വിരുതജീവികൾക്ക് കഴിയും.

ജോലി ചെയ്യുന്ന സ്ഥാപനം സത്യസന്ധമാണോ എന്നു ബോധ്യപ്പെട്ടതിനു ശേഷം മാത്രം അവർക്കു വേണ്ടി പ്രവർത്തിക്കൂ എന്നു എന്നെ ഉപദേശിച്ച വ്യക്തി പിന്നീട് നാടുവിടാനായി പണമടച്ചതായി അറിയാൻ കഴിഞ്ഞു. ഉപദേശം ഉള്ളിലേക്കെടുക്കാത്ത അദ്ദേഹവും ഇരകളുടെ പട്ടിക കൂട്ടി. തട്ടിപ്പു സംഘങ്ങൾ ഉണ്ടാകാം പക്ഷേ ഞങ്ങൾ അത്തരക്കാരല്ലെന്ന് നിങ്ങളെ ബോധ്യപ്പെടുത്തുന്നേടത്താണ് കൺസൾട്ടന്റിന്റെ ‘മികവ്. ‘

മലയാളികളോടാണ് ഇത്തരം ആളുകൾക്ക് പ്രിയം കൂടുതൽ . പുതുലോകം തേടിയുള്ള നമ്മുടെ ഓട്ടത്തെയാണ് ഇവർ മുതലെടുക്കുന്നത്. ഒരു ചെറുകിട സ്ഥാപനത്തിൽ മലയാളികൾക്ക് വേണ്ടി മാത്രം പത്തിലേറെ കൺസൾട്ടന്റുമാർ ഉണ്ടെന്നതിൽ അതിശയോക്തിയില്ല. ഒരു ബിസിനസ്സ് നിലയത്തിൽ തന്നെ ഇത്തരം അനേകം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നു എന്നതും ഒരു വസ്തുതയാണ് .

മുമ്പ്‌ ഏജൻസി വഴി ജോലി ലഭിച്ചവരുടെ വിവരങ്ങൾ ചോദിച്ചറിയുന്നവരുണ്ട് . അവർക്ക്‌ കോൺടാക്ട് ചെയ്യാൻ കിട്ടുന്ന നമ്പർ പലപ്പോഴും സ്ഥാപനത്തിലെ മറ്റു ജീവനക്കാരുടേതാകും. അതാതു മാസത്തെ ടാർഗറ്റ് പൂർത്തീകരണത്തിനായി എന്തു റിസ്ക് എടുക്കാനും കൺസൾട്ടന്റുമാർ തയ്യാറാണ് .

ഒരു തരത്തിൽ പറഞ്ഞാൽ ഇരകളെ തേടി വിളിക്കുന്ന ജീവനക്കാരും ഇരകൾ തന്നെയാണ്. തൊഴിലുടമകൾ ചൂണ്ടയിൽ കോർത്ത ഇരകൾ! സാമ്പത്തിക ഇടപാടിന് ശേഷം എന്തു നടക്കുന്നു എന്നു ഇവർ അറിയുന്നില്ല . ഇനി അറിഞ്ഞാൽ തന്നെ കിട്ടിയ ജോലി കളയാനുള്ള പ്രയാസം അവരെ വരിഞ്ഞുമുറുക്കുന്നു. തൊഴിൽ തേടി കടൽ കടന്നു വന്നവർ കാലിടറാതെ നില്ക്കാൻ ശ്രമിക്കുകയാണ് .
ശമ്പളത്തോടൊപ്പം കമ്മീഷനും വാഗ്ദാനം ചെയ്യപ്പെടുന്നെങ്കിലും പലയിടത്തും ശമ്പളം പോലും കൃത്യമായി ലഭിക്കാറില്ല . സന്ദർശക വിസയിലും ആശ്രിത വിസയിലുള്ളവരും ആണ് ഇവിടങ്ങളിൽ ജോലി ചെയ്യുന്നവരിൽ ഏറിയ പങ്കും. സന്ദർശക വിസയിലുള്ളവർക്ക്, കാലാവധി തീരാറാകുമ്പോൾ പ്രവർത്തന മികവു പോരെന്ന മുദ്ര ചാർത്തി സ്ഥാപനങ്ങൾ കൈ മലർത്തും.

സത്യസന്ധമായി ഈ മേഖലയിൽ സേവനങ്ങൾ നൽകിപ്പോരുന്ന സ്ഥാപനങ്ങളും നിരവധിയാണ് അവർക്കിടയിൽ നിന്നു തട്ടിപ്പുകാരെ തിരിച്ചറിയൽ അത്യന്തം ദുഷ്ക്കരം . പോകാനാഗ്രഹിക്കുന്ന രാജ്യത്തിൻറെ ഔദ്യോഗിക വെബ്സൈറ്റുകൾ വഴി വിവരശേഖരണം നടത്തുകയാണ് വേണ്ടത്. വിളിക്കുന്ന കൺസൾട്ടന്റിനോട് അപേക്ഷകർ ധാരാളമായി സംശയങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കണം . നന്നായി ഗവേഷണം നടത്തിയ ശേഷം മാത്രം ഏജൻസിയെ തെരഞ്ഞെടുക്കുക. എത്ര മുൻകരുതൽ എടുത്താലും അതിനെയെല്ലാം വെല്ലാൻ വല വീശിയിരിക്കുന്നവർക്ക് കഴിയും. പുത്തൻ മോഹങ്ങളിൽ അവർ അപേക്ഷകരെ ഒപ്പം നിർത്തും. സമ്പാദ്യം ചോർത്തുന്നവരുടെ വലയിൽ വീഴാതിരിക്കാനുള്ള മനോബലം ആർജിക്കാതിരുന്നാൽ പ്രവാസം ഉപ്പ് വച്ച കലം പോലെയാകും.

മലപ്പുറം മഞ്ചേരി സ്വദേശിനി. മമ്പാട് എം ഇ എ സ് കോളേജിൽ നിന്ന് അറബിക് ഭാഷയിൽ ബിരുദം. സഹിത്യ കലോത്സവ വേദികളിലൂടെയും മാഗസിനുകളിലൂടെയും എഴുത്തിലേക്ക്. കുടുംബ സമേതം ദുബായിൽ താമസിക്കുന്നു.