ചന്ദ്രകളഭം ചാർത്തിയ ഓർമ്മകൾ

ഇന്ന് വയലാറിന്റെ തൊണ്ണൂറ്റിയേഴാം ജന്മദിനം. വയലാർ രാഘവപ്പറമ്പിലേയ്ക്ക് ഇരുപത്തിനാല് വർഷങ്ങൾക്ക് മുൻപ് ഇതുപോലെയൊരു മാർച്ച് മാസത്തിൽ വയലാറിന്റെ ഓർമ്മകൾ തേടിയുള്ള യാത്രയും അദ്ദേഹത്തിന്റെ ഭാര്യ ഭാരതി രാമവർമ്മയുമായുള്ള സംസാരവും എഴുത്തുകാരി ശ്രീദേവി എസ് കെ വായനക്കാരുമായി പങ്ക് വെയ്ക്കുന്നു.

ഏതോ പച്ചക്കുളത്തിന്റെ,
പായൽക്കുളത്തിന്റെ, വക്കിൽ
നോക്കുകുത്തിയെപ്പോലെ നിന്നിരുന്ന ഒരു
വിഗ്രഹം നാം പിഴുതെറിഞ്ഞു…..
വർഷങ്ങൾ കഴിഞ്ഞു….
നീ ഈ നാടിന്റെ ഗാനമായി,
ജ്വാലയായി,ലഹരിയായി, ഉന്മാദമായി.
ഒടുവിൽ, നീ യാത്ര പറഞ്ഞു പോയപ്പോൾ
കരയാനറിയാത്ത ദൈവങ്ങളും
കരയാൻ മാത്രം പഠിച്ച ഞങ്ങളും
കണ്ണീരൊഴുക്കി.
നീ മലയാളഭാഷയുടെ അഭിമാനമാണ്.
നീ എന്നും അതായിരിക്കും
നിനക്ക് മരണമില്ല….
( മലയാറ്റൂർ രാമകൃഷ്ണൻ)

2000 മാർച്ച്‌.

സന്യാസിനി നിൻ പുണ്യാശ്രമത്തിൽ ഞാൻ സന്ധ്യാപുഷ്പവുമായി വന്നു….
കള്ളിപ്പാലകൾ പൂത്തു… കാടൊരു വെള്ളി പൂക്കുട തീർത്തു…
ഇന്ദ്രവല്ലരി പൂ ചൂടി വരും…

ഇങ്ങനെ നിരവധി പൂപ്പാട്ടുകൾ മനസ്സിൽ ഓടിയെത്തുന്നുണ്ടായിരുന്നു വയലാർ രാഘവപ്പറമ്പിലേക്കുള്ള യാത്രയിൽ. അതുകൊണ്ടുതന്നെ ഭാരതീയമ്മയെ കണ്ട മാത്രയിൽ പൂക്കളെക്കുറിച്ചും ചെടികളെക്കുറിച്ചുമായിരുന്നു ആദ്യ വർത്തമാനം.

വയലാറിലെ രാഘവപ്പറമ്പിൽ വീടിന്റെ മുറ്റത്തെ പവിഴമല്ലിയിൽ, ചെമ്പരത്തിയിൽ, ചുറ്റുമുള്ള പഞ്ചസാര മണൽത്തരികളിലൊക്കെ ഒരു അഭൗമമാന്ത്രികന്റെ സജീവസാന്നിധ്യം തുടിച്ചുനിൽക്കുന്നു. രാത്രിയിൽ ഈ മുറ്റത്തിരുന്നപ്പോഴാവാം കവിയുടെ മനസ്സിന്റെ താഴ്വരയിൽ പാരിജാതം തിരുമിഴി തുറന്നത്.

