തറവാട്

ആൾ പാർപ്പില്ലാത്ത
പഴയ തറവാട് വീട്ടിൽ
സ്മരണകളുടെ
ജൈവ പ്രദർശനം
നടക്കുന്നു.

അടുക്കളയിൽ
തേയ്മാനം വന്ന്
തീരാറായ ഈർക്കിൽ
ചൂലിൽ തേരട്ടകളുടെ
മെയ്‌വഴക്കം..

അമ്മിക്കല്ലിലും
അലക്കുകല്ലിലും
തേഞ്ഞു പോകാത്ത
ആത്മരാഗങ്ങൾ
കലവറയിൽ
ഈണത്തിൽ
പാടുന്ന ചീവീടുകൾ.

ഉമ്മറച്ചുമരിൽ
ആൺ തീർപ്പുകളുടെ
പ്രഹരമേറ്റു ചതഞ്ഞ
പെൺഗൗളിയുടെ
ജൈവാവശിഷ്ടം.

വടക്കേമുറിയിൽ
വവ്വാലുകൾനടത്തുന്ന
പ്രണയചുംബനങ്ങളുടെ
സീൽകാരശബ്ദം.

പൂജാമുറിയിൽ
ചിതലരിച്ചുപോയ
ദൈവങ്ങൾക്ക്‌ മുമ്പിൽ
വാലൻ മൂട്ടകളുടെ
ദീർഘ നമസ്കാരം.

തെക്കേ മുറിയിൽ
വിതുമ്പുന്നതിന്റെയും
വിധേയപ്പെടുന്നതിന്റെയും
അടക്കിപ്പിടിച്ച
അരിപ്രാവിന്റെ കുറുകൽ.

സ്വീകരണ മുറിയിൽ
നാവടക്കം വിധിക്കപ്പെട്ട
പെണ്ണെറുമ്പിന്റെ
മനസ്സറിയാത്ത
വിവാഹഘോഷയാത്ര.

പൂമുഖത്ത്
ജാലകപ്പടിയിൽ
അടിയാളനായി
തൊഴുതു നിൽക്കുന്ന
അണ്ണാറക്കണ്ണൻ

മച്ചിൻ മുകളിൽ
കാര്യസ്ഥനായി നിന്ന്
കാഴ്ച്ചക്കുലകൾ
അടുക്കിവെക്കുന്ന
മരപ്പട്ടിയുടെ
കാൽ പെരുമാറ്റം.

മുറ്റത്തെ തുളസി തറയിൽ
മൺ ചെരാതിലൂടെ
ഒലിച്ചിറങ്ങിയ
എണ്ണ ക്കറുപ്പ് പോലെ
സന്ധ്യയിൽ
കുരുടൻ പാമ്പിന്റെ
വക്ര സഞ്ചാരം.

ജീവിച്ചു തീർത്തവരെയും
ഉപേക്ഷിച്ചു പോയവരെയും
സ്മരണകളുടെ
ജൈവ പ്രദർശനം
സൗജന്യമായി കാണാൻ
ആൾ പാർപ്പില്ലാത്ത
തറവാട്
സ്നേഹപൂർവ്വം
ക്ഷണിക്കുന്നു.

വടകര,ഇരിങ്ങണ്ണൂർ ഹയർ സെക്കന്ററി സ്കൂൾ റിട്ടയേർഡ് പ്രിൻസിപ്പൽ ആണ്.