ഞാനക്കുറൾ – 14

സുഗന്ധങ്ങളുടെ മേഘച്ചുരുളുകളിൽ നിന്നെന്ന പോലെ രാത്രി വൈകി അയ്യാത്തൻ ചായ്പിലേക്ക് എവിടെ നിന്നോ എത്തി. ഉറക്കത്തിലേക്കു തുളച്ചുകയറുന്ന ഊദുബത്തിയുടെയും കുന്തിരിക്കത്തിന്റെയും മണത്താൽ ഇരവി ഉണ൪ന്നു. അത്രയും കഠിനമായി അയാൾ ലോകത്തെ ഒരു മണത്തെയും മണത്തിട്ടില്ല എന്നു തോന്നിപ്പിച്ചുകൊണ്ട്. പണ്ടും പല മണങ്ങൾ വന്നു പ്രലോഭിപ്പിച്ചിട്ടുണ്ട്. ഏകാന്തയൗവനത്തിന്റെ മുഷിവുമണങ്ങൾക്കു മീതെ കത്തിനിന്ന മണ്ണിന്റെയും ദൂരങ്ങളുടെയും അപരിചിത ഗന്ധങ്ങൾ വന്നു വേട്ടയാടിയിട്ടുണ്ട്.

ഹോസ്റ്റൽ മുറിയുടെയും കിടക്കയുടെയും മുഷിഞ്ഞ യൗവനത്തിന്റെയും മണം അരോചകമായിരുന്നു. എന്നിട്ടും അതെല്ലാം ഉൾക്കൊണ്ടു. ആ പതിവു ഗന്ധത്തിലേക്ക് ഒരു പൂമണം പോലും നട്ടുവയ്ക്കാൻ ആഗ്രഹമുണ്ടായിരുന്നില്ല. പകരം, അതേക്കാളും തീക്ഷ്ണമായിരുന്നു അകലങ്ങളില്‍ നിന്നു തന്നെ തേടിയെത്തിയ വന്യവും ചടുലവുമായ ഗന്ധങ്ങള്‍. വരണ്ടുണങ്ങിയ നാട്ടുപാതകളുടെയും വെയിലില്‍ കരിഞ്ഞ കുതിരച്ചാണകത്തിന്റെയും മണം. ദൂരെയെങ്ങോ മഴ പെയ്തു കുളിരുന്ന പുതുമണ്ണിന്റെ മണം. ആ൪ക്കോ വേണ്ടി കൊഴിഞ്ഞുപോയ കടുംനിറങ്ങളുടെ ഗന്ധം.

എല്ലാം തന്നെ ഉണ൪ത്തുന്നതു തന്നെയായിരുന്നു. അപരിചിതഭൂമികകളിലേക്കു വലിച്ചിഴയ്ക്കുന്നതായിരുന്നു. നിരാംലംബതയും നിസ്സാഹയതയും നിറയ്ക്കുന്നതായിരുന്നു. ഓരോന്നും ഇരവിയുടെ ഓരോ നിമിഷകാലത്തേയും അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. വിജനതയുടെ മണങ്ങളായിരുന്നു അതിൽ കൂടുതലും. ആരോരുമില്ലാത്ത ഏകാന്തതയുടെ അഭൗമമായ മണങ്ങൾ എന്ന് ഇരവി തന്നെ ആ മണങ്ങളെ വിളിച്ചു. അവയിലേക്കുള്ള ഒളിച്ചോട്ടങ്ങളായിരുന്നു അയാളുടെ ജീവിതം. ഒരിക്കലും ഒരിടത്തും വേരുറയ്ക്കാത്ത ഒരു വിത്തായിരുന്നു ഇരവി.

സുഗന്ധങ്ങൾ അയാൾക്ക് എന്നും എതിരായിരുന്നു. എന്നിട്ടാണ്, ഇപ്പോൾ ഉറക്കത്തിലേക്കു മഹാഗന്ധങ്ങളുടെ മേഘവിസ്ഫോടനം ഉണ്ടായിരിക്കുന്നത്. ഇരവി ബോധത്തിന്റെ ഇരുട്ടിലേക്കു കണ്ണുമിഴിച്ചു. ആദ്യമൊന്നും കാണാൻ സാധിച്ചിരുന്നില്ല. മേഘച്ചുരുളുകൾ പോലെ എങ്ങും തിങ്ങിനിറഞ്ഞിരിക്കുന്നതു പോലെ. കുന്തിരിക്കക്കൂട്ടിൽ നിന്നു സുഗന്ധത്തിന്റെ കട്ടപ്പുക ഉയരുന്നതു പോലെയാണു തോന്നിയത്. എന്തും വിചാരിക്കാൻ ഇരുട്ടു പ്രോത്സാഹിപ്പിച്ചു.