“ദാ ഈ ചെമ്പരത്തി അദ്ദേഹത്തിന്റെതാണ്. അന്നിവിടെ ഒരു പൂന്തോട്ടമായിരുന്നു. ഇന്നിപ്പോൾ വസന്തമൊക്കെ പോയില്ലേ” അന്നുണ്ടായിരുന്ന ചെടികളിൽ വളരെ കുറച്ചു മാത്രമേ ഇപ്പോഴുള്ളൂ എന്ന് ഭാരതിയമ്മ. “എവിടെപ്പോയി വന്നാലും കാറിന്റെ ഡിക്കിയിൽ നിറയെ ചെടികളായിരിക്കും. റോസാണ് പ്രധാനം. മുറ്റം നിറയെ ചെടികളായിരുന്നു. പച്ചപ്പായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. തണലായിരുന്നു അദ്ദേഹത്തിന് ഇഷ്ടം.” ഓരോന്നും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ കഥകൾ അയവിറക്കുമ്പോൾ 18 വർഷക്കാലം വയലാർ രാമവർമ്മയുടെ സ്നേഹം അനുഭവിച്ച ഭാരതീ രാമവർമ്മയുടെ കണ്ണുകൾ ഈറനാകുന്നത് ശ്രദ്ധിച്ചു.

പിന്നീട് സംഭാഷണം ഭക്ഷണത്തെപ്പറ്റിയായി.

“അദ്ദേഹത്തിന്റെ ഭക്ഷണകാര്യത്തിൽ പ്രത്യേകതയുണ്ട്. ഓരോ നുള്ളാണ് കഴിക്കുന്നതെങ്കിലും ധാരാളം വിഭവങ്ങൾ വേണം. സാമ്പാറും എള്ളുകറിയും പ്രധാനം. തൈരും കടുകുമാങ്ങയും ഇല്ലാതെ കഴിക്കുകയേയില്ല. മദ്രാസിലൊക്കെ പോകുമ്പോൾ പാചകക്കാരനെ കൂടെ കൊണ്ടുപോകും. ചൂട് ദോശയും പച്ചമുളകു ചമ്മന്തിയും വളരെ പ്രിയമാണ്. കുട്ടികളെയും നന്നായി പച്ചക്കറി കഴിപ്പിക്കും. കൂടെയിരുത്തി ഉരുട്ടി വായിൽ വെച്ചുകൊടുക്കും അവരുടെ കൂടെ കളിക്കാനും കൂടും. കുട്ടികൾക്കും വലിയ ഇഷ്ടമായിരുന്നു…….”

വയലാറിന്റെ കവിതകളൊക്കെ കുട്ടിക്കാലത്ത് വായിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് നീണ്ട ഒരു മൗനത്തിനു ശേഷമാണ് ഉത്തരം നൽകിയത്.

” കുട്ടിക്കാലത്ത് അദ്ദേഹത്തെ പറ്റി കേട്ടറിവുണ്ടായിരുന്നു എനിക്ക്. കവിതകളൊക്കെ ധാരാളം വായിച്ചിട്ടുണ്ട്. ചേച്ചി ഉണ്ടായിരുന്നപ്പോൾ ഞാൻ ഇവിടെ വരുമായിരുന്നു. അന്ന് സ്കൂളിൽ അവതരിപ്പിക്കാൻ പ്രസംഗവും മറ്റും അദ്ദേഹം എഴുതിത്തന്നത് ഓർക്കുന്നു. “

“അമ്മയ്ക്ക് ആണും പെണ്ണുമായി കുട്ടൻ (വയലാർ) മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ചേച്ചി ചന്ദ്രമതിയെയാണ് അദ്ദേഹം ആദ്യം വിവാഹം ചെയ്തത്. എട്ടുവർഷത്തോളം കുട്ടികളുണ്ടാകാതെയിരുന്നപ്പോൾ അമ്മ മറ്റൊരു വിവാഹത്തിന് നിർബന്ധിച്ചു. അങ്ങനെ ഒരു നിയോഗം പോലെയാണ് ഞാനിവിടെ വന്നത്.” അടുത്തിരുന്ന് പഴയ കഥകളിലേക്ക് ഊളിയിട്ടപ്പോൾ പലപ്പോഴും ആ കണ്ണുകളിൽ പ്രകാശം പരക്കുന്നത് കണ്ടു.

