
ഞാനവളെയിന്ന് വീണ്ടുമോർത്തു.
എന്താണവൾക്ക് സംഭവിച്ചത്?
അറിയില്ല.
ഉച്ചത്തിൽ ചിരിച്ച്,
എവിടെയും സന്തോഷം നിറച്ചിരുന്ന
അവളെയെനിക്കിന്ന് കാണാനാവുന്നില്ല.
ആൾക്കൂട്ടങ്ങളിൽ സുപരിചിതമായ
അവളുടെ മുഖമിന്ന്
എവിടെയും തടയുന്നില്ല.
അവളുടെ ലാവെൻഡറുകളെല്ലാം
നിറം മങ്ങി തുടങ്ങിയിരിക്കുന്നു.
ഒരുപാട് അന്വേഷിച്ചു.
ആർക്കുമൊരു ഉത്തരമില്ല.
അവൾ ആരിൽ നിന്നുമാണ് ഒളിച്ചോടുന്നത്?
അവൾ ആരെയാണ് പേടിക്കുന്നത്?
ആരിൽ നിന്നുമാണ് മറഞ്ഞിരിക്കുന്നത്?
അവളിപ്പോളെന്താണ് കോളേജിൽ വരാത്ത്?
വരാന്തയിലുടനീളം പാറിനടന്ന
അവളെയിന്ന് ചുമരുകൾ പോലും
മറന്നു തുടങ്ങിയിരിക്കുന്നു.
അവൾക്കെന്താണ് സംഭവിച്ചത്?
അറിയില്ല.
ഇടക്കെവിടെയോ വെച്ച്
അവൾ എഴുത്ത് നിർത്തിയിരിക്കുന്നു.
എന്തിനുവേണ്ടി? ആർക്കുവേണ്ടി?
അവളെന്താണിപ്പോ
ആരുടെയും ഫോണെടുക്കാത്തത്?
അവളെങ്ങിനെ ഇങ്ങനെ മാറി?
ചിരിച്ചിരുന്ന പടങ്ങളിൽ നിറഞ്ഞിരുന്ന
അവളുടെ ഇടങ്ങളെല്ലാം
പൊടികെട്ടി മൂടിയിരിക്കുന്നു.
അവളിന്നെവിടെയാണ് ?
അറിയില്ല.
എല്ലാമായിരുന്നിട്ടും ഒന്നുമല്ലാതായ
ഒരു കഥയിൽ അവൾ എഴുത്ത് നിർത്തിയത്
എന്തിന് വേണ്ടിയാവും?
പോവല്ലേയെന്ന് ഉറക്കെ കരഞ്ഞു പറഞ്ഞ
കഥയിലെ-പെൺകുട്ടി
ശരിക്കും അവൾതന്നെയായിരുന്നോ?
വേദനിച്ച്-വേദനിച്ച്,
കരഞ്ഞ്-കരഞ്ഞ്
ഒടുക്കം നിശബ്ദമായി പോയ
ആ പെൺകുട്ടി ശരിക്കുമാരായിരുന്നു?
“ഒരുകാലത്ത്,
തന്റേത് മാത്രമെന്ന് വിശ്വസിച്ചിരുന്ന ഇടങ്ങളിൽ നിന്നും
എത്ര വേദനയോടെയാണ്
ഓരോ മനുഷ്യരും ഇറങ്ങി നടക്കേണ്ടി വരുന്നത്”
എന്നവൾ അവസാനവരിയിൽ കുറിച്ചതെന്തിനാണ്?
ഉത്തരമില്ല.
അതെ. ഇന്നെനിക്ക് അവളെ കുറിച്ച് ഒന്നുമറിയില്ല.
ഒന്ന് തിരിച്ച് മറിച്ചാൽ
എനിക്കെഴുതാൻ എനിക്കറിയുന്ന അവളൊരുപാടുണ്ട്.
നേരെ മറിച്ചാൽ എനിക്കൊന്നുമില്ല.
എനിക്കിപ്പോഴുമറിയില്ല.
എവിടെ വെച്ചാണ് എനിക്കവളെ ഇങ്ങനെ നഷ്ടമായതെന്ന്.
അറിയാതെ പോലും
‘ഞാൻ’ അവളെ നഷ്ടപ്പെടുത്തിയില്ലലോ.
എന്നിട്ടും,
എല്ലാവരിൽനിന്നും തനിയെ
അവൾ ഇറങ്ങി നടന്നത് എങ്ങോട്ടായിരുന്നു?
എന്തിനായിരുന്നു?
എനിക്കവളെ കാണണമെന്ന് എപ്പോഴും തോന്നാറുണ്ട്.
പക്ഷേ, ആരോട്? എന്ത് പേരിൽ?
ഞാൻ അവളെ തിരഞ്ഞിറങ്ങും?
ഇനിയൊരുപക്ഷേ, കണ്ടുമുട്ടിയാൽ
അവൾ തിരിഞ്ഞു നടന്നാലോ?
അറിയില്ല.
അവൾ എനിക്കിന് ഉത്തരമില്ലാത്ത നാനാവിധം ചിന്തകളുടെ
വല്ലാത്തൊരു കനമാണ്.
അവളിപ്പോൾ എവിടെയായിരിക്കും?
അവൾ.. അവൾ… അവളെന്നെ മറന്ന് കാണുമോ?