തന്നെ ഹോമത്തറയിൽ കിടത്തി ആരോ സുഗന്ധപൂജ നടത്തുന്നതുപോലെ…ബോധാനന്ദ സ്വാമികളുടെ ആശ്രമത്തിൽ ഹോമങ്ങളും യാഗങ്ങളും കണ്ടിട്ടുണ്ട്. തമിഴൂരിൽ വേലാണ്ടിപ്പാളയത്തിനടുത്തു ശവപൂജയ്ക്കു സാക്ഷിയായിട്ടുണ്ട്. അഘോരികളുടെ ശ്മശാനബലികൾ കൺപാ൪ത്തിട്ടുണ്ട്. അതുപോലെയാണു തോന്നിച്ചത് ആദ്യം. ആരോ തന്റെമേൽ എന്തോ മഹാബലി നടത്തുന്നതായി സങ്കൽപ്പിച്ചുകൊണ്ടും അതേ കിടപ്പു കിടന്നു ഒന്നോ രണ്ടോ നിമിഷം. വേലാണ്ടിപ്പാളയത്തെ ശവപൂജ തന്നിൽ ആരെങ്കിലും നടത്തുകയാണോ എന്നും. അതിനിടെ താൻ മരിച്ചുപോയതായും ഇരവി സങ്കൽപ്പിച്ചുനോക്കി.

സുഗന്ധപ്പുകച്ചുരുൾ ഏതാണ്ട് ഒഴിയുമ്പോഴേക്കും പിന്നെയും സമയം നീങ്ങിക്കഴിഞ്ഞിരുന്നു. പുകമേഘച്ചുരുളുകൾക്കകത്തു നിന്ന് ആരോ ഒരാൾ പുറത്തേക്ക് ഇറങ്ങിവന്നു. അയാളുടെ ദേഹത്തു നിന്നും അപ്പോൾ പുകച്ചുരുൾ ഉയർന്നുകൊണ്ടിരുന്നു. തീയിൽ കുരുത്ത ഒരാളെപ്പോലെ..സുഗന്ധപ്പുകചുരുൾ ഉച്ഛ്വസിക്കുന്ന ഒരാൾ. മണങ്ങൾ വിയ൪ക്കുന്ന ഒരാൾ…സൂക്ഷിച്ചുനോക്കുമ്പോൾ, അതു മറ്റാരുമായിരുന്നില്ല.

പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരാളായി അയ്യാത്തൻ ഇരുട്ടിൽ നിന്നു.

“ നീയാര് പൊഹൈമായാവിയാ…?” ഇരവി ഇരുട്ടിൽ ചോദിച്ചു.

“ അല്ലൈ മേഷ്ട്രരേ..നാൻ അയ്യാത്തനാക്ക്ം.”

അയ്യാത്തനിൽ കുറച്ചു നാളുകളായി പുകഞ്ഞുകൊണ്ടിരുന്ന സുഗന്ധം പുക നീക്കി പുറത്തുവരികയായിരുന്നു ആ രാത്രി. കുറെ പകലും രാത്രിയും അയാൾ കൊണ്ടുനടക്കുന്ന രഹസ്യം പൊരുളാ൪ന്ന രാത്രി..അയാൾ എന്തോ ഉളളിൽ കൊണ്ടതു പോലെയുണ്ടായിരുന്നു.

“ എന്ന പണ്ണറത്, രാത്തിരിയില്…?”

“ ഒണ്ണ്മേ ഇല്ലൈ…യെല്ലാമേ മുടിന്തത്…” അയ്യാത്തൻ ഒച്ചയുയ൪ത്താതെ പറഞ്ഞു.

“ അപ്പടിയെന്നാ….?”

“ അന്ത സേട്ടുതങ്ങളോട ഖബര് കണ്ടറിയപ്പെട്ട്റ്ക്ക്…”

“ എങ്കേ…?”

“ അന്ത മാടൻമലൈപ്പക്കത്തില്….” ഒരു വലിയ അന്വേഷണത്തിന്റെ കഷ്ടപ്പാടുകൾ ഇറക്കിവച്ചതുപോലെ അയ്യാത്തൻ പറഞ്ഞു.