“ഇങ്ങെത്തിയതിൽപ്പിന്നെ വായനയൊന്നും നടന്നില്ല. പണ്ട് ധാരാളം പശുക്കളുണ്ടായിരുന്നു ഇവിടെ. മറ്റു വീടുകളിൽ നിന്ന് പാൽ വാങ്ങില്ല. പുറത്തുനിന്ന് ചായ പോലും കുടിക്കില്ല. പാചകക്കാരും മറ്റു ശമ്പളക്കാരും ഒക്കെയുണ്ട്. പക്ഷേ എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിക്കണമായിരുന്നു.”

” ജോലിക്കാർക്ക് ഭക്ഷണം കൊടുക്കുന്നതിൽ പ്രത്യേക നിഷ്കർഷകളുണ്ട്. 12:30ക്കകം ചോറു കൊടുത്തിരിക്കണം. നാലുമണിക്ക് കാപ്പിയും പലഹാരങ്ങളും കൊടുക്കണം എന്നൊക്കെ നിർബന്ധിക്കും. “
വയലാർ എന്നും സമൂഹത്തിലെ സാധാരണ ജനങ്ങളെയാണ് ഇഷ്ടപ്പെട്ടത്. സാധാരണക്കാർക്ക് അദ്ദേഹത്തെയും ജീവനായിരുന്നു. തന്റെ ഗാനങ്ങളിലൂടെ, നോവുമാത്മാക്കളെ സ്നേഹിക്കാത്ത തത്വശാസ്ത്രങ്ങളെ എതിർത്ത അദ്ദേഹം സംഘടിച്ച് ശക്തരാകുവാൻ തൊഴിലാളികളോട് ആഹ്വാനം ചെയ്തു. അമ്പലങ്ങളിൽ തൊഴാൻ പോകുന്ന പതിവ് അദ്ദേഹത്തിനുണ്ടായിരുന്നില്ല. പാവപ്പെട്ടവരെ സഹായിച്ചാൽ അതാണ് ദൈവം ഏറ്റവും ഇഷ്ടപ്പെടുക എന്ന് അദ്ദേഹം വിശ്വസിച്ചു.

വയലാറിന്റെ മനം നിറയെ സ്നേഹമായിരുന്നു അല്ലേ? വാശിയും ദേഷ്യവും ഒക്കെ എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് നീണ്ട ഒരു മറുപടിയാണ് കിട്ടിയത്.

“എല്ലാവരോടും സ്നേഹമായിരുന്നു അദ്ദേഹത്തിന്. അസുഖമാണെങ്കിൽ പോലും സദാ സന്തോഷവാനായിരിക്കും. ഒരിക്കൽ ശ്രീ.അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ഭാര്യ അമ്മിണിചേച്ചി കുട്ടനെ കാണണമെന്ന് പറഞ്ഞു. വിവരമറിഞ്ഞ് വയലാർ മദ്രാസിൽ നിന്നെത്തി. കാരണം അച്യുതമേനോനൊടും കുടുംബത്തോടും പ്രത്യേക സ്നേഹബന്ധം ഉണ്ടായിരുന്നു വയലാറിന്. അമ്മിണി ചേച്ചി മുറുക്കാനൊക്കെ കൊടുത്തു. കുറേനേരം സംസാരിച്ചിരുന്നു. ശ്രീ അച്യുതമേനോനോടൊപ്പം ചായയും കഴിച്ചിട്ടാണ് കുട്ടൻ മടങ്ങിയത്.

വാശിയും,ദേഷ്യവുമൊക്കെയുണ്ട്. വൃത്തിയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. ഒരു പേപ്പർ കഷ്ണം പോലും നിലത്തു കിടക്കാൻ പാടില്ല. ഇക്കാര്യങ്ങൾക്കൊക്കെ വളരെ വാശിയായിരുന്നു. “

കവിതയെഴുത്തും കവിതയെഴുത്തിന്റെ സമയവും ഒക്കെയായൊരുന്നു പിന്നീട് സംസാരത്തിൽ വന്നത്.

” കവിതയെഴുത്തിന് പ്രത്യേകിച്ച് സമയമൊന്നുമില്ല. രാത്രി രണ്ടുമണിക്ക് ഇരുന്നെഴുതുന്നത് കണ്ടിട്ടുണ്ട്. ചിലർക്ക് ഒരു ധാരണയുണ്ടായിരുന്നു. അദ്ദേഹത്തിന് കവിതയെഴുതാൻ ധാരാളം സമയം വേണം, കുടിച്ചിട്ട് മാത്രമേ എഴുതൂ എന്നൊക്കെ. എന്നാൽ ഇതൊന്നും ശരിയല്ല. ഇവിടെയിരുന്ന് ഫോണിൽ പറഞ്ഞ് ദേവരാജൻ മാഷ് എഴുതിയെടുത്തിട്ടുണ്ട് ഗാനങ്ങൾ. പാടുന്നത് യേശുദാസും കൂടിയാകുമ്പോൾ പാട്ട് ഹിറ്റാകുമയിരുന്നു. വിമർശനങ്ങളെയൊന്നും അദ്ദേഹം വെറുതെ വിട്ടില്ല. നേരെ എതിർക്കും. നിരാശ ഒട്ടുമില്ല. എന്തും പറയാൻ നല്ല തന്റേടമായിരുന്നു തൂലിക പടവാളാക്കിയ കവിക്ക്. “

വസ്ത്രധാരണത്തിലും പ്രത്യേക താൽപര്യങ്ങളായിരുന്നു വയലാറിന്. പച്ചക്കരയുള്ള ഡബിളും വെളുത്ത ഷർട്ടും മാത്രമേ ധരിച്ചിരുന്നുള്ളൂ.

വയലാറിന്റെ കുട്ടിക്കാലത്തെപ്പറ്റി അമ്മ അംബാലിക തമ്പുരാട്ടി ഭാരതിയമ്മയോട് എന്തൊക്കെ പറഞ്ഞിട്ടുണ്ടാവും എന്നറിയാനൊരു കൗതുകം തോന്നി.

“കൊച്ചു കുട്ടിയായിരുന്നപ്പോൾ അമ്മാവൻ അദ്ദേഹത്തെ ഗുരുകുല സമ്പ്രദായത്തിൽ സംസ്കൃതം പഠിപ്പിച്ചു. രാത്രിയിൽ ചങ്ങമ്പുഴക്കവിതകൾ വായിക്കുമായിരുന്നു. അമ്മാവൻ ഉറങ്ങിക്കഴിഞ്ഞാൽ അമ്മ മണ്ണെണ്ണ വിളക്ക് കൊളുത്തി കൊടുക്കും. കവിതയെഴുതിയാൽ കമ്മ്യൂണിസ്റ്റാകും, മ്ലേഛതയാണിതൊക്കെ,നമുക്കിതൊന്നും പാടില്ല എന്നൊക്കെയാണ് അമ്മാവന്റെ മതം. എന്നാൽ അമ്മ അന്നും കുട്ടന് തുണയായി. സ്കൂളിൽ പോകുമ്പോൾ പൂണൂലുള്ളവർ തോർത്തുടുക്കണം എന്നാണ് നിയമം. എന്നാൽ അമ്മ പകുതി വഴിയിൽ വച്ച് ഷർട്ടും നിക്കറും ഇട്ടു വിടും, തിരികെ വീട്ടിലെത്തുന്നതിന് മുൻപ് അത് മാറ്റി തോർത്തുടുക്കും. അങ്ങനെയാണ് അമ്മ കുട്ടനെ വളർത്തിയത്.”