“ നെജമാ…? ”

“ സത്തിയം…അത്ക്ക് മേലെ ഒര് സത്തിയം ഇല്ലൈ…”

അയ്യാത്തനു പറയാൻ ധാരാളം കാര്യങ്ങളുണ്ടായിരുന്നു. അതെല്ലാം ഒന്നിച്ചുപറഞ്ഞാൽ ഒട്ടുവളരെ ഓ൪മകൾ നഷ്ടപ്പെട്ട് അയാൾ മരിച്ചുപോയേക്കുമോ എന്ന് ഇരവി ഭയന്നു. അതുകൊണ്ട് അതു കുറേശ്ശെ മാത്രം പറഞ്ഞാൽ മതിയെന്ന് അയാൾ സാവകാശം നൽകി…എല്ലാം വിശദമായി കേൾക്കാമല്ലോ എന്ന്.

“ ആദി തൊട്ട് ശൊന്നാ…അന്ത കുതരൈ സേട്ടുതങ്ങളോട കുതരൈയാക്ക്ം…” അയ്യാത്തൻ തിടുക്കപ്പെട്ടു.

“ അന്ത മ്റ്ഗം ഒര് സൂചനൈ…ആനാല്ം അത് ശെയ്ഖോടെന്ന് എപ്പടി മുടിവ് ശെയ്യും…?”

“ അത് സേട്ടുവിൻ്റെ തന്നെ…”

കഴിഞ്ഞ ദിവസങ്ങളിൽ അയ്യാത്തൻ കുതിരയും കാലടികളെ പിന്തുടരുകയായിരുന്നു. അത് അയാളെ കളിപ്പിച്ചും കബളിപ്പിച്ചും ഓരോ സമയം ഓരോ സ്ഥലം മാറിക്കൊണ്ടിരുന്നു. എന്നാൽ അയ്യാത്തൻ വിട്ടുകൊടുത്തിരുന്നില്ല. ലാടങ്ങളഴിഞ്ഞുപോയ കുതിരക്കുളമ്പുകൾ പിന്തുട൪ന്നും കടിച്ചുപാതിയിട്ടുപോയ വഴിപ്പുല്ലുകളിലെ പല്ലടയാളങ്ങളെ പിൻപറ്റിച്ചെന്നും അയാൾ അതിനെ തന്റെ കൺവെട്ടത്തിലാക്കിയിരുന്നു. എന്നാൽ, അടുത്ത നിമിഷം അതു നിന്ന നിൽപ്പിൽ നിന്ന് അപ്രത്യക്ഷമായി.

“ മറ്റോര് കുതരൈയ്ക്ക്ം അപ്പടി പണ്ണ മുടിയാത്, മേഷ്ട്രരേ…”

അതു ശരിയായിരുന്നു. യഥാ൪ഥ ലോകത്തെ ഒരു കുതിരയ്ക്കും നിൽക്കുന്ന നിൽപ്പിൽ കാണാതെയാവാൻ സാധിക്കില്ല. കുതിരയിൽ അയ്യാത്തൻ കണ്ട അതിന്ദ്രീയത അങ്ങനെയാണു കൂടുതൽ ബലപ്പെട്ടതും. എന്നാൽ, അതു കുതിര തനിക്കു മുന്നിൽ വച്ച മറ്റൊരു സൂചനയായാണ് അയ്യാത്തൻ വായിച്ചെടുത്തത്. അതെങ്ങോട്ടോ തന്നെ കൂട്ടിക്കൊണ്ടുപോകുകയാണെന്ന് അയാൾ വിചാരിച്ചു. അല്ല വിശ്വസിച്ചു. സേട്ടുതങ്ങളുടെ കുതിര തന്നെ കൊണ്ടുപോകുന്നത് എവിടേക്കായിരിക്കും എന്നാലോചിച്ച് അയാൾക്ക് അധികം തലപുണ്ണാക്കേണ്ടിവന്നില്ല. സേട്ടുവിന്റെ അന്യാധീനപ്പെട്ടും അനാഥപ്പെട്ടും കിടക്കുന്ന ഖബറിലേക്കു തന്നെ. അവിടെ ഒരു ഖാലിയാരുണ്ടായിട്ട് കാലമെത്രയോ ആയെന്നും അയ്യാത്തൻ ഓ൪ത്തു.

കുതിര തന്നെ വഴിനടത്തുന്നതു മാടൻ മലയിലേക്കാണെന്ന് അയ്യാത്തൻ ഉൾക്കുളിരോടെ തിരിച്ചറിഞ്ഞു. അപ്പോൾ മുമ്പെങ്ങുമില്ലാത്ത ഒരു ശൈത്യം വന്നു തന്നെ മൂടിയതായും അയാൾ അറിഞ്ഞു. കരിഞ്ഞുപൊങ്ങിനിൽക്കുന്ന പൊക്കത്തിൽ ഒരു കോട വന്നു തന്നെ മൂടിയതിന്റെ പൊരുൾ അറിഞ്ഞു. ആ തണുപ്പിൽ നിന്ന് ഒരായിരം കൈകൾ വന്നു തന്നെ പൊതിഞ്ഞതായും തോന്നി. അവയുടെ ഓരോ വിരലിനും സുഗന്ധമായിരുന്നു. നൂറുകണക്കിനു ഊദ്ബത്തികളുടേയും കുന്തിരിക്കത്തിന്റെയും മണം. അപ്പോൾ അരച്ചെടുത്ത ചന്ദനത്തിന്റെ മണം..പണ്ടെങ്ങോ തമിഴൂരിൽ വച്ചുപേക്ഷിച്ച ചുരുട്ടിന്റെ രൂക്ഷമായ പുകയില മണം..ഓരോന്നങ്ങനെ അയ്യാത്തൻ വേ൪തിരിച്ചെടുത്തു.

മാടൻ മലയിൽ സേട്ടുതങ്ങളുടെ ഖബറുണ്ടെന്നും അവിടെ ഓരോ ഋതുക്കൾ വന്നു വണങ്ങിപ്പോകാറുണ്ടെന്നും പല കാലങ്ങൾ കണ്ട അകക്കണ്ണിൽ തെളിഞ്ഞു. ഏതോ കാലത്തു പുറക്കാവിലെ രാവുത്തരമ്മാരും ഈഴവരും ഉപാസിച്ചുപോന്നിരുന്നതു സേട്ടുവിന്റെ ആത്മാവിനെയായിരുന്നെന്നും അയ്യാത്തൻ തിരിച്ചറിഞ്ഞു. കാലത്തിന്റെ തിമിരത്തിൽ അതെല്ലാം ഉൾക്കണ്ണിൽ മറഞ്ഞുകിടക്കുകയായിരുന്നു. ഇരവിയുടെ കണ്ണുകുത്തുമഷിയെഴുതിയപ്പോൾ തെളിഞ്ഞുവന്നതാണ് അതൊക്കെയും. എന്നാൽ, സേട്ടുന്റെ പാണ്ടൻകുതിര അതെല്ലാം മനസിലിട്ടു പൊള്ളാൻ ഒരു നിമിത്തമായി.

“ അന്ത കുതരൈ ഒര് നിമിത്തമാക്ക്ം…മേഷ്ട്രരേ…”

കുതിര ഈ ഇതിഹാസത്തിലേക്കാണ് അയ്യാത്തനെ കൂട്ടിക്കൊണ്ടുപോയിരുന്നത് എന്ന് അയാൾ വിശ്വസിക്കുന്നതിൽ യുക്തിയുണ്ട് എന്ന് ഇരവിക്കു തോന്നി. എന്നാൽ, കുതിരയും ആശയക്കുഴപ്പത്തിലാണ് എന്ന് അയ്യാത്തൻ പിന്നീടുള്ള ദിവസങ്ങളിൽ കണ്ടു. അതിനു സേട്ടുന്റെ ഖബറിടം ശരിക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല.

“ അതിനോട സത്തിയം എന്നാ….?” അയ്യാത്തൻ ഒരു നിമിഷം നി൪ത്തി ചോദിച്ചു.

“ അന്ത മാതിരി ഖബറിടം എങ്കേയും ഇല്ലൈ…” ഇരവി അയാളെ ഒന്നു പ്രകോപിതനാക്കാൻ വേണ്ടി പറഞ്ഞു. മുമ്പൊരിക്കൽ കരിമ്പനക്കാട്ടിലെ പ൪ണശാലയിൽ വച്ച് ആരുടേയോ പ്രേതം ഇതേക്കുറിച്ചു സൂചന നൽകിയിരുന്നത് ഓ൪ത്തുകൊണ്ടായിരുന്നു അത്.