Image Courtesy : Online & Social Media

” കവിതയെഴുത്തിലും അമ്മയുടെ സ്വാധീനമുണ്ടായിരുന്നു. അമ്മയുണ്ടെങ്കിലേ എഴുത്തുവരൂ. അങ്ങനെയായിരുന്നു അമ്മയും കുട്ടനും തമ്മിലുള്ള ബന്ധം. അതുപോലെ മറ്റാരെങ്കിലും ഉണ്ടോ എന്ന് സംശയം. കവിതയെഴുതിയാൽ ആദ്യം അമ്മയെ വായിച്ചു കേൾപ്പിക്കും. ഞാൻ ആ വശത്തേക്ക് പോകാറേയില്ല. ഒരിക്കലും അമ്മയെ അദ്ദേഹം വിഷമിപ്പിച്ചിട്ടില്ല. അമ്മയെ മദ്രാസിൽ കൂടെ കൊണ്ടുപോയിട്ടുണ്ട്. അമ്മയെ അമ്പലങ്ങളിലും കൊണ്ടുപോകും. ഒരിക്കലും വേർപിരിയാനാവാത്ത സ്നേഹമായിരുന്നു. കുട്ടനും അമ്മയ്ക്കും തമ്മിൽ. മനസ്സുനിറയെ സ്നേഹമായിരുന്നു എന്നോട്. പക്ഷേ പ്രകടിപ്പിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഗാനങ്ങളിൽ നിറഞ്ഞുനിൽക്കുന്നതും സ്നേഹമാണല്ലോ. 18 വർഷം ഞങ്ങൾ ഒരുമിച്ച് ജീവിച്ചു. എന്നാൽ ആദ്യത്തെ മൂന്നുനാലു വർഷങ്ങൾക്ക് ശേഷം അദ്ദേഹം മദ്രാസിൽ പോയതിൽ പിന്നെ തുടർച്ചയായി രണ്ടുമാസത്തിൽ കൂടുതൽ ഇവിടെ നിന്നിട്ടേയില്ല. രണ്ടാമത്തെ കുട്ടി ജനിച്ച് തൊട്ടടുത്ത ദിവസം തന്നെ പാലാട്ട്കോമനു വേണ്ടി പാട്ടെഴുതാൻ ഉദയാസ്റ്റുഡിയോയിലേക്ക് പോയി. അതിനുശേഷം അദ്ദേഹത്തെ ശരിക്കൊന്നു കണ്ടുകിട്ടാൻ പോലും സാധിച്ചിട്ടില്ല. “

“മദ്രാസിലായിരിക്കുമ്പോൾ വയലാറിന്റെ കൂട്ടുകാർ പറയും കുട്ടൻ ഭാര്യയെ ഒന്ന് കൊണ്ടുവരണമെന്ന്. പ്രായമായ അമ്മയെ തനിച്ചുവിട്ട് പോകാൻ ഭാരതി അമ്മയ്ക്ക് പക്ഷേ മനസ്സ് വന്നില്ല. പിന്നീട് വളരെക്കാലം കഴിഞ്ഞ് അദ്ദേഹത്തിന്റെ കൂട്ടുകാർ മദ്രാസിൽ നിന്ന് അമ്മയെ വിളിച്ചു നിർബന്ധിച്ചതു കൊണ്ട് ഒപ്പം പോയി. കരഞ്ഞുകൊണ്ടാണ് ഭാരതിയമ്മ വീട്ടിൽ നിന്നിറങ്ങിയത്.

മദ്രാസിൽ അദ്ദേഹത്തിനു താമസിക്കാൻ വീട് നോക്കണമായിരുന്നു. എല്ലാ സൗകര്യങ്ങളും ഉള്ള ഒരു ചെറിയ വീടു വേണം. ഫോൺ നിർബന്ധമാണ്. നാലുദിവസത്തെ തിരച്ചിലിനുശേഷം വീട് കിട്ടി. ഇടയ്ക്ക് അദ്ദേഹം പറയും അമ്മ എപ്പോഴാണെന്നറിയില്ല വിളിക്കുന്നത് എന്ന്. കൂട്ടുകാരുടെ വീട്ടിൽ പോകണം എന്നൊക്കെ വിചാരിച്ചിരുന്നതാണ്. അപ്പോഴാണ് അമ്മയുടെ ഫോൺ, ഭാരതിയെ ട്രെയിൻ കയറ്റി വിടണം എന്ന്. “

അമ്മയ്ക്ക് ഭാരതീയമ്മയോട് ഭയങ്കര സ്നേഹമായിരുന്നു. വേറെ ആരും ആഹാരം കൊടുത്താൽ കഴിക്കില്ല. ഭാരതി തന്നെ കൊടുക്കണം. പുറത്ത് എവിടെ പോയാലും ഭാരതീയമ്മയും അമ്മയും ഒരുമിച്ചേ പോകാറുണ്ടായിരുന്നുള്ളു.