“ പൊയ്… സേട്ടുവോട ഖബ൪ അങ്കേത്താനെ ഇര്ക്ക്…” അയ്യാത്തന് ഒരു സംശയവും ഇല്ലായിരുന്നു. എന്നാൽ അത് എവിടെയോ മൂടിക്കിടക്കുകയായിരുന്നു. മാടൻമല പല കാരണങ്ങൾ കൊണ്ടും ഇടിക്കപ്പെട്ടിരുന്നു. വലിയ ടിപ്പ൪ ലോറികളിൽ മണ്ണും കല്ലും വേലന്താവളവും കടന്നു തമിഴകത്തേക്കു വരെ കടത്തി. യന്ത്രക്കൈകൾ ഒട്ടു മുക്കാലുംപിഴുതെടുത്തിരുന്നു.

“ അത് താൻ കാരണം, മേഷ്ട്രരേ.. അന്ത കുതരൈ നെറയെ അവതിപ്പെട്ടാര്…” മനുഷ്യൻ ഇടിച്ചുകളഞ്ഞ കുന്നുകൾ കണ്ടെത്താൻ ഒരു കുതിരയ്ക്ക് സാധിക്കുന്നതെങ്ങനെ..? അതു നന്നായി കഷ്ടപ്പെട്ടുകാണും.

“ ആനാ.. സേട്ടുവോട ഖബറ് ഒര് യെന്തിരക്കൈക്ക്ം തൊടത് മുടിയാത്, മേഷ്ട്രരേ…” പല കാലങ്ങൾ അതിനോടകം കണ്ടുകഴിഞ്ഞ അയ്യാത്തന് അതു നിശ്ചയമായിരുന്നു.

“ പ്രമാദമാന ആച്ചരിയം..അന്ത മാടൻമല എടത്തിലേ മറ്റൊര് മലൈ വന്ത്..” ജെസിബിക്കൈകൾ ഇടിച്ചുകളഞ്ഞ മാടൻമലയുടെ അതേ സ്ഥാനത്ത് മറ്റൊരു മല മണ്ണിൽ നിന്നുയ൪ന്നുവന്നാൽ അത് ആശ്ചര്യം തന്നെയാണ്.

“ അന്ത പൊതിയ മലൈ താൻ പുതിയ മലൈ..മേഷ്ട്രരേ..” മാടൻമലയുടെ സ്ഥാനത്തു മണ്ണിൽ നിന്നു വീണ്ടും മുളച്ചുവന്ന മലയാണു പൊതിയമലയെന്നായിരുന്നു അയ്യാത്തൻ ഇത്രയും നാളായി നടത്തിയ അന്വേഷണത്തിൽ നിന്നു വെളിപ്പെട്ടത്. എന്തുകൊണ്ടു പുതിയ കുന്നും മലയും മണ്ണിൽ നിന്നും പുതുതായി മുളച്ചുപൊന്തിക്കൂടാ… പുറക്കാവിൽ എന്തും സാധ്യമാണ് എന്നിരിക്കെ…

“ അതിനോട സത്തിയം എന്നാ മേഷ്ട്രരേ…?”

അങ്ങനെയൊരു മല മണ്ണിൽ നിന്നും മുളച്ചുപൊങ്ങുകയാണെങ്കിൽ അതിന്റെ പൊരുൾ എന്തായിരിക്കും. എന്തായിരിക്കും അതിന്റെ സത്യം.

“ ശൊല്ല്ങ്കേ അയ്യാവേ…”

“ അത് സേട്ടു തങ്ങളട സത്തിയം…” അയ്യാത്തൻ വെളിപാടു കൊണ്ടതു പോലെ പറഞ്ഞു.

എന്നുവച്ചാൽ…? ഇരവിക്കു സംശയമായി..ഒരുത്തരം തെളിഞ്ഞുകിട്ടിയില്ല. എന്നാൽ, അയ്യാത്തന് അതിനും ഉത്തരമുണ്ടായിരുന്നു. എന്നുവച്ചാൽ, മാടൻമലയിൽ തന്നെയായിരുന്നു സേട്ടു തങ്ങളുടെ ഖബ൪..അതിടിച്ചുകളഞ്ഞപ്പോൾ ഖബറിനെ ഉടയ്ക്കാൻ ആ൪ക്കു കഴിയും. ബാക്കിവന്ന മണ്ണിൽ നിന്നു മുളച്ചുപൊന്തിയ പൊതിയമലയിലാണ് ഇപ്പോൾ സേട്ടുന്റെ ഖബറിടം.

“ അത്ക്ക് എന്ന ആതാരം…? ”

“ ഞാനന്തയിടത്തെ കണ്ണാലേ പാത്തേൻ, മേഷ്ട്രരേ..സന്ദേഹം ഒണ്ണ്ം ഇല്ലൈ…”

പക്ഷെ, അതിന്റെ അവശിഷ്ടങ്ങൾ മാത്രമേ ഇനിയും ബാക്കിയുള്ളു. അയ്യാത്തൻ അതിനു ചുറ്റും ചന്ദനത്തിരിപ്പുകയും കുന്തിരിക്ക പുകയും കൊണ്ടു മറകെട്ടിത്തിരിച്ചിട്ടുണ്ട്. കാടും കാലവും ഇനിയും കടന്നുകയറാതിരിക്കാൻ..

“ അത് ഇന്ത ഊരിന്റ ഇതിഹാസമാക്ക്ം മേഷ്ട്രരേ…”

പുറക്കാവ് എന്നും കാലത്തിന്റെ കഥകളിൽ മാത്രമേ ജീവിച്ചിട്ടുള്ളുവെന്ന് ഇരവിക്കു തോന്നി. ഇനിയെത്ര കാലം കഴിഞ്ഞാലും ഇതിഹാസ കഥകളിൽ നിന്നും പുരാവൃത്തങ്ങളിൽ നിന്നും ചോരയും നീരും ഊറ്റിയേ കഴിയൂ. അതിന്റെ ജീവശ്വാസം തന്നെ അതാണ്…

“ അന്ത മ്റ്ഗം എങ്കേ…?” അയ്യാത്തൻ കുതിരയുടെ കാര്യം മറന്നെന്നു കരുതി ഇടയ്ക്ക് ഓ൪മിപ്പിച്ചു.

“ അത് അങ്കേ താനിര്ക്ക്… അത് പിന്നെ എങ്കേ പോക വേണ്ടും…” അയ്യാത്തൻ ഓരോ ചോദ്യത്തിനും മറുപടി ഒരുക്കിവച്ചിരുന്നു.

“ അതിന്റ നിശോഗം മുടിഞ്ചത്..അപ്പടിയല്ലവാ…?” കുതിര അതിന്റെ നിയോഗം പൂ൪ത്തിയാക്കിയിരിക്കുന്നു എന്ന് ഇരവിക്കു തോന്നി.

“ ഇല്ലൈ…അതിന്റെ നിശോഗം ഒരുപ്പോത്ം മുടിയാത്…” അയ്യാത്തൻ ദീ൪ഘദ൪ശനം ചെയ്യുന്നതുപോലെ പറഞ്ഞു. “ അതിന് ശാവ് ഇല്ലൈ…”

മരണമില്ലാത്ത ഒന്ന് എന്നത് ഒരു കെട്ടുകഥയായിരിക്കാം. എന്നാൽ, അയ്യാത്തന് അതു വിശ്വസിക്കാവുന്ന സത്യം തന്നെ. അയാൾക്കു മാത്രമല്ല. പുറക്കാവിലെ ജനത എന്നും അങ്ങനെ വിശ്വസിച്ചിരുന്നു. അവ൪ മരണത്തെ അതിജീവിച്ചവരായിരുന്നു എന്ന് ഇരവിക്കു തോന്നി. ഇതൊന്നും ഏതെങ്കിലും വേദാന്തം വച്ചു ന്യായീകരിക്കാമോ എന്നൊന്നും അയാൾക്കു തീ൪ച്ചയുണ്ടായിരുന്നില്ല. വേദാന്തം തന്നെ അപ്രസക്തമാകുന്ന ചില ചരിത്രസന്ധികളുണ്ട്. ഏട്ടിലെഴുതിയത് അഴിഞ്ഞുപോകുന്നത്. മുന്നിൽ കാണുന്നതു മാഞ്ഞുപോകുന്നത്.

പൊതിയമലയിൽ സേട്ടുതങ്ങളുടെ ഖബറിനു കാവലായി പാണ്ടൻകുതിര എന്നെന്നും നിലനിൽക്കുമെന്നു തന്നെ അയ്യാത്തൻ വിശ്വസിച്ചു.

കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി ഇടക്കുളങ്ങരയിൽ ജനിച്ചു. കുറച്ചു കാലം പത്രപ്രവർത്തകൻ, തിരുവിതാംകൂ ദേവസ്വം ബോർഡിൽ എൻജിനീയർ ആയി വിരമിച്ചു. പന്ത്രണ്ട് കവിതാ സമാഹാരങ്ങളും മൂന്ന് നോവലും ഉൾപ്പെടെ ഇരുപതോളം പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.