അമ്മ ഒരു വലിയ സ്വാധീനമായിരുന്നു വയലാറിനും ഭാരതീയമ്മയ്ക്കും. വളരെ കാര്യപ്രാപ്തിയുള്ള സ്ത്രീയായിരുന്നു അംബാലിക തമ്പുരാട്ടി. അമ്മയില്ലായിരുന്നെങ്കിൽ അദ്ദേഹത്തിന്റെ മരണശേഷം ഭാരതീയമ്മയ്ക്ക് പിടിച്ചു നിൽക്കാനാവുമായിരുന്നില്ല.

“കുട്ടികളും എങ്ങും എത്തിയിട്ടില്ല അന്ന്. കുട്ടികളുടെ വിവാഹവും കഴിഞ്ഞാണ് അമ്മ മരിക്കുന്നത്. 98 വയസ്സിൽ”.

വയലാർ എപ്പോഴും വായിക്കുമായിരുന്നു. രാമായണം, മഹാഭാരതം, ബൈബിൾ തുടങ്ങി എല്ലാം വായിക്കും. തിരുവാതിരയും ഓണവും വിഷുവും എല്ലാവർഷവും ആഘോഷിക്കും. ക്രിസ്മസിന് വീട്ടിൽ പുൽക്കൂടുണ്ടാക്കും. അലങ്കാരങ്ങളൊക്കെ നടത്തും. അച്ഛന്റെ ശീലമായിരുന്നതുകൊണ്ട് മക്കൾ ഇന്നും അത് തുടരുന്നു.

ഈശ്വരൻ ഹിന്ദുവോ ക്രിസ്ത്യാനിയോ മുസൽമാനോ അല്ലെന്നും മതങ്ങൾ മനുഷ്യസൃഷ്ടികളാണെന്നും ഉറക്കെ വിളിച്ചു പറയുന്ന ശക്തിയേറിയ ഗാനങ്ങൾ ആയിരുന്നു വയലാറിന്റേത്. മനുഷ്യനോട് മുഖംമൂടി വലിച്ചെറിയാനാവശ്യപ്പെട്ട കവി തന്റെ ദർശനങ്ങൾ ജീവിതത്തിലും മുറതെറ്റാതെ പാലിച്ചിട്ടുണ്ട്.

Image Courtesy : Online & Social Media

പ്രകൃതിയെയും നദികളെയും നക്ഷത്രങ്ങളെയും സ്നേഹിച്ച വയലാർ മക്കൾക്ക് പേരിട്ടതിലുമുണ്ട് പ്രത്യേകത. ശരത്ചന്ദ്രൻ, ഇന്ദുലേഖ, സിന്ധു (late),യമുന. മകരമാസത്തിലെ വെളുത്തവാവിന് ജനിച്ചതു കൊണ്ടാണ് മകന് ‘ശരത്ചന്ദ്രൻ’ എന്ന്‌ പേരിട്ടത്. ഇന്ദുലേഖ ചന്തുമേനോന്റെ സ്വാധീനമാണ്. സിന്ധുവും യമുനയും വയലാറിന്റെ പ്രിയപ്പെട്ട നദികളാണ്.

സംഭാഷണത്തിനൊടുവിലെ നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം ഭാരതിയമ്മ ഒരു കാര്യം പറഞ്ഞു നിർത്തി.

“ഒരിക്കൽ ഞാനും കുട്ടികളും അദ്ദേഹത്തോടൊപ്പമിരിക്കുമ്പോൾ എന്നോടൊരു ചോദ്യം. നിന്റെ കുട്ടികളുടെ അച്ഛൻ എന്നല്ലാതെ എന്നെപ്പറ്റി നിനക്കെന്തെങ്കിലും അറിയാമോ? അത്രയും അറിഞ്ഞാൽ മതിയെന്ന് ഞാൻ. ഞാനിപ്പോൾ മരിച്ചാൽ നിനക്ക് ഞാനാരാണെന്ന് മനസിലാകും എന്നൊരു മറുപടി. അതിന് ഒന്നരയാഴ്ച കഴിഞ്ഞാണ് അദ്ദേഹത്തിന്റെ മരണം. അതൊരു വലിയ ചോദ്യമായിരുന്നു. അതുവരെ ചോദിക്കാതിരുന്ന ചോദ്യം. മരിച്ചുകഴിഞ്ഞ് അദ്ദേഹം ആരായിരുന്നു എന്ന് ഞാൻ മനസ്സിലാക്കി”.

47 വയസ്സിലായിരുന്നു വയലാറിന്റെ മരണം. രാഘവപ്പറമ്പിൽ സ്വീകരണമുറിയിൽ വയലാർ ഇരുന്നുവരപ്പിച്ച ഒരു വലിയ ഫോട്ടോ. ഫോട്ടോയെടുക്കുന്നതിൽ ഒട്ടും താല്പര്യമുള്ളയാളായിരുന്നില്ല അദ്ദേഹം. അലമാര നിറയെ ആരാധകരുടെ സമ്മാനങ്ങൾ. കിട്ടിയ പുരസ്കാരങ്ങളൊക്കെ ‘പ്രസന്റ്റഡ് ബൈ വയലാർ’ എന്നെഴുതി മറ്റുള്ളവർക്ക് കൊടുത്തിരുന്ന അദ്ദേഹം അവാർഡുകളിൽ വലിയ കാര്യം കണ്ടിരുന്നില്ല. ആയിരം പാദസരങ്ങൾ കിലുക്കി കടന്നുപോയ കവിയുടെ ഓർമകൾ പരന്നൊഴുകാൻ അദ്ദേഹം നമുക്ക് സമ്മാനിച്ച ഗാനങ്ങൾ മാത്രം മതിയാകും.

Image Courtesy : Online & Social Media

തിരികെ നടക്കുമ്പോൾ രാഘവപറമ്പിൽ വയലാറിന് ഒരു സ്മൃതി മണ്ഡപം തയ്യാറാവുന്നുണ്ടായിരുന്നു. മലയാള സിനിമാഗാന ലോകത്തിന്റെ കാല്പനിക വസന്തമായിരുന്നു വയലാർ രാമവർമ്മ. ഇമ്പം തുളുമ്പുന്ന ഗാനങ്ങൾ മലയാളികളുടെ മനസ്സിൽ കോരി നിറച്ച് കടന്നുപോയ അദ്ദേഹത്തിന് പ്രകൃതിയോടും പൂക്കളോടും രാത്രിയോടുമൊക്കെ അടങ്ങാത്ത സ്നേഹമായിരുന്നു. നദികളിൽ സുന്ദരി യമുനയും ഇന്ദ്രവല്ലരി പൂചൂടി വരും സുന്ദരഹേമന്തരാത്രിയുമെല്ലാം കവിയുടെ മനസ്സിലെ വറ്റാത്ത സ്നേഹത്തിന്റെ പ്രതിധ്വനികളാണ്. ഈ വർണ്ണ സുരഭിയായ ഭൂമിയിൽ അദ്ദേഹം വന്നിട്ട് ഇന്ന് തൊണ്ണൂറ്റിയേഴ് വർഷങ്ങൾ ആവുന്നു. ചന്ദ്രകളഭം ചാർത്തിയ ആ പിറന്നാളോർമ്മയിൽ അദ്ദേഹം സമ്മാനിച്ചുപോയ ഗാനങ്ങളിൽ കൂടി വയലാർ എന്ന അനശ്വര പ്രതിഭയെ മലയാളി വീണ്ടും വീണ്ടും ഹൃദയത്തിലേറ്റുന്നു.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